മത്തായി 18:1-11
മത്തായി 18:1-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആ നാഴികയിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കെ വന്നു. സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആർ എന്നു ചോദിച്ചു. അവൻ ഒരു ശിശുവിനെ അടുക്കെ വിളിച്ച് അവരുടെ നടുവിൽ നിറുത്തി: നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയിവരുന്നില്ല എങ്കിൽ സ്വർഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. ആകയാൽ ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകുന്നു. ഇങ്ങനെയുള്ള ശിശുവിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു. എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന് ആരെങ്കിലും ഇടർച്ചവരുത്തിയാലോ അവന്റെ കഴുത്തിൽ വലിയോരു തിരികല്ലു കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ താഴ്ത്തിക്കളയുന്നത് അവനു നന്ന്. ഇടർച്ച ഹേതുവായി ലോകത്തിന് അയ്യോ കഷ്ടം; ഇടർച്ച വരുന്നത് ആവശ്യം തന്നെ; എങ്കിലും ഇടർച്ച വരുത്തുന്ന മനുഷ്യന് അയ്യോ കഷ്ടം. നിന്റെ കൈയോ കാലോ നിനക്ക് ഇടർച്ച ആയാൽ അതിനെ വെട്ടി എറിഞ്ഞുകളക; രണ്ടു കൈയും രണ്ടു കാലും ഉള്ളവനായി നിത്യാഗ്നിയിൽ വീഴുന്നതിനെക്കാൾ അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനിൽ കടക്കുന്നതു നിനക്കു നന്ന്. നിന്റെ കണ്ണ് നിനക്ക് ഇടർച്ച ആയാൽ അതിനെ ചൂന്നെടുത്ത് എറിഞ്ഞുകളക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ ഒറ്റക്കണ്ണനായി ജീവനിൽ കടക്കുന്നതു നിനക്കു നന്ന്. ഈ ചെറിയവരിൽ ഒരുത്തനെ തുച്ഛീകരിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. സ്വർഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
മത്തായി 18:1-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആ സമയത്ത് സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആരാണെന്നു ചോദിച്ചുകൊണ്ട് ശിഷ്യന്മാർ യേശുവിനെ സമീപിച്ചു. ഒരു ശിശുവിനെ വിളിച്ച് അവരുടെ മധ്യത്തിൽ നിറുത്തിയിട്ട് യേശു പറഞ്ഞു: “നിങ്ങൾക്കു പരിവർത്തനമുണ്ടായി ശിശുക്കളെപ്പോലെ ആയിത്തീരുന്നില്ലെങ്കിൽ നിങ്ങൾ ഒരിക്കലും സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. സ്വയമേവ എളിമപ്പെട്ട് ഈ ശിശുവിനെപ്പോലെ ആയിത്തീരുന്നവനാണ് സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ. ഇതുപോലെയുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ ഏതൊരുവൻ സ്വീകരിക്കുന്നുവോ അവൻ എന്നെ സ്വീകരിക്കുന്നു.” “ഈ ചെറിയവരിൽ ഒരുവനെ എന്നിലുള്ള വിശ്വാസത്തിൽനിന്നു വഴിതെറ്റിക്കുന്നവനു കൂടുതൽ നല്ലത് തന്റെ കഴുത്തിൽ വലിയൊരു തിരികല്ലു കെട്ടി ആഴക്കടലിൽ താഴ്ത്തപ്പെടുന്നതാണ്. “പാപത്തിലേക്കുള്ള പ്രലോഭനം നിമിത്തം ലോകത്തിന്റെ അവസ്ഥ എത്ര ശോചനീയം! പ്രലോഭനങ്ങൾ ഉണ്ടായേ തീരൂ; എങ്കിലും യാതൊരുവനാൽ അത് ഉണ്ടാകുന്നുവോ, ആ മനുഷ്യന് ഹാ കഷ്ടം! “നിന്റെ കൈയോ, കാലോ നിന്നെ വഴിതെറ്റിക്കുന്നു എങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക; രണ്ടു കൈയോ രണ്ടു കാലോ ഉള്ളവനായി നിത്യാഗ്നിയിൽ എറിയപ്പെടുന്നതിനെക്കാൾ അംഗഹീനനായോ, മുടന്തനായോ ജീവനിൽ പ്രവേശിക്കുന്നതാണു നിനക്കു നല്ലത്. നിന്റെ കണ്ണു നിന്നെ വഴിതെറ്റിക്കുന്നു എങ്കിൽ അതു ചുഴന്നെടുത്ത് എറിഞ്ഞുകളയുക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ എറിയപ്പെടുന്നതിനെക്കാൾ ഒരു കണ്ണുള്ളവനായി ജീവനിൽ പ്രവേശിക്കുന്നതാണു നിനക്കു നല്ലത്. “ഈ ചെറിയവരിൽ ഒരുവനെ നിന്ദിക്കാതിരിക്കുവാൻ നോക്കിക്കൊള്ളുക; അവരുടെ മാലാഖമാർ സ്വർഗത്തിലുള്ള എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു. നഷ്ടപ്പെട്ടതിനെ രക്ഷിക്കുവാനാണല്ലോ മനുഷ്യപുത്രൻ വന്നത്.
മത്തായി 18:1-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആ സമയത്തുതന്നെ ശിഷ്യന്മാർ യേശുവിന്‍റെ അടുക്കൽ വന്നു. “സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും മഹാനായവൻ ആർ?“ എന്നു ചോദിച്ചു. അവൻ ഒരു ശിശുവിനെ അടുക്കെ വിളിച്ചു അവരുടെ നടുവിൽ നിർത്തി: നിങ്ങൾ മാനസാന്തരപ്പെട്ടു ശിശുക്കളെപ്പോലെ ആയിത്തീരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ ഒരുവിധത്തിലും കടക്കുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. ആകയാൽ ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകും. ഇങ്ങനെയുള്ള ശിശുവിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു. എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവനെ ആരെങ്കിലും പാപത്തിലേക്ക് നടത്തിയാലോ അവന്‍റെ കഴുത്തിൽ വലിയൊരു തിരികല്ല് കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ താഴ്ത്തിക്കളയുന്നത് അവനു നല്ലത്. കാരണം; ഇടർച്ച ഹേതുവായി ലോകത്തിനു അയ്യോ കഷ്ടം! അങ്ങനെയുള്ള സമയങ്ങൾ വരേണ്ടത് തന്നെ; എങ്കിലും ഇടർച്ച വരുത്തുന്ന മനുഷ്യന് അയ്യോ കഷ്ടം. നിന്റെ കയ്യോ കാലോ നിനക്കു ഇടർച്ച ആയാൽ അതിനെ വെട്ടി എറിഞ്ഞുകളക; രണ്ടു കയ്യും രണ്ടു കാലും ഉള്ളവനായി നിത്യാഗ്നിയിൽ വീഴുന്നതിനേക്കാൾ അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനിൽ കടക്കുന്നതു നിനക്കു നല്ലത്. നിന്റെ കണ്ണ് നിനക്കു ഇടർച്ച ആയാൽ അതിനെ പിഴുതെടുത്തു എറിഞ്ഞുകളക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനേക്കാൾ ഒറ്റക്കണ്ണനായി ജീവനിൽ കടക്കുന്നതു നിനക്കു നന്ന്. ഈ ചെറിയവരിൽ ഒരുവനേപ്പോലും തുച്ഛീകരിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ. സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
മത്തായി 18:1-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആ നാഴികയിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കെ വന്നു. സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആർ എന്നു ചോദിച്ചു. അവൻ ഒരു ശിശുവിനെ അടുക്കെ വിളിച്ചു അവരുടെ നടുവിൽ നിറുത്തി: നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‌വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ആകയാൽ ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകുന്നു. ഇങ്ങിനെയുള്ള ശിശുവിനെ എന്റെ നാമത്തിൽ കൈകൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു. എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ആരെങ്കിലും ഇടർച്ച വരുത്തിയാലോ അവന്റെ കഴുത്തിൽ വലിയോരു തിരിക്കല്ലു കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ താഴ്ത്തിക്കളയുന്നതു അവന്നു നന്നു. ഇടർച്ച ഹേതുവായി ലോകത്തിന്നു അയ്യോ കഷ്ടം; ഇടർച്ച വരുന്നതു ആവശ്യം തന്നേ; എങ്കിലും ഇടർച്ച വരുത്തുന്ന മനുഷ്യന്നു അയ്യോ കഷ്ടം. നിന്റെ കയ്യോ കാലോ നിനക്കു ഇടർച്ച ആയാൽ അതിനെ വെട്ടി എറിഞ്ഞുകളക; രണ്ടു കയ്യും രണ്ടു കാലും ഉള്ളവനായി നിത്യാഗ്നിയിൽ വീഴുന്നതിനെക്കാൾ അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനിൽ കടക്കുന്നതു നിനക്കു നന്നു. നിന്റെ കണ്ണു നിനക്കു ഇടർച്ച ആയാൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ ഒററക്കണ്ണനായി ജീവനിൽ കടക്കുന്നതു നിനക്കു നന്നു. ഈ ചെറിയവരിൽ ഒരുത്തനെ തുച്ഛീകരിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
മത്തായി 18:1-11 സമകാലിക മലയാളവിവർത്തനം (MCV)
ആ സമയത്തു ശിഷ്യന്മാർ യേശുവിന്റെ അടുത്തുവന്ന്, “സ്വർഗരാജ്യത്തിൽ ഏറ്റവും ശ്രേഷ്ഠൻ ആരാണ്?” എന്നു ചോദിച്ചു. അദ്ദേഹം ഒരു കുട്ടിയെ വിളിച്ച് അവരുടെമധ്യത്തിൽ നിർത്തിയശേഷം ഇങ്ങനെ പറഞ്ഞു, “ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾക്ക് ആന്തരികപരിവർത്തനം വന്ന് കുട്ടികളെപ്പോലെ ആയിത്തീരുന്നില്ലെങ്കിൽ ഒരുനാളും സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല, നിശ്ചയം. അതുകൊണ്ട്, സ്വയം താഴ്ത്തി ഈ കുട്ടിയെപ്പോലെ ആയിത്തീരുന്നയാളാണ് സ്വർഗരാജ്യത്തിലെ ഉന്നത വ്യക്തി. ഇങ്ങനെയുള്ള ഒരു കുട്ടിയെ എന്റെ നാമത്തിൽ സ്വീകരിക്കുന്ന വ്യക്തി എന്നെ സ്വീകരിക്കുന്നു. “എന്നാൽ, എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരാളെങ്കിലും പാപത്തിൽ വീഴുന്നതിന് ആരെങ്കിലും കാരണമാകുന്നെങ്കിൽ, അയാളുടെ കഴുത്തിൽ ഒരു വലിയ തിരികല്ല് കെട്ടി ആഴിയുടെ ആഴത്തിലേക്ക് താഴ്ത്തുന്നത് അയാൾക്ക് ഏറെ നല്ലത്. മനുഷ്യരെ പാപത്തിലേക്കു നയിക്കുന്നതുകൊണ്ട് ലോകത്തിനു ഹാ കഷ്ടം! പ്രലോഭനങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ കഴിയുകയില്ല; എങ്കിലും, അതിനു കാരണക്കാരൻ ആകുന്നയാൾക്കു മഹാകഷ്ടം! നിന്റെ കൈയോ കാലോ നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക. അംഗഹീനത്വമോ മുടന്തോ ഉള്ളയാളായി നിത്യജീവനിൽ പ്രവേശിക്കുന്നതാണ്, രണ്ട് കയ്യും രണ്ട് കാലും ഉള്ളയാളായി നിത്യാഗ്നിയിൽ വീഴുന്നതിനെക്കാൾ നല്ലത്. നിന്റെ കണ്ണ് നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു ചൂഴ്‌ന്നെടുത്ത് ദൂരെ എറിയുക. ഒരു കണ്ണുള്ളയാളായി നിത്യജീവനിൽ പ്രവേശിക്കുന്നതാണ്, രണ്ട് കണ്ണും ഉള്ളയാളായി നരകാഗ്നിയിൽ വീഴുന്നതിനെക്കാൾ നല്ലത്.” “ഈ ചെറിയവരിൽ ഒരാളെപ്പോലും നിന്ദിക്കാതിരിക്കാൻ ശ്രദ്ധിക്കുക. സ്വർഗത്തിൽ അവരുടെ ദൂതന്മാർ എന്റെ സ്വർഗസ്ഥപിതാവിന്റെ മുഖം എപ്പോഴും ദർശിക്കുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു. കാണാതെപോയതിനെ കണ്ടെത്തി അവയെ രക്ഷിക്കാനാണല്ലോ മനുഷ്യപുത്രൻ വന്നത്.