“കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! പ്രവാചകന്മാർക്കുവേണ്ടി നിങ്ങൾ ശവകുടീരങ്ങൾ പണിയുകയും നീതിനിഷ്ഠരുടെ കല്ലറകൾ അലങ്കരിക്കുകയുംചെയ്യുന്നു. ‘ഞങ്ങളുടെ പിതൃക്കളുടെ കാലത്തായിരുന്നു ഞങ്ങൾ ജീവിച്ചിരുന്നതെങ്കിൽ പ്രവാചകരുടെ രക്തം ചൊരിയിക്കുന്നതിൽ ഞങ്ങൾ പങ്കുകാരാകുകയില്ലായിരുന്നു’ എന്നും നിങ്ങൾ പറയുന്നു. ഇങ്ങനെ, പ്രവാചകരെ കൊന്നവരുടെ പിൻഗാമികളെന്നു നിങ്ങൾതന്നെ നിങ്ങൾക്കെതിരായി സാക്ഷ്യം പറയുന്നു. നിങ്ങളുടെ പൂർവികർ ആരംഭിച്ചത് നിങ്ങൾതന്നെ പൂർത്തീകരിക്കുക. “സർപ്പങ്ങളേ, അണലിക്കുഞ്ഞുങ്ങളേ, നരകശിക്ഷയിൽനിന്ന് നിങ്ങൾ എങ്ങനെ രക്ഷപ്പെടും? നിങ്ങളുടെ അടുത്തേക്കു പ്രവാചകന്മാരെയും വിജ്ഞാനികളെയും വേദജ്ഞരെയും ഞാൻ അയയ്ക്കുന്നു. അവരിൽ ചിലരെ നിങ്ങൾ ക്രൂശിൽ തറച്ചു കൊല്ലുകയും മറ്റുചിലരെ നിങ്ങളുടെ പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ട് അടിക്കുകയും പട്ടണംതോറും വേട്ടയാടുകയും ചെയ്യും. അങ്ങനെ, നീതിനിഷ്ഠനായ ഹാബേലിന്റെ രക്തംമുതൽ ദൈവാലയത്തിനും യാഗപീഠത്തിനും മധ്യേവെച്ച് ബേരെഖ്യാവിന്റെ മകൻ സെഖര്യാവിനെ കൊന്ന് നിങ്ങൾ ചിന്തിയ രക്തംവരെ, ഭൂമിയിൽ ചൊരിഞ്ഞിട്ടുള്ള സകലനീതിനിഷ്ഠരുടെ രക്തത്തിന്റെയും ഉത്തരവാദികൾ നിങ്ങൾ ആയിരിക്കും. ഇവയെല്ലാം ഈ തലമുറമേൽ നിശ്ചയമായും വരും എന്നു ഞാൻ നിങ്ങളോടു പറയുന്നു. “ജെറുശലേമേ, ജെറുശലേമേ, പ്രവാചകന്മാരെ വധിക്കുകയും നിന്റെ അടുത്തേക്കയയ്ക്കപ്പെട്ട സന്ദേശവാഹകരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർത്തണയ്ക്കുന്നതുപോലെ നിന്റെ മക്കളെ ചേർത്തണയ്ക്കാൻ എത്രതവണ ഞാൻ ആഗ്രഹിച്ചു; നിങ്ങൾക്കോ അത് ഇഷ്ടമായില്ല. ഇതാ, നിങ്ങളുടെ ഭവനം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ‘കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ’ എന്നു നിങ്ങൾ പറയുന്നതുവരെ ഇനി നിങ്ങൾ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
മത്തായി 23 വായിക്കുക
കേൾക്കുക മത്തായി 23
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്തായി 23:29-39
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ