മത്തായി 17:10-27
മത്തായി 17:10-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശിഷ്യന്മാർ അവനോട്: എന്നാൽ ഏലീയാവു മുമ്പേ വരേണ്ടത് എന്നു ശാസ്ത്രിമാർ പറയുന്നത് എന്ത് എന്നു ചോദിച്ചു. അതിന് അവൻ: ഏലീയാവ് വന്നു സകലവും യഥാസ്ഥാനത്താക്കും സത്യം. എന്നാൽ ഏലീയാവ് വന്നു കഴിഞ്ഞു എന്നു ഞാൻ നിങ്ങളോടു പറയുന്നു; എങ്കിലും അവർ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങൾക്കു തോന്നിയത് എല്ലാം അവനോടു ചെയ്തു. അവ്വണ്ണം മനുഷ്യപുത്രനും അവരാൽ കഷ്ടപ്പെടുവാനുണ്ട് എന്ന് ഉത്തരം പറഞ്ഞു. അവൻ യോഹന്നാൻസ്നാപകനെക്കുറിച്ചു തങ്ങളോടു പറഞ്ഞു എന്നു ശിഷ്യന്മാർ ഗ്രഹിച്ചു. അവർ പുരുഷാരത്തിന്റെ അടുക്കൽ വന്നാറെ ഒരു മനുഷ്യൻ വന്ന് അവന്റെ മുമ്പാകെ മുട്ടുകുത്തി: കർത്താവേ, എന്റെ മകനോടു കരുണയുണ്ടാകേണമേ; അവൻ ചന്ദ്രരോഗം പിടിച്ചു പലപ്പോഴും തീയിലും പലപ്പോഴും വെള്ളത്തിലും വീണു വല്ലാത്ത കഷ്ടത്തിലായിപ്പോകുന്നു. ഞാൻ അവനെ നിന്റെ ശിഷ്യന്മാരുടെ അടുക്കൽ കൊണ്ടുവന്നു; എന്നാൽ സൗഖ്യം വരുത്തുവാൻ അവർക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു. അതിനു യേശു: അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്ന് ഉത്തരം പറഞ്ഞു. യേശു ഭൂതത്തെ ശാസിച്ചു, അത് അവനെ വിട്ടുപോയി, ബാലന് ആ നാഴികമുതൽ സൗഖ്യം വന്നു. പിന്നെ ശിഷ്യന്മാർ സ്വകാര്യമായി യേശുവിന്റെ അടുക്കൽ വന്ന്: ഞങ്ങൾക്ക് അതിനെ പുറത്താക്കിക്കൂടാഞ്ഞത് എന്ത് എന്നു ചോദിച്ചു. അവൻ അവരോട്: നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ; നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോട്: ഇവിടെനിന്ന് അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും; നിങ്ങൾക്ക് ഒന്നും അസാധ്യമാകയുമില്ല. [എങ്കിലും പ്രാർഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല] എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അവർ ഗലീലയിൽ സഞ്ചരിക്കുമ്പോൾ യേശു അവരോട്: മനുഷ്യപുത്രൻ മനുഷ്യരുടെ കൈയിൽ ഏല്പിക്കപ്പെടുവാറായിരിക്കുന്നു. അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്ക്കയും ചെയ്യും എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു. അവർ കഫർന്നഹൂമിൽ എത്തിയാറെ ദ്വിദ്രഹ്മപ്പണം വാങ്ങുന്നവർ പത്രൊസിന്റെ അടുക്കൽ വന്നു: നിങ്ങളുടെ ഗുരു ദ്വിദ്രഹ്മപ്പണം കൊടുക്കുന്നില്ലയോ എന്നു ചോദിച്ചതിന്: ഉവ്വ് എന്ന് അവൻ പറഞ്ഞു. അവൻ വീട്ടിൽ വന്നപ്പോൾ യേശു അവനോട്: ശിമോനേ, നിനക്ക് എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാർ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ എന്നു മുന്നിട്ടു ചോദിച്ചതിന്: അന്യരോട് എന്ന് അവൻ പറഞ്ഞു. യേശു അവനോട്: എന്നാൽ പുത്രന്മാർ ഒഴിവുള്ളവരല്ലോ. എങ്കിലും നാം അവർക്ക് ഇടർച്ച വരുത്താതിരിക്കേണ്ടതിനു നീ കടലിലേക്കു ചെന്നു ചൂണ്ടൽ ഇട്ട് ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ്തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മപ്പണം കാണും; അത് എടുത്ത് എനിക്കും നിനക്കും വേണ്ടി കൊടുക്ക എന്നു പറഞ്ഞു.
മത്തായി 17:10-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പോൾ ശിഷ്യന്മാർ അവിടുത്തോടു ചോദിച്ചു: “ആദ്യം ഏലിയാ വരേണ്ടതാണെന്നു മതപണ്ഡിതന്മാർ പറയുന്നത് എന്തുകൊണ്ട്?” അതിന് യേശു മറുപടി പറഞ്ഞു: “ഏലിയാ ആദ്യം വരികയും എല്ലാം പുനഃസ്ഥാപിക്കുകയും വേണം, എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ഏലിയാ വന്നുകഴിഞ്ഞിരിക്കുന്നു; ആരും അദ്ദേഹത്തെ അറിഞ്ഞില്ല; തങ്ങൾക്കു തോന്നിയതെല്ലാം അവർ അദ്ദേഹത്തോടു ചെയ്തു. അതുപോലെതന്നെ മനുഷ്യപുത്രനെയും അവർ പീഡിപ്പിക്കും.” സ്നാപകയോഹന്നാനെക്കുറിച്ചാണ് തങ്ങളോട് അരുൾചെയ്തതെന്ന് ശിഷ്യന്മാർക്ക് അപ്പോൾ മനസ്സിലായി. അവർ ജനക്കൂട്ടത്തിനടുത്തു തിരിച്ചുചെന്നപ്പോൾ ഒരു മനുഷ്യൻ യേശുവിന്റെ മുമ്പിൽ മുട്ടുകുത്തി അവിടുത്തോടു പറഞ്ഞു: “കർത്താവേ, എന്റെ മകനോടു കരുണയുണ്ടാകണമേ! അപസ്മാരരോഗിയായ അവൻ വളരെയധികം കഷ്ടപ്പെടുന്നു. അവൻ പലപ്പോഴും തീയിലും വെള്ളത്തിലും വീഴുന്നു. ഞാൻ അവനെ അങ്ങയുടെ ശിഷ്യന്മാരുടെ അടുക്കൽ കൊണ്ടുവന്നു. അവർക്ക് അവനെ സുഖപ്പെടുത്തുവാൻ കഴിഞ്ഞില്ല.” യേശു ഇപ്രകാരം മറുപടി പറഞ്ഞു: “അവിശ്വാസവും വഴിപിഴച്ചതുമായ തലമുറ! എത്രകാലം ഞാൻ നിങ്ങളോടുകൂടിയിരിക്കും? എത്രത്തോളം ഞാൻ നിങ്ങളെ വഹിക്കും? ആ ബാലനെ ഇങ്ങു കൊണ്ടുവരൂ.” പിന്നീട് യേശു ഭൂതത്തെ ശാസിച്ചു; ഭൂതം ആ ബാലനിൽനിന്ന് ഒഴിഞ്ഞുപോയി. തൽക്ഷണം അവൻ സുഖംപ്രാപിച്ചു. ശിഷ്യന്മാർ രഹസ്യമായി യേശുവിന്റെ അടുത്തുവന്ന്, “ഞങ്ങൾക്ക് എന്തുകൊണ്ടാണ് ആ ഭൂതത്തെ പുറത്താക്കുവാൻ കഴിയാഞ്ഞത്?” എന്നു ചോദിച്ചു. യേശു പ്രതിവചിച്ചു: “നിങ്ങളുടെ വിശ്വാസത്തിന്റെ കുറവുകൊണ്ടുതന്നെ. ഞാൻ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു, ഒരു കടുകുമണിയോളം വിശ്വാസം നിങ്ങൾക്കുണ്ടെങ്കിൽ ഈ മലയോട് ‘ഇവിടെനിന്ന് അങ്ങോട്ടു മാറുക’ എന്നു പറഞ്ഞാൽ അതു മാറും. നിങ്ങൾക്ക് ഒന്നും അസാധ്യമായിരിക്കുകയില്ല. പ്രാർഥനയാലും ഉപവാസത്താലുമല്ലാതെ മറ്റൊന്നുകൊണ്ടും ഈ ജാതിയെ ഒഴിച്ചുവിടാൻ സാധ്യമല്ല.” ഗലീലയിൽ അവർ ഒരുമിച്ചു കൂടിയപ്പോൾ യേശു അവരോടു പറഞ്ഞു: “മനുഷ്യപുത്രൻ മനുഷ്യരുടെ കൈയിൽ ഏല്പിക്കപ്പെടുവാൻ പോകുകയാണ്. അവർ അവനെ വധിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്‌ക്കും.” ഇതുകേട്ട് ശിഷ്യന്മാർ അത്യധികം ദുഃഖിച്ചു. അവർ കഫർന്നഹൂമിൽ എത്തിയപ്പോൾ ദേവാലയനികുതി പിരിക്കുന്നവർ പത്രോസിനോട്, “നിങ്ങളുടെ ഗുരു ദേവാലയനികുതി കൊടുക്കാറുണ്ടോ?” എന്നു ചോദിച്ചു. “ഉണ്ട്” എന്നു പത്രോസ് പറഞ്ഞു. വീട്ടിൽ ചെന്നപ്പോൾ പത്രോസ് ഇതിനെപ്പറ്റി പറയുന്നതിനു മുമ്പ് യേശു ചോദിച്ചു: “ശിമോനേ, നിന്റെ അഭിപ്രായം എന്താണ്? ഈ ലോകത്തിലെ രാജാക്കന്മാർ ആരിൽനിന്നാണു ചുങ്കമോ തലപ്പണമോ പിരിക്കുന്നത്? സ്വന്തം രാജ്യത്തിലെ പൗരന്മാരിൽനിന്നോ, വിദേശീയരിൽനിന്നോ?” “വിദേശീയരിൽനിന്ന് എന്നു പറഞ്ഞപ്പോൾ യേശു പത്രോസിനോട്, “അങ്ങനെയെങ്കിൽ പൗരന്മാർ അവ കൊടുക്കേണ്ടതില്ലല്ലോ. എന്നാൽ നാം അവരെ പിണക്കേണ്ട ആവശ്യമില്ല; നീ പോയി തടാകത്തിൽ ചൂണ്ടയിടുക; ആദ്യം കിട്ടുന്ന മീനിന്റെ വായിൽനിന്ന് ഒരു നാണയം കിട്ടും. എന്റെയും നിന്റെയും ദേവാലയനികുതി കൊടുക്കുവാൻ അതു മതിയാകും; അതെടുത്തു നമ്മുടെ നികുതി അടയ്‍ക്കുക.”
മത്തായി 17:10-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ശിഷ്യന്മാർ അവനോട്: “എന്നാൽ ഏലിയാവത്രെ മുമ്പെ വരേണ്ടത് എന്നു ശാസ്ത്രിമാർ പറയുന്നത് എന്ത്?“ എന്നു ചോദിച്ചു. അതിന് അവൻ: ഏലിയാവ് നിശ്ചയമായും വന്നു സകലവും യഥാസ്ഥാനത്താക്കും. എന്നാൽ ഏലിയാവ് വന്നുകഴിഞ്ഞു എന്നു ഞാൻ നിങ്ങളോടു പറയുന്നു; എങ്കിലും അവർ അവനെ തിരിച്ചറിയാതെ തങ്ങൾക്കു ബോധിച്ചതുപോലെ എല്ലാം അവനോട് ചെയ്തു. അപ്രകാരം മനുഷ്യപുത്രനും അവരുടെ കരങ്ങളാൽ കഷ്ടപ്പെടുവാനുണ്ട് എന്നു ഉത്തരം പറഞ്ഞു. അവൻ യോഹന്നാൻസ്നാപകനെക്കുറിച്ചു തങ്ങളോട് പറഞ്ഞു എന്നു ശിഷ്യന്മാർ ഗ്രഹിച്ചു. അവർ പുരുഷാരത്തിന്റെ അടുക്കൽ വന്നപ്പോൾ ഒരു മനുഷ്യൻ വന്നു അവന്റെ മുമ്പാകെ മുട്ടുകുത്തി: “കർത്താവേ, എന്റെ മകനോടു കരുണയുണ്ടാകേണമേ; അവനു അപസ്മാരരോഗം ബാധിച്ചതു കൊണ്ടു പലപ്പോഴും തീയിലും വെള്ളത്തിലും വീണു കഠിനമായ കഷ്ടത്തിലായ്പോകുന്നു. ഞാൻ അവനെ നിന്റെ ശിഷ്യന്മാരുടെ അടുക്കൽ കൊണ്ടുവന്നു; എന്നാൽ സൌഖ്യമാക്കുവാൻ അവർക്ക് കഴിഞ്ഞില്ല“ എന്നു പറഞ്ഞു. അതിന് യേശു മറുപടി പറഞ്ഞത് അവിശ്വാസവും ദുഷിച്ചതുമായ തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു ഉത്തരം പറഞ്ഞു. യേശു ഭൂതത്തെ ശാസിച്ചു, അത് അവനെ വിട്ടുപോയി, ബാലന് ആ സമയം മുതൽ സൗഖ്യം വന്നു. പിന്നെ ശിഷ്യന്മാർ സ്വകാര്യമായി യേശുവിന്റെ അടുക്കൽ വന്നു: “ഞങ്ങൾക്കു അതിനെ പുറത്താക്കാൻ കഴിയാഞ്ഞത് എന്ത്?“ എന്നു ചോദിച്ചു. അവൻ അവരോട്: നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ; നിങ്ങൾക്ക് കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോട്: നീ ഇവിടെ നിന്നു അവിടേക്ക് നീങ്ങുക എന്നു പറഞ്ഞാൽ അത് നീങ്ങും; നിങ്ങൾക്ക് ഒന്നും അസാദ്ധ്യമാകയുമില്ല. (എങ്കിലും പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജനതകൾ നീങ്ങിപ്പോകുന്നില്ല) എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അവർ ഗലീലയിൽ പാർക്കുമ്പോൾ യേശു അവരോട്: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുകയും; അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു. അവർ കഫർന്നഹൂമിൽ എത്തിയപ്പോൾ കരം പിരിക്കുന്നവർ പത്രോസിന്‍റെ അടുക്കൽ വന്നു: “നിങ്ങളുടെ ഗുരു കരം (ദ്വിദ്രഹ്മപ്പണം) കൊടുക്കുന്നില്ലയോ?“ എന്നു ചോദിച്ചതിന്: “ഉണ്ട്“ എന്നു അവൻ പറഞ്ഞു. പത്രൊസ് വീട്ടിൽ വന്നപ്പോൾ യേശു ആദ്യം അവനോട്: ശിമോനേ, നിനക്കു എന്ത് തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാർ പ്രതിഫലമോ കരമോ ആരോട് വാങ്ങുന്നു? രാജ്യത്തിലെ അംഗങ്ങളോടോ അതോ പുറത്തുള്ളവരോടോ എന്നു ചോദിച്ചതിന്: “പുറത്തുള്ളവരോട്“ എന്നു പത്രൊസ് പറഞ്ഞു. യേശു അവനോട്: എന്നാൽ രാജ്യത്തിലെ അംഗങ്ങൾ ഒഴിവുള്ളവരല്ലോ. എങ്കിലും നാം കരം പിരിക്കുന്നവർക്ക് ഇടർച്ച വരുത്താതിരിക്കേണ്ടതിന് നീ കടലിലേക്കു ചെന്നു ചൂണ്ട ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ് തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മപ്പണം കാണും; അത് എടുത്ത് എനിക്കും നിനക്കും വേണ്ടി കൊടുക്ക എന്നു പറഞ്ഞു.
മത്തായി 17:10-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ശിഷ്യന്മാർ അവനോടു: എന്നാൽ ഏലീയാവു മുമ്പെ വരേണ്ടതു എന്നു ശാസ്ത്രിമാർ പറയുന്നതു എന്തു എന്നു ചോദിച്ചു. അതിന്നു അവൻ: ഏലീയാവു വന്നു സകലവും യഥാസ്ഥാനത്താക്കും സത്യം. എന്നാൽ ഏലീയാവു വന്നു കഴിഞ്ഞു എന്നു ഞാൻ നിങ്ങളോടു പറയുന്നു; എങ്കിലും അവർ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങൾക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു. അവ്വണ്ണം മനുഷ്യപുത്രന്നും അവരാൽ കഷ്ടപ്പെടുവാനുണ്ടു എന്നു ഉത്തരം പറഞ്ഞു. അവൻ യോഹന്നാൻസ്നാപകനെക്കുറിച്ചു തങ്ങളോടു പറഞ്ഞു എന്നു ശിഷ്യന്മാർ ഗ്രഹിച്ചു. അവർ പുരുഷാരത്തിന്റെ അടുക്കൽ വന്നാറെ ഒരു മനുഷ്യൻ വന്നു അവന്റെ മുമ്പാകെ മുട്ടുകുത്തി: കർത്താവേ, എന്റെ മകനോടു കരുണയുണ്ടാകേണമേ; അവൻ ചന്ദ്രരോഗം പിടിച്ചു പലപ്പോഴും തീയിലും പലപ്പോഴും വെള്ളത്തിലും വീണു വല്ലാത്ത കഷ്ടത്തിലായ്പോകുന്നു. ഞാൻ അവനെ നിന്റെ ശിഷ്യന്മാരുടെ അടുക്കൽ കൊണ്ടുവന്നു; എന്നാൽ സൗഖ്യം വരുത്തുവാൻ അവർക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു. അതിന്നു യേശു: അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു ഉത്തരം പറഞ്ഞു. യേശു ഭൂതത്തെ ശാസിച്ചു, അതു അവനെ വിട്ടുപോയി, ബാലന്നു ആ നാഴികമുതൽ സൗഖ്യംവന്നു. പിന്നെ ശിഷ്യന്മാർ സ്വകാര്യമായി യേശുവിന്റെ അടുക്കൽ വന്നു: ഞങ്ങൾക്കു അതിനെ പുറത്താക്കിക്കൂടാഞ്ഞതു എന്തു എന്നു ചോദിച്ചു. അവൻ അവരോടു: നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ; നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു: ഇവിടെ നിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും; നിങ്ങൾക്കു ഒന്നും അസാദ്ധ്യമാകയുമില്ല. (എങ്കിലും പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല) എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അവർ ഗലീലയിൽ സഞ്ചരിക്കുമ്പോൾ യേശു അവരോടു: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാറായിരിക്കുന്നു. അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു. അവർ കഫർന്നഹൂമിൽ എത്തിയാറെ ദ്വിദ്രഹ്മപ്പണം വാങ്ങുന്നവർ പത്രൊസിന്റെ അടക്കൽ വന്നു: നിങ്ങളുടെ ഗുരു ദ്വിദ്രഹ്മപ്പണം കൊടുക്കുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഉവ്വു എന്നു അവൻ പറഞ്ഞു. അവൻ വീട്ടിൽ വന്നപ്പോൾ യേശു അവനോടു: ശിമോനേ, നിനക്കു എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാർ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ എന്നു മുന്നിട്ടു ചോദിച്ചതിന്നു: അന്യരോടു എന്നു അവൻ പറഞ്ഞു. യേശു അവനോടു: എന്നാൽ പുത്രന്മാർ ഒഴിവുള്ളവരല്ലോ. എങ്കിലും നാം അവർക്കു ഇടർച്ച വരുത്താതിരിക്കേണ്ടതിന്നു നീ കടലിലേക്കു ചെന്നു ചൂണ്ടൽ ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ് തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മപ്പണം കാണും; അതു എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക എന്നു പറഞ്ഞു.
മത്തായി 17:10-27 സമകാലിക മലയാളവിവർത്തനം (MCV)
ശിഷ്യന്മാർ അദ്ദേഹത്തോട്, “ഏലിയാവ് ആദ്യം വരണം എന്ന് വേദജ്ഞർ പറയുന്നത് എന്തുകൊണ്ടാണ്?” എന്നു ചോദിച്ചു. അതിന് യേശു, “ഏലിയാവ് വരികയും എല്ലാക്കാര്യങ്ങളും പുനഃസ്ഥാപിക്കുകയും ചെയ്യും, നിശ്ചയം. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, ഏലിയാവ് വന്നുകഴിഞ്ഞു, അദ്ദേഹത്തെ ആരും തിരിച്ചറിഞ്ഞില്ല; തങ്ങൾ ആഗ്രഹിച്ചതുപോലെയെല്ലാം യെഹൂദർ അദ്ദേഹത്തോട് പ്രവർത്തിക്കുകയും ചെയ്തു. അതുപോലെതന്നെ മനുഷ്യപുത്രനും അവരിൽനിന്ന് പീഡനം സഹിക്കും” എന്നു പറഞ്ഞു. യേശു തങ്ങളോടു സംസാരിച്ചത് യോഹന്നാൻസ്നാപകനെക്കുറിച്ചാണ് എന്ന് അപ്പോൾ ശിഷ്യന്മാർക്ക് മനസ്സിലായി. യേശുവും ശിഷ്യന്മാരും ജനക്കൂട്ടത്തിനടുത്തു വന്നപ്പോൾ ഒരു മനുഷ്യൻ അദ്ദേഹത്തെ സമീപിച്ച് മുട്ടുകുത്തി, “കർത്താവേ, എന്റെ മകനോട് കരുണയുണ്ടാകണമേ, അവൻ അപസ്മാരരോഗത്താൽ അതിദാരുണമായി നരകിക്കുന്നു; പലപ്പോഴും തീയിലും വെള്ളത്തിലും വീണുപോകുന്നു. അങ്ങയുടെ ശിഷ്യന്മാരുടെ അടുക്കൽ ഞാൻ അവനെ കൊണ്ടുവന്നു, എങ്കിലും അവർക്ക് അവനെ സൗഖ്യമാക്കാൻ കഴിഞ്ഞില്ല” എന്നു പറഞ്ഞു. അതിന് യേശു, “അവിശ്വാസവും വക്രതയുമുള്ള തലമുറയേ, എത്രനാൾ ഞാൻ നിങ്ങളോടുകൂടെ വസിക്കും? എത്രനാൾ ഞാൻ നിങ്ങളെ സഹിക്കും? ബാലനെ ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരിക” എന്നു പറഞ്ഞു. യേശു ഭൂതത്തെ ശാസിച്ചു, അത് ബാലനിൽനിന്ന് പുറത്തുപോയി; ആ നിമിഷത്തിൽത്തന്നെ അവൻ സൗഖ്യമായി. അതിനുശേഷം ശിഷ്യന്മാർ യേശുവിന്റെ അടുക്കൽവന്ന്, “ഞങ്ങൾക്ക് ആ ആത്മാവിനെ പുറത്താക്കാൻ കഴിയാഞ്ഞത് എന്തുകൊണ്ടാണ്?” എന്നു രഹസ്യമായി ചോദിച്ചു. “അത് നിങ്ങളിലെ വിശ്വാസത്തിന്റെ അപര്യാപ്തതമൂലമാണ്. നിങ്ങൾക്ക് ഒരു കടുകുമണിയോളമെങ്കിലും വിശ്വാസം ഉണ്ടെങ്കിൽ ഈ മലയോട്, ‘ഇവിടെനിന്ന് മാറിപ്പോകുക’ എന്നു പറഞ്ഞാൽ അതു മാറിപ്പോകും, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങൾക്ക് അസാധ്യമായത് ഒന്നുംതന്നെ ഉണ്ടാകുകയില്ല. എന്നാൽ പ്രാർഥനയാലും ഉപവാസത്താലും അല്ലാതെ ഈ വിധമുള്ളവ ഒഴിഞ്ഞുപോകുകയില്ല.” അവർ ഒന്നിച്ച് ഗലീലയിൽ എത്തിയപ്പോൾ യേശു അവരോട്, “മനുഷ്യപുത്രൻ (ഞാൻ) മനുഷ്യരുടെ കൈയിൽ ഏൽപ്പിക്കപ്പെടും; അവർ അവനെ കൊല്ലും. എന്നാൽ, മൂന്നാംദിവസം അവൻ ഉയിർത്തെഴുന്നേൽക്കും” എന്നു പറഞ്ഞു. ഇതു കേട്ട് ശിഷ്യന്മാർ അത്യന്തം ദുഃഖിതരായി. യേശുവും ശിഷ്യന്മാരും കഫാർനഹൂമിൽ എത്തിയപ്പോൾ ഓരോ വ്യക്തിയിൽനിന്ന് രണ്ട് ദ്രഹ്മ വീതം ദൈവാലയനികുതി ഈടാക്കുന്നവർ പത്രോസിന്റെ അടുക്കൽവന്ന്, “നിങ്ങളുടെ ഗുരു ദൈവാലയനികുതി കൊടുക്കുന്നില്ലേ?” എന്നു ചോദിച്ചു. “ഉവ്വ്, കൊടുക്കുന്നുണ്ടല്ലോ,” പത്രോസ് മറുപടി പറഞ്ഞു. പത്രോസ് ഭവനത്തിൽ പ്രവേശിച്ചപ്പോൾ യേശുവാണ് സംഭാഷണം ആരംഭിച്ചത്. “ശിമോനേ, എന്താണ് നിന്റെ അഭിപ്രായം? ഭൂമിയിലെ രാജാക്കന്മാർ കരമോ നികുതിയോ പിരിക്കുന്നത് ആരിൽനിന്നാണ്—അവരുടെ സ്വന്തം മക്കളിൽനിന്നോ അതോ അന്യരിൽനിന്നോ?” അദ്ദേഹം ചോദിച്ചു. “അന്യരിൽനിന്ന്,” പത്രോസ് മറുപടി നൽകി. “അങ്ങനെയെങ്കിൽ മക്കൾ ഒഴിവുള്ളവരാണല്ലോ,” യേശു അദ്ദേഹത്തോട് പറഞ്ഞു. “എന്തായാലും നാം അവരെ എതിർക്കേണ്ടതില്ല; നീ തടാകത്തിൽ ചെന്ന് ചൂണ്ടയിടുക. ആദ്യം ലഭിക്കുന്ന മത്സ്യത്തെ എടുത്ത് അതിന്റെ വായ് തുറക്കുമ്പോൾ നാലു ദ്രഹ്മയുടെ ഒരു നാണയം കാണും; അത് എടുത്ത് നാം ഇരുവരുടെയും നികുതി നൽകുക,” എന്നു പറഞ്ഞു.