മത്തായി 20:1-19

മത്തായി 20:1-19 MCV

“തന്റെ മുന്തിരിത്തോപ്പിലേക്ക് കൂലിവേലക്കാരെ വിളിക്കാൻ അതിരാവിലെ പുറപ്പെട്ട ഒരു ഭൂവുടമയോട് സ്വർഗരാജ്യത്തെ ഉപമിക്കാം. ദിവസം ഒരു ദിനാർ കൂലിയായി നൽകാമെന്നു സമ്മതിച്ച് അദ്ദേഹം ജോലിക്കാരെ മുന്തിരിത്തോപ്പിലേക്ക് ജോലിചെയ്യുന്നതിനായി പറഞ്ഞയച്ചു. “രാവിലെ ഏകദേശം ഒൻപതുമണിക്ക് അദ്ദേഹം പുറത്തുപോയപ്പോൾ ചിലർ ചന്തസ്ഥലത്ത് ജോലിയൊന്നുമില്ലാതെ നിൽക്കുന്നത് കണ്ടു. അദ്ദേഹം അവരോട് ‘എന്റെ മുന്തിരിത്തോപ്പിലേക്കു നിങ്ങളും ചെല്ലുക; ന്യായമായ വേതനം ഞാൻ നിങ്ങൾക്കു തരാം’ എന്നു പറഞ്ഞു. അങ്ങനെ അവർ പോയി. “അദ്ദേഹം വീണ്ടും, ഉച്ചയ്ക്കും ഉച്ചതിരിഞ്ഞ് ഏകദേശം മൂന്നുമണിക്കും പുറത്തേക്കുപോയി, മുമ്പ് ചെയ്തതുപോലെതന്നെ ചെയ്തു. അന്നു വൈകുന്നേരം ഏകദേശം അഞ്ചുമണിക്കും അദ്ദേഹം പുറത്തുപോയപ്പോൾ മറ്റുചിലർ വെറുതേ നിൽക്കുന്നത് കണ്ടു. അദ്ദേഹം അവരോട്, ‘നിങ്ങൾ പകൽമുഴുവൻ ഒരു പണിയും ചെയ്യാതെ ഇവിടെ വെറുതേ നിൽക്കുന്നത് എന്ത്?’ എന്നു ചോദിച്ചു. “ ‘ആരും ഞങ്ങളെ വേലയ്ക്കു വിളിക്കാത്തതുകൊണ്ടാണ്,’ എന്ന് അവർ ഉത്തരം പറഞ്ഞു. “ ‘നിങ്ങളും പോയി എന്റെ മുന്തിരിത്തോപ്പിൽ ജോലി ചെയ്യുക,’ അദ്ദേഹം അവരോടു പറഞ്ഞു. “സന്ധ്യയായപ്പോൾ മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ തന്റെ കാര്യസ്ഥനോട്, ‘ഏറ്റവും ഒടുവിൽവന്നവർമുതൽ ആദ്യംവന്നവർ എന്നക്രമത്തിൽ വേലക്കാരെ വിളിച്ച് അവർക്ക് അവരുടെ കൂലി കൊടുക്കുക’ ” എന്നു പറഞ്ഞു. “ഏകദേശം അഞ്ചുമണിക്ക് വന്നവർ ഓരോരുത്തരും വന്ന് അവരുടെ കൂലിയായി ഓരോ ദിനാർ വാങ്ങി. ആദ്യംവന്നവർ തങ്ങളുടെ കൂലി വാങ്ങാൻ ചെന്നപ്പോൾ, അവർക്ക് കൂടുതൽ ലഭിക്കും എന്നാശിച്ചു. എന്നാൽ, അവർക്കും ഓരോ ദിനാറാണ് കൂലിയായി ലഭിച്ചത്. അതു വാങ്ങിയിട്ട് അവർ ആ ഭൂവുടമയെ കുറ്റപ്പെടുത്തി പറഞ്ഞത്, ‘ഒടുവിൽവന്ന കൂലിക്കാർ ഒരുമണിക്കൂർമാത്രമാണ് ജോലി ചെയ്തത്, എന്നാൽ പകൽ മുഴുവനുമുള്ള ജോലിഭാരവും ചൂടും സഹിച്ച് ജോലിചെയ്ത ഞങ്ങൾക്കു ലഭിച്ച അത്രയുംതന്നെ, കൂലിയായി അങ്ങ് അവർക്കും നൽകിയല്ലോ.’ “എന്നാൽ, അദ്ദേഹം അവരിലൊരുവനോട്, ‘സ്നേഹിതാ, ഞാൻ നിന്നോട് അന്യായമായി ഒന്നും ചെയ്തില്ലല്ലോ? ഒരു ദിനാറല്ലായിരുന്നോ നമ്മൾതമ്മിൽ കൂലി പറഞ്ഞൊത്തിരുന്നത്? നിന്റെ പ്രതിഫലം വാങ്ങി പൊയ്ക്കൊള്ളൂ. നിനക്കുതന്ന വേതനംതന്നെ ഏറ്റവും ഒടുവിൽവന്ന കൂലിക്കാരനും നൽകുക എന്നത് എന്റെ ഇഷ്ടമാണ്. എന്റെ പണംകൊണ്ട് എനിക്കിഷ്ടമുള്ളത് ചെയ്യാൻ എനിക്ക് അധികാരമില്ലേ? ഞാൻ ഔദാര്യം കാണിക്കുന്നതിൽ നിനക്ക് അസൂയ തോന്നുന്നോ?’ എന്നു പറഞ്ഞു. “അങ്ങനെ, ഇന്ന് ഏറ്റവും പിന്നിലുള്ള പലരും അന്ന് അഗ്രഗാമികളും ഇന്ന് അഗ്രഗാമികളായ പലരും അന്ന് ഏറ്റവും പിന്നിലുള്ളവരുമായിത്തീരും.” യേശു ജെറുശലേമിലേക്കു പോകുന്ന യാത്രയ്ക്കിടയിൽ തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ മാറ്റിനിർത്തി അവരോടുമാത്രമായി, “നോക്കൂ, നാം ജെറുശലേമിലേക്കു പോകുകയാണ്; മനുഷ്യപുത്രൻ പുരോഹിതമുഖ്യന്മാരുടെയും വേദജ്ഞരുടെയും കൈകളിൽ ഏൽപ്പിക്കപ്പെടും. അവർ മനുഷ്യപുത്രനെ വധിക്കാനായി വിധിച്ചശേഷം, പരിഹസിക്കാനും ചമ്മട്ടികൊണ്ട് അടിക്കാനും ക്രൂശിക്കാനുമായി റോമാക്കാരെ ഏൽപ്പിക്കും. എന്നാൽ, മൂന്നാംദിവസം മനുഷ്യപുത്രൻ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും” എന്നു പറഞ്ഞു.