ഈ സംഭാഷണം തീർന്നശേഷം യേശു അവിടത്തെ ശിഷ്യന്മാരോട്, “ഇനി രണ്ട് ദിവസംമാത്രമേ പെസഹായ്ക് ശേഷിക്കുന്നുള്ളൂ എന്നു നിങ്ങൾക്കറിയാമല്ലോ; അന്ന് ക്രൂശിൽ തറയ്ക്കപ്പെടുന്നതിനായി മനുഷ്യപുത്രൻ ഏൽപ്പിക്കപ്പെടും” എന്നു പറഞ്ഞു.
ആ സമയത്ത് പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും മഹാപുരോഹിതൻ കയ്യഫാവിന്റെ അരമനയിൽ ഒത്തുകൂടി; യേശുവിനെ ചതിവിൽ പിടികൂടി കൊല്ലുന്നതിനെപ്പറ്റി ഗൂഢാലോചന നടത്തി. “ജനമധ്യത്തിൽ കലാപം ഉണ്ടായേക്കാം, അതുകൊണ്ട് ഇത് പെസഹാപ്പെരുന്നാൾ സമയത്ത് പാടില്ല,” എന്നിങ്ങനെയായിരുന്നു അവരുടെ ചർച്ച.
യേശു ബെഥാന്യയിൽ, കുഷ്ഠരോഗിയായിരുന്ന ശിമോന്റെ ഭവനത്തിൽ ഇരിക്കുമ്പോൾ, ഒരു സ്ത്രീ ഒരു വെൺകൽഭരണിയിൽ വളരെ വിലപിടിപ്പുള്ള സുഗന്ധതൈലവുമായി അടുത്തുവന്ന്, ഭക്ഷണത്തിനിരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ ശിരസ്സിൽ ഒഴിച്ചു.
ഇതുകണ്ട് കുപിതരായ ശിഷ്യന്മാർ, “ഈ പാഴ്ചെലവ് എന്തിന്? ഈ സുഗന്ധതൈലം വലിയൊരു തുകയ്ക്കു വിറ്റ് ആ പണം ദരിദ്രർക്ക് ദാനം ചെയ്യാമായിരുന്നല്ലോ?” എന്നു ചോദിച്ചു.
യേശു ഇത് മനസ്സിലാക്കിയിട്ട് അവരോടു പറഞ്ഞത്: “നിങ്ങൾ ഈ സ്ത്രീയെ വിമർശിക്കുന്നതെന്തിന്? അവൾ എനിക്ക് ചെയ്തത് ഒരു നല്ലകാര്യമാണല്ലോ. ദരിദ്രർ നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടല്ലോ; ഞാനോ നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരിക്കുകയില്ല. അവൾ ഈ സുഗന്ധതൈലം എന്റെ ശരീരത്തിന്മേൽ ഒഴിച്ചുകൊണ്ട്; ശവസംസ്കാരത്തിന് എന്നെ ഒരുക്കുകയായിരുന്നു. ലോകമെങ്ങും, ഈ സുവിശേഷം വിളംബരംചെയ്യുന്നിടത്തെല്ലാം, അവൾ ചെയ്തത് അവളുടെ സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
അന്നുതന്നെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ ഈസ്കര്യോത്ത് പുരോഹിതമുഖ്യന്മാരെ സമീപിച്ച്, “യേശുവിനെ തിരിച്ചറിയാൻ സഹായിച്ചാൽ നിങ്ങൾ എനിക്ക് എന്തുതരും?” എന്നു ചോദിച്ചു. അവർ അവന് മുപ്പത് വെള്ളിനാണയങ്ങൾ എണ്ണിക്കൊടുത്തു. യൂദാ, ആ നിമിഷംമുതൽ യേശുവിനെ അറസ്റ്റ് ചെയ്യിക്കാനുള്ള തക്കംനോക്കിക്കൊണ്ടിരുന്നു.
പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിലെ ആദ്യദിവസം, ശിഷ്യന്മാർ യേശുവിന്റെ അടുക്കൽവന്ന്, “അങ്ങേക്ക് പെസഹ ഭക്ഷിക്കാൻ ഞങ്ങൾ എവിടെയാണ് ഒരുക്കേണ്ടത്?” എന്നു ചോദിച്ചു.
അതിന് യേശു, “നിങ്ങൾ പട്ടണത്തിൽ, ഞാൻ പറയുന്ന വ്യക്തിയുടെ അടുക്കൽ ചെന്ന്, ‘ഗുരു പറയുന്നു, എന്റെ സമയം അടുത്തെത്തിയിരിക്കുന്നു. ഞാൻ എന്റെ ശിഷ്യന്മാരോടൊത്ത് പെസഹ ആചരിക്കാൻ ആഗ്രഹിക്കുന്നത് താങ്കളുടെ ഭവനത്തിലാണ് എന്നു പറയുക’ ” എന്നു പറഞ്ഞു. യേശു നിർദേശിച്ചതുപോലെതന്നെ ശിഷ്യന്മാർ ചെയ്തു. അവർ പെസഹ ഒരുക്കി.
സന്ധ്യയായപ്പോൾ യേശു പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം ഭക്ഷണത്തിന് ഇരുന്നു. അവർ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ, “നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും, നിശ്ചയം” എന്ന് യേശു പറഞ്ഞു.
ഇതു കേട്ട് അവർ അത്യന്തം ദുഃഖിതരായി. “കർത്താവേ, അതു ഞാനല്ലല്ലോ?” എന്ന് അവർ ഓരോരുത്തരായി അദ്ദേഹത്തോട് ചോദിക്കാൻ തുടങ്ങി.
അതിന് യേശു ഇപ്രകാരം മറുപടി പറഞ്ഞു, “എന്നോടൊപ്പം പാത്രത്തിൽ കൈ മുക്കിയവൻതന്നെ എന്നെ ഒറ്റിക്കൊടുക്കും. മനുഷ്യപുത്രൻ (ഞാൻ) പോകുന്നു; തന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതുപോലെതന്നെ അവന് സംഭവിക്കും. എന്നാൽ, മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന്റെ സ്ഥിതി അതിഭയാനകം! ആ മനുഷ്യൻ ജനിക്കാതിരുന്നെങ്കിൽ അവനത് എത്ര നന്നായിരുന്നേനെ!”
അദ്ദേഹത്തെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാ, “റബ്ബീ, അതു ഞാനല്ലല്ലോ” എന്നു ചോദിച്ചു.
“നീ തന്നെ അത് പറഞ്ഞല്ലോ,” യേശു ഉത്തരം പറഞ്ഞു.