മത്തായി 21:2-4

മത്തായി 21:2-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“നിങ്ങൾ മുമ്പിൽ കാണുന്ന ആ ഗ്രാമത്തിലേക്കു പോകുക. അവിടെ ചെല്ലുമ്പോൾ കെട്ടിയിരിക്കുന്ന ഒരു കഴുതയെയും അതിന്റെ കുട്ടിയെയും നിങ്ങൾ കാണും. അവയെ അഴിച്ചുകൊണ്ടുവരിക. നിങ്ങളോട് ആരെങ്കിലും വല്ലതും ചോദിച്ചാൽ ഗുരുവിന് ഇവയെ ആവശ്യമുണ്ടെന്നു പറഞ്ഞാൽ മതി. അവർ ഉടനെ അവയെ വിട്ടയയ്‍ക്കും,” ‘ഇതാ, നിന്റെ രാജാവു വിനീതനായി കഴുതപ്പുറത്തു കയറിവരുന്നു! കഴുതക്കുട്ടിയുടെ പുറത്ത് ഉപവിഷ്ടനായി നിന്റെ അടുക്കലേക്ക് എഴുന്നള്ളുന്നു’ എന്നു സീയോൻനഗരത്തോടു പറയുക എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം അരുൾചെയ്യപ്പെട്ടിട്ടുള്ളതു സംഭവിച്ചു.

മത്തായി 21:2-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

നിങ്ങൾക്ക് അടുത്തുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; ഉടനെ അവിടെ കെട്ടിയിരിക്കുന്ന ഒരു പെൺകഴുതയെയും അതിന്‍റെ കുട്ടിയെയും നിങ്ങൾ കാണും; അവയെ അഴിച്ച് എന്‍റെ അടുത്തു കൊണ്ടുവരുവിൻ. നിങ്ങളോടു ആരെങ്കിലും അതിനെക്കുറിച്ച് എന്തെങ്കിലും ചോദിച്ചാൽ കർത്താവിന് ഇവയെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിൻ; തൽക്ഷണം അവൻ അവയെ നിങ്ങളുടെ കൂടെ അയയ്ക്കും എന്നു പറഞ്ഞു. “സീയോൻ പുത്രിയോട്: ഇതാ, നിന്‍റെ രാജാവ് സൌമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിൻ്റെ കുട്ടിയുടെ പുറത്തും കയറി നിന്‍റെ അടുക്കൽ വരുന്നു എന്നു പറവിൻ”

മത്തായി 21:2-5 സമകാലിക മലയാളവിവർത്തനം (MCV)

“നിങ്ങൾക്കു നേരേമുന്നിലുള്ള ഗ്രാമത്തിലേക്ക് ചെല്ലുക; അവിടെ പ്രവേശിക്കുമ്പോൾ, ഒരു കഴുതയെയും അതിനടുത്ത് അതിന്റെ കുട്ടിയെയും കെട്ടിയിരിക്കുന്നതു നിങ്ങൾ കാണും. അവയെ അഴിച്ച് എന്റെ അടുക്കൽ കൊണ്ടുവരിക. ഇതെക്കുറിച്ച് നിങ്ങളോട് ആരെങ്കിലും ചോദിച്ചാൽ, കർത്താവിന് ഇവ ആവശ്യമുണ്ട് എന്ന് അയാളോട് പറയൂ. അപ്പോൾത്തന്നെ അവയെ കൊണ്ടുപോകാൻ അയാൾ അനുവദിക്കും.” “സീയോൻപുത്രിയോട് പറയുക, ‘ഇതാ, നിന്റെ രാജാവ് നിന്റെ അടുത്തേക്കു വരുന്നു, അവിടന്ന് വിനയാന്വിതനായി കഴുതമേലേറി, അതേ, കഴുതക്കുട്ടിമേൽത്തന്നെ കയറി നിന്റെ ചാരത്തേക്കണയുന്നു,’ ” എന്നിങ്ങനെ കർത്താവ് പ്രവാചകനിലൂടെ അരുളിച്ചെയ്തത് നിറവേറുന്നതിനാണ് ഇതു സംഭവിച്ചത്.