MATHAIA 18
18
ആരാണ് ഏറ്റവും വലിയവൻ?
(മർക്കോ. 9:33-37; ലൂക്കോ. 9:46-48)
1ആ സമയത്ത് സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആരാണെന്നു ചോദിച്ചുകൊണ്ട് ശിഷ്യന്മാർ യേശുവിനെ സമീപിച്ചു.
2ഒരു ശിശുവിനെ വിളിച്ച് അവരുടെ മധ്യത്തിൽ നിറുത്തിയിട്ട് യേശു പറഞ്ഞു: 3“നിങ്ങൾക്കു പരിവർത്തനമുണ്ടായി ശിശുക്കളെപ്പോലെ ആയിത്തീരുന്നില്ലെങ്കിൽ നിങ്ങൾ ഒരിക്കലും സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. 4സ്വയമേവ എളിമപ്പെട്ട് ഈ ശിശുവിനെപ്പോലെ ആയിത്തീരുന്നവനാണ് സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ. 5ഇതുപോലെയുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ ഏതൊരുവൻ സ്വീകരിക്കുന്നുവോ അവൻ എന്നെ സ്വീകരിക്കുന്നു.”
മറ്റുള്ളവരെ വഴിതെറ്റിക്കുന്നവർ
(മർക്കോ. 9:42-48; ലൂക്കോ. 17:1-2)
6“ഈ ചെറിയവരിൽ ഒരുവനെ എന്നിലുള്ള വിശ്വാസത്തിൽനിന്നു വഴിതെറ്റിക്കുന്നവനു കൂടുതൽ നല്ലത് തന്റെ കഴുത്തിൽ വലിയൊരു തിരികല്ലു കെട്ടി ആഴക്കടലിൽ താഴ്ത്തപ്പെടുന്നതാണ്.
7“പാപത്തിലേക്കുള്ള പ്രലോഭനം നിമിത്തം ലോകത്തിന്റെ അവസ്ഥ എത്ര ശോചനീയം! പ്രലോഭനങ്ങൾ ഉണ്ടായേ തീരൂ; എങ്കിലും യാതൊരുവനാൽ അത് ഉണ്ടാകുന്നുവോ, ആ മനുഷ്യന് ഹാ കഷ്ടം!
8“നിന്റെ കൈയോ, കാലോ നിന്നെ വഴിതെറ്റിക്കുന്നു എങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക; രണ്ടു കൈയോ രണ്ടു കാലോ ഉള്ളവനായി നിത്യാഗ്നിയിൽ എറിയപ്പെടുന്നതിനെക്കാൾ അംഗഹീനനായോ, മുടന്തനായോ ജീവനിൽ പ്രവേശിക്കുന്നതാണു നിനക്കു നല്ലത്. 9നിന്റെ കണ്ണു നിന്നെ വഴിതെറ്റിക്കുന്നു എങ്കിൽ അതു ചുഴന്നെടുത്ത് എറിഞ്ഞുകളയുക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ എറിയപ്പെടുന്നതിനെക്കാൾ ഒരു കണ്ണുള്ളവനായി ജീവനിൽ പ്രവേശിക്കുന്നതാണു നിനക്കു നല്ലത്.
കാണാതെപോയ ആടിന്റെ ദൃഷ്ടാന്തം
(ലൂക്കോ. 15:3-7)
10“ഈ ചെറിയവരിൽ ഒരുവനെ നിന്ദിക്കാതിരിക്കുവാൻ നോക്കിക്കൊള്ളുക; അവരുടെ മാലാഖമാർ സ്വർഗത്തിലുള്ള എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു. 11#18:11 ഈ വാക്യം ചില കൈയെഴുത്തു പ്രതികളിൽ മാത്രം കാണുന്നു.നഷ്ടപ്പെട്ടതിനെ രക്ഷിക്കുവാനാണല്ലോ മനുഷ്യപുത്രൻ വന്നത്.
12“നിങ്ങൾക്ക് എന്തു തോന്നുന്നു? ഒരാൾക്ക് നൂറ് ആടുണ്ട് എന്നിരിക്കട്ടെ; അവയിൽ ഒന്നു വഴിതെറ്റിപ്പോയാൽ അയാൾ തൊണ്ണൂറ്റിഒൻപതിനെയും മലയിൽ വിട്ടിട്ട് വഴി തെറ്റിപ്പോയതിനെ അന്വേഷിച്ചുപോകുകയില്ലേ? 13കണ്ടുകിട്ടിയാൽ വഴിതെറ്റിപ്പോകാത്ത തൊണ്ണൂറ്റിഒൻപതിനെപ്പറ്റിയുള്ളതിനെക്കാൾ അധികം സന്തോഷം നിശ്ചയമായും ആ കാണാതെപോയ ആടിനെക്കുറിച്ച് അയാൾക്കുണ്ടാകുമെന്നു ഞാൻ നിങ്ങളോടു പറയുന്നു. 14അതുപോലെ ഈ ചെറിയവരിൽ ഒരുവൻപോലും നശിച്ചു പോകുവാൻ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് ഇച്ഛിക്കുന്നില്ല.
തെറ്റിപ്പോകുന്നവരോടുള്ള സമീപനം
15“നിന്റെ സഹോദരൻ നിനക്കെതിരെ എന്തെങ്കിലും പ്രവർത്തിച്ചാൽ അയാളുടെ അടുക്കൽ തനിച്ചുചെന്ന്, അയാളുടെ തെറ്റു ചൂണ്ടിക്കാണിക്കുക; അയാൾ നിന്റെ വാക്കുകൾ കേൾക്കുന്ന പക്ഷം നിന്റെ സഹോദരനെ നീ നേടിക്കഴിഞ്ഞു. 16എന്നാൽ അയാൾ നിന്റെ വാക്കുകൾ കേൾക്കുന്നില്ലെങ്കിൽ ഒന്നോ രണ്ടോ ആളുകളെ കൂട്ടിക്കൊണ്ടു ചെല്ലുക. രണ്ടോ അതിലധികമോ സാക്ഷികൾ നല്‌കുന്ന തെളിവിനാൽ ഓരോ വാക്കും സ്ഥിരീകരിക്കപ്പെടുമല്ലോ. 17അവരെയും അയാൾ കൂട്ടാക്കാതെയിരുന്നാൽ സകല കാര്യങ്ങളും സഭയോടു പറയുക. സഭയ്‍ക്കും വഴങ്ങാതെ വന്നാൽ അയാൾ നിങ്ങൾക്കു വിജാതീയനോ ചുങ്കക്കാരനോപോലെ ആയിരിക്കട്ടെ.
18“ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: നിങ്ങൾ ഭൂമിയിൽ ബന്ധിക്കുന്നതെല്ലാം സ്വർഗത്തിലും ബന്ധിക്കപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും.
19“ഞാൻ വീണ്ടും നിങ്ങളോടു പറയുന്നു: ഭൂമിയിൽ നിങ്ങളിൽ രണ്ടുപേർ ഒരുമയോടുകൂടി ഏതെങ്കിലും കാര്യത്തിനുവേണ്ടി പ്രാർഥിച്ചാൽ, സ്വർഗസ്ഥനായ എന്റെ പിതാവ് അവർക്ക് അതു സാധിച്ചുകൊടുക്കും. 20എന്റെ നാമത്തിൽ രണ്ടോ മൂന്നോ പേർ എവിടെ കൂടുന്നുവോ അവിടെ അവരുടെ മധ്യത്തിൽ ഞാനുണ്ടായിരിക്കും.”
ക്ഷമിക്കാത്ത ഭൃത്യൻ
21അനന്തരം പത്രോസ് യേശുവിനോട്, “കർത്താവേ, എന്റെ സഹോദരൻ എന്നോടു തെറ്റു ചെയ്താൽ എത്ര പ്രാവശ്യം ഞാൻ മാപ്പു കൊടുക്കണം? ഏഴുപ്രാവശ്യം മതിയോ എന്നു ചോദിച്ചു. 22യേശു ഉത്തരമരുളി: “ഏഴല്ല ഏഴ് എഴുപതു വട്ടമെന്നാണു” ഞാൻ പറയുന്നത്.
23“തന്റെ ഭൃത്യന്മാരുമായി കണക്കു തീർക്കാൻ നിശ്ചയിച്ച രാജാവിനോടു സ്വർഗരാജ്യത്തെ ഉപമിക്കാം. 24രാജാവു കണക്കുതീർത്തു തുടങ്ങിയപ്പോൾ പതിനായിരം താലന്തു കൊടുക്കുവാനുള്ള ഒരുവനെ അദ്ദേഹത്തിന്റെ മുമ്പിൽ ഹാജരാക്കി. 25അയാൾക്കു കടം വീട്ടാനുള്ള വകയില്ലായിരുന്നു. അതുകൊണ്ട് അയാളെയും ഭാര്യയെയും മക്കളെയും എന്നല്ല അയാൾക്കുള്ള സർവസ്വവും വിറ്റു കടം ഈടാക്കാൻ രാജാവ് ഉത്തരവിട്ടു. 26ആ ഭൃത്യൻ അദ്ദേഹത്തിന്റെ സന്നിധിയിൽ താണുവീണ് ‘എനിക്ക് അല്പം സാവകാശം തരണമേ! അങ്ങേക്കു തരാനുള്ള സകലവും ഞാൻ തന്നു തീർത്തുകൊള്ളാം’ എന്നു പറഞ്ഞു. 27രാജാവു മനസ്സലിഞ്ഞ് അയാളെ വിട്ടയയ്‍ക്കുകയും അയാളുടെ കടം ഇളച്ചുകൊടുക്കുകയും ചെയ്തു.
28“എന്നാൽ ആ ഭൃത്യൻ പുറത്തേക്കു പോയപ്പോൾ നൂറു ദിനാറിനു തന്നോടു കടപ്പെട്ടിരുന്ന ഒരു സഹഭൃത്യനെ കണ്ടു. ഉടൻ തന്നെ തന്റെ ഇടപാടു തീർക്കണമെന്നു പറഞ്ഞ് ആ ഭൃത്യൻ അയാളുടെ കഴുത്തിനു കുത്തിപ്പിടിച്ചു ഞെരിച്ചു. 29‘എനിക്ക് അല്പം സാവകാശം തരണേ! ഞാൻ തന്നുതീർത്തുകൊള്ളാം’ എന്ന് അയാൾ കേണപേക്ഷിച്ചു. 30എങ്കിലും, അയാളതു സമ്മതിക്കാതെ കടം വീട്ടുന്നതുവരെ ആ സഹഭൃത്യനെ കാരാഗൃഹത്തിലടപ്പിച്ചു. 31ഇതു കണ്ട് മറ്റു ഭൃത്യന്മാർ അതീവ ദുഃഖിതരായി സംഭവിച്ചതെല്ലാം രാജാവിനെ അറിയിച്ചു. 32രാജാവ് ആ ഭൃത്യനെ വിളിപ്പിച്ചു പറഞ്ഞു: ദുഷ്ട ഭൃത്യാ! നീ കെഞ്ചിയപേക്ഷിച്ചതുകൊണ്ട് നിന്റെ കടമെല്ലാം ഞാൻ ഇളച്ചുതന്നു; നിന്നോട് എനിക്കു കനിവു തോന്നിയതുപോലെ 33നിന്റെ സഹഭൃത്യനോടും നിനക്കു കനിവുണ്ടാകേണ്ടതല്ലേ?’ 34രോഷാകുലനായ രാജാവ് കടം മുഴുവൻ വീട്ടുന്നതുവരെ ആ ഭൃത്യനെ കാരാഗൃഹത്തിലടയ്‍ക്കുവാൻ ജയിലധികാരികളെ ഏല്പിച്ചു.
35“നിങ്ങളുടെ സഹോദരനോടു നിങ്ങളോരോരുത്തരും ഹൃദയപൂർവം ക്ഷമിക്കാതിരുന്നാൽ സ്വർഗസ്ഥനായ എന്റെ പിതാവു നിങ്ങളോടും ക്ഷമിക്കുകയില്ല.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
MATHAIA 18: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.