മത്തായി 20:1-19

മത്തായി 20:1-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

സ്വർഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തിൽ വേലക്കാരെ വിളിച്ചാക്കേണ്ടതിനു പുലർച്ചയ്ക്കു പുറപ്പെട്ട വീട്ടുടയവനോടു സദൃശം. വേലക്കാരോട് അവൻ ദിവസത്തേക്ക് ഓരോ വെള്ളിക്കാശു പറഞ്ഞൊത്തിട്ട്, അവരെ മുന്തിരിത്തോട്ടത്തിൽ അയച്ചു. മൂന്നാം മണി നേരത്തും പുറപ്പെട്ടു, മറ്റു ചിലർ ചന്തയിൽ മിനക്കെട്ടു നില്ക്കുന്നതു കണ്ടു: നിങ്ങളും മുന്തിരിത്തോട്ടത്തിൽ പോകുവിൻ; ന്യായമായതു തരാം എന്ന് അവരോടു പറഞ്ഞു; അവർ പോയി. അവൻ ആറാം മണി നേരത്തും ഒമ്പതാം മണിനേരത്തും ചെന്ന് അങ്ങനെ തന്നെ ചെയ്തു. പതിനൊന്നാം മണി നേരത്തും ചെന്നു, മറ്റു ചിലർ നില്ക്കുന്നതു കണ്ടിട്ടു: നിങ്ങൾ ഇവിടെ പകൽ മുഴുവൻ മിനക്കെട്ടു നില്ക്കുന്നത് എന്ത് എന്നു ചോദിച്ചു. ഞങ്ങളെ ആരും കൂലിക്കു വിളിക്കായ്കകൊണ്ടത്രേ എന്ന് അവർ പറഞ്ഞപ്പോൾ: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിൻ എന്ന് അവരോടു പറഞ്ഞു. സന്ധ്യയായപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ തന്റെ വിചാരകനോട്: വേലക്കാരെ വിളിച്ചു, പിമ്പന്മാർതുടങ്ങി മുമ്പന്മാർവരെ അവർക്കു കൂലി കൊടുക്ക എന്നു പറഞ്ഞു. അങ്ങനെ പതിനൊന്നാം മണി നേരത്തു വന്നവർ ചെന്ന് ഓരോ വെള്ളിക്കാശു വാങ്ങി. മുമ്പന്മാർ വന്നപ്പോൾ തങ്ങൾക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവർക്കും ഓരോ വെള്ളിക്കാശു കിട്ടി. അതു വാങ്ങീട്ട് അവർ വീട്ടുടയവന്റെ നേരേ പിറുപിറുത്തു: ഈ പിമ്പന്മാർ ഒരുമണി നേരം മാത്രം വേല ചെയ്തിട്ടും നീ അവരെ പകലത്തെ ഭാരവും വെയിലും സഹിച്ച ഞങ്ങളോടു സമമാക്കിയല്ലോ എന്നു പറഞ്ഞു. അവരിൽ ഒരുത്തനോട് അവൻ ഉത്തരം പറഞ്ഞത്: സ്നേഹിതാ, ഞാൻ നിന്നോടു അന്യായം ചെയ്യുന്നില്ല; നീ എന്നോട് ഒരു പണം പറഞ്ഞൊത്തില്ലയോ? നിൻറേതു വാങ്ങി പൊയ്ക്കൊൾക; നിനക്കു തന്നതുപോലെ ഈ പിമ്പനും കൊടുപ്പാൻ എനിക്കു മനസ്സ്. എനിക്കുള്ളതിനെക്കൊണ്ടു മനസ്സുപോലെ ചെയ്‍വാൻ എനിക്കു ന്യായമില്ലയോ? ഞാൻ നല്ലവൻ ആകകൊണ്ടു നിന്റെ കണ്ണ് കടിക്കുന്നുവോ? ഇങ്ങനെ പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരും ആകും. യേശു യെരൂശലേമിലേക്കു യാത്ര ചെയ്യുമ്പോൾ പന്ത്രണ്ട് ശിഷ്യന്മാരെയും വേറിട്ടു കൂട്ടിക്കൊണ്ടു വഴിയിൽ വച്ച് അവരോടു പറഞ്ഞത്: നാം യെരൂശലേമിലേക്കു പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും ഏല്പിക്കപ്പെടും; അവർ അവനു മരണശിക്ഷ കല്പിച്ചു., പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികൾക്ക് ഏല്പിക്കും; എന്നാൽ മൂന്നാംനാൾ അവൻ ഉയിർത്തെഴുന്നേല്ക്കും.

മത്തായി 20:1-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

തന്റെ മുന്തിരിത്തോട്ടത്തിൽ പണിയെടുക്കുന്നതിനു വേലക്കാരെ വിളിക്കാൻ അതിരാവിലെ പുറപ്പെട്ട തോട്ടമുടമസ്ഥനോടു തുല്യമത്രേ സ്വർഗരാജ്യം. ഒരാൾക്ക് ഒരു ദിവസം പണി ചെയ്യുന്നതിനു പതിവുപോലെ ഒരു ദിനാർ കൂലി സമ്മതിച്ച് തന്റെ തോട്ടത്തിലേക്ക് അയാൾ അവരെ പറഞ്ഞയച്ചു. ഒൻപതു മണിക്ക് അയാൾ പുറത്തേക്കു പോയപ്പോൾ ചന്തസ്ഥലത്തു മിനക്കെട്ടു നില്‌ക്കുന്ന ഏതാനും പേരെ കണ്ടു. ‘നിങ്ങളും പോയി എന്റെ മുന്തിരിത്തോട്ടത്തിൽ പണിചെയ്യുക; ന്യായമായ കൂലി ഞാൻ തരാം’ എന്ന് അയാൾ പറഞ്ഞു. അങ്ങനെ അവർ പോയി. തോട്ടത്തിന്റെ ഉടമസ്ഥൻ വീണ്ടും പന്ത്രണ്ടു മണിക്കും മൂന്നു മണിക്കും പോയി പണിക്കാരെ വിളിച്ചുവിട്ടു. അഞ്ചു മണിയോടുകൂടി അയാൾ ചന്തസ്ഥലത്തു ചെന്നപ്പോൾ വേറെ ചിലർ അവിടെ നില്‌ക്കുന്നതു കണ്ടിട്ട് ‘നിങ്ങൾ എന്തുകൊണ്ടാണ് ഇന്നു മുഴുവൻ മിനക്കെട്ടത്?’ എന്നു ചോദിച്ചു. ‘ആരും ഞങ്ങളെ പണിക്കു വിളിച്ചില്ല’ എന്ന് അവർ മറുപടി പറഞ്ഞു. ശരി, നിങ്ങളും പോയി എന്റെ മുന്തിരിത്തോട്ടത്തിൽ പണിചെയ്യുക’ എന്നു തോട്ടത്തിന്റെ ഉടമസ്ഥൻ പറഞ്ഞു. “സന്ധ്യ ആയപ്പോൾ ഉടമസ്ഥൻ കാര്യസ്ഥനെ വിളിച്ച് ‘അവസാനം വന്നവർതൊട്ട് ആദ്യം വന്നവർവരെ എല്ലാവരെയും വിളിച്ചു കൂലികൊടുക്കുക’ എന്നു പറഞ്ഞു. അഞ്ചു മണിക്കു പണിയാൻ വന്ന ഓരോരുത്തർക്കും ഓരോ ദിനാർ കൂലികൊടുത്തു. ആദ്യം പണിക്കു വന്നവർ കൂലി വാങ്ങാൻ ചെന്നപ്പോൾ തങ്ങൾക്കു കൂടുതൽ കിട്ടുമെന്ന് ഓർത്തു. എന്നാൽ അവർക്കും ഓരോ ദിനാർമാത്രമാണു കൊടുത്തത്. അവർ അതു വാങ്ങിക്കൊണ്ട് തോട്ടത്തിന്റെ ഉടമസ്ഥനോടു പിറുപിറുത്തു. ‘ഒടുവിൽവന്നവർ ഒരു മണിക്കൂർ മാത്രമേ വേല ചെയ്തുള്ളൂ; ഞങ്ങളാകട്ടെ പകൽ മുഴുവൻ പൊരിയുന്ന വെയിൽകൊണ്ട് അധ്വാനിച്ചു. എന്നിട്ടും അങ്ങ് ഞങ്ങൾക്കു തന്ന കൂലി തന്നെ അവർക്കും നല്‌കി’ എന്ന് അവർ പറഞ്ഞു. “അവരിൽ ഒരാളോട് ഉടമസ്ഥൻ ഇങ്ങനെ മറുപടി പറഞ്ഞു: ‘സ്നേഹിതാ, ഞാൻ നിന്നെ വഞ്ചിച്ചില്ല; ഒരു ദിവസത്തേക്ക് ഒരു ദിനാർ അല്ലേ നിങ്ങൾ സമ്മതിച്ച കൂലി? നിന്റെ കൂലി വാങ്ങിക്കൊണ്ടു പൊയ്‍ക്കൊള്ളുക; നിനക്കു തന്നിടത്തോളംതന്നെ അവസാനം വന്ന ഇവനും നല്‌കണമെന്നതാണ് എന്റെ ഇഷ്ടം. എന്റെ പണം എന്റെ ഇഷ്ടംപോലെ വിനിയോഗിക്കുവാനുള്ള അവകാശം എനിക്കില്ലേ? ഞാൻ ദയാലുവായിരിക്കുന്നതിൽ നീ അമർഷം കൊള്ളുന്നത് എന്തിന്!” ഇങ്ങനെ ഒടുവിലായിരുന്നവർ ഒന്നാമതാകുമെന്നും ഒന്നാമതായിരുന്നവർ ഒടുവിലാകുമെന്നും യേശു കൂട്ടിച്ചേർത്തു. യെരൂശലേമിലേക്കുള്ള യാത്രയിൽ യേശു പന്ത്രണ്ടു ശിഷ്യന്മാരെ മാറ്റി നിറുത്തി അവരോടു രഹസ്യമായി ഇങ്ങനെ പറഞ്ഞു: “നാം യെരൂശലേമിലേക്കു പോകുകയാണല്ലോ. അവിടെവച്ച് മനുഷ്യപുത്രൻ പുരോഹിതമുഖ്യന്മാരുടെയും മതപണ്ഡിതന്മാരുടെയും കൈയിൽ ഏല്പിക്കപ്പെടും; അവർ മനുഷ്യപുത്രനെ വധശിക്ഷയ്‍ക്കു വിധിക്കും; പിന്നീട് വിജാതീയരെ ഏല്പിക്കും. അവർ അയാളെ അവഹേളിക്കുകയും ചാട്ടവാറുകൊണ്ടു പ്രഹരിക്കുകയും കുരിശിൽ തറയ്‍ക്കുകയും ചെയ്യും; മൂന്നാം ദിവസം മനുഷ്യപുത്രൻ ഉയിർത്തെഴുന്നേല്‌ക്കും.”

മത്തായി 20:1-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

സ്വർഗ്ഗരാജ്യം തന്‍റെ മുന്തിരിത്തോട്ടത്തിൽ വേലക്കാരെ വിളിച്ചാക്കേണ്ടതിന് അതിരാവിലെ പുറപ്പെട്ട ഭൂവുടമയോട് സദൃശം. വേലക്കാരോട് അവൻ ദിവസത്തേക്ക് ഓരോ വെള്ളിക്കാശ് പറഞ്ഞൊത്തിട്ട്, അവരെ മുന്തിരിത്തോട്ടത്തിൽ അയച്ചു. അവൻ മൂന്നാംമണി നേരത്തും പുറപ്പെട്ടു, മറ്റുചിലർ ചന്തയിൽ മിനക്കെട്ടു നില്ക്കുന്നതു കണ്ടു: നിങ്ങളും മുന്തിരിത്തോട്ടത്തിൽ പോകുവിൻ; ന്യായമായത് തരാം എന്നു അവരോട് പറഞ്ഞു; അങ്ങനെ അവർ ജോലിയ്ക്കുപോയി. അവൻ ആറാം മണി നേരത്തും ഒമ്പതാംമണി നേരത്തും ചെന്നു അങ്ങനെ തന്നെ ചെയ്തു. പതിനൊന്നാം മണി നേരത്തും ചെന്നു, മറ്റുചിലർ നില്ക്കുന്നതു കണ്ടിട്ട്; നിങ്ങൾ ഇവിടെ പകൽ മുഴുവൻ മിനക്കെട്ടു നില്ക്കുന്നതു എന്ത് എന്നു ചോദിച്ചു. ഞങ്ങളെ ആരും കൂലിക്ക് വിളിക്കായ്കകൊണ്ടത്രേ എന്നു അവർ പറഞ്ഞപ്പോൾ: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിൻ എന്നു അവരോട് പറഞ്ഞു. സന്ധ്യയായപ്പോൾ മുന്തിരിത്തോട്ടത്തിന്‍റെ ഉടയവൻ തന്‍റെ കാര്യസ്ഥനോട്: വേലക്കാരെ വിളിച്ച്, പിമ്പന്മാർ തുടങ്ങി മുമ്പന്മാർ വരെ അവർക്ക് കൂലി കൊടുക്ക എന്നു പറഞ്ഞു. അങ്ങനെ പതിനൊന്നാം മണിനേരത്ത് വന്നവർ ചെന്നു ഓരോ വെള്ളിക്കാശ് വാങ്ങി. മുമ്പന്മാർ വന്നപ്പോൾ തങ്ങൾക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവർക്കും ഓരോ വെള്ളിക്കാശ് കിട്ടി. അത് വാങ്ങിയിട്ട് അവർ ഭൂവുടമയുടെ നേരെ പരാതിപ്പെട്ടു. ഈ പിമ്പന്മാർ ഒരു മണിനേരം മാത്രം വേല ചെയ്തിട്ടും നീ അവരെ പകലത്തെ ഭാരവും ചുട്ടു പൊള്ളുന്ന ചൂടും സഹിച്ച ഞങ്ങളോടു സമമാക്കിയല്ലോ എന്നു പറഞ്ഞു. എന്നാൽ ഭൂവുടമ അവരിൽ ഒരുവനോട് ഉത്തരം പറഞ്ഞത്: സ്നേഹിതാ, ഞാൻ നിന്നോട് അന്യായം ചെയ്യുന്നില്ല; നീ എന്നോട് ഒരു വെള്ളിക്കാശ് പറഞ്ഞു സമ്മതിച്ചില്ലയോ? നിൻ്റെത് വാങ്ങി പൊയ്ക്കൊൾക; നിനക്കു തന്നതുപോലെ ഈ ഒടുവിൽ വന്നവനും കൊടുക്കുക എന്നത് എന്‍റെ ഇഷ്ടമാണ്. എനിക്കുള്ളതിനെക്കൊണ്ട് മനസ്സുപോലെ ചെയ്‌വാൻ എനിക്ക് ന്യായമില്ലയോ? ഞാൻ നല്ലവൻ ആകകൊണ്ട് നിന്‍റെ കണ്ണ് കടിക്കുന്നുവോ? ഇങ്ങനെ പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരും ആകും. യേശു യെരൂശലേമിലേക്ക് യാത്ര ചെയ്യുമ്പോൾ പന്ത്രണ്ടു ശിഷ്യന്മാരെയും വേറിട്ടു കൂട്ടിക്കൊണ്ട് വഴിയിൽവെച്ചു അവരോട് പറഞ്ഞത്: കാണ്മീൻ, നാം യെരൂശലേമിലേക്ക് പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും ഏല്പിക്കപ്പെടും; അവർ അവനു മരണശിക്ഷ കല്പിച്ച്, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജനതകൾക്ക് ഏല്പിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്ക്കും.

മത്തായി 20:1-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

സ്വർഗ്ഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തിൽ വേലക്കാരെ വിളിച്ചാക്കേണ്ടതിന്നു പുലർച്ചെക്കു പുറപ്പെട്ട വീട്ടുടയവനോടു സദൃശം. വേലക്കാരോടു അവൻ ദിവസത്തേക്കു ഓരോ വെള്ളിക്കാശു പറഞ്ഞൊത്തിട്ടു, അവരെ മുന്തിരിത്തോട്ടത്തിൽ അയച്ചു. മൂന്നാം മണിനേരത്തും പുറപ്പെട്ടു, മറ്റു ചിലർ ചന്തയിൽ മിനക്കെട്ടു നില്ക്കുന്നതു കണ്ടു: നിങ്ങളും മുന്തിരിത്തോട്ടത്തിൽ പോകുവിൻ; ന്യായമായതു തരാം എന്നു അവരോടു പറഞ്ഞു; അവർ പോയി. അവൻ ആറാം മണിനേരത്തും ഒമ്പതാം മണി നേരത്തും ചെന്നു അങ്ങനെ തന്നേ ചെയ്തു. പതിനൊന്നാം മണി നേരത്തും ചെന്നു, മറ്റു ചിലർ നില്ക്കുന്നതു കണ്ടിട്ടു; നിങ്ങൾ ഇവിടെ പകൽ മുഴുവൻ മിനക്കെട്ടു നില്ക്കുന്നതു എന്തു എന്നു ചോദിച്ചു. ഞങ്ങളെ ആരും കൂലിക്കു വിളിക്കായ്കകൊണ്ടത്രേ എന്നു അവർ പറഞ്ഞപ്പോൾ: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിൻ എന്നു അവരോടു പറഞ്ഞു. സന്ധ്യയായപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ തന്റെ വിചാരകനോടു: വേലക്കാരെ വിളിച്ചു, പിമ്പന്മാർ തുടങ്ങി മുമ്പന്മാർവരെ അവർക്കു കൂലി കൊടുക്ക എന്നു പറഞ്ഞു. അങ്ങനെ പതിനൊന്നാം മണിനേരത്തു വന്നവർ ചെന്നു ഓരോ വെള്ളിക്കാശു വാങ്ങി. മുമ്പന്മാർ വന്നപ്പോൾ തങ്ങൾക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവർക്കും ഓരോ വെള്ളിക്കാശു കിട്ടി. അതു വാങ്ങീട്ടു അവർ വീട്ടുടയവന്റെ നേരെ പിറുപിറുത്തു: ഈ പിമ്പന്മാർ ഒരു മണിനേരം മാത്രം വേല ചെയ്തിട്ടും നീ അവരെ പകലത്തെ ഭാരവും വെയിലും സഹിച്ച ഞങ്ങളോടു സമമാക്കിയല്ലോ എന്നു പറഞ്ഞു. അവരിൽ ഒരുത്തനോടു അവൻ ഉത്തരം പറഞ്ഞതു: സ്നേഹിതാ, ഞാൻ നിന്നോടു അന്യായം ചെയ്യുന്നില്ല; നീ എന്നോടു ഒരു പണം പറഞ്ഞൊത്തില്ലയോ? നിന്റേതു വാങ്ങി പൊയ്ക്കൊൾക; നിനക്കു തന്നതുപോലെ ഈ പിമ്പന്നും കൊടുപ്പാൻ എനിക്കു മനസ്സു. എനിക്കുള്ളതിനെക്കൊണ്ടു മനസ്സുപോലെ ചെയ്‌വാൻ എനിക്കു ന്യായമില്ലയോ? ഞാൻ നല്ലവൻ ആകകൊണ്ടു നിന്റെ കണ്ണു കടിക്കുന്നുവോ? ഇങ്ങനെ പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരും ആകും. യേശു യെരൂശലേമിലേക്കു യാത്രചെയ്യുമ്പോൾ പന്ത്രണ്ടു ശിഷ്യന്മാരെയും വേറിട്ടു കൂട്ടിക്കൊണ്ടു വഴിയിൽവെച്ചു അവരോടു പറഞ്ഞതു: നാം യെരൂശലേമിലേക്കു പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും ഏല്പിക്കപ്പെടും; അവർ അവന്നു മരണശിക്ഷ കല്പിച്ചു, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികൾക്കു ഏല്പിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്ക്കും.

മത്തായി 20:1-19 സമകാലിക മലയാളവിവർത്തനം (MCV)

“തന്റെ മുന്തിരിത്തോപ്പിലേക്ക് കൂലിവേലക്കാരെ വിളിക്കാൻ അതിരാവിലെ പുറപ്പെട്ട ഒരു ഭൂവുടമയോട് സ്വർഗരാജ്യത്തെ ഉപമിക്കാം. ദിവസം ഒരു ദിനാർ കൂലിയായി നൽകാമെന്നു സമ്മതിച്ച് അദ്ദേഹം ജോലിക്കാരെ മുന്തിരിത്തോപ്പിലേക്ക് ജോലിചെയ്യുന്നതിനായി പറഞ്ഞയച്ചു. “രാവിലെ ഏകദേശം ഒൻപതുമണിക്ക് അദ്ദേഹം പുറത്തുപോയപ്പോൾ ചിലർ ചന്തസ്ഥലത്ത് ജോലിയൊന്നുമില്ലാതെ നിൽക്കുന്നത് കണ്ടു. അദ്ദേഹം അവരോട് ‘എന്റെ മുന്തിരിത്തോപ്പിലേക്കു നിങ്ങളും ചെല്ലുക; ന്യായമായ വേതനം ഞാൻ നിങ്ങൾക്കു തരാം’ എന്നു പറഞ്ഞു. അങ്ങനെ അവർ പോയി. “അദ്ദേഹം വീണ്ടും, ഉച്ചയ്ക്കും ഉച്ചതിരിഞ്ഞ് ഏകദേശം മൂന്നുമണിക്കും പുറത്തേക്കുപോയി, മുമ്പ് ചെയ്തതുപോലെതന്നെ ചെയ്തു. അന്നു വൈകുന്നേരം ഏകദേശം അഞ്ചുമണിക്കും അദ്ദേഹം പുറത്തുപോയപ്പോൾ മറ്റുചിലർ വെറുതേ നിൽക്കുന്നത് കണ്ടു. അദ്ദേഹം അവരോട്, ‘നിങ്ങൾ പകൽമുഴുവൻ ഒരു പണിയും ചെയ്യാതെ ഇവിടെ വെറുതേ നിൽക്കുന്നത് എന്ത്?’ എന്നു ചോദിച്ചു. “ ‘ആരും ഞങ്ങളെ വേലയ്ക്കു വിളിക്കാത്തതുകൊണ്ടാണ്,’ എന്ന് അവർ ഉത്തരം പറഞ്ഞു. “ ‘നിങ്ങളും പോയി എന്റെ മുന്തിരിത്തോപ്പിൽ ജോലി ചെയ്യുക,’ അദ്ദേഹം അവരോടു പറഞ്ഞു. “സന്ധ്യയായപ്പോൾ മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ തന്റെ കാര്യസ്ഥനോട്, ‘ഏറ്റവും ഒടുവിൽവന്നവർമുതൽ ആദ്യംവന്നവർ എന്നക്രമത്തിൽ വേലക്കാരെ വിളിച്ച് അവർക്ക് അവരുടെ കൂലി കൊടുക്കുക’ ” എന്നു പറഞ്ഞു. “ഏകദേശം അഞ്ചുമണിക്ക് വന്നവർ ഓരോരുത്തരും വന്ന് അവരുടെ കൂലിയായി ഓരോ ദിനാർ വാങ്ങി. ആദ്യംവന്നവർ തങ്ങളുടെ കൂലി വാങ്ങാൻ ചെന്നപ്പോൾ, അവർക്ക് കൂടുതൽ ലഭിക്കും എന്നാശിച്ചു. എന്നാൽ, അവർക്കും ഓരോ ദിനാറാണ് കൂലിയായി ലഭിച്ചത്. അതു വാങ്ങിയിട്ട് അവർ ആ ഭൂവുടമയെ കുറ്റപ്പെടുത്തി പറഞ്ഞത്, ‘ഒടുവിൽവന്ന കൂലിക്കാർ ഒരുമണിക്കൂർമാത്രമാണ് ജോലി ചെയ്തത്, എന്നാൽ പകൽ മുഴുവനുമുള്ള ജോലിഭാരവും ചൂടും സഹിച്ച് ജോലിചെയ്ത ഞങ്ങൾക്കു ലഭിച്ച അത്രയുംതന്നെ, കൂലിയായി അങ്ങ് അവർക്കും നൽകിയല്ലോ.’ “എന്നാൽ, അദ്ദേഹം അവരിലൊരുവനോട്, ‘സ്നേഹിതാ, ഞാൻ നിന്നോട് അന്യായമായി ഒന്നും ചെയ്തില്ലല്ലോ? ഒരു ദിനാറല്ലായിരുന്നോ നമ്മൾതമ്മിൽ കൂലി പറഞ്ഞൊത്തിരുന്നത്? നിന്റെ പ്രതിഫലം വാങ്ങി പൊയ്ക്കൊള്ളൂ. നിനക്കുതന്ന വേതനംതന്നെ ഏറ്റവും ഒടുവിൽവന്ന കൂലിക്കാരനും നൽകുക എന്നത് എന്റെ ഇഷ്ടമാണ്. എന്റെ പണംകൊണ്ട് എനിക്കിഷ്ടമുള്ളത് ചെയ്യാൻ എനിക്ക് അധികാരമില്ലേ? ഞാൻ ഔദാര്യം കാണിക്കുന്നതിൽ നിനക്ക് അസൂയ തോന്നുന്നോ?’ എന്നു പറഞ്ഞു. “അങ്ങനെ, ഇന്ന് ഏറ്റവും പിന്നിലുള്ള പലരും അന്ന് അഗ്രഗാമികളും ഇന്ന് അഗ്രഗാമികളായ പലരും അന്ന് ഏറ്റവും പിന്നിലുള്ളവരുമായിത്തീരും.” യേശു ജെറുശലേമിലേക്കു പോകുന്ന യാത്രയ്ക്കിടയിൽ തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ മാറ്റിനിർത്തി അവരോടുമാത്രമായി, “നോക്കൂ, നാം ജെറുശലേമിലേക്കു പോകുകയാണ്; മനുഷ്യപുത്രൻ പുരോഹിതമുഖ്യന്മാരുടെയും വേദജ്ഞരുടെയും കൈകളിൽ ഏൽപ്പിക്കപ്പെടും. അവർ മനുഷ്യപുത്രനെ വധിക്കാനായി വിധിച്ചശേഷം, പരിഹസിക്കാനും ചമ്മട്ടികൊണ്ട് അടിക്കാനും ക്രൂശിക്കാനുമായി റോമാക്കാരെ ഏൽപ്പിക്കും. എന്നാൽ, മൂന്നാംദിവസം മനുഷ്യപുത്രൻ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും” എന്നു പറഞ്ഞു.

നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ യൂവേർഷൻ കുക്കികൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, ഞങ്ങളുടെ കുക്കികളുടെ ഉപയോഗം ഞങ്ങളുടെ സ്വകാര്യതാ നയം-ത്തിൽ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾ അംഗീകരിക്കുന്നു