മത്തായി 18:23-27

മത്തായി 18:23-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

സ്വർഗരാജ്യം തന്റെ ദാസന്മാരുമായി കണക്കു തീർപ്പാൻ ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം. അവൻ കണക്കു നോക്കിത്തുടങ്ങിയപ്പോൾ പതിനായിരം താലന്ത് കടമ്പെട്ട ഒരുത്തനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവനു വീട്ടുവാൻ വകയില്ലായ്കയാൽ അവന്റെ യജമാനൻ അവനെയും ഭാര്യയെയും മക്കളെയും അവനുള്ളതൊക്കെയും വിറ്റു കടം തീർപ്പാൻ കല്പിച്ചു. അതുകൊണ്ട് ആ ദാസൻ വീണ് അവനെ നമസ്കരിച്ചു: യജമാനനേ എന്നോടു ക്ഷമ തോന്നേണമേ; ഞാൻ സകലവും തന്നു തീർക്കാം എന്നു പറഞ്ഞു. അപ്പോൾ ആ ദാസന്റെ യജമാനൻ മനസ്സലിഞ്ഞ് അവനെ വിട്ടയച്ചു കടവും ഇളച്ചുകൊടുത്തു.

മത്തായി 18:23-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“തന്റെ ഭൃത്യന്മാരുമായി കണക്കു തീർക്കാൻ നിശ്ചയിച്ച രാജാവിനോടു സ്വർഗരാജ്യത്തെ ഉപമിക്കാം. രാജാവു കണക്കുതീർത്തു തുടങ്ങിയപ്പോൾ പതിനായിരം താലന്തു കൊടുക്കുവാനുള്ള ഒരുവനെ അദ്ദേഹത്തിന്റെ മുമ്പിൽ ഹാജരാക്കി. അയാൾക്കു കടം വീട്ടാനുള്ള വകയില്ലായിരുന്നു. അതുകൊണ്ട് അയാളെയും ഭാര്യയെയും മക്കളെയും എന്നല്ല അയാൾക്കുള്ള സർവസ്വവും വിറ്റു കടം ഈടാക്കാൻ രാജാവ് ഉത്തരവിട്ടു. ആ ഭൃത്യൻ അദ്ദേഹത്തിന്റെ സന്നിധിയിൽ താണുവീണ് ‘എനിക്ക് അല്പം സാവകാശം തരണമേ! അങ്ങേക്കു തരാനുള്ള സകലവും ഞാൻ തന്നു തീർത്തുകൊള്ളാം’ എന്നു പറഞ്ഞു. രാജാവു മനസ്സലിഞ്ഞ് അയാളെ വിട്ടയയ്‍ക്കുകയും അയാളുടെ കടം ഇളച്ചുകൊടുക്കുകയും ചെയ്തു.

മത്തായി 18:23-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

സ്വർഗ്ഗരാജ്യം തന്‍റെ ദാസന്മാരുമായി കണക്ക് തീർപ്പാൻ ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം. അവൻ കണക്ക് നോക്കിത്തുടങ്ങിയപ്പോൾ പതിനായിരം താലന്തു കടമ്പെട്ട ഒരുവനെ അവന്‍റെ അടുക്കൽ കൊണ്ടുവന്നു. അവനു വീട്ടുവാൻ വകയില്ലാത്തതിനാൽ അവന്‍റെ യജമാനൻ അവനെയും ഭാര്യയെയും മക്കളെയും അവനുള്ളതൊക്കെയും വിറ്റ് കടം തീർപ്പാൻ കല്പിച്ചു. അതുകൊണ്ട് ആ ദാസൻ വീണു അവനെ നമസ്കരിച്ചു: യജമാനനേ എന്നോട് ക്ഷമ തോന്നേണമേ; ഞാൻ സകലവും തന്നു തീർക്കാം എന്നു പറഞ്ഞു. അപ്പോൾ ആ ദാസന്‍റെ യജമാനൻ മനസ്സലിഞ്ഞ് അവനെ വിട്ടയച്ചു കടവും ഇളച്ചുകൊടുത്തു.

മത്തായി 18:23-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

സ്വർഗ്ഗരാജ്യം തന്റെ ദാസന്മാരുമായി കണക്കു തീർപ്പാൻ ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം. അവൻ കണക്കു നോക്കിത്തുടങ്ങിയപ്പോൾ പതിനായിരം താലന്തു കടമ്പെട്ട ഒരുത്തനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവന്നു വീട്ടുവാൻ വകയില്ലായ്കയാൽ അവന്റെ യജമാനൻ അവനെയും ഭാര്യയെയും മക്കളെയും അവന്നുള്ളതൊക്കെയും വിറ്റു കടം തീർപ്പാൻ കല്പിച്ചു. അതുകൊണ്ടു ആ ദാസൻ വീണു അവനെ നമസ്കരിച്ചു: യജമാനനേ എന്നോടു ക്ഷമ തോന്നേണമേ; ഞാൻ സകലവും തന്നു തീർക്കാം എന്നു പറഞ്ഞു. അപ്പോൾ ആ ദാസന്റെ യജമാനൻ മനസ്സലിഞ്ഞു അവനെ വിട്ടയച്ചു കടവും ഇളെച്ചുകൊടുത്തു.

മത്തായി 18:23-27 സമകാലിക മലയാളവിവർത്തനം (MCV)

“സ്വർഗരാജ്യത്തെ, തന്റെ ദാസരുടെ ബാധ്യത തീർക്കാൻ ആഗ്രഹിച്ച ഒരു രാജാവിനോട് ഉപമിക്കാം. ബാധ്യത തീർക്കാൻ ആരംഭിച്ചപ്പോൾ, പതിനായിരം താലന്ത് കടപ്പെട്ടിരിക്കുന്ന ഒരാൾ രാജസന്നിധിയിൽ ഹാജരാക്കപ്പെട്ടു. എന്നാൽ, കടം വീട്ടാനുള്ള പ്രാപ്തി അയാൾക്ക് ഇല്ലാതിരുന്നതിനാൽ, രാജാവ്, അയാളും ഭാര്യയും മക്കളും അയാൾക്കുള്ള സകലതും വിറ്റ് കടം വീട്ടണമെന്ന ഉത്തരവിട്ടു. “എന്നാൽ, ആ ദാസൻ രാജസന്നിധിയിൽ സാഷ്ടാംഗം വീണ്, ‘എന്നോട് കനിവ് തോന്നണമേ, ഞാൻ എല്ലാം അടച്ചുതീർക്കാം’ ” എന്ന് യാചിച്ചു. രാജാവിന് ആ ദാസനോട് സഹതാപം തോന്നി, കടം ക്ഷമിച്ച് അയാളെ സ്വതന്ത്രനാക്കി.