മത്തായി 18:1-20

മത്തായി 18:1-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ആ സമയത്ത് സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആരാണെന്നു ചോദിച്ചുകൊണ്ട് ശിഷ്യന്മാർ യേശുവിനെ സമീപിച്ചു. ഒരു ശിശുവിനെ വിളിച്ച് അവരുടെ മധ്യത്തിൽ നിറുത്തിയിട്ട് യേശു പറഞ്ഞു: “നിങ്ങൾക്കു പരിവർത്തനമുണ്ടായി ശിശുക്കളെപ്പോലെ ആയിത്തീരുന്നില്ലെങ്കിൽ നിങ്ങൾ ഒരിക്കലും സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. സ്വയമേവ എളിമപ്പെട്ട് ഈ ശിശുവിനെപ്പോലെ ആയിത്തീരുന്നവനാണ് സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ. ഇതുപോലെയുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ ഏതൊരുവൻ സ്വീകരിക്കുന്നുവോ അവൻ എന്നെ സ്വീകരിക്കുന്നു.” “ഈ ചെറിയവരിൽ ഒരുവനെ എന്നിലുള്ള വിശ്വാസത്തിൽനിന്നു വഴിതെറ്റിക്കുന്നവനു കൂടുതൽ നല്ലത് തന്റെ കഴുത്തിൽ വലിയൊരു തിരികല്ലു കെട്ടി ആഴക്കടലിൽ താഴ്ത്തപ്പെടുന്നതാണ്. “പാപത്തിലേക്കുള്ള പ്രലോഭനം നിമിത്തം ലോകത്തിന്റെ അവസ്ഥ എത്ര ശോചനീയം! പ്രലോഭനങ്ങൾ ഉണ്ടായേ തീരൂ; എങ്കിലും യാതൊരുവനാൽ അത് ഉണ്ടാകുന്നുവോ, ആ മനുഷ്യന് ഹാ കഷ്ടം! “നിന്റെ കൈയോ, കാലോ നിന്നെ വഴിതെറ്റിക്കുന്നു എങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക; രണ്ടു കൈയോ രണ്ടു കാലോ ഉള്ളവനായി നിത്യാഗ്നിയിൽ എറിയപ്പെടുന്നതിനെക്കാൾ അംഗഹീനനായോ, മുടന്തനായോ ജീവനിൽ പ്രവേശിക്കുന്നതാണു നിനക്കു നല്ലത്. നിന്റെ കണ്ണു നിന്നെ വഴിതെറ്റിക്കുന്നു എങ്കിൽ അതു ചുഴന്നെടുത്ത് എറിഞ്ഞുകളയുക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ എറിയപ്പെടുന്നതിനെക്കാൾ ഒരു കണ്ണുള്ളവനായി ജീവനിൽ പ്രവേശിക്കുന്നതാണു നിനക്കു നല്ലത്. “ഈ ചെറിയവരിൽ ഒരുവനെ നിന്ദിക്കാതിരിക്കുവാൻ നോക്കിക്കൊള്ളുക; അവരുടെ മാലാഖമാർ സ്വർഗത്തിലുള്ള എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു. നഷ്ടപ്പെട്ടതിനെ രക്ഷിക്കുവാനാണല്ലോ മനുഷ്യപുത്രൻ വന്നത്. “നിങ്ങൾക്ക് എന്തു തോന്നുന്നു? ഒരാൾക്ക് നൂറ് ആടുണ്ട് എന്നിരിക്കട്ടെ; അവയിൽ ഒന്നു വഴിതെറ്റിപ്പോയാൽ അയാൾ തൊണ്ണൂറ്റിഒൻപതിനെയും മലയിൽ വിട്ടിട്ട് വഴി തെറ്റിപ്പോയതിനെ അന്വേഷിച്ചുപോകുകയില്ലേ? കണ്ടുകിട്ടിയാൽ വഴിതെറ്റിപ്പോകാത്ത തൊണ്ണൂറ്റിഒൻപതിനെപ്പറ്റിയുള്ളതിനെക്കാൾ അധികം സന്തോഷം നിശ്ചയമായും ആ കാണാതെപോയ ആടിനെക്കുറിച്ച് അയാൾക്കുണ്ടാകുമെന്നു ഞാൻ നിങ്ങളോടു പറയുന്നു. അതുപോലെ ഈ ചെറിയവരിൽ ഒരുവൻപോലും നശിച്ചു പോകുവാൻ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് ഇച്ഛിക്കുന്നില്ല. “നിന്റെ സഹോദരൻ നിനക്കെതിരെ എന്തെങ്കിലും പ്രവർത്തിച്ചാൽ അയാളുടെ അടുക്കൽ തനിച്ചുചെന്ന്, അയാളുടെ തെറ്റു ചൂണ്ടിക്കാണിക്കുക; അയാൾ നിന്റെ വാക്കുകൾ കേൾക്കുന്ന പക്ഷം നിന്റെ സഹോദരനെ നീ നേടിക്കഴിഞ്ഞു. എന്നാൽ അയാൾ നിന്റെ വാക്കുകൾ കേൾക്കുന്നില്ലെങ്കിൽ ഒന്നോ രണ്ടോ ആളുകളെ കൂട്ടിക്കൊണ്ടു ചെല്ലുക. രണ്ടോ അതിലധികമോ സാക്ഷികൾ നല്‌കുന്ന തെളിവിനാൽ ഓരോ വാക്കും സ്ഥിരീകരിക്കപ്പെടുമല്ലോ. അവരെയും അയാൾ കൂട്ടാക്കാതെയിരുന്നാൽ സകല കാര്യങ്ങളും സഭയോടു പറയുക. സഭയ്‍ക്കും വഴങ്ങാതെ വന്നാൽ അയാൾ നിങ്ങൾക്കു വിജാതീയനോ ചുങ്കക്കാരനോപോലെ ആയിരിക്കട്ടെ. “ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: നിങ്ങൾ ഭൂമിയിൽ ബന്ധിക്കുന്നതെല്ലാം സ്വർഗത്തിലും ബന്ധിക്കപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും. “ഞാൻ വീണ്ടും നിങ്ങളോടു പറയുന്നു: ഭൂമിയിൽ നിങ്ങളിൽ രണ്ടുപേർ ഒരുമയോടുകൂടി ഏതെങ്കിലും കാര്യത്തിനുവേണ്ടി പ്രാർഥിച്ചാൽ, സ്വർഗസ്ഥനായ എന്റെ പിതാവ് അവർക്ക് അതു സാധിച്ചുകൊടുക്കും. എന്റെ നാമത്തിൽ രണ്ടോ മൂന്നോ പേർ എവിടെ കൂടുന്നുവോ അവിടെ അവരുടെ മധ്യത്തിൽ ഞാനുണ്ടായിരിക്കും.”

മത്തായി 18:1-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആ നാഴികയിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കെ വന്നു. സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആർ എന്നു ചോദിച്ചു. അവൻ ഒരു ശിശുവിനെ അടുക്കെ വിളിച്ച് അവരുടെ നടുവിൽ നിറുത്തി: നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയിവരുന്നില്ല എങ്കിൽ സ്വർഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. ആകയാൽ ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകുന്നു. ഇങ്ങനെയുള്ള ശിശുവിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു. എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന് ആരെങ്കിലും ഇടർച്ചവരുത്തിയാലോ അവന്റെ കഴുത്തിൽ വലിയോരു തിരികല്ലു കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ താഴ്ത്തിക്കളയുന്നത് അവനു നന്ന്. ഇടർച്ച ഹേതുവായി ലോകത്തിന് അയ്യോ കഷ്ടം; ഇടർച്ച വരുന്നത് ആവശ്യം തന്നെ; എങ്കിലും ഇടർച്ച വരുത്തുന്ന മനുഷ്യന് അയ്യോ കഷ്ടം. നിന്റെ കൈയോ കാലോ നിനക്ക് ഇടർച്ച ആയാൽ അതിനെ വെട്ടി എറിഞ്ഞുകളക; രണ്ടു കൈയും രണ്ടു കാലും ഉള്ളവനായി നിത്യാഗ്നിയിൽ വീഴുന്നതിനെക്കാൾ അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനിൽ കടക്കുന്നതു നിനക്കു നന്ന്. നിന്റെ കണ്ണ് നിനക്ക് ഇടർച്ച ആയാൽ അതിനെ ചൂന്നെടുത്ത് എറിഞ്ഞുകളക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ ഒറ്റക്കണ്ണനായി ജീവനിൽ കടക്കുന്നതു നിനക്കു നന്ന്. ഈ ചെറിയവരിൽ ഒരുത്തനെ തുച്ഛീകരിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. സ്വർഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങൾക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യന് നൂറ് ആട് ഉണ്ട് എന്നിരിക്കട്ടെ; അവയിൽ ഒന്ന് തെറ്റി ഉഴന്നുപോയാൽ തൊണ്ണൂറ്റൊമ്പതിനെയും വിട്ടേച്ചു തെറ്റിപ്പോയതിനെ മലകളിൽ ചെന്നു തിരയുന്നില്ലയോ? അതിനെ കണ്ടെത്തിയാൽ തെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിലും അധികം അതിനെക്കുറിച്ചു സന്തോഷിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. അങ്ങനെ തന്നെ ഈ ചെറിയവരിൽ ഒരുത്തൻ നശിച്ചുപോകുന്നതു സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിന് ഇഷ്ടമല്ല. നിന്റെ സഹോദരൻ നിന്നോടു പിഴച്ചാൽ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോൾ കുറ്റം അവനു ബോധം വരുത്തുക; അവൻ നിന്റെ വാക്കു കേട്ടാൽ നീ സഹോദരനെ നേടി. കേൾക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വായാൽ സകല കാര്യവും ഉറപ്പാകേണ്ടതിന് ഒന്നു രണ്ടു പേരെ കൂട്ടിക്കൊണ്ടു ചെല്ലുക. അവരെ കൂട്ടാക്കാഞ്ഞാൽ സഭയോട് അറിയിക്ക; സഭയെയും കൂട്ടാക്കാഞ്ഞാൽ അവൻ നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ. നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ഭൂമിയിൽവച്ചു നിങ്ങളിൽ രണ്ടു പേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ അതു സ്വർഗസ്ഥനായ എന്റെ പിതാവിങ്കൽനിന്ന് അവർക്കു ലഭിക്കും; രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ട് എന്നും ഞാൻ നിങ്ങളോടു പറയുന്നു.

മത്തായി 18:1-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ആ സമയത്തുതന്നെ ശിഷ്യന്മാർ യേശുവിന്‍റെ അടുക്കൽ വന്നു. “സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും മഹാനായവൻ ആർ?“ എന്നു ചോദിച്ചു. അവൻ ഒരു ശിശുവിനെ അടുക്കെ വിളിച്ചു അവരുടെ നടുവിൽ നിർത്തി: നിങ്ങൾ മാനസാന്തരപ്പെട്ടു ശിശുക്കളെപ്പോലെ ആയിത്തീരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ ഒരുവിധത്തിലും കടക്കുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. ആകയാൽ ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകും. ഇങ്ങനെയുള്ള ശിശുവിനെ എന്‍റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു. എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവനെ ആരെങ്കിലും പാപത്തിലേക്ക് നടത്തിയാലോ അവന്‍റെ കഴുത്തിൽ വലിയൊരു തിരികല്ല് കെട്ടി അവനെ സമുദ്രത്തിന്‍റെ ആഴത്തിൽ താഴ്ത്തിക്കളയുന്നത് അവനു നല്ലത്. കാരണം; ഇടർച്ച ഹേതുവായി ലോകത്തിനു അയ്യോ കഷ്ടം! അങ്ങനെയുള്ള സമയങ്ങൾ വരേണ്ടത് തന്നെ; എങ്കിലും ഇടർച്ച വരുത്തുന്ന മനുഷ്യന് അയ്യോ കഷ്ടം. നിന്‍റെ കയ്യോ കാലോ നിനക്കു ഇടർച്ച ആയാൽ അതിനെ വെട്ടി എറിഞ്ഞുകളക; രണ്ടു കയ്യും രണ്ടു കാലും ഉള്ളവനായി നിത്യാഗ്നിയിൽ വീഴുന്നതിനേക്കാൾ അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനിൽ കടക്കുന്നതു നിനക്കു നല്ലത്. നിന്‍റെ കണ്ണ് നിനക്കു ഇടർച്ച ആയാൽ അതിനെ പിഴുതെടുത്തു എറിഞ്ഞുകളക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനേക്കാൾ ഒറ്റക്കണ്ണനായി ജീവനിൽ കടക്കുന്നതു നിനക്കു നന്ന്. ഈ ചെറിയവരിൽ ഒരുവനേപ്പോലും തുച്ഛീകരിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ. സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങൾക്ക് എന്ത് തോന്നുന്നു? ഒരു മനുഷ്യന് നൂറു ആട് ഉണ്ട് എന്നിരിക്കട്ടെ; അവയിൽ ഒന്ന് വഴിതെറ്റി അലഞ്ഞു പോയാൽ തൊണ്ണൂറ്റൊമ്പതിനെയും വിട്ടിട്ട് തെററിപ്പോയതിനെ മലകളിൽ ചെന്നു തിരയുകയില്ലയോ? അതിനെ കണ്ടുകിട്ടിയാൽ തെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിലും അധികം അതിനെക്കുറിച്ച് സന്തോഷിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. അങ്ങനെ തന്നെ ഈ ചെറിയവരിൽ ഒരുവൻ നശിച്ചുപോകുന്നത് സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന് ഇഷ്ടമല്ല. നിന്‍റെ സഹോദരൻ നിന്നോട് പാപം ചെയ്താൽ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോൾ കുറ്റം അവനു ബോധ്യം വരുത്തുക; അവൻ നിന്‍റെ വാക്ക് കേട്ടാൽ നീ സഹോദരനെ നേടി. കേൾക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാൽ സകല കാര്യവും ഉറപ്പാകേണ്ടതിന് ഒന്ന് രണ്ടുപേരെ കൂട്ടിക്കൊണ്ട് ചെല്ലുക. അവരെ കൂട്ടാക്കാഞ്ഞാൽ സഭയോട് അറിയിക്ക; സഭയേയും കൂട്ടാക്കാഞ്ഞാൽ അവൻ നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ. നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. ഭൂമിയിൽവെച്ചു നിങ്ങളിൽ രണ്ടുപേർ ഒരുമനപ്പെട്ട് യാചിക്കുന്ന ഏത് കാര്യമാണെങ്കിലും അത് സ്വർഗ്ഗസ്ഥനായ എന്‍റെ പിതാവിങ്കൽ നിന്നു അവർക്ക് ലഭിക്കും; രണ്ടോ മൂന്നോ പേർ എന്‍റെ നാമത്തിൽ കൂടിവരുന്നിടത്തൊക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ട് എന്നും ഞാൻ നിങ്ങളോടു പറയുന്നു.

മത്തായി 18:1-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആ നാഴികയിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കെ വന്നു. സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആർ എന്നു ചോദിച്ചു. അവൻ ഒരു ശിശുവിനെ അടുക്കെ വിളിച്ചു അവരുടെ നടുവിൽ നിറുത്തി: നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‌വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ആകയാൽ ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകുന്നു. ഇങ്ങിനെയുള്ള ശിശുവിനെ എന്റെ നാമത്തിൽ കൈകൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു. എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ആരെങ്കിലും ഇടർച്ച വരുത്തിയാലോ അവന്റെ കഴുത്തിൽ വലിയോരു തിരിക്കല്ലു കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ താഴ്ത്തിക്കളയുന്നതു അവന്നു നന്നു. ഇടർച്ച ഹേതുവായി ലോകത്തിന്നു അയ്യോ കഷ്ടം; ഇടർച്ച വരുന്നതു ആവശ്യം തന്നേ; എങ്കിലും ഇടർച്ച വരുത്തുന്ന മനുഷ്യന്നു അയ്യോ കഷ്ടം. നിന്റെ കയ്യോ കാലോ നിനക്കു ഇടർച്ച ആയാൽ അതിനെ വെട്ടി എറിഞ്ഞുകളക; രണ്ടു കയ്യും രണ്ടു കാലും ഉള്ളവനായി നിത്യാഗ്നിയിൽ വീഴുന്നതിനെക്കാൾ അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനിൽ കടക്കുന്നതു നിനക്കു നന്നു. നിന്റെ കണ്ണു നിനക്കു ഇടർച്ച ആയാൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ ഒററക്കണ്ണനായി ജീവനിൽ കടക്കുന്നതു നിനക്കു നന്നു. ഈ ചെറിയവരിൽ ഒരുത്തനെ തുച്ഛീകരിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങൾക്കു എന്തു തോന്നുന്നു? ഒരു മനുഷ്യന്നു നൂറു ആടു ഉണ്ടു എന്നിരിക്കട്ടെ; അവയിൽ ഒന്നു തെററി ഉഴന്നുപോയാൽ തൊണ്ണൂറ്റൊമ്പതിനെയും വിട്ടേച്ചു തെററിപ്പോയതിനെ മലകളിൽ ചെന്നു തിരയുന്നില്ലയോ? അതിനെ കണ്ടെത്തിയാൽ തെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിലും അധികം അതിനെക്കുറിച്ചു സന്തോഷിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. അങ്ങനെതന്നേ ഈ ചെറിയവരിൽ ഒരുത്തൻ നശിച്ചുപോകുന്നതു സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു ഇഷ്ടമല്ല. നിന്റെ സഹോദരൻ നിന്നോടു പിഴെച്ചാൽ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോൾ കുറ്റം അവന്നു ബോധം വരുത്തുക; അവൻ നിന്റെ വാക്കു കേട്ടാൽ നീ സഹോദരനെ നേടി. കേൾക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വായാൽ സകല കാര്യവും ഉറപ്പാകേണ്ടതിന്നു ഒന്നു രണ്ടു പേരെ കൂട്ടിക്കൊണ്ടു ചെല്ലുക. അവരെ കൂട്ടാക്കാഞ്ഞാൽ സഭയോടു അറിയിക്ക; സഭയെയും കൂട്ടാക്കാഞ്ഞാൽ അവൻ നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ. നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ഭൂമിയിൽവെച്ചു നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ അതു സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽ നിന്നു അവർക്കു ലഭിക്കും; രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു.

മത്തായി 18:1-20 സമകാലിക മലയാളവിവർത്തനം (MCV)

ആ സമയത്തു ശിഷ്യന്മാർ യേശുവിന്റെ അടുത്തുവന്ന്, “സ്വർഗരാജ്യത്തിൽ ഏറ്റവും ശ്രേഷ്ഠൻ ആരാണ്?” എന്നു ചോദിച്ചു. അദ്ദേഹം ഒരു കുട്ടിയെ വിളിച്ച് അവരുടെമധ്യത്തിൽ നിർത്തിയശേഷം ഇങ്ങനെ പറഞ്ഞു, “ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾക്ക് ആന്തരികപരിവർത്തനം വന്ന് കുട്ടികളെപ്പോലെ ആയിത്തീരുന്നില്ലെങ്കിൽ ഒരുനാളും സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല, നിശ്ചയം. അതുകൊണ്ട്, സ്വയം താഴ്ത്തി ഈ കുട്ടിയെപ്പോലെ ആയിത്തീരുന്നയാളാണ് സ്വർഗരാജ്യത്തിലെ ഉന്നത വ്യക്തി. ഇങ്ങനെയുള്ള ഒരു കുട്ടിയെ എന്റെ നാമത്തിൽ സ്വീകരിക്കുന്ന വ്യക്തി എന്നെ സ്വീകരിക്കുന്നു. “എന്നാൽ, എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരാളെങ്കിലും പാപത്തിൽ വീഴുന്നതിന് ആരെങ്കിലും കാരണമാകുന്നെങ്കിൽ, അയാളുടെ കഴുത്തിൽ ഒരു വലിയ തിരികല്ല് കെട്ടി ആഴിയുടെ ആഴത്തിലേക്ക് താഴ്ത്തുന്നത് അയാൾക്ക് ഏറെ നല്ലത്. മനുഷ്യരെ പാപത്തിലേക്കു നയിക്കുന്നതുകൊണ്ട് ലോകത്തിനു ഹാ കഷ്ടം! പ്രലോഭനങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ കഴിയുകയില്ല; എങ്കിലും, അതിനു കാരണക്കാരൻ ആകുന്നയാൾക്കു മഹാകഷ്ടം! നിന്റെ കൈയോ കാലോ നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക. അംഗഹീനത്വമോ മുടന്തോ ഉള്ളയാളായി നിത്യജീവനിൽ പ്രവേശിക്കുന്നതാണ്, രണ്ട് കയ്യും രണ്ട് കാലും ഉള്ളയാളായി നിത്യാഗ്നിയിൽ വീഴുന്നതിനെക്കാൾ നല്ലത്. നിന്റെ കണ്ണ് നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു ചൂഴ്‌ന്നെടുത്ത് ദൂരെ എറിയുക. ഒരു കണ്ണുള്ളയാളായി നിത്യജീവനിൽ പ്രവേശിക്കുന്നതാണ്, രണ്ട് കണ്ണും ഉള്ളയാളായി നരകാഗ്നിയിൽ വീഴുന്നതിനെക്കാൾ നല്ലത്.” “ഈ ചെറിയവരിൽ ഒരാളെപ്പോലും നിന്ദിക്കാതിരിക്കാൻ ശ്രദ്ധിക്കുക. സ്വർഗത്തിൽ അവരുടെ ദൂതന്മാർ എന്റെ സ്വർഗസ്ഥപിതാവിന്റെ മുഖം എപ്പോഴും ദർശിക്കുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു. കാണാതെപോയതിനെ കണ്ടെത്തി അവയെ രക്ഷിക്കാനാണല്ലോ മനുഷ്യപുത്രൻ വന്നത്. “ഒരു മനുഷ്യന്റെ നൂറ് ആടുകളിൽ ഒന്ന് കൂട്ടം തെറ്റിപ്പോയാൽ അദ്ദേഹം എന്തുചെയ്യും, എന്താണ് നിങ്ങളുടെ അഭിപ്രായം? തൊണ്ണൂറ്റിയൊൻപതിനെയും കുന്നിൻചെരുവിൽ വിട്ടശേഷം കൂട്ടം തെറ്റിയതിനെ തേടി പോകുകയില്ലേ? അയാൾ അതിനെ കണ്ടെത്തിയാൽ, ആ ഒരാടിനെക്കുറിച്ച് ഉണ്ടാകുന്ന ആനന്ദം കൂട്ടം തെറ്റിപ്പോകാതിരുന്ന തൊണ്ണൂറ്റിയൊൻപത് ആടുകളെക്കുറിച്ചുള്ളതിലും അധികം ആയിരിക്കും എന്നു നിശ്ചയമായി ഞാൻ നിങ്ങളോടു പറയുന്നു. അതുപോലെ, ഈ ചെറിയവരിൽ ഒരാൾപോലും നശിച്ചുപോകാൻ നിങ്ങളുടെ സ്വർഗസ്ഥപിതാവ് ആഗ്രഹിക്കുന്നില്ല. “അതുകൊണ്ട് നിന്റെ സഹോദരങ്ങൾ നിനക്കെതിരേ പാപംചെയ്താൽ നിങ്ങൾ ഇരുവരുംമാത്രം ഉള്ളപ്പോൾ നീ ചെന്ന് ആ ആളിനെ തെറ്റ് ബോധ്യപ്പെടുത്തുക. അയാൾ നിന്റെ വാക്കുകേട്ടാൽ നീ അയാളെ നേടി; കേൾക്കുന്നില്ലെങ്കിലോ, നിന്റെകൂടെ ഒന്നോ രണ്ടോപേരെ കൂട്ടിക്കൊണ്ടുപോകുക. ‘രണ്ടോ മൂന്നോ പേരുടെ സാക്ഷിമൊഴികളാൽ ഏതു കാര്യത്തിന്റെയും നിജസ്ഥിതി ഉറപ്പാകുമല്ലോ.’ അവരെയും കേൾക്കുന്നില്ലെങ്കിൽ, വിവരം സഭയെ അറിയിക്കുക. അയാൾ സഭയെയും തിരസ്കരിച്ചാൽ; ആ മനുഷ്യനോടുള്ള നിന്റെ പെരുമാറ്റം, യെഹൂദേതരനോടോ നികുതിപിരിക്കുന്ന വ്യക്തിയോടോ എന്നപോലെ ആയിരിക്കട്ടെ. “നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെന്തും സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെന്തും സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും” എന്നു നിശ്ചയമായി ഞാൻ നിങ്ങളോടു പറയുന്നു. “നിങ്ങളിൽ രണ്ടുപേർ ഭൂമിയിൽവെച്ച് ഏതെങ്കിലും വിഷയത്തെക്കുറിച്ച് ഏകാഭിപ്രായത്തോടെ അപേക്ഷിച്ചാൽ, എന്റെ സ്വർഗസ്ഥപിതാവ് അത് നിങ്ങൾക്ക് ഉറപ്പായും നൽകും. രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒത്തുചേരുന്നിടത്തെല്ലാം, അവരുടെമധ്യത്തിൽ ഞാൻ ഉണ്ട്.”