മത്തായി 23:29-39
മത്തായി 23:29-39 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ടു: ഞങ്ങൾ പിതാക്കന്മാരുടെ കാലത്ത് ഉണ്ടായിരുന്നു എങ്കിൽ പ്രവാചകന്മാരെ കൊല്ലുന്നതിൽ കൂട്ടാളികൾ ആകയില്ലായിരുന്നു എന്നു പറയുന്നു. അങ്ങനെ നിങ്ങൾ പ്രവാചകന്മാരെ കൊന്നവരുടെ മക്കൾ എന്നു നിങ്ങൾ തന്നെ സാക്ഷ്യം പറയുന്നുവല്ലോ. പിതാക്കന്മാരുടെ അളവ് നിങ്ങൾ പൂരിച്ചുകൊൾവിൻ. പാമ്പുകളേ, സർപ്പസന്തതികളേ, നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും? അതുകൊണ്ട് ഞാൻ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്കൽ അയയ്ക്കുന്നു; അവരിൽ ചിലരെ നിങ്ങൾ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളിൽ ചമ്മട്ടികൊണ്ട് അടിക്കയും പട്ടണത്തിൽനിന്നു പട്ടണത്തിലേക്ക് ഓടിക്കയും ചെയ്യും. നീതിമാനായ ഹാബെലിന്റെ രക്തംമുതൽ നിങ്ങൾ മന്ദിരത്തിനും യാഗപീഠത്തിനും നടുവിൽ വച്ചു കൊന്നവനായി ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ ഭൂമിയിൽ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേൽ വരേണ്ടതാകുന്നു. ഇതൊക്കെയും ഈ തലമുറമേൽ വരും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ എനിക്ക് എത്ര വട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല. നിങ്ങളുടെ ഭവനം ശൂന്യമായിത്തീരും. കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ ഇനി എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
മത്തായി 23:29-39 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“മതപണ്ഡിതന്മാരേ, പരീശന്മാരേ, കപടഭക്തരായ നിങ്ങൾക്ക് ഹാ കഷ്ടം! നിങ്ങൾ പ്രവാചകന്മാരുടെ ശവകുടീരങ്ങൾ നിർമിക്കുന്നു; സജ്ജനങ്ങളുടെ സ്മാരകങ്ങൾ അലങ്കരിക്കുന്നു. ‘പൂർവികരുടെ കാലത്ത് ഞങ്ങൾ ജീവിച്ചിരുന്നെങ്കിൽ അവർ ചെയ്തതുപോലെ ചെയ്യുകയോ പ്രവാചകന്മാരെ വധിക്കുന്നതിൽ പങ്കാളികളാകുകയോ ചെയ്യുകയില്ലായിരുന്നു’ എന്നു നിങ്ങൾ പറയുന്നു. അതുകൊണ്ട് പ്രവാചകന്മാരെ വധിച്ചവരുടെ സന്താനങ്ങൾ ആണ് നിങ്ങൾ എന്ന് യഥാർഥത്തിൽ സമ്മതിക്കുകയാണു ചെയ്യുന്നത്. നിങ്ങളുടെ പൂർവികർ തുടങ്ങിവച്ചതു പൂർത്തിയാക്കിക്കൊള്ളുക. സർപ്പങ്ങളേ! സർപ്പസന്തതികളേ! നരകശിക്ഷയിൽനിന്ന് നിങ്ങൾ എങ്ങനെ ഓടി രക്ഷപെടും? അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: പ്രവാചകന്മാരെയും ജ്ഞാനികളെയും മതഗുരുക്കന്മാരെയും നിങ്ങളുടെ അടുക്കലേക്ക് അയയ്‍ക്കും; ചിലരെ നിങ്ങൾ വധിക്കുകയും ക്രൂശിക്കുകയും ചെയ്യും; മറ്റുചിലരെ സുനഗോഗുകളിൽവച്ചു ചാട്ടവാറുകൊണ്ട് അടിക്കുകയും പട്ടണംതോറും വേട്ടയാടുകയും ചെയ്യും. അതുകൊണ്ടു നീതിമാനായ ഹാബേൽതൊട്ട് സഖറിയാവരെയുള്ള എല്ലാ നിരപരാധികളുടെയും ശിക്ഷാവിധി നിങ്ങളുടെമേൽ നിപതിക്കും. ബെരഖ്യായുടെ പുത്രനായ ഈ സഖറിയായെ ആണല്ലോ വിശുദ്ധസ്ഥലത്തിനും യാഗപീഠത്തിനും മധ്യേവച്ചു നിങ്ങൾ വധിച്ചത്. ഞാൻ നിങ്ങളോടു പറയുന്നു: ഈ മഹാപാതകങ്ങളുടെയെല്ലാം ശിക്ഷ ഇന്നത്തെ തലമുറയുടെമേൽ നിശ്ചയമായും വരും. “യെരൂശലേമേ, യെരൂശലേമേ! പ്രവാചകന്മാരെ നീ വധിക്കുകയും നിന്റെ അടുക്കലേക്ക് അയയ്‍ക്കപ്പെട്ട സന്ദേശവാഹകരെ നീ കല്ലെറിയുകയും ചെയ്തു. കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർക്കുന്നതുപോലെ നിന്റെ ജനത്തെ എന്റെ കരവലയത്തിൽ ചേർക്കുവാൻ ഞാൻ എത്ര തവണ ആഗ്രഹിച്ചു! നിങ്ങൾക്ക് അതിനു മനസ്സുവന്നില്ല. നിങ്ങളുടെ ആലയം ശൂന്യമായിത്തീരും! ‘കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ’ എന്നു നിങ്ങൾ പറയുന്നതുവരെ ഇനി നിങ്ങൾ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
മത്തായി 23:29-39 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ട്: ഞങ്ങൾ പിതാക്കന്മാരുടെ കാലത്ത് ഉണ്ടായിരുന്നു എങ്കിൽ പ്രവാചകന്മാരുടെ രക്തം ചൊരിയിക്കുന്നതിൽ അവരോട് കൂടെ പങ്കാളികൾ ആകയില്ലായിരുന്നു എന്നു പറയുന്നു. അങ്ങനെ നിങ്ങൾ പ്രവാചകന്മാരെ കൊന്നവരുടെ മക്കൾ എന്നു നിങ്ങൾ തന്നെ സാക്ഷ്യം പറയുന്നുവല്ലോ. പിതാക്കന്മാരുടെ പാപത്തിന്‍റെ അളവ് നിങ്ങൾ പൂരിപ്പിച്ചു കൊൾവിൻ. സർപ്പങ്ങളേ, അണലിസന്തതികളേ, നിങ്ങൾ നരകന്യായവിധി എങ്ങനെ ഒഴിഞ്ഞുപോകും? അതുകൊണ്ട് ഞാൻ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്കൽ അയയ്ക്കുന്നു; അവരിൽ ചിലരെ നിങ്ങൾ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളിൽ ചാട്ടവാറു കൊണ്ടു അടിക്കുകയും പട്ടണത്തിൽനിന്നു പട്ടണത്തിലേക്ക് ഓടിക്കയും ചെയ്യും. ഇതിന്‍റെ ഫലമോ നീതിമാനായ ഹാബെലിൻ്റെ രക്തംമുതൽ നിങ്ങൾ മന്ദിരത്തിനും യാഗപീഠത്തിനും നടുവിൽവച്ച് കൊന്നവനായ ബെരെഖ്യാവിന്‍റെ മകനായ സെഖര്യാവിന്റെ രക്തംവരെ ഭൂമിയിൽ ചൊരിഞ്ഞിട്ടുള്ള നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേൽ വരും. ഇതൊക്കെയും ഈ തലമുറമേൽ സംഭവിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ ഞാൻ എത്രവട്ടം ആഗ്രഹിച്ചു; നിങ്ങൾക്കോ സമ്മതമായില്ല. കാണ്മീൻ, നിങ്ങളുടെ ഭവനം നിങ്ങളെ ഉപേക്ഷിച്ച് ശൂന്യമായ്തീരും. കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ ഇനി എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
മത്തായി 23:29-39 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ടു: ഞങ്ങൾ പിതാക്കന്മാരുടെ കാലത്തു ഉണ്ടായിരുന്നു എങ്കിൽ പ്രവാചകന്മാരെ കൊല്ലുന്നതിൽ കൂട്ടാളികൾ ആകയില്ലായിരുന്നു എന്നു പറയുന്നു. അങ്ങനെ നിങ്ങൾ പ്രവാചകന്മാരെ കൊന്നവരുടെ മക്കൾ എന്നു നിങ്ങൾ തന്നേ സാക്ഷ്യം പറയുന്നുവല്ലോ. പിതാക്കന്മാരുടെ അളവുനിങ്ങൾ പൂരിച്ചു കൊൾവിൻ. പാമ്പുകളേ, സർപ്പസന്തതികളേ, നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും? അതുകൊണ്ടു ഞാൻ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്കൽ അയക്കുന്നു; അവരിൽ ചിലരെ നിങ്ങൾ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളിൽ ചമ്മട്ടികൊണ്ടു അടിക്കയും പട്ടണത്തിൽ നിന്നു പട്ടണത്തിലേക്കു ഓടിക്കയും ചെയ്യും. നീതിമാനായ ഹാബേലിന്റെ രക്തംമുതൽ നിങ്ങൾ മന്ദിരത്തിന്നും യാഗപീഠത്തിന്നും നടുവിൽവെച്ചു കൊന്നവനായി ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ ഭൂമിയിൽ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേൽ വരേണ്ടതാകുന്നു. ഇതൊക്കെയും ഈ തലമുറമേൽ വരും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല. നിങ്ങളുടെ ഭവനം ശൂന്യമായ്തീരും. കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ ഇനി എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
മത്തായി 23:29-39 സമകാലിക മലയാളവിവർത്തനം (MCV)
“കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! പ്രവാചകന്മാർക്കുവേണ്ടി നിങ്ങൾ ശവകുടീരങ്ങൾ പണിയുകയും നീതിനിഷ്ഠരുടെ കല്ലറകൾ അലങ്കരിക്കുകയുംചെയ്യുന്നു. ‘ഞങ്ങളുടെ പിതൃക്കളുടെ കാലത്തായിരുന്നു ഞങ്ങൾ ജീവിച്ചിരുന്നതെങ്കിൽ പ്രവാചകരുടെ രക്തം ചൊരിയിക്കുന്നതിൽ ഞങ്ങൾ പങ്കുകാരാകുകയില്ലായിരുന്നു’ എന്നും നിങ്ങൾ പറയുന്നു. ഇങ്ങനെ, പ്രവാചകരെ കൊന്നവരുടെ പിൻഗാമികളെന്നു നിങ്ങൾതന്നെ നിങ്ങൾക്കെതിരായി സാക്ഷ്യം പറയുന്നു. നിങ്ങളുടെ പൂർവികർ ആരംഭിച്ചത് നിങ്ങൾതന്നെ പൂർത്തീകരിക്കുക. “സർപ്പങ്ങളേ, അണലിക്കുഞ്ഞുങ്ങളേ, നരകശിക്ഷയിൽനിന്ന് നിങ്ങൾ എങ്ങനെ രക്ഷപ്പെടും? നിങ്ങളുടെ അടുത്തേക്കു പ്രവാചകന്മാരെയും വിജ്ഞാനികളെയും വേദജ്ഞരെയും ഞാൻ അയയ്ക്കുന്നു. അവരിൽ ചിലരെ നിങ്ങൾ ക്രൂശിൽ തറച്ചു കൊല്ലുകയും മറ്റുചിലരെ നിങ്ങളുടെ പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ട് അടിക്കുകയും പട്ടണംതോറും വേട്ടയാടുകയും ചെയ്യും. അങ്ങനെ, നീതിനിഷ്ഠനായ ഹാബേലിന്റെ രക്തംമുതൽ ദൈവാലയത്തിനും യാഗപീഠത്തിനും മധ്യേവെച്ച് ബേരെഖ്യാവിന്റെ മകൻ സെഖര്യാവിനെ കൊന്ന് നിങ്ങൾ ചിന്തിയ രക്തംവരെ, ഭൂമിയിൽ ചൊരിഞ്ഞിട്ടുള്ള സകലനീതിനിഷ്ഠരുടെ രക്തത്തിന്റെയും ഉത്തരവാദികൾ നിങ്ങൾ ആയിരിക്കും. ഇവയെല്ലാം ഈ തലമുറമേൽ നിശ്ചയമായും വരും എന്നു ഞാൻ നിങ്ങളോടു പറയുന്നു. “ജെറുശലേമേ, ജെറുശലേമേ, പ്രവാചകന്മാരെ വധിക്കുകയും നിന്റെ അടുത്തേക്കയയ്ക്കപ്പെട്ട സന്ദേശവാഹകരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർത്തണയ്ക്കുന്നതുപോലെ നിന്റെ മക്കളെ ചേർത്തണയ്ക്കാൻ എത്രതവണ ഞാൻ ആഗ്രഹിച്ചു; നിങ്ങൾക്കോ അത് ഇഷ്ടമായില്ല. ഇതാ, നിങ്ങളുടെ ഭവനം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ‘കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ’ എന്നു നിങ്ങൾ പറയുന്നതുവരെ ഇനി നിങ്ങൾ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”