മത്താ. 25
25
വിളക്കിൽ എണ്ണ കരുതിയ ബുദ്ധിയുള്ള കന്യകമാർ
1 സ്വർഗ്ഗരാജ്യം വിളക്കു എടുത്തുകൊണ്ടു മണവാളനെ എതിരേൽക്കുവാൻ പുറപ്പെട്ട പത്തു കന്യകമാരോട് തുല്യം ആയിരിക്കും. 2അവരിൽ അഞ്ചുപേർ ബുദ്ധിയില്ലാത്തവരും അഞ്ചുപേർ ബുദ്ധിയുള്ളവരും ആയിരുന്നു. 3ബുദ്ധിയില്ലാത്ത കന്യകമാർ വിളക്ക് എടുത്തപ്പോൾ എണ്ണയും എടുത്തില്ല. 4ബുദ്ധിയുള്ള കന്യകമാരോ വിളക്കിനോടൊപ്പം എണ്ണയുള്ള പാത്രങ്ങളും എടുത്തു. 5അപ്പോൾ മണവാളൻ വരുവാൻ താമസിക്കുന്നതുകൊണ്ട് എല്ലാവരും മയക്കംപിടിച്ച് ഉറങ്ങി.
6 അർദ്ധരാത്രിക്കോ മണവാളൻ വരുന്നു; അവനെ എതിരേൽക്കുവാൻ പുറപ്പെടുവിൻ എന്നു ആർപ്പുവിളി ഉണ്ടായി. 7അപ്പോൾ കന്യകമാർ എല്ലാവരും എഴുന്നേറ്റ് വിളക്കു തെളിയിച്ചു. 8എന്നാൽ ബുദ്ധിയില്ലാത്തവർ ബുദ്ധിയുള്ളവരോട്: ഞങ്ങളുടെ വിളക്കു കെട്ടുപോകുന്നതു കൊണ്ടു നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കു തരേണം എന്നു പറഞ്ഞു.
9 ബുദ്ധിയുള്ളവർ: ഞങ്ങൾക്കും നിങ്ങൾക്കും തികയാതെ വരാതിരിപ്പാൻ നിങ്ങൾ വില്ക്കുന്നവരുടെ അടുക്കൽ പോയി വാങ്ങിക്കൊൾവിൻ എന്നു ഉത്തരം പറഞ്ഞു.
10 ബുദ്ധിയില്ലാത്ത കന്യകമാർ വാങ്ങുവാൻ പോയപ്പോൾ മണവാളൻ വന്നു; ഒരുങ്ങിയിരുന്നവർ അവനോടുകൂടെ കല്യാണസദ്യയ്ക്ക് ചെന്നു; വാതിൽ അടയ്ക്കുകയും ചെയ്തു.
11 അതിന്‍റെശേഷം ബുദ്ധിയില്ലാത്ത കന്യകമാരും വന്നു: യജമാനനെ, യജമാനനെ ഞങ്ങൾക്കുവേണ്ടി വാതിൽ തുറക്കേണമേ എന്നു പറഞ്ഞു. 12അതിന് അവൻ മറുപടിയായി: ഞാൻ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. 13ആകയാൽ നാളും സമയവും നിങ്ങൾ അറിയായ്കകൊണ്ട് ജാഗ്രത ഉള്ളവരായിരിക്കുവിൻ.
താലന്തുകളുടെ ഉപമ
14 ഒരു മനുഷ്യൻ വിദേശത്തു പോകുമ്പോൾ തന്‍റെ ദാസന്മാരെ വിളിച്ചു തന്‍റെ സമ്പത്ത് അവരെ ഭരമേല്പിച്ചു. 15അവരിൽ ഒരുവന് അഞ്ചു താലന്തു, ഒരുവന് രണ്ടു, ഒരുവന് ഒന്ന് ഇങ്ങനെ ഓരോരുത്തന് അവനവന്‍റെ പ്രാപ്തിപോലെ കൊടുത്തതിനു ശേഷം യാത്ര പുറപ്പെട്ടു. 16അഞ്ചു താലന്തു ലഭിച്ചവൻ ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറെ അഞ്ചു താലന്തു കൂടെ സമ്പാദിച്ചു. 17അങ്ങനെ തന്നെ രണ്ടു താലന്തു ലഭിച്ചവൻ വേറെ രണ്ടു കൂടെ നേടി. 18ഒന്ന് ലഭിച്ചവനോ പോയി നിലത്തു ഒരു കുഴി കുഴിച്ച് യജമാനന്‍റെ പണം മറച്ചുവച്ചു. 19വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്നു അവരുമായി കണക്ക് തീർത്തു. 20അഞ്ചു താലന്തു ലഭിച്ചവൻ അടുക്കൽ വന്നു വേറെ അഞ്ചു താലന്തു കൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചത്; ഞാൻ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.
21 അവന്‍റെ യജമാനൻ: അവനെ അനുമോദിച്ചുകൊണ്ട്, നന്ന് നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പകാര്യങ്ങളിൽ പോലും വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അനേക കാര്യങ്ങൾക്ക് വിചാരകനാക്കും; നിന്‍റെ യജമാനന്‍റെ ആനന്ദത്തിലേക്ക് പ്രവേശിക്ക എന്നു അവനോട് പറഞ്ഞു.
22 രണ്ടു താലന്തു ലഭിച്ചവനും അടുക്കൽ വന്നു: യജമാനനേ, രണ്ടു താലന്തല്ലോ എന്നെ ഏല്പിച്ചത്; ഞാൻ രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.
23 അതിന് യജമാനൻ: അവനെ അനുമോദിച്ചുകൊണ്ട്, നന്ന് നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പകാര്യങ്ങളിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധിക കാര്യങ്ങൾക്ക് വിചാരകനാക്കും; നിന്‍റെ യജമാനന്‍റെ ആനന്ദത്തിലേക്ക് പ്രവേശിക്ക എന്നു അവനോട് പറഞ്ഞു.
24 പിന്നീട് ഒരു താലന്തു ലഭിച്ചവനും അടുക്കൽ വന്നു: യജമാനനേ, നീ വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുകയും വിതറാത്തിടത്തുനിന്ന് ചേർക്കുകയും ചെയ്യുന്ന കർശനക്കാരനായ മനുഷ്യൻ എന്നു ഞാൻ അറിഞ്ഞ് 25ഞാൻ ഭയപ്പെട്ട് നീ എനിക്ക് തന്ന താലന്തു നിലത്തു മറച്ചുവച്ചു; ഇതാ, നിനക്കു അവകാശപ്പെട്ടത് എടുത്തുകൊൾക എന്നു പറഞ്ഞു.
26 അതിന് യജമാനൻ ഉത്തരം പറഞ്ഞത്: ദുഷ്ടനും മടിയനും ആയ ദാസനേ, ഞാൻ വിതയ്ക്കാത്തിടത്ത് നിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്ന് ചേർക്കുകയും ചെയ്യുന്നവൻ എന്നു നീ അറിഞ്ഞുവല്ലോ. 27നീ എന്‍റെ പണം പൊൻവാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാൽ ഞാൻ വന്നു എന്‍റെ പണം പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു.
28 ആകയാൽ ആ താലന്തു അവന്‍റെ പക്കൽനിന്ന് എടുത്തു പത്തു താലന്തു ഉള്ളവന് കൊടുക്കുവിൻ. 29അങ്ങനെ ഉള്ളവന് ഏവനും ലഭിക്കും; അവനു സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതുംകൂടെ എടുത്തുകളയും. 30എന്നാൽ ഈ പ്രയോജനമില്ലാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്ക് എറിഞ്ഞുകളയുവിൻ; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.
മനുഷ്യപുത്രൻ തേജസ്സിൻ്റെ സിംഹാസനത്തിൽ
31 മനുഷ്യപുത്രൻ തന്‍റെ തേജസ്സോടെ സകല ദൂതന്മാരുമായി വരുമ്പോൾ അവൻ തന്‍റെ തേജസ്സിൻ്റെ സിംഹാസനത്തിൽ ഇരിക്കും. 32സകല ജാതികളേയും അവന്‍റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഓരോരുത്തരായി ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിക്കും, 33ചെമ്മരിയാടുകളെ തന്‍റെ വലത്തും കോലാടുകളെ ഇടത്തും നിർത്തും.
34 രാജാവ് തന്‍റെ വലത്തുള്ളവരോട് അരുളിച്ചെയ്യും: എന്‍റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ. 35എനിക്ക് വിശന്നു, നിങ്ങൾ ഭക്ഷണം തന്നു; എനിക്ക് ദാഹിച്ചു നിങ്ങൾ കുടിക്കുവാൻ തന്നു; ഞാൻ അപരിചിതനായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു; 36ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എന്നെ ധരിപ്പിച്ചു; ഞാൻ രോഗിയായിരുന്നു, നിങ്ങൾ എന്നെ സംരക്ഷിച്ചു; തടവിൽ ആയിരുന്നു, നിങ്ങൾ എന്‍റെ അടുക്കൽ വന്നു.
37 അതിന് നീതിമാന്മാർ അവനോട്: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ട് ഭക്ഷണം തരികയോ ദാഹിച്ചു കണ്ടിട്ട് കുടിക്കുവാൻ തരികയോ ചെയ്തു? 38ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ട് ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ട് ഉടുപ്പിക്കയോ ചെയ്തു? 39നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ട് ഞങ്ങൾ നിന്‍റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും.
40 രാജാവ് അവരോട്: എന്‍റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്ക് ചെയ്തു എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.
41 പിന്നെ അവൻ ഇടത്തുള്ളവരോട്: ശപിക്കപ്പെട്ടവരെ, എന്നെവിട്ടു പിശാചിനും അവന്‍റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്ക് പോകുവിൻ. 42എനിക്ക് വിശന്നു, നിങ്ങൾ ഭക്ഷിക്കുവാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിക്കുവാൻ തന്നില്ല. 43അപരിചിതനായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ധരിപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല എന്നു അരുളിച്ചെയ്യും.
44 അതിന് അവർ: കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അപരിചിതനോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവൻ അവരോട്:
45 ഈ ഏറ്റവും ചെറിവരിൽ ഒരുവന് നിങ്ങൾ ചെയ്യാതിരുന്നതെല്ലാം എനിക്ക് ആകുന്നു ചെയ്യാഞ്ഞത് എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറയും.
46 ഇവർ നിത്യശിക്ഷാവിധിയിലേക്കും നീതിമാന്മാർ നിത്യജീവനിലേക്കും പോകും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
മത്താ. 25: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.