മത്തായി 25:14-40
മത്തായി 25:14-40 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരു മനുഷ്യൻ പരദേശത്തു പോകുമ്പോൾ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്ത് അവരെ ഏല്പിച്ചു. ഒരുവന് അഞ്ചു താലന്ത്, ഒരുവനു രണ്ട്, ഒരുവന് ഒന്ന് ഇങ്ങനെ ഓരോരുത്തന് അവനവന്റെ പ്രാപ്തിപോലെ കൊടുത്തു യാത്ര പുറപ്പെട്ടു. അഞ്ചു താലന്തു ലഭിച്ചവൻ ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറേ അഞ്ചു താലന്തു സമ്പാദിച്ചു. അങ്ങനെതന്നെ രണ്ടു താലന്തു ലഭിച്ചവൻ വേറേ രണ്ടു നേടി. ഒന്നു ലഭിച്ചവനോ പോയി നിലത്ത് ഒരു കുഴി കുഴിച്ചു യജമാനന്റെ ദ്രവ്യം മറച്ചുവച്ചു. വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്ന് അവരുമായി കണക്കു തീർത്തു. അഞ്ചു താലന്തു ലഭിച്ചവൻ അടുക്കെ വന്നു, വേറേ അഞ്ചു കൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചത്; ഞാൻ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു. അതിന് യജമാനൻ: നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിനു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്ന് അവനോടു പറഞ്ഞു. രണ്ടു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, രണ്ടു താലന്തല്ലോ എന്നെ ഏല്പിച്ചത്; ഞാൻ രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു. അതിനു യജമാനൻ നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിനു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്ന് അവനോടു പറഞ്ഞു. ഒരു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, നീ വിതയ്ക്കാത്തേടത്തുനിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേർക്കുകയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു ഞാൻ അറിഞ്ഞു ഭയപ്പെട്ടു ചെന്നു നിന്റെ താലന്തു നിലത്തു മറച്ചുവച്ചു; നിൻറേത് ഇതാ, എടുത്തുകൊൾക എന്നു പറഞ്ഞു. അതിനു യജമാനൻ ഉത്തരം പറഞ്ഞത്: ദുഷ്ടനും മടിയനും ആയ ദാസനേ, ഞാൻ വിതയ്ക്കാത്തേടത്തുനിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേർക്കുകയും ചെയ്യുന്നവൻ എന്നു നീ അറിഞ്ഞുവല്ലോ. നീ എന്റെ ദ്രവ്യം പൊൻവാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാൽ ഞാൻ വന്ന് എൻറേതു പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു. ആ താലന്ത് അവന്റെ പക്കൽനിന്ന് എടുത്തു പത്തു താലന്ത് ഉള്ളവനു കൊടുപ്പിൻ. അങ്ങനെ ഉള്ളവന് ഏവനും ലഭിക്കും; അവനു സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതും കൂടെ എടുത്തുകളയും. എന്നാൽ കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളിക്കളവിൻ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകല വിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും. സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ച്, ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും. രാജാവ് തന്റെ വലത്തുള്ളവരോട് അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ. എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാൺമാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു. അതിനു നീതിമാന്മാർ അവനോടു: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു? ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ട് ഉടുപ്പിക്കയോ ചെയ്തു? നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്ന് ഉത്തരം പറയും. രാജാവ് അവരോട്: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തനു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്ന് അരുളിച്ചെയ്യും.
മത്തായി 25:14-40 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“സ്വർഗരാജ്യം ഇതുപോലെയാണ്. ഒരാൾ ഒരു ദീർഘയാത്രയ്‍ക്കു പുറപ്പെട്ടപ്പോൾ ദാസന്മാരെ വിളിച്ച് തന്റെ സമ്പാദ്യം അവരെ ഏല്പിച്ചു. ഓരോരുത്തനും അവനവന്റെ പ്രാപ്തിക്കനുസരിച്ച് ഒരാൾക്ക് അഞ്ചു താലന്തും മറ്റൊരാൾക്കു രണ്ടും വേറൊരാൾക്ക് ഒന്നും കൊടുത്തു. പിന്നീട് അയാൾ യാത്രപുറപ്പെട്ടു. അഞ്ചു താലന്തു കിട്ടിയവൻ ഉടനെ പോയി വ്യാപാരം ചെയ്ത് അഞ്ചുകൂടി നേടി. അതുപോലെതന്നെ രണ്ടു കിട്ടിയവൻ രണ്ടുകൂടി സമ്പാദിച്ചു. ഒരു താലന്തു ലഭിച്ചയാൾ പോയി നിലത്ത് ഒരു കുഴി കുഴിച്ച് യജമാനൻ കൊടുത്ത പണം മറച്ചുവച്ചു. “ദീർഘകാലം കഴിഞ്ഞ് അവരുടെ യജമാനൻ തിരിച്ചുവന്ന് അവരെ ഏല്പിച്ച പണത്തിന്റെ കണക്കു ചോദിച്ചു. അഞ്ചു താലന്തു ലഭിച്ചവൻ അഞ്ചുകൂടി കൊണ്ടുവന്ന് തന്റെ യജമാനന്റെ മുമ്പിൽ വച്ചിട്ടു പറഞ്ഞു: ‘പ്രഭോ, അഞ്ചു താലന്താണല്ലോ അങ്ങ് എന്നെ ഏല്പിച്ചിരുന്നത്; ഇതാ, ഞാൻ അഞ്ചുകൂടി സമ്പാദിച്ചിരിക്കുന്നു.’ യജമാനൻ അവനോട് ‘നന്നായി; ഉത്തമനും വിശ്വസ്തനുമായ ദാസനേ, അല്പകാര്യത്തിൽ നീ വിശ്വസ്തനാണെന്നു തെളിഞ്ഞിരിക്കുന്നു. നിന്നെ വലിയ കാര്യങ്ങൾ ഏല്പിക്കും. വരിക, നിന്റെ യജമാനന്റെ ആനന്ദത്തിൽ പങ്കുകൊള്ളുക’ എന്നു പറഞ്ഞു. “രണ്ടു താലന്തു ലഭിച്ചവനും വന്ന് ‘യജമാനനേ, അങ്ങു രണ്ടു താലന്താണല്ലോ എന്നെ ഏല്പിച്ചത്. ഇതാ ഞാൻ രണ്ടുകൂടി സമ്പാദിച്ചിരിക്കുന്നു’ എന്നു പറഞ്ഞു. യജമാനൻ അവനോട് ‘നന്നായി, ഉത്തമനും വിശ്വസ്തനുമായ ദാസനേ, അല്പകാര്യത്തിൽ നീ വിശ്വസ്തനാണെന്നു തെളിഞ്ഞിരിക്കുന്നു. നിന്നെ ഞാൻ വലിയ കാര്യങ്ങൾ ഏല്പിക്കും. നിന്റെ യജമാനന്റെ ആനന്ദത്തിൽ പങ്കുകൊള്ളുക’ എന്നു പറഞ്ഞു. “പിന്നീട് ഒരു താലന്തു കിട്ടിയവൻ വന്ന് ഇപ്രകാരം പറഞ്ഞു: ‘യജമാനനേ, അങ്ങ് ഒരു കഠിനഹൃദയൻ ആണെന്ന് എനിക്കറിയാം. അങ്ങു വിതയ്‍ക്കാത്തിടത്തുനിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു ശേഖരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഞാൻ ഭയപ്പെട്ട് അങ്ങയുടെ താലന്ത് മണ്ണിൽ കുഴിച്ചുവച്ചിരുന്നു. ഇതാ അങ്ങയുടെ താലന്ത്.’ “യജമാനൻ അവനോടു പറഞ്ഞു: ‘ദുഷ്ടനും മടിയനുമായ ദാസനേ, ഞാൻ വിതയ്‍ക്കാത്തിടത്തുനിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു ശേഖരിക്കുകയും ചെയ്യുന്നവനാണെന്നു നീ അറിഞ്ഞിരുന്നു, അല്ലേ? നീ എന്റെ താലന്തു പണവ്യാപാരികളെ ഏല്പിക്കേണ്ടതായിരുന്നു; എങ്കിൽ ഞാൻ മടങ്ങിവന്നപ്പോൾ എന്റെ മുതലും പലിശയുംകൂടി വാങ്ങാമായിരുന്നല്ലോ. അതുകൊണ്ട് അവന്റെ പക്കൽനിന്ന് ആ താലന്തെടുത്ത് പത്തു താലന്തുള്ളവനു കൊടുക്കുക. ഉള്ളവനു പിന്നെയും കൊടുക്കും; അവനു സമൃദ്ധിയുണ്ടാകുകയും ചെയ്യും; എന്നാൽ ഇല്ലാത്തവനിൽനിന്ന് അവനുള്ളതുപോലും എടുത്തുകളയും. ഒന്നിനും കൊള്ളരുതാത്ത ആ ദാസനെ പുറത്തുള്ള അന്ധകാരത്തിലേക്ക് എറിഞ്ഞുകളയുക. അവിടെക്കിടന്ന് അവൻ കരയുകയും പല്ലുകടിക്കുകയും ചെയ്യും.’ “മനുഷ്യപുത്രൻ എല്ലാ മാലാഖമാരോടുംകൂടി തേജസ്സോടെ ആഗതനായി രാജകീയസിംഹാസനത്തിൽ ഉപവിഷ്ഠനാകും. അപ്പോൾ സകല ജനതകളെയും മനുഷ്യപുത്രന്റെ മുമ്പിൽ സന്നിഹിതരാക്കും. ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും വേർതിരിക്കുന്നതുപോലെ മനുഷ്യപുത്രൻ അവരെ വേർതിരിക്കും; ചെമ്മരിയാടുകളെ വലത്തുവശത്തും കോലാടുകളെ ഇടത്തുവശത്തും നിറുത്തും. പിന്നീടു രാജാവ് വലത്തുള്ളവരോട് അരുൾചെയ്യും: ‘എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരിക; പ്രപഞ്ചത്തിന് അടിസ്ഥാനമിടുന്നതിനു മുമ്പുതന്നെ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്ളുക. എന്തുകൊണ്ടെന്നാൽ എനിക്കു വിശന്നു, നിങ്ങൾ എനിക്ക് ആഹാരം തന്നു; എനിക്കു ദാഹിച്ചു, നിങ്ങൾ എനിക്ക് കുടിക്കുവാൻ തന്നു; ഞാൻ അന്യനും പരദേശിയും ആയിരുന്നു, നിങ്ങൾ എനിക്ക് അഭയംതന്നു; എനിക്കു വസ്ത്രമില്ലായിരുന്നു, നിങ്ങൾ എനിക്കു വസ്ത്രം തന്നു; ഞാൻ രോഗിയായിരുന്നു, നിങ്ങൾ എന്നെ ശുശ്രൂഷിച്ചു; ഞാൻ കാരാഗൃഹത്തിലായിരുന്നു, നിങ്ങൾ എന്നെ വന്നു കണ്ടു.’ “അപ്പോൾ ധർമനിഷ്ഠരായി ജീവിച്ചവർ അദ്ദേഹത്തോടു ചോദിക്കും: ‘പ്രഭോ, ഞങ്ങൾ എപ്പോഴാണ് അങ്ങയെ വിശപ്പുള്ളവനായി കണ്ടിട്ട് ആഹാരം തന്നത്? അഥവാ എപ്പോഴാണു അങ്ങയെ ദാഹിക്കുന്നവനായി കണ്ടിട്ടു കുടിക്കുവാൻ തന്നത്? അല്ലെങ്കിൽ എപ്പോഴാണ് അങ്ങയെ അന്യനും പരദേശിയുമായി കണ്ടിട്ടു ഞങ്ങൾ അഭയം നല്‌കുകയും വസ്ത്രമില്ലാത്തവനായി കണ്ടിട്ട് വസ്ത്രം നല്‌കുകയും ചെയ്തത്? എപ്പോഴാണ് രോഗപീഡിതനോ കാരാഗൃഹവാസിയോ ആയിരുന്നപ്പോൾ ഞങ്ങൾ വന്ന് അങ്ങയെ സന്ദർശിച്ചത്? അപ്പോൾ രാജാവ് അവരോട് തീർച്ചയായും ഇങ്ങനെ പറയും: ‘എന്റെ ഈ ഏറ്റവും എളിയ സഹോദരന്മാരിൽ ഒരുവനു നിങ്ങൾ ചെയ്തതെല്ലാം എനിക്കുവേണ്ടിയത്രേ ചെയ്തത്.’
മത്തായി 25:14-40 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഒരു മനുഷ്യൻ വിദേശത്തു പോകുമ്പോൾ തന്‍റെ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്ത് അവരെ ഭരമേല്പിച്ചു. അവരിൽ ഒരുവന് അഞ്ചു താലന്തു, ഒരുവന് രണ്ടു, ഒരുവന് ഒന്ന് ഇങ്ങനെ ഓരോരുത്തന് അവനവന്റെ പ്രാപ്തിപോലെ കൊടുത്തതിനു ശേഷം യാത്ര പുറപ്പെട്ടു. അഞ്ചു താലന്തു ലഭിച്ചവൻ ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറെ അഞ്ചു താലന്തു കൂടെ സമ്പാദിച്ചു. അങ്ങനെ തന്നെ രണ്ടു താലന്തു ലഭിച്ചവൻ വേറെ രണ്ടു കൂടെ നേടി. ഒന്ന് ലഭിച്ചവനോ പോയി നിലത്തു ഒരു കുഴി കുഴിച്ച് യജമാനന്‍റെ പണം മറച്ചുവച്ചു. വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്നു അവരുമായി കണക്ക് തീർത്തു. അഞ്ചു താലന്തു ലഭിച്ചവൻ അടുക്കൽ വന്നു വേറെ അഞ്ചു താലന്തു കൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചത്; ഞാൻ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു. അവന്‍റെ യജമാനൻ: അവനെ അനുമോദിച്ചുകൊണ്ട്, നന്ന് നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പകാര്യങ്ങളിൽ പോലും വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അനേക കാര്യങ്ങൾക്ക് വിചാരകനാക്കും; നിന്റെ യജമാനന്‍റെ ആനന്ദത്തിലേക്ക് പ്രവേശിക്ക എന്നു അവനോട് പറഞ്ഞു. രണ്ടു താലന്തു ലഭിച്ചവനും അടുക്കൽ വന്നു: യജമാനനേ, രണ്ടു താലന്തല്ലോ എന്നെ ഏല്പിച്ചത്; ഞാൻ രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു. അതിന് യജമാനൻ: അവനെ അനുമോദിച്ചുകൊണ്ട്, നന്ന് നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പകാര്യങ്ങളിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധിക കാര്യങ്ങൾക്ക് വിചാരകനാക്കും; നിന്റെ യജമാനന്‍റെ ആനന്ദത്തിലേക്ക് പ്രവേശിക്ക എന്നു അവനോട് പറഞ്ഞു. പിന്നീട് ഒരു താലന്തു ലഭിച്ചവനും അടുക്കൽ വന്നു: യജമാനനേ, നീ വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുകയും വിതറാത്തിടത്തുനിന്ന് ചേർക്കുകയും ചെയ്യുന്ന കർശനക്കാരനായ മനുഷ്യൻ എന്നു ഞാൻ അറിഞ്ഞ് ഞാൻ ഭയപ്പെട്ട് നീ എനിക്ക് തന്ന താലന്തു നിലത്തു മറച്ചുവച്ചു; ഇതാ, നിനക്കു അവകാശപ്പെട്ടത് എടുത്തുകൊൾക എന്നു പറഞ്ഞു. അതിന് യജമാനൻ ഉത്തരം പറഞ്ഞത്: ദുഷ്ടനും മടിയനും ആയ ദാസനേ, ഞാൻ വിതയ്ക്കാത്തിടത്ത് നിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്ന് ചേർക്കുകയും ചെയ്യുന്നവൻ എന്നു നീ അറിഞ്ഞുവല്ലോ. നീ എന്‍റെ പണം പൊൻവാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാൽ ഞാൻ വന്നു എന്‍റെ പണം പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു. ആകയാൽ ആ താലന്തു അവന്‍റെ പക്കൽനിന്ന് എടുത്തു പത്തു താലന്തു ഉള്ളവന് കൊടുക്കുവിൻ. അങ്ങനെ ഉള്ളവന് ഏവനും ലഭിക്കും; അവനു സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതുംകൂടെ എടുത്തുകളയും. എന്നാൽ ഈ പ്രയോജനമില്ലാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്ക് എറിഞ്ഞുകളയുവിൻ; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും. മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകല ദൂതന്മാരുമായി വരുമ്പോൾ അവൻ തന്‍റെ തേജസ്സിൻ്റെ സിംഹാസനത്തിൽ ഇരിക്കും. സകല ജാതികളേയും അവന്‍റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഓരോരുത്തരായി ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിക്കും, ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിർത്തും. രാജാവ് തന്റെ വലത്തുള്ളവരോട് അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ. എനിക്ക് വിശന്നു, നിങ്ങൾ ഭക്ഷണം തന്നു; എനിക്ക് ദാഹിച്ചു നിങ്ങൾ കുടിക്കുവാൻ തന്നു; ഞാൻ അപരിചിതനായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു; ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എന്നെ ധരിപ്പിച്ചു; ഞാൻ രോഗിയായിരുന്നു, നിങ്ങൾ എന്നെ സംരക്ഷിച്ചു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു. അതിന് നീതിമാന്മാർ അവനോട്: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ട് ഭക്ഷണം തരികയോ ദാഹിച്ചു കണ്ടിട്ട് കുടിക്കുവാൻ തരികയോ ചെയ്തു? ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ട് ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ട് ഉടുപ്പിക്കയോ ചെയ്തു? നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ട് ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും. രാജാവ് അവരോട്: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്ക് ചെയ്തു എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.
മത്തായി 25:14-40 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഒരു മനുഷ്യൻ പരദേശത്തു പോകുമ്പോൾ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്തു അവരെ ഏല്പിച്ചു. ഒരുവന്നു അഞ്ചു താലന്തു, ഒരുവന്നു രണ്ടു, ഒരുവന്നു ഒന്നു ഇങ്ങനെ ഒരോരുത്തന്നു അവനവന്റെ പ്രാപ്തിപോലെ കൊടുത്തു യാത്രപുറപ്പെട്ടു. അഞ്ചു താലന്തു ലഭിച്ചവൻ ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറെ അഞ്ചു താലന്തു സമ്പാദിച്ചു. അങ്ങനെ തന്നേ രണ്ടു താലന്തു ലഭിച്ചവൻ വേറെ രണ്ടു നേടി. ഒന്നു ലഭിച്ചവനോ പോയി നിലത്തു ഒരു കുഴി കുഴിച്ചു യജമാനന്റെ ദ്രവ്യം മറെച്ചുവെച്ചു. വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്നു അവരുമായി കണക്കു തീർത്തു. അഞ്ചു താലന്തു ലഭിച്ചവൻ അടുക്കെ വന്നു വേറെ അഞ്ചു കൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാൻ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു യജമാനൻ: നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു. രണ്ടു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, രണ്ടു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാൻ രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു യജമാനൻ: നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു. ഒരു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, നീ വിതെക്കാത്തേടത്തു നിന്നു കൊയ്യുകയും വിതറാത്തേടത്തു നിന്നു ചേർക്കുകയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു ഞാൻ അറിഞ്ഞു ഭയപ്പെട്ടു ചെന്നു നിന്റെ താലന്തു നിലത്തു മറെച്ചുവെച്ചു; നിന്റേതു ഇതാ, എടുത്തുകൊൾക എന്നു പറഞ്ഞു. അതിന്നു യജമാനൻ ഉത്തരം പറഞ്ഞതു: ദുഷ്ടനും മടിയനും ആയ ദാസനേ, ഞാൻ വിതെക്കാത്തേടത്തു നിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേർക്കുകയും ചെയ്യുന്നവൻ എന്നു നീ അറിഞ്ഞുവല്ലോ. നീ എന്റെ ദ്രവ്യം പൊൻവാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാൽ ഞാൻ വന്നു എന്റേതു പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു. ആ താലന്തു അവന്റെ പക്കൽനിന്നു എടുത്തു പത്തു താലന്തു ഉള്ളവന്നു കൊടുപ്പിൻ. അങ്ങനെ ഉള്ളവന്നു ഏവന്നും ലഭിക്കും; അവന്നു സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതും കൂടെ എടുത്തുകളയും. എന്നാൽ കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളിക്കളവിൻ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും. സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ചു, ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും. രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ. എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു; ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു. അതിന്നു നീതിമാന്മാർ അവനോടു: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു? ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടുപ്പിക്കയോ ചെയ്തു? നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും. രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.
മത്തായി 25:14-40 സമകാലിക മലയാളവിവർത്തനം (MCV)
“ഒരു മനുഷ്യൻ ദൂരയാത്രയ്ക്കു പുറപ്പെടുമ്പോൾ തന്റെ സേവകരെ വിളിച്ച് തന്റെ സമ്പത്ത് അവരെ ഏൽപ്പിച്ച മനുഷ്യനോട് സ്വർഗരാജ്യത്തെ ഉപമിക്കാം. അദ്ദേഹം, ഓരോ സേവകനും അവരവരുടെ കഴിവനുസരിച്ച്, ഒരാൾക്ക് അഞ്ച് താലന്ത്, മറ്റൊരാൾക്ക് രണ്ട്, വേറെയൊരാൾക്ക് ഒന്ന് എന്നിങ്ങനെ നൽകി; തുടർന്ന് അദ്ദേഹം യാത്രയായി. അഞ്ചു താലന്ത് ലഭിച്ചയാൾ പോയി, ആ പണംകൊണ്ടു വ്യാപാരംചെയ്ത് അഞ്ചു താലന്തുകൂടി സമ്പാദിച്ചു. അതുപോലെതന്നെ രണ്ടു താലന്ത് ലഭിച്ചയാൾ രണ്ടുകൂടി നേടി. എന്നാൽ ഒരു താലന്ത് ലഭിച്ചയാൾ അതുമായിപ്പോയി, നിലത്ത് ഒരു കുഴികുഴിച്ച് യജമാനന്റെ പണം അതിൽ മറവുചെയ്തു. “ഏറെക്കാലത്തിനുശേഷം ആ സേവകരുടെ യജമാനൻ മടങ്ങിയെത്തി അവരുമായി കണക്കുതീർത്തു. അഞ്ചു താലന്ത് ലഭിച്ച സേവകൻ യജമാനനെ സമീപിച്ച്, ‘അങ്ങ് അഞ്ചു താലന്താണല്ലോ എന്നെ ഏൽപ്പിച്ചിരുന്നത്; ഇതാ ഞാൻ അഞ്ചുകൂടി നേടിയിരിക്കുന്നു’ എന്നു പറഞ്ഞു. “യജമാനൻ അവനോടു പറഞ്ഞത്, ‘വളരെ നല്ലത്, സമർഥനും വിശ്വസ്തനുമായ ദാസാ, നീ ഈ ചെറിയകാര്യത്തിൽ വിശ്വസ്തനായിരുന്നല്ലോ, ഞാൻ നിന്നെ അധികം കാര്യങ്ങളുടെ ചുമതലയേൽപ്പിക്കും. വന്ന് നിന്റെ യജമാനന്റെ ആനന്ദത്തിൽ പങ്കുചേരുക.’ “രണ്ടു താലന്ത് ലഭിച്ച സേവകനും വന്ന്, ‘യജമാനനേ, രണ്ടു താലന്താണല്ലോ എന്നെ ഏൽപ്പിച്ചിരുന്നത്; ഇതാ ഞാൻ രണ്ടുകൂടി നേടിയിരിക്കുന്നു’ എന്നു പറഞ്ഞു. “യജമാനൻ അവനോടു പറഞ്ഞത്, ‘വളരെ നല്ലത്, സമർഥനും വിശ്വസ്തനുമായ ദാസാ, നീ ഈ ചെറിയകാര്യത്തിൽ വിശ്വസ്തനായിരുന്നല്ലോ, ഞാൻ നിന്നെ അധികം കാര്യങ്ങളുടെ ചുമതലയേൽപ്പിക്കും. വന്ന് നിന്റെ യജമാനന്റെ ആനന്ദത്തിൽ പങ്കുചേരുക’ എന്നു പറഞ്ഞു. “പിന്നെ ഒരു താലന്ത് ലഭിച്ചിരുന്നവനും വന്നു. അയാൾ, ‘യജമാനനേ, വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുകയും വിതറാത്തിടത്തുനിന്ന് ശേഖരിക്കുകയുംചെയ്യുന്ന കരുണയറ്റ മനുഷ്യനാണ് അങ്ങെന്ന് ഞാൻ അറിഞ്ഞിരുന്നു. അതുകൊണ്ട്, ഞാൻ ഭയന്നിട്ട് അങ്ങയുടെ താലന്ത് നിലത്ത് ഒളിച്ചുവെച്ചു. അങ്ങയുടെ പണം ഇതാ; ഞാൻ തിരികെ കൊണ്ടുവന്നിരിക്കുന്നു’ എന്നു പറഞ്ഞു. “അപ്പോൾ യജമാനൻ അവനോട് ഉത്തരം പറഞ്ഞത്, ‘ദുഷ്ടനും മടിയനുമായ ദാസാ, ഞാൻ വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുന്നവനെന്നും വിതറാത്തിടത്തുനിന്ന് ശേഖരിക്കുന്നവനെന്നും നീ അറിഞ്ഞിരുന്നല്ലോ. എന്റെ പണം നിനക്ക് ബാങ്കിലെങ്കിലും നിക്ഷേപിക്കാമായിരുന്നല്ലോ? അങ്ങനെ ഞാൻ മടങ്ങിവരുമ്പോൾ, അതിൽനിന്ന് കുറച്ച് പലിശയെങ്കിലും എനിക്കു ലഭിക്കുമായിരുന്നല്ലോ? “ ‘ആ താലന്ത് അയാളുടെ പക്കൽനിന്ന് എടുത്ത് പത്ത് താലന്തുള്ളവന് കൊടുക്കുക. ഉള്ളവർക്ക് അധികം നൽകപ്പെടും, സമൃദ്ധമായും നൽകപ്പെടും; എന്നാൽ ഇല്ലാത്തവരിൽനിന്ന് അവർക്കുള്ള അൽപ്പംകൂടെ എടുത്തുകളയപ്പെടും. അയോഗ്യനായ ആ സേവകനെ പുറത്ത് ഘോരാന്ധകാരത്തിലേക്ക് എറിയുക, അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.’ “മനുഷ്യപുത്രൻ തന്റെ സകലദൂതന്മാരുമായി അവിടത്തെ മഹത്ത്വത്തിൽ വരുമ്പോൾ അവിടത്തെ രാജകീയ സിംഹാസനത്തിൽ ഉപവിഷ്ടനായി സകലജനതയെയും തിരുസന്നിധിയിൽ ഒരുമിച്ചുകൂട്ടും. ഇടയൻ കോലാടുകളിൽനിന്ന് ചെമ്മരിയാടുകളെ വേർതിരിക്കുന്നതുപോലെ, അവിടന്ന് ജനത്തെ വിഭജിക്കും. ചെമ്മരിയാടുകളെ തന്റെ വലതുഭാഗത്തും കോലാടുകളെ തന്റെ ഇടതുഭാഗത്തും നിർത്തും. “പിന്നെ രാജാവു തന്റെ വലതുഭാഗത്തുള്ളവരോട് ഇപ്രകാരം അരുളിച്ചെയ്യും, ‘എന്റെ പിതാവിന്റെ അനുഗ്രഹത്തിന് യോഗ്യരായവരേ, വരിക; ലോകസൃഷ്ടിക്കുമുമ്പേ നിങ്ങൾക്കായി ഒരുക്കപ്പെട്ടിരിക്കുന്ന രാജ്യം അവകാശമാക്കുക. എനിക്കു വിശന്നു, നിങ്ങൾ എനിക്ക് ആഹാരം തന്നു; എനിക്കു ദാഹിച്ചു, നിങ്ങൾ എനിക്ക് കുടിക്കാൻ തന്നു; ഞാൻ ഒരു അപരിചിതനായിരുന്നു, എങ്കിലും നിങ്ങൾ എന്നെ വീട്ടിൽ സ്വീകരിച്ചു; ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എന്നെ വസ്ത്രം ധരിപ്പിച്ചു; ഞാൻ രോഗിയായിരുന്നു, നിങ്ങൾ എന്നെ പരിചരിച്ചു; ഞാൻ കാരാഗൃഹത്തിൽ ആയിരുന്നു, നിങ്ങൾ എന്നെ സന്ദർശിച്ചു.’ “അപ്പോൾ നീതിനിഷ്ഠർ അവിടത്തോട്: ‘എപ്പോഴാണ് കർത്താവേ, അങ്ങ് വിശപ്പുള്ളവനായി കണ്ടിട്ട് ഞങ്ങൾ അങ്ങേക്ക് ആഹാരം തന്നത്? ദാഹിക്കുന്നവനായി കണ്ടിട്ട് കുടിക്കാൻ തന്നത്? ഒരു അപരിചിതനായിക്കണ്ടിട്ട് ഞങ്ങൾ അങ്ങയെ സ്വീകരിക്കുകയോ നഗ്നനായിരിക്കെ വസ്ത്രം ധരിപ്പിക്കുകയോ ചെയ്തത് എപ്പോഴാണ്? രോഗിയായോ തടവുകാരനായോ കണ്ടിട്ട് എപ്പോഴാണ് ഞങ്ങൾ അങ്ങയെ സന്ദർശിച്ചത്?’ എന്നു ചോദിക്കും. “അതിന് രാജാവ് ഇപ്രകാരം മറുപടി പറയും, ‘എന്റെ അവഗണിക്കപ്പെട്ട ഈ സഹോദരങ്ങളിൽ ഒരാൾക്കുവേണ്ടി നിങ്ങൾ ചെയ്തതെല്ലാം എനിക്കുവേണ്ടി ചെയ്തതാണ്, സത്യം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.’