MATHAIA 21:1-27

MATHAIA 21:1-27 MALCLBSI

യെരൂശലേമിനു സമീപം ഒലിവുമലയുടെ അരികിലുള്ള ബേത്ത്ഫാഗയിലെത്തിയപ്പോൾ യേശു ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച് ഇപ്രകാരം പറഞ്ഞയച്ചു: “നിങ്ങൾ മുമ്പിൽ കാണുന്ന ആ ഗ്രാമത്തിലേക്കു പോകുക. അവിടെ ചെല്ലുമ്പോൾ കെട്ടിയിരിക്കുന്ന ഒരു കഴുതയെയും അതിന്റെ കുട്ടിയെയും നിങ്ങൾ കാണും. അവയെ അഴിച്ചുകൊണ്ടുവരിക. നിങ്ങളോട് ആരെങ്കിലും വല്ലതും ചോദിച്ചാൽ ഗുരുവിന് ഇവയെ ആവശ്യമുണ്ടെന്നു പറഞ്ഞാൽ മതി. അവർ ഉടനെ അവയെ വിട്ടയയ്‍ക്കും,” ‘ഇതാ, നിന്റെ രാജാവു വിനീതനായി കഴുതപ്പുറത്തു കയറിവരുന്നു! കഴുതക്കുട്ടിയുടെ പുറത്ത് ഉപവിഷ്ടനായി നിന്റെ അടുക്കലേക്ക് എഴുന്നള്ളുന്നു’ എന്നു സീയോൻനഗരത്തോടു പറയുക എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം അരുൾചെയ്യപ്പെട്ടിട്ടുള്ളതു സംഭവിച്ചു. യേശു പറഞ്ഞതുപോലെ ശിഷ്യന്മാർ ചെയ്തു. അവർ കഴുതയെയും അതിന്റെ കുട്ടിയെയും കൊണ്ടുവന്നു. തങ്ങളുടെ വസ്ത്രം അവർ അവയുടെമേൽ വിരിച്ചു. യേശു കയറിയിരുന്നു; ജനാവലി അവരുടെ മേലങ്കികൾ വഴിയിൽ വിരിച്ചു. ചിലർ മരച്ചില്ലകൾ വെട്ടിവിതറി. മുമ്പിലും പിമ്പിലും നടന്ന ജനക്കൂട്ടം “ദാവീദിന്റെ പുത്രനു ഹോശന്നാ!” കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ! അത്യുന്നതങ്ങളിൽ ഹോശന്നാ!” എന്ന് ആർത്തുവിളിച്ചു. യെരൂശലേമിൽ പ്രവേശിച്ചപ്പോൾ നഗരം ആകമാനം ഇളകിവശായി. “ഇതാര്?” എന്ന് അവർ ചോദിച്ചു. “ഗലീലയിലെ നസറെത്തിൽ നിന്നു വന്ന പ്രവാചകനായ യേശു” എന്നു ജനങ്ങൾ മറുപടി പറഞ്ഞു. യേശു ദേവാലയത്തിൽ പ്രവേശിച്ച് അവിടെ ക്രയവിക്രയം ചെയ്തുകൊണ്ടിരുന്നവരെയെല്ലാം പുറത്തിറക്കി. നാണയം മാറുന്ന വ്യാപാരത്തിലേർപ്പെട്ടിരുന്നവരുടെ മേശകളും പ്രാക്കളെ വില്‌ക്കുന്നവരുടെ ഇരിപ്പിടങ്ങളും മറിച്ചിട്ടു. “എന്റെ ഭവനം പ്രാർഥനാലയം എന്നു വിളിക്കപ്പെടും’ എന്നു ദൈവം അരുൾചെയ്തതായി വേദഗ്രന്ഥത്തിൽ എഴുതപ്പെട്ടിരിക്കുന്നു; എന്നാൽ നിങ്ങൾ അതിനെ കൊള്ളക്കാരുടെ സങ്കേതമാക്കിത്തീർത്തിരിക്കുന്നു” എന്ന് അവിടുന്നു പറഞ്ഞു. അന്ധന്മാരും വികലാംഗരും ദേവാലയത്തിൽ അവിടുത്തെ അടുക്കൽ വന്നു. അവിടുന്ന് അവരെ സുഖപ്പെടുത്തി. അവിടുത്തെ അദ്ഭുതപ്രവൃത്തികളെയും “ദാവീദിന്റെ പുത്രനു ഹോശന്നാ” എന്ന് ആർത്തുവിളിക്കുന്ന കുട്ടികളെയും കണ്ടപ്പോൾ മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും കോപാക്രാന്തരായി. “ഇവർ പറയുന്നത് താങ്കൾ കേൾക്കുന്നില്ലേ?” എന്ന് അവർ യേശുവിനോടു ചോദിച്ചു. “തീർച്ചയായും ഞാൻ കേൾക്കുന്നു. ‘തികച്ചും കുറ്റമറ്റ സ്തുതിഘോഷം ശിശുക്കളുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും അധരങ്ങളിൽനിന്ന് അവിടുന്ന് ഉണർത്തുന്നു’ എന്ന വേദഭാഗം നിങ്ങൾ ഒരിക്കൽപോലും വായിച്ചിട്ടില്ലേ?” എന്ന് യേശു അവരോടു ചോദിച്ചു. അനന്തരം അവിടുന്ന് അവരെ വിട്ട് നഗരത്തിനു പുറത്തുള്ള ബേഥാന്യയിൽ പോയി രാത്രി കഴിച്ചുകൂട്ടി. പിറ്റേദിവസം അതിരാവിലെ നഗരത്തിലേക്കു മടങ്ങിപ്പോകുമ്പോൾ യേശുവിനു വിശന്നു. വഴിയരികിൽ ഒരത്തിവൃക്ഷം നില്‌ക്കുന്നതു കണ്ട് യേശു അതിന്റെ അടുത്തു ചെന്നു. അതിൽ ഇലപ്പടർപ്പല്ലാതെ ഒന്നും കണ്ടില്ല. യേശു അപ്പോൾ അതിനോട് “മേലിൽ ഒരിക്കലും നിന്നിൽ ഫലം കായ്‍ക്കാതിരിക്കട്ടെ” എന്നു പറഞ്ഞു. തൽക്ഷണം ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി. ഇതു കണ്ട് ശിഷ്യന്മാർ ആശ്ചര്യപ്പെട്ടു. “ഇത്രവേഗം ഈ വൃക്ഷം ഉണങ്ങിയത് എങ്ങനെ?” എന്ന് അവർ ചോദിച്ചു. യേശു അതിനു മറുപടിയായി പറഞ്ഞു: “ഇതു നിങ്ങൾ ഓർമിച്ചുകൊള്ളണം; നിങ്ങൾ അശേഷം സംശയിക്കാതെ വിശ്വാസമുള്ളവരായിരുന്നാൽ ഞാൻ ഈ അത്തിമരത്തോടു ചെയ്തതു മാത്രമല്ല, നിങ്ങൾക്കു ചെയ്യുവാൻ കഴിയുന്നത്; ഈ മലയോട് ഇളകി കടലിൽവീഴുക എന്നു നിങ്ങൾ പറഞ്ഞാൽ അതും സംഭവിക്കും. നിങ്ങൾ വിശ്വസിക്കുന്നപക്ഷം പ്രാർഥനയിൽ നിങ്ങൾ എന്തപേക്ഷിച്ചാലും അതു ലഭിക്കും.” അവിടുന്നു ദേവാലയത്തിൽ ചെന്നു പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ മുഖ്യപുരോഹിതന്മാരും യെഹൂദപ്രമാണികളും വന്ന് “എന്ത് അധികാരം കൊണ്ടാണ് താങ്കൾ ഇതൊക്കെ ചെയ്യുന്നത്? ആരാണീ അധികാരം തന്നത്?” എന്നു ചോദിച്ചു. അതിനു മറുപടിയായി യേശു പറഞ്ഞു: “ആകട്ടെ, ഞാനും നിങ്ങളോട് ഒരു കാര്യം ചോദിക്കാം; അതിനു നിങ്ങൾ മറുപടി പറയുന്നപക്ഷം എന്തധികാരംകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നു ഞാൻ പറയാം. സ്നാപനം നടത്തുവാനുള്ള അധികാരം യോഹന്നാന് എവിടെനിന്നാണു ലഭിച്ചത്? ദൈവത്തിൽനിന്നോ? മനുഷ്യരിൽനിന്നോ? അപ്പോൾ അവർ അന്യോന്യം ആലോചിച്ചു: “നാം എന്തു സമാധാനം പറയും? ദൈവത്തിൽനിന്ന് എന്നു പറഞ്ഞാൽ പിന്നെ നിങ്ങൾ എന്തുകൊണ്ടു വിശ്വസിച്ചില്ല എന്നു യേശു ചോദിക്കും; മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാലോ? നാം പൊതുജനങ്ങളെ ഭയപ്പെടുന്നു; എന്തെന്നാൽ എല്ലാവരും അദ്ദേഹത്തെ ഒരു പ്രവാചകനായിട്ടാണു കരുതുന്നത്.” അതുകൊണ്ട് “ഞങ്ങൾക്കറിഞ്ഞുകൂടാ” എന്ന് അവർ യേശുവിനോടു പറഞ്ഞു. “എങ്കിൽ എന്തധികാരം കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നു ഞാനും പറയുന്നില്ല” എന്നു യേശു പറഞ്ഞു.

MATHAIA 21 വായിക്കുക