മത്തായി 21:18-27

മത്തായി 21:18-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

രാവിലെ അവൻ നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു വഴിയരികെ ഒരു അത്തിവൃക്ഷം കണ്ട്, അടുക്കെ ചെന്നു, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്ന് അതിനോടു പറഞ്ഞു; ക്ഷണത്തിൽ അത്തി ഉണങ്ങിപ്പോയി. ശിഷ്യന്മാർ അതു കണ്ടാറെ: അത്തി ഇത്ര ക്ഷണത്തിൽ ഉണങ്ങിപ്പോയത് എങ്ങനെ എന്നു പറഞ്ഞ് ആശ്ചര്യപ്പെട്ടു. അതിനു യേശു: നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടു: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. നിങ്ങൾ വിശ്വസിച്ചുകൊണ്ട് പ്രാർഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും എന്ന് ഉത്തരം പറഞ്ഞു. അവൻ ദൈവാലയത്തിൽ ചെന്ന് ഉപദേശിക്കുമ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു: നീ എന്ത് അധികാരംകൊണ്ട് ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നത് ആർ എന്നു ചോദിച്ചു. യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാനും നിങ്ങളോട് ഒരു വാക്ക് ചോദിക്കും; അതു നിങ്ങൾ എന്നോടു പറഞ്ഞാൽ എന്ത് അധികാരംകൊണ്ടു ഞാൻ ഇതു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയും. യോഹന്നാന്റെ സ്നാനം എവിടെനിന്ന്? സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ? അവർ തമ്മിൽ ആലോചിച്ചു: സ്വർഗത്തിൽനിന്ന് എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്ന് അവൻ നമ്മോടു ചോദിക്കും; മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകൻ എന്നല്ലോ എണ്ണുന്നത് എന്നു പറഞ്ഞു. അങ്ങനെ അവർ യേശുവിനോട്: ഞങ്ങൾക്ക് അറിഞ്ഞുകൂടാ എന്ന് ഉത്തരം പറഞ്ഞു. അവൻ അവരോടു പറഞ്ഞത്: എന്നാൽ ഞാൻ ഇത് എന്ത് അധികാരംകൊണ്ടു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല.

മത്തായി 21:18-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പിറ്റേദിവസം അതിരാവിലെ നഗരത്തിലേക്കു മടങ്ങിപ്പോകുമ്പോൾ യേശുവിനു വിശന്നു. വഴിയരികിൽ ഒരത്തിവൃക്ഷം നില്‌ക്കുന്നതു കണ്ട് യേശു അതിന്റെ അടുത്തു ചെന്നു. അതിൽ ഇലപ്പടർപ്പല്ലാതെ ഒന്നും കണ്ടില്ല. യേശു അപ്പോൾ അതിനോട് “മേലിൽ ഒരിക്കലും നിന്നിൽ ഫലം കായ്‍ക്കാതിരിക്കട്ടെ” എന്നു പറഞ്ഞു. തൽക്ഷണം ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി. ഇതു കണ്ട് ശിഷ്യന്മാർ ആശ്ചര്യപ്പെട്ടു. “ഇത്രവേഗം ഈ വൃക്ഷം ഉണങ്ങിയത് എങ്ങനെ?” എന്ന് അവർ ചോദിച്ചു. യേശു അതിനു മറുപടിയായി പറഞ്ഞു: “ഇതു നിങ്ങൾ ഓർമിച്ചുകൊള്ളണം; നിങ്ങൾ അശേഷം സംശയിക്കാതെ വിശ്വാസമുള്ളവരായിരുന്നാൽ ഞാൻ ഈ അത്തിമരത്തോടു ചെയ്തതു മാത്രമല്ല, നിങ്ങൾക്കു ചെയ്യുവാൻ കഴിയുന്നത്; ഈ മലയോട് ഇളകി കടലിൽവീഴുക എന്നു നിങ്ങൾ പറഞ്ഞാൽ അതും സംഭവിക്കും. നിങ്ങൾ വിശ്വസിക്കുന്നപക്ഷം പ്രാർഥനയിൽ നിങ്ങൾ എന്തപേക്ഷിച്ചാലും അതു ലഭിക്കും.” അവിടുന്നു ദേവാലയത്തിൽ ചെന്നു പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ മുഖ്യപുരോഹിതന്മാരും യെഹൂദപ്രമാണികളും വന്ന് “എന്ത് അധികാരം കൊണ്ടാണ് താങ്കൾ ഇതൊക്കെ ചെയ്യുന്നത്? ആരാണീ അധികാരം തന്നത്?” എന്നു ചോദിച്ചു. അതിനു മറുപടിയായി യേശു പറഞ്ഞു: “ആകട്ടെ, ഞാനും നിങ്ങളോട് ഒരു കാര്യം ചോദിക്കാം; അതിനു നിങ്ങൾ മറുപടി പറയുന്നപക്ഷം എന്തധികാരംകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നു ഞാൻ പറയാം. സ്നാപനം നടത്തുവാനുള്ള അധികാരം യോഹന്നാന് എവിടെനിന്നാണു ലഭിച്ചത്? ദൈവത്തിൽനിന്നോ? മനുഷ്യരിൽനിന്നോ? അപ്പോൾ അവർ അന്യോന്യം ആലോചിച്ചു: “നാം എന്തു സമാധാനം പറയും? ദൈവത്തിൽനിന്ന് എന്നു പറഞ്ഞാൽ പിന്നെ നിങ്ങൾ എന്തുകൊണ്ടു വിശ്വസിച്ചില്ല എന്നു യേശു ചോദിക്കും; മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാലോ? നാം പൊതുജനങ്ങളെ ഭയപ്പെടുന്നു; എന്തെന്നാൽ എല്ലാവരും അദ്ദേഹത്തെ ഒരു പ്രവാചകനായിട്ടാണു കരുതുന്നത്.” അതുകൊണ്ട് “ഞങ്ങൾക്കറിഞ്ഞുകൂടാ” എന്ന് അവർ യേശുവിനോടു പറഞ്ഞു. “എങ്കിൽ എന്തധികാരം കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നു ഞാനും പറയുന്നില്ല” എന്നു യേശു പറഞ്ഞു.

മത്തായി 21:18-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

രാവിലെ നഗരത്തിലേയ്ക്ക് മടങ്ങിപ്പോകുന്ന സമയം അവനു വിശന്നു. വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു; അടുക്കൽ ചെന്നു, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്നു അതിനോട് പറഞ്ഞു; ക്ഷണത്തിൽ ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി. ശിഷ്യന്മാർ അത് കണ്ടപ്പോൾ: “അത്തി ഇത്ര ക്ഷണത്തിൽ ഉണങ്ങിപ്പോയത് എങ്ങനെ?“ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു. അതിന് യേശു: നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോട് ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോട്: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. നിങ്ങൾ വിശ്വസിച്ചുകൊണ്ട് പ്രാർത്ഥനയിൽ എന്ത് യാചിച്ചാലും നിങ്ങൾക്ക് ലഭിക്കും എന്നു ഉത്തരം പറഞ്ഞു. അവൻ ദൈവാലയത്തിൽ ചെന്നു ഉപദേശിക്കുമ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്‍റെ മൂപ്പന്മാരും അവന്‍റെ അടുക്കൽ വന്നു: “നീ എന്ത് അധികാരംകൊണ്ട് ഇവ ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആർ?“ എന്നു ചോദിച്ചു. യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാനും നിങ്ങളോടു ഒരു ചോദ്യം ചോദിക്കും; അത് നിങ്ങൾ എന്നോട് പറഞ്ഞാൽ എന്ത് അധികാരംകൊണ്ട് ഞാൻ ഇതു ചെയ്യുന്നു എന്നുള്ളത് ഞാനും നിങ്ങളോടു പറയും. യോഹന്നാന്‍റെ സ്നാനം എവിടെ നിന്ന്? സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ? അവർ തമ്മിൽ ആലോചിച്ചു: “സ്വർഗ്ഗത്തിൽനിന്ന് എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്നു അവൻ നമ്മോടു ചോദിക്കും; മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകൻ എന്നല്ലോ കാണുന്നത് എന്നു പറഞ്ഞു. എന്നിട്ട് അവർ യേശുവിനോടു: ഞങ്ങൾക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു.“ അവനും അവരോട് പറഞ്ഞത്: എന്നാൽ ഞാൻ ഇതു എന്ത് അധികാരംകൊണ്ട് ചെയ്യുന്നു എന്നുള്ളത് ഞാനും നിങ്ങളോടു പറയുന്നില്ല.

മത്തായി 21:18-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

രാവിലെ അവൻ നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു, അടുക്കെ ചെന്നു, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്നു അതിനോടു പറഞ്ഞു; ക്ഷണത്തിൽ അത്തി ഉണങ്ങിപ്പോയി. ശിഷ്യന്മാർ അതു കണ്ടാറെ: അത്തി ഇത്ര ക്ഷണത്തിൽ ഉണങ്ങിപ്പോയതു എങ്ങനെ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു. അതിന്നു യേശു: നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടു: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. നിങ്ങൾ വിശ്വസിച്ചുകൊണ്ടു പ്രാർത്ഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും എന്നു ഉത്തരം പറഞ്ഞു. അവൻ ദൈവാലയത്തിൽ ചെന്നു ഉപദേശിക്കുമ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു: നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആർ എന്നു ചോദിച്ചു. യേശു അവരോടു ഉത്തരം പറഞ്ഞതു: ഞാനും നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതു നിങ്ങൾ എന്നോടു പറഞ്ഞാൽ എന്തു അധികാരംകൊണ്ടു ഞാൻ ഇതു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയും. യോഹന്നാന്റെ സ്നാനം എവിടെ നിന്നു? സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽ നിന്നോ? അവർ തമ്മിൽ ആലോചിച്ചു: സ്വർഗ്ഗത്തിൽ നിന്നു എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവൻ നമ്മോടു ചോദിക്കും; മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകൻ എന്നല്ലോ എണ്ണുന്നതു എന്നു പറഞ്ഞു. അങ്ങനെ അവർ യേശുവിനോടു: ഞങ്ങൾക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു. അവൻ അവരോടു പറഞ്ഞതു: എന്നാൽ ഞാൻ ഇതു എന്തു അധികാരംകൊണ്ടു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല.

മത്തായി 21:18-27 സമകാലിക മലയാളവിവർത്തനം (MCV)

പ്രഭാതത്തിൽ യേശു നഗരത്തിലേക്ക് മടങ്ങുമ്പോൾ അദ്ദേഹത്തിന് വിശന്നു. വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടിട്ട് അദ്ദേഹം അതിന്റെ അടുത്തുചെന്നു. എന്നാൽ, അതിൽ ഇലയല്ലാതെ ഒന്നും കണ്ടില്ല. അപ്പോൾ യേശു അതിനോട്, “ഇനി ഒരിക്കലും നിന്നിൽ ഫലം കായ്ക്കാതിരിക്കട്ടെ” എന്നു പറഞ്ഞു. തൽക്ഷണം ആ മരം ഉണങ്ങിപ്പോയി. ഇതുകണ്ട് ശിഷ്യന്മാർ വിസ്മയത്തോടെ, “അത്തിവൃക്ഷം ഇത്ര പെട്ടെന്ന് ഉണങ്ങിപ്പോയത് എങ്ങനെ?” എന്നു ചോദിച്ചു. അതിനുത്തരമായി യേശു അവരോട്, “ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ സംശയിക്കാതെ വിശ്വസിക്കുന്നപക്ഷം ഈ അത്തിവൃക്ഷത്തോടു ഞാൻ ചെയ്തതു നിങ്ങൾ ചെയ്യുമെന്നുമാത്രമല്ല, ഈ മലയോട്, ‘പോയി കടലിൽ വീഴുക’ എന്നു പറഞ്ഞാൽ അതും സംഭവിക്കും, നിശ്ചയം. വിശ്വാസത്തോടുകൂടി നിങ്ങൾ പ്രാർഥനയിൽ എന്തു യാചിച്ചാലും അതു നിങ്ങൾക്കു ലഭിക്കും.” യേശു ദൈവാലയാങ്കണത്തിൽ പ്രവേശിച്ച്, ജനത്തെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോൾ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “എന്ത് അധികാരത്താലാണ് താങ്കൾ ഈ കാര്യങ്ങൾ ചെയ്യുന്നത്? ആരാണ് താങ്കൾക്ക് ഈ അധികാരം തന്നത്?” എന്നു ചോദിച്ചു. അതിന് യേശു, “ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കും; നിങ്ങളതിന് ഉത്തരം നൽകിയാൽ, എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയാം. സ്നാനം നൽകാനുള്ള അധികാരം യോഹന്നാന് ലഭിച്ചത് എവിടെനിന്ന്? ‘സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?’ ” അവർ അതിനെപ്പറ്റി പരസ്പരം ചർച്ചചെയ്തു: “ ‘സ്വർഗത്തിൽനിന്ന്’ എന്നു നാം പറഞ്ഞാൽ, പിന്നെ നിങ്ങൾ യോഹന്നാനിൽ വിശ്വസിക്കാതിരുന്നത് എന്തുകൊണ്ട് എന്ന് അദ്ദേഹം നമ്മോടു ചോദിക്കും. ‘മനുഷ്യരിൽനിന്ന്’ എന്നു പറഞ്ഞാലോ! നാം ജനത്തെ ഭയപ്പെടുന്നു; കാരണം അവരെല്ലാം യോഹന്നാനെ ഒരു പ്രവാചകനായിട്ടാണ് കരുതിയിരുന്നത്.” അവർ ഒടുവിൽ യേശുവിനോട്, “ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ യേശു, “എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല” എന്ന മറുപടിയും നൽകി.