മത്തായി 21:1-27
മത്തായി 21:1-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം അവർ യെരൂശലേമിനോടു സമീപിച്ചു ഒലിവുമലയരികെ ബേത്ത്ഫാഗയിൽ എത്തിയപ്പോൾ, യേശു രണ്ടു ശിഷ്യന്മാരെ അയച്ചു: നിങ്ങൾക്ക് എതിരേയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അവിടെ കെട്ടിയിരിക്കുന്ന ഒരു പെൺകഴുതയെയും അതിന്റെ കുട്ടിയെയും നിങ്ങൾ ഉടനെ കാണും; അവയെ അഴിച്ചു കൊണ്ടുവരുവിൻ. നിങ്ങളോട് ആരാനും വല്ലതും പറഞ്ഞാൽ: കർത്താവിന് ഇവയെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിൻ; തൽക്ഷണം അവൻ അവയെ അയയ്ക്കും എന്നു പറഞ്ഞു. “സീയോൻപുത്രിയോട്: ഇതാ, നിന്റെ രാജാവ് സൗമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കൽ വരുന്നു എന്നു പറവിൻ” എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതിനു നിവൃത്തിവരുവാൻ ഇതു സംഭവിച്ചു. ശിഷ്യന്മാർ പുറപ്പെട്ടു യേശു കല്പിച്ചതുപോലെ ചെയ്തു, കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെമേൽ ഇട്ടു; അവൻ കയറി ഇരുന്നു. പുരുഷാരം മിക്കതും തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു; മറ്റു ചിലർ വൃക്ഷങ്ങളിൽനിന്നു കൊമ്പു വെട്ടി വഴിയിൽ വിതറി. മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദുപുത്രനു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്ന് ആർത്തുകൊണ്ടിരുന്നു. അവൻ യെരൂശലേമിൽ കടന്നപ്പോൾ നഗരം മുഴുവനും ഇളകി: ഇവൻ ആർ എന്നു പറഞ്ഞു. ഇവൻ ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശു എന്നു പുരുഷാരം പറഞ്ഞു. യേശു ദൈവാലയത്തിൽ ചെന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും കൊള്ളുന്നവരെയും എല്ലാം പുറത്താക്കി, പൊൻവാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചുകളഞ്ഞ് അവരോട്: എന്റെ ആലയം പ്രാർഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർക്കുന്നു എന്നു പറഞ്ഞു. കുരുടന്മാരും മുടന്തന്മാരും ദൈവാലയത്തിൽ അവന്റെ അടുക്കൽ വന്നു; അവൻ അവരെ സൗഖ്യമാക്കി. എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവൻ ചെയ്ത അദ്ഭുതങ്ങളെയും ദാവീദുപുത്രനു ഹോശന്നാ എന്നു ദൈവാലയത്തിൽ ആർക്കുന്ന ബാലന്മാരെയും കണ്ടിട്ടു നീരസപ്പെട്ടു: ഇവർ പറയുന്നതു കേൾക്കുന്നുവോ എന്ന് അവനോടു ചോദിച്ചു. യേശു അവരോട്: ഉവ്വ്; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു. പിന്നെ അവരെ വിട്ടു നഗരത്തിൽനിന്നു പുറപ്പെട്ടു ബേഥാന്യയിൽ ചെന്ന് അവിടെ രാത്രി പാർത്തു. രാവിലെ അവൻ നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു വഴിയരികെ ഒരു അത്തിവൃക്ഷം കണ്ട്, അടുക്കെ ചെന്നു, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്ന് അതിനോടു പറഞ്ഞു; ക്ഷണത്തിൽ അത്തി ഉണങ്ങിപ്പോയി. ശിഷ്യന്മാർ അതു കണ്ടാറെ: അത്തി ഇത്ര ക്ഷണത്തിൽ ഉണങ്ങിപ്പോയത് എങ്ങനെ എന്നു പറഞ്ഞ് ആശ്ചര്യപ്പെട്ടു. അതിനു യേശു: നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടു: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. നിങ്ങൾ വിശ്വസിച്ചുകൊണ്ട് പ്രാർഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും എന്ന് ഉത്തരം പറഞ്ഞു. അവൻ ദൈവാലയത്തിൽ ചെന്ന് ഉപദേശിക്കുമ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു: നീ എന്ത് അധികാരംകൊണ്ട് ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നത് ആർ എന്നു ചോദിച്ചു. യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാനും നിങ്ങളോട് ഒരു വാക്ക് ചോദിക്കും; അതു നിങ്ങൾ എന്നോടു പറഞ്ഞാൽ എന്ത് അധികാരംകൊണ്ടു ഞാൻ ഇതു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയും. യോഹന്നാന്റെ സ്നാനം എവിടെനിന്ന്? സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ? അവർ തമ്മിൽ ആലോചിച്ചു: സ്വർഗത്തിൽനിന്ന് എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്ന് അവൻ നമ്മോടു ചോദിക്കും; മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകൻ എന്നല്ലോ എണ്ണുന്നത് എന്നു പറഞ്ഞു. അങ്ങനെ അവർ യേശുവിനോട്: ഞങ്ങൾക്ക് അറിഞ്ഞുകൂടാ എന്ന് ഉത്തരം പറഞ്ഞു. അവൻ അവരോടു പറഞ്ഞത്: എന്നാൽ ഞാൻ ഇത് എന്ത് അധികാരംകൊണ്ടു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല.
മത്തായി 21:1-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെരൂശലേമിനു സമീപം ഒലിവുമലയുടെ അരികിലുള്ള ബേത്ത്ഫാഗയിലെത്തിയപ്പോൾ യേശു ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച് ഇപ്രകാരം പറഞ്ഞയച്ചു: “നിങ്ങൾ മുമ്പിൽ കാണുന്ന ആ ഗ്രാമത്തിലേക്കു പോകുക. അവിടെ ചെല്ലുമ്പോൾ കെട്ടിയിരിക്കുന്ന ഒരു കഴുതയെയും അതിന്റെ കുട്ടിയെയും നിങ്ങൾ കാണും. അവയെ അഴിച്ചുകൊണ്ടുവരിക. നിങ്ങളോട് ആരെങ്കിലും വല്ലതും ചോദിച്ചാൽ ഗുരുവിന് ഇവയെ ആവശ്യമുണ്ടെന്നു പറഞ്ഞാൽ മതി. അവർ ഉടനെ അവയെ വിട്ടയയ്ക്കും,” ‘ഇതാ, നിന്റെ രാജാവു വിനീതനായി കഴുതപ്പുറത്തു കയറിവരുന്നു! കഴുതക്കുട്ടിയുടെ പുറത്ത് ഉപവിഷ്ടനായി നിന്റെ അടുക്കലേക്ക് എഴുന്നള്ളുന്നു’ എന്നു സീയോൻനഗരത്തോടു പറയുക എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം അരുൾചെയ്യപ്പെട്ടിട്ടുള്ളതു സംഭവിച്ചു. യേശു പറഞ്ഞതുപോലെ ശിഷ്യന്മാർ ചെയ്തു. അവർ കഴുതയെയും അതിന്റെ കുട്ടിയെയും കൊണ്ടുവന്നു. തങ്ങളുടെ വസ്ത്രം അവർ അവയുടെമേൽ വിരിച്ചു. യേശു കയറിയിരുന്നു; ജനാവലി അവരുടെ മേലങ്കികൾ വഴിയിൽ വിരിച്ചു. ചിലർ മരച്ചില്ലകൾ വെട്ടിവിതറി. മുമ്പിലും പിമ്പിലും നടന്ന ജനക്കൂട്ടം “ദാവീദിന്റെ പുത്രനു ഹോശന്നാ!” കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ! അത്യുന്നതങ്ങളിൽ ഹോശന്നാ!” എന്ന് ആർത്തുവിളിച്ചു. യെരൂശലേമിൽ പ്രവേശിച്ചപ്പോൾ നഗരം ആകമാനം ഇളകിവശായി. “ഇതാര്?” എന്ന് അവർ ചോദിച്ചു. “ഗലീലയിലെ നസറെത്തിൽ നിന്നു വന്ന പ്രവാചകനായ യേശു” എന്നു ജനങ്ങൾ മറുപടി പറഞ്ഞു. യേശു ദേവാലയത്തിൽ പ്രവേശിച്ച് അവിടെ ക്രയവിക്രയം ചെയ്തുകൊണ്ടിരുന്നവരെയെല്ലാം പുറത്തിറക്കി. നാണയം മാറുന്ന വ്യാപാരത്തിലേർപ്പെട്ടിരുന്നവരുടെ മേശകളും പ്രാക്കളെ വില്ക്കുന്നവരുടെ ഇരിപ്പിടങ്ങളും മറിച്ചിട്ടു. “എന്റെ ഭവനം പ്രാർഥനാലയം എന്നു വിളിക്കപ്പെടും’ എന്നു ദൈവം അരുൾചെയ്തതായി വേദഗ്രന്ഥത്തിൽ എഴുതപ്പെട്ടിരിക്കുന്നു; എന്നാൽ നിങ്ങൾ അതിനെ കൊള്ളക്കാരുടെ സങ്കേതമാക്കിത്തീർത്തിരിക്കുന്നു” എന്ന് അവിടുന്നു പറഞ്ഞു. അന്ധന്മാരും വികലാംഗരും ദേവാലയത്തിൽ അവിടുത്തെ അടുക്കൽ വന്നു. അവിടുന്ന് അവരെ സുഖപ്പെടുത്തി. അവിടുത്തെ അദ്ഭുതപ്രവൃത്തികളെയും “ദാവീദിന്റെ പുത്രനു ഹോശന്നാ” എന്ന് ആർത്തുവിളിക്കുന്ന കുട്ടികളെയും കണ്ടപ്പോൾ മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും കോപാക്രാന്തരായി. “ഇവർ പറയുന്നത് താങ്കൾ കേൾക്കുന്നില്ലേ?” എന്ന് അവർ യേശുവിനോടു ചോദിച്ചു. “തീർച്ചയായും ഞാൻ കേൾക്കുന്നു. ‘തികച്ചും കുറ്റമറ്റ സ്തുതിഘോഷം ശിശുക്കളുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും അധരങ്ങളിൽനിന്ന് അവിടുന്ന് ഉണർത്തുന്നു’ എന്ന വേദഭാഗം നിങ്ങൾ ഒരിക്കൽപോലും വായിച്ചിട്ടില്ലേ?” എന്ന് യേശു അവരോടു ചോദിച്ചു. അനന്തരം അവിടുന്ന് അവരെ വിട്ട് നഗരത്തിനു പുറത്തുള്ള ബേഥാന്യയിൽ പോയി രാത്രി കഴിച്ചുകൂട്ടി. പിറ്റേദിവസം അതിരാവിലെ നഗരത്തിലേക്കു മടങ്ങിപ്പോകുമ്പോൾ യേശുവിനു വിശന്നു. വഴിയരികിൽ ഒരത്തിവൃക്ഷം നില്ക്കുന്നതു കണ്ട് യേശു അതിന്റെ അടുത്തു ചെന്നു. അതിൽ ഇലപ്പടർപ്പല്ലാതെ ഒന്നും കണ്ടില്ല. യേശു അപ്പോൾ അതിനോട് “മേലിൽ ഒരിക്കലും നിന്നിൽ ഫലം കായ്ക്കാതിരിക്കട്ടെ” എന്നു പറഞ്ഞു. തൽക്ഷണം ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി. ഇതു കണ്ട് ശിഷ്യന്മാർ ആശ്ചര്യപ്പെട്ടു. “ഇത്രവേഗം ഈ വൃക്ഷം ഉണങ്ങിയത് എങ്ങനെ?” എന്ന് അവർ ചോദിച്ചു. യേശു അതിനു മറുപടിയായി പറഞ്ഞു: “ഇതു നിങ്ങൾ ഓർമിച്ചുകൊള്ളണം; നിങ്ങൾ അശേഷം സംശയിക്കാതെ വിശ്വാസമുള്ളവരായിരുന്നാൽ ഞാൻ ഈ അത്തിമരത്തോടു ചെയ്തതു മാത്രമല്ല, നിങ്ങൾക്കു ചെയ്യുവാൻ കഴിയുന്നത്; ഈ മലയോട് ഇളകി കടലിൽവീഴുക എന്നു നിങ്ങൾ പറഞ്ഞാൽ അതും സംഭവിക്കും. നിങ്ങൾ വിശ്വസിക്കുന്നപക്ഷം പ്രാർഥനയിൽ നിങ്ങൾ എന്തപേക്ഷിച്ചാലും അതു ലഭിക്കും.” അവിടുന്നു ദേവാലയത്തിൽ ചെന്നു പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ മുഖ്യപുരോഹിതന്മാരും യെഹൂദപ്രമാണികളും വന്ന് “എന്ത് അധികാരം കൊണ്ടാണ് താങ്കൾ ഇതൊക്കെ ചെയ്യുന്നത്? ആരാണീ അധികാരം തന്നത്?” എന്നു ചോദിച്ചു. അതിനു മറുപടിയായി യേശു പറഞ്ഞു: “ആകട്ടെ, ഞാനും നിങ്ങളോട് ഒരു കാര്യം ചോദിക്കാം; അതിനു നിങ്ങൾ മറുപടി പറയുന്നപക്ഷം എന്തധികാരംകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നു ഞാൻ പറയാം. സ്നാപനം നടത്തുവാനുള്ള അധികാരം യോഹന്നാന് എവിടെനിന്നാണു ലഭിച്ചത്? ദൈവത്തിൽനിന്നോ? മനുഷ്യരിൽനിന്നോ? അപ്പോൾ അവർ അന്യോന്യം ആലോചിച്ചു: “നാം എന്തു സമാധാനം പറയും? ദൈവത്തിൽനിന്ന് എന്നു പറഞ്ഞാൽ പിന്നെ നിങ്ങൾ എന്തുകൊണ്ടു വിശ്വസിച്ചില്ല എന്നു യേശു ചോദിക്കും; മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാലോ? നാം പൊതുജനങ്ങളെ ഭയപ്പെടുന്നു; എന്തെന്നാൽ എല്ലാവരും അദ്ദേഹത്തെ ഒരു പ്രവാചകനായിട്ടാണു കരുതുന്നത്.” അതുകൊണ്ട് “ഞങ്ങൾക്കറിഞ്ഞുകൂടാ” എന്ന് അവർ യേശുവിനോടു പറഞ്ഞു. “എങ്കിൽ എന്തധികാരം കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നു ഞാനും പറയുന്നില്ല” എന്നു യേശു പറഞ്ഞു.
മത്തായി 21:1-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അനന്തരം യേശുവും ശിഷ്യന്മാരും യെരൂശലേമിനു സമീപം ഒലിവുമലയരികെ ബേത്ത്ഫാഗയിൽ എത്തിയപ്പോൾ, യേശു രണ്ടു ശിഷ്യന്മാരെ അയച്ചു: നിങ്ങൾക്ക് അടുത്തുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; ഉടനെ അവിടെ കെട്ടിയിരിക്കുന്ന ഒരു പെൺകഴുതയെയും അതിന്റെ കുട്ടിയെയും നിങ്ങൾ കാണും; അവയെ അഴിച്ച് എന്റെ അടുത്തു കൊണ്ടുവരുവിൻ. നിങ്ങളോടു ആരെങ്കിലും അതിനെക്കുറിച്ച് എന്തെങ്കിലും ചോദിച്ചാൽ കർത്താവിന് ഇവയെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിൻ; തൽക്ഷണം അവൻ അവയെ നിങ്ങളുടെ കൂടെ അയയ്ക്കും എന്നു പറഞ്ഞു. “സീയോൻ പുത്രിയോട്: ഇതാ, നിന്റെ രാജാവ് സൌമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിൻ്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കൽ വരുന്നു എന്നു പറവിൻ” എന്നിങ്ങനെ പ്രവാചകൻമുഖാന്തരം അരുളിച്ചെയ്തതിന് നിവൃത്തിവരുവാൻ ഇതു സംഭവിച്ചു. ശിഷ്യന്മാർ പുറപ്പെട്ടു യേശു നിർദ്ദേശിച്ചതുപോലെ ചെയ്തു, കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെമേൽ ഇട്ടു; യേശു കയറി ഇരുന്നു. പുരുഷാരത്തിൽ പലരും തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു: മറ്റുള്ളവർ വൃക്ഷങ്ങളിൽ നിന്നു കൊമ്പുകൾ വെട്ടി വഴിയിൽ വിതറി. മുമ്പിലും പിമ്പിലും നടന്നിരുന്ന പുരുഷാരം: “ദാവീദ് പുത്രന് ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ“ എന്നു ആർത്തുകൊണ്ടിരുന്നു. അവൻ യെരൂശലേമിൽ പ്രവേശിച്ചപ്പോൾ നഗരം മുഴുവനും ഇളകി: “ഇവൻ ആർ?“ എന്നു പറഞ്ഞു. ഇവൻ ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശു എന്നു പുരുഷാരം പറഞ്ഞു. പിന്നീട് യേശു ദൈവലായത്തിൽ പ്രവേശിച്ച്, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും എല്ലാം പുറത്താക്കി, നാണയവിനിമയക്കാരുടെ മേശകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചുകളഞ്ഞു അവൻ അവരോട്: എന്റെ ആലയം പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർക്കുന്നു എന്നു പറഞ്ഞു. കുരുടന്മാരും മുടന്തന്മാരും ദൈവാലയത്തിൽ അവന്റെ അടുക്കൽ വന്നു; അവൻ അവരെ സൗഖ്യമാക്കി. എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവൻ ചെയ്ത അത്ഭുതങ്ങളെയും ദാവീദ് പുത്രന് ഹോശന്നാ എന്നു ദൈവാലയത്തിൽ ആർക്കുന്ന ബാലന്മാരെയും കണ്ടതിനാൽ അമർഷം തോന്നി; “ഇവർ പറയുന്നത് കേൾക്കുന്നുവോ?“ എന്നു അവനോട് ചോദിച്ചു. യേശു അവരോട് “ഉവ്വ്! ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളത് നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു. പിന്നെ അവരെ വിട്ടു നഗരത്തിൽ നിന്ന് പുറപ്പെട്ടു ബേഥാന്യയിൽ ചെന്നു അവിടെ രാത്രിപാർത്തു. രാവിലെ നഗരത്തിലേയ്ക്ക് മടങ്ങിപ്പോകുന്ന സമയം അവനു വിശന്നു. വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു; അടുക്കൽ ചെന്നു, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്നു അതിനോട് പറഞ്ഞു; ക്ഷണത്തിൽ ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി. ശിഷ്യന്മാർ അത് കണ്ടപ്പോൾ: “അത്തി ഇത്ര ക്ഷണത്തിൽ ഉണങ്ങിപ്പോയത് എങ്ങനെ?“ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു. അതിന് യേശു: നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോട് ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോട്: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. നിങ്ങൾ വിശ്വസിച്ചുകൊണ്ട് പ്രാർത്ഥനയിൽ എന്ത് യാചിച്ചാലും നിങ്ങൾക്ക് ലഭിക്കും എന്നു ഉത്തരം പറഞ്ഞു. അവൻ ദൈവാലയത്തിൽ ചെന്നു ഉപദേശിക്കുമ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു: “നീ എന്ത് അധികാരംകൊണ്ട് ഇവ ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആർ?“ എന്നു ചോദിച്ചു. യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാനും നിങ്ങളോടു ഒരു ചോദ്യം ചോദിക്കും; അത് നിങ്ങൾ എന്നോട് പറഞ്ഞാൽ എന്ത് അധികാരംകൊണ്ട് ഞാൻ ഇതു ചെയ്യുന്നു എന്നുള്ളത് ഞാനും നിങ്ങളോടു പറയും. യോഹന്നാന്റെ സ്നാനം എവിടെ നിന്ന്? സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ? അവർ തമ്മിൽ ആലോചിച്ചു: “സ്വർഗ്ഗത്തിൽനിന്ന് എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്നു അവൻ നമ്മോടു ചോദിക്കും; മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകൻ എന്നല്ലോ കാണുന്നത് എന്നു പറഞ്ഞു. എന്നിട്ട് അവർ യേശുവിനോടു: ഞങ്ങൾക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു.“ അവനും അവരോട് പറഞ്ഞത്: എന്നാൽ ഞാൻ ഇതു എന്ത് അധികാരംകൊണ്ട് ചെയ്യുന്നു എന്നുള്ളത് ഞാനും നിങ്ങളോടു പറയുന്നില്ല.
മത്തായി 21:1-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം അവർ യെരൂശലേമിനോടു സമീപിച്ചു ഒലിവുമലയരികെ ബേത്ത്ഫഗയിൽ എത്തിയപ്പോൾ, യേശു രണ്ടു ശിഷ്യന്മാരെ അയച്ചു: നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അവിടെ കെട്ടിയിരിക്കുന്ന ഒരു പെൺകഴുതയെയും അതിന്റെ കുട്ടിയെയും നിങ്ങൾ ഉടനെ കാണും; അവയെ അഴിച്ചു കൊണ്ടുവരുവിൻ. നിങ്ങളോടു ആരാനും വല്ലതും പറഞ്ഞാൽ: കർത്താവിന്നു ഇവയെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ; തൽക്ഷണം അവൻ അവയെ അയക്കും എന്നു പറഞ്ഞു. “സീയോൻ പുത്രിയോടു: ഇതാ, നിന്റെ രാജാവു സൗമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കൽ വരുന്നു എന്നു പറവിൻ” എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം അരുളിചെയ്തതിന്നു നിവൃത്തിവരുവാൻ ഇതു സംഭവിച്ചു. ശിഷ്യന്മാർ പുറപ്പെട്ടു യേശു കല്പിച്ചതുപോലെ ചെയ്തു, കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെ മേൽ ഇട്ടു; അവൻ കയറി ഇരുന്നു. പുരുഷാരം മിക്കതും തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു: മറ്റു ചിലർ വൃക്ഷങ്ങളിൽ നിന്നു കൊമ്പു വെട്ടി വഴിയിൽ വിതറി. മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്രന്നു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു. അവൻ യെരൂശലേമിൽ കടന്നപ്പോൾ നഗരം മുഴുവനും ഇളകി: ഇവൻ ആർ എന്നു പറഞ്ഞു. ഇവൻ ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശു എന്നു പുരുഷാരം പറഞ്ഞു. യേശു ദൈവലായത്തിൽ ചെന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും കൊള്ളുന്നവരെയും എല്ലാം പുറത്താക്കി, പൊൻവാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചു കളഞ്ഞു അവരോടു: എന്റെ ആലയം പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർക്കുന്നു എന്നു പറഞ്ഞു. കുരുടന്മാരും മുടന്തന്മാരും ദൈവാലയത്തിൽ അവന്റെ അടുക്കൽ വന്നു; അവൻ അവരെ സൗഖ്യമാക്കി. എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവൻ ചെയ്ത അത്ഭുതങ്ങളെയും ദാവീദ് പുത്രന്നു ഹോശന്നാ എന്നു ദൈവാലയത്തിൽ ആർക്കുന്ന ബാലന്മാരെയും കണ്ടിട്ടു നീരസപ്പെട്ടു; ഇവർ പറയുന്നതു കേൾക്കുന്നുവോ എന്നു അവനോടു ചോദിച്ചു. യേശു അവരോടു: ഉവ്വു; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽ നിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു. പിന്നെ അവരെ വിട്ടു നഗരത്തിൽ നിന്നു പുറപ്പെട്ടു ബെഥാന്യയിൽ ചെന്നു അവിടെ രാത്രി പാർത്തു. രാവിലെ അവൻ നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു, അടുക്കെ ചെന്നു, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്നു അതിനോടു പറഞ്ഞു; ക്ഷണത്തിൽ അത്തി ഉണങ്ങിപ്പോയി. ശിഷ്യന്മാർ അതു കണ്ടാറെ: അത്തി ഇത്ര ക്ഷണത്തിൽ ഉണങ്ങിപ്പോയതു എങ്ങനെ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു. അതിന്നു യേശു: നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടു: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. നിങ്ങൾ വിശ്വസിച്ചുകൊണ്ടു പ്രാർത്ഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും എന്നു ഉത്തരം പറഞ്ഞു. അവൻ ദൈവാലയത്തിൽ ചെന്നു ഉപദേശിക്കുമ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു: നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആർ എന്നു ചോദിച്ചു. യേശു അവരോടു ഉത്തരം പറഞ്ഞതു: ഞാനും നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതു നിങ്ങൾ എന്നോടു പറഞ്ഞാൽ എന്തു അധികാരംകൊണ്ടു ഞാൻ ഇതു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയും. യോഹന്നാന്റെ സ്നാനം എവിടെ നിന്നു? സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽ നിന്നോ? അവർ തമ്മിൽ ആലോചിച്ചു: സ്വർഗ്ഗത്തിൽ നിന്നു എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവൻ നമ്മോടു ചോദിക്കും; മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകൻ എന്നല്ലോ എണ്ണുന്നതു എന്നു പറഞ്ഞു. അങ്ങനെ അവർ യേശുവിനോടു: ഞങ്ങൾക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു. അവൻ അവരോടു പറഞ്ഞതു: എന്നാൽ ഞാൻ ഇതു എന്തു അധികാരംകൊണ്ടു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല.
മത്തായി 21:1-27 സമകാലിക മലയാളവിവർത്തനം (MCV)
അവർ ജെറുശലേമിനു സമീപം ഒലിവുമലയുടെ അരികെയുള്ള ബേത്ത്ഫാഗെ എന്ന ഗ്രാമത്തിൽ എത്തിയപ്പോൾ യേശു ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച് ഇങ്ങനെ പറഞ്ഞയച്ചു: “നിങ്ങൾക്കു നേരേമുന്നിലുള്ള ഗ്രാമത്തിലേക്ക് ചെല്ലുക; അവിടെ പ്രവേശിക്കുമ്പോൾ, ഒരു കഴുതയെയും അതിനടുത്ത് അതിന്റെ കുട്ടിയെയും കെട്ടിയിരിക്കുന്നതു നിങ്ങൾ കാണും. അവയെ അഴിച്ച് എന്റെ അടുക്കൽ കൊണ്ടുവരിക. ഇതെക്കുറിച്ച് നിങ്ങളോട് ആരെങ്കിലും ചോദിച്ചാൽ, കർത്താവിന് ഇവ ആവശ്യമുണ്ട് എന്ന് അയാളോട് പറയൂ. അപ്പോൾത്തന്നെ അവയെ കൊണ്ടുപോകാൻ അയാൾ അനുവദിക്കും.” “സീയോൻപുത്രിയോട് പറയുക, ‘ഇതാ, നിന്റെ രാജാവ് നിന്റെ അടുത്തേക്കു വരുന്നു, അവിടന്ന് വിനയാന്വിതനായി കഴുതമേലേറി, അതേ, കഴുതക്കുട്ടിമേൽത്തന്നെ കയറി നിന്റെ ചാരത്തേക്കണയുന്നു,’ ” എന്നിങ്ങനെ കർത്താവ് പ്രവാചകനിലൂടെ അരുളിച്ചെയ്തത് നിറവേറുന്നതിനാണ് ഇതു സംഭവിച്ചത്. ശിഷ്യന്മാർ ചെന്ന്, യേശു തങ്ങളോടു കൽപ്പിച്ചതുപോലെതന്നെ ചെയ്തു. അവർ യേശുവിന് ഇരിക്കാനായി കഴുതയെയും അതിന്റെ കുട്ടിയെയും കൊണ്ടുവന്നു; തങ്ങളുടെ പുറങ്കുപ്പായങ്ങൾ അവയുടെമേൽ ഇട്ടു. ഒരു വലിയ ജനക്കൂട്ടം തങ്ങളുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിക്കുകയും ചിലർ മരങ്ങളുടെ ചില്ലകൾ വെട്ടിക്കൊണ്ടുവന്നു വഴിയിൽ നിരത്തുകയും ചെയ്തു. യേശുവിന് മുന്നിലും പിന്നിലുമായി നടന്നിരുന്ന ജനസമൂഹം, “ദാവീദുപുത്രന് ഹോശന്നാ!” “കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ!” “സ്വർഗോന്നതങ്ങളിൽ ഹോശന്നാ!” എന്ന് ആർത്തുവിളിച്ചു. യേശു ജെറുശലേമിൽ പ്രവേശിച്ചപ്പോൾ നഗരമാകെ ആർത്തിരമ്പി. “ആരാണ് ഇദ്ദേഹം?” ജനം ചോദിച്ചു. കൂട്ടത്തിൽ ചിലർ, “ഗലീലയിലെ നസറെത്തിൽനിന്നുള്ള യേശു എന്ന പ്രവാചകൻ ആകുന്നു ഇത്” എന്ന് ഉത്തരം പറഞ്ഞു. യേശു ദൈവാലയാങ്കണത്തിൽ ചെന്ന്, അവിടെ വാങ്ങുകയും വിൽക്കുകയും ചെയ്തുകൊണ്ടിരുന്ന സകലരെയും പുറത്താക്കി. നാണയവിനിമയം ചെയ്തുകൊണ്ടിരുന്നവരുടെ മേശകളും പ്രാവുകളെ വിൽക്കുന്നവരുടെ ഇരിപ്പിടങ്ങളും അദ്ദേഹം മറിച്ചിട്ടു. യേശു അവരോട്, “ ‘എന്റെ ആലയം പ്രാർഥനാലയം എന്നു വിളിക്കപ്പെടും,’ എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു; നിങ്ങളോ അതിനെ ‘കൊള്ളക്കാരുടെ ഗുഹ’ ആക്കിത്തീർക്കുന്നു” എന്നു പറഞ്ഞു. അന്ധരും മുടന്തരും ദൈവാലയത്തിൽ യേശുവിന്റെ അടുക്കൽവന്നു; അവിടന്ന് അവരെ സൗഖ്യമാക്കി. എന്നാൽ, യേശു ചെയ്ത അത്ഭുതങ്ങളും “ദാവീദുപുത്രന് ഹോശന്നാ” എന്നു ദൈവാലയാങ്കണത്തിൽ കുട്ടികൾ ആർത്തുവിളിക്കുന്നതും കണ്ടപ്പോൾ പുരോഹിതമുഖ്യന്മാരും വേദജ്ഞരും കോപാകുലരായി. “എന്താണ്, ഈ കുട്ടികൾ ആർത്തുവിളിക്കുന്നത് താങ്കൾ കേൾക്കുന്നില്ലേ?” എന്ന് അവർ അദ്ദേഹത്തോട് ചോദിച്ചു. “ഉണ്ട്, കേൾക്കുന്നുണ്ട്” യേശു ഉത്തരം പറഞ്ഞു. തുടർന്ന് യേശു, “ ‘ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങളിൽനിന്ന് അവിടന്ന് സ്തുതി ഉയരുമാറാക്കിയിരിക്കുന്നു,’ എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ?” എന്നു ചോദിച്ചു. അതിനുശേഷം യേശു അവരെ വിട്ട് നഗരത്തിനു പുറത്തുള്ള ബെഥാന്യയിലേക്കു പോയി; രാത്രിയിൽ അവിടെ താമസിച്ചു. പ്രഭാതത്തിൽ യേശു നഗരത്തിലേക്ക് മടങ്ങുമ്പോൾ അദ്ദേഹത്തിന് വിശന്നു. വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടിട്ട് അദ്ദേഹം അതിന്റെ അടുത്തുചെന്നു. എന്നാൽ, അതിൽ ഇലയല്ലാതെ ഒന്നും കണ്ടില്ല. അപ്പോൾ യേശു അതിനോട്, “ഇനി ഒരിക്കലും നിന്നിൽ ഫലം കായ്ക്കാതിരിക്കട്ടെ” എന്നു പറഞ്ഞു. തൽക്ഷണം ആ മരം ഉണങ്ങിപ്പോയി. ഇതുകണ്ട് ശിഷ്യന്മാർ വിസ്മയത്തോടെ, “അത്തിവൃക്ഷം ഇത്ര പെട്ടെന്ന് ഉണങ്ങിപ്പോയത് എങ്ങനെ?” എന്നു ചോദിച്ചു. അതിനുത്തരമായി യേശു അവരോട്, “ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ സംശയിക്കാതെ വിശ്വസിക്കുന്നപക്ഷം ഈ അത്തിവൃക്ഷത്തോടു ഞാൻ ചെയ്തതു നിങ്ങൾ ചെയ്യുമെന്നുമാത്രമല്ല, ഈ മലയോട്, ‘പോയി കടലിൽ വീഴുക’ എന്നു പറഞ്ഞാൽ അതും സംഭവിക്കും, നിശ്ചയം. വിശ്വാസത്തോടുകൂടി നിങ്ങൾ പ്രാർഥനയിൽ എന്തു യാചിച്ചാലും അതു നിങ്ങൾക്കു ലഭിക്കും.” യേശു ദൈവാലയാങ്കണത്തിൽ പ്രവേശിച്ച്, ജനത്തെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോൾ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “എന്ത് അധികാരത്താലാണ് താങ്കൾ ഈ കാര്യങ്ങൾ ചെയ്യുന്നത്? ആരാണ് താങ്കൾക്ക് ഈ അധികാരം തന്നത്?” എന്നു ചോദിച്ചു. അതിന് യേശു, “ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കും; നിങ്ങളതിന് ഉത്തരം നൽകിയാൽ, എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയാം. സ്നാനം നൽകാനുള്ള അധികാരം യോഹന്നാന് ലഭിച്ചത് എവിടെനിന്ന്? ‘സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?’ ” അവർ അതിനെപ്പറ്റി പരസ്പരം ചർച്ചചെയ്തു: “ ‘സ്വർഗത്തിൽനിന്ന്’ എന്നു നാം പറഞ്ഞാൽ, പിന്നെ നിങ്ങൾ യോഹന്നാനിൽ വിശ്വസിക്കാതിരുന്നത് എന്തുകൊണ്ട് എന്ന് അദ്ദേഹം നമ്മോടു ചോദിക്കും. ‘മനുഷ്യരിൽനിന്ന്’ എന്നു പറഞ്ഞാലോ! നാം ജനത്തെ ഭയപ്പെടുന്നു; കാരണം അവരെല്ലാം യോഹന്നാനെ ഒരു പ്രവാചകനായിട്ടാണ് കരുതിയിരുന്നത്.” അവർ ഒടുവിൽ യേശുവിനോട്, “ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ യേശു, “എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല” എന്ന മറുപടിയും നൽകി.