MATHAIA 21:18-27

MATHAIA 21:18-27 MALCLBSI

പിറ്റേദിവസം അതിരാവിലെ നഗരത്തിലേക്കു മടങ്ങിപ്പോകുമ്പോൾ യേശുവിനു വിശന്നു. വഴിയരികിൽ ഒരത്തിവൃക്ഷം നില്‌ക്കുന്നതു കണ്ട് യേശു അതിന്റെ അടുത്തു ചെന്നു. അതിൽ ഇലപ്പടർപ്പല്ലാതെ ഒന്നും കണ്ടില്ല. യേശു അപ്പോൾ അതിനോട് “മേലിൽ ഒരിക്കലും നിന്നിൽ ഫലം കായ്‍ക്കാതിരിക്കട്ടെ” എന്നു പറഞ്ഞു. തൽക്ഷണം ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി. ഇതു കണ്ട് ശിഷ്യന്മാർ ആശ്ചര്യപ്പെട്ടു. “ഇത്രവേഗം ഈ വൃക്ഷം ഉണങ്ങിയത് എങ്ങനെ?” എന്ന് അവർ ചോദിച്ചു. യേശു അതിനു മറുപടിയായി പറഞ്ഞു: “ഇതു നിങ്ങൾ ഓർമിച്ചുകൊള്ളണം; നിങ്ങൾ അശേഷം സംശയിക്കാതെ വിശ്വാസമുള്ളവരായിരുന്നാൽ ഞാൻ ഈ അത്തിമരത്തോടു ചെയ്തതു മാത്രമല്ല, നിങ്ങൾക്കു ചെയ്യുവാൻ കഴിയുന്നത്; ഈ മലയോട് ഇളകി കടലിൽവീഴുക എന്നു നിങ്ങൾ പറഞ്ഞാൽ അതും സംഭവിക്കും. നിങ്ങൾ വിശ്വസിക്കുന്നപക്ഷം പ്രാർഥനയിൽ നിങ്ങൾ എന്തപേക്ഷിച്ചാലും അതു ലഭിക്കും.” അവിടുന്നു ദേവാലയത്തിൽ ചെന്നു പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ മുഖ്യപുരോഹിതന്മാരും യെഹൂദപ്രമാണികളും വന്ന് “എന്ത് അധികാരം കൊണ്ടാണ് താങ്കൾ ഇതൊക്കെ ചെയ്യുന്നത്? ആരാണീ അധികാരം തന്നത്?” എന്നു ചോദിച്ചു. അതിനു മറുപടിയായി യേശു പറഞ്ഞു: “ആകട്ടെ, ഞാനും നിങ്ങളോട് ഒരു കാര്യം ചോദിക്കാം; അതിനു നിങ്ങൾ മറുപടി പറയുന്നപക്ഷം എന്തധികാരംകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നു ഞാൻ പറയാം. സ്നാപനം നടത്തുവാനുള്ള അധികാരം യോഹന്നാന് എവിടെനിന്നാണു ലഭിച്ചത്? ദൈവത്തിൽനിന്നോ? മനുഷ്യരിൽനിന്നോ? അപ്പോൾ അവർ അന്യോന്യം ആലോചിച്ചു: “നാം എന്തു സമാധാനം പറയും? ദൈവത്തിൽനിന്ന് എന്നു പറഞ്ഞാൽ പിന്നെ നിങ്ങൾ എന്തുകൊണ്ടു വിശ്വസിച്ചില്ല എന്നു യേശു ചോദിക്കും; മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാലോ? നാം പൊതുജനങ്ങളെ ഭയപ്പെടുന്നു; എന്തെന്നാൽ എല്ലാവരും അദ്ദേഹത്തെ ഒരു പ്രവാചകനായിട്ടാണു കരുതുന്നത്.” അതുകൊണ്ട് “ഞങ്ങൾക്കറിഞ്ഞുകൂടാ” എന്ന് അവർ യേശുവിനോടു പറഞ്ഞു. “എങ്കിൽ എന്തധികാരം കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നു ഞാനും പറയുന്നില്ല” എന്നു യേശു പറഞ്ഞു.

MATHAIA 21 വായിക്കുക