അപ്പോൾ ശിഷ്യന്മാർ അവിടുത്തോടു ചോദിച്ചു: “ആദ്യം ഏലിയാ വരേണ്ടതാണെന്നു മതപണ്ഡിതന്മാർ പറയുന്നത് എന്തുകൊണ്ട്?” അതിന് യേശു മറുപടി പറഞ്ഞു: “ഏലിയാ ആദ്യം വരികയും എല്ലാം പുനഃസ്ഥാപിക്കുകയും വേണം, എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ഏലിയാ വന്നുകഴിഞ്ഞിരിക്കുന്നു; ആരും അദ്ദേഹത്തെ അറിഞ്ഞില്ല; തങ്ങൾക്കു തോന്നിയതെല്ലാം അവർ അദ്ദേഹത്തോടു ചെയ്തു. അതുപോലെതന്നെ മനുഷ്യപുത്രനെയും അവർ പീഡിപ്പിക്കും.” സ്നാപകയോഹന്നാനെക്കുറിച്ചാണ് തങ്ങളോട് അരുൾചെയ്തതെന്ന് ശിഷ്യന്മാർക്ക് അപ്പോൾ മനസ്സിലായി. അവർ ജനക്കൂട്ടത്തിനടുത്തു തിരിച്ചുചെന്നപ്പോൾ ഒരു മനുഷ്യൻ യേശുവിന്റെ മുമ്പിൽ മുട്ടുകുത്തി അവിടുത്തോടു പറഞ്ഞു: “കർത്താവേ, എന്റെ മകനോടു കരുണയുണ്ടാകണമേ! അപസ്മാരരോഗിയായ അവൻ വളരെയധികം കഷ്ടപ്പെടുന്നു. അവൻ പലപ്പോഴും തീയിലും വെള്ളത്തിലും വീഴുന്നു. ഞാൻ അവനെ അങ്ങയുടെ ശിഷ്യന്മാരുടെ അടുക്കൽ കൊണ്ടുവന്നു. അവർക്ക് അവനെ സുഖപ്പെടുത്തുവാൻ കഴിഞ്ഞില്ല.” യേശു ഇപ്രകാരം മറുപടി പറഞ്ഞു: “അവിശ്വാസവും വഴിപിഴച്ചതുമായ തലമുറ! എത്രകാലം ഞാൻ നിങ്ങളോടുകൂടിയിരിക്കും? എത്രത്തോളം ഞാൻ നിങ്ങളെ വഹിക്കും? ആ ബാലനെ ഇങ്ങു കൊണ്ടുവരൂ.” പിന്നീട് യേശു ഭൂതത്തെ ശാസിച്ചു; ഭൂതം ആ ബാലനിൽനിന്ന് ഒഴിഞ്ഞുപോയി. തൽക്ഷണം അവൻ സുഖംപ്രാപിച്ചു. ശിഷ്യന്മാർ രഹസ്യമായി യേശുവിന്റെ അടുത്തുവന്ന്, “ഞങ്ങൾക്ക് എന്തുകൊണ്ടാണ് ആ ഭൂതത്തെ പുറത്താക്കുവാൻ കഴിയാഞ്ഞത്?” എന്നു ചോദിച്ചു. യേശു പ്രതിവചിച്ചു: “നിങ്ങളുടെ വിശ്വാസത്തിന്റെ കുറവുകൊണ്ടുതന്നെ. ഞാൻ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു, ഒരു കടുകുമണിയോളം വിശ്വാസം നിങ്ങൾക്കുണ്ടെങ്കിൽ ഈ മലയോട് ‘ഇവിടെനിന്ന് അങ്ങോട്ടു മാറുക’ എന്നു പറഞ്ഞാൽ അതു മാറും. നിങ്ങൾക്ക് ഒന്നും അസാധ്യമായിരിക്കുകയില്ല. പ്രാർഥനയാലും ഉപവാസത്താലുമല്ലാതെ മറ്റൊന്നുകൊണ്ടും ഈ ജാതിയെ ഒഴിച്ചുവിടാൻ സാധ്യമല്ല.” ഗലീലയിൽ അവർ ഒരുമിച്ചു കൂടിയപ്പോൾ യേശു അവരോടു പറഞ്ഞു: “മനുഷ്യപുത്രൻ മനുഷ്യരുടെ കൈയിൽ ഏല്പിക്കപ്പെടുവാൻ പോകുകയാണ്. അവർ അവനെ വധിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്‌ക്കും.” ഇതുകേട്ട് ശിഷ്യന്മാർ അത്യധികം ദുഃഖിച്ചു. അവർ കഫർന്നഹൂമിൽ എത്തിയപ്പോൾ ദേവാലയനികുതി പിരിക്കുന്നവർ പത്രോസിനോട്, “നിങ്ങളുടെ ഗുരു ദേവാലയനികുതി കൊടുക്കാറുണ്ടോ?” എന്നു ചോദിച്ചു. “ഉണ്ട്” എന്നു പത്രോസ് പറഞ്ഞു. വീട്ടിൽ ചെന്നപ്പോൾ പത്രോസ് ഇതിനെപ്പറ്റി പറയുന്നതിനു മുമ്പ് യേശു ചോദിച്ചു: “ശിമോനേ, നിന്റെ അഭിപ്രായം എന്താണ്? ഈ ലോകത്തിലെ രാജാക്കന്മാർ ആരിൽനിന്നാണു ചുങ്കമോ തലപ്പണമോ പിരിക്കുന്നത്? സ്വന്തം രാജ്യത്തിലെ പൗരന്മാരിൽനിന്നോ, വിദേശീയരിൽനിന്നോ?” “വിദേശീയരിൽനിന്ന് എന്നു പറഞ്ഞപ്പോൾ യേശു പത്രോസിനോട്, “അങ്ങനെയെങ്കിൽ പൗരന്മാർ അവ കൊടുക്കേണ്ടതില്ലല്ലോ. എന്നാൽ നാം അവരെ പിണക്കേണ്ട ആവശ്യമില്ല; നീ പോയി തടാകത്തിൽ ചൂണ്ടയിടുക; ആദ്യം കിട്ടുന്ന മീനിന്റെ വായിൽനിന്ന് ഒരു നാണയം കിട്ടും. എന്റെയും നിന്റെയും ദേവാലയനികുതി കൊടുക്കുവാൻ അതു മതിയാകും; അതെടുത്തു നമ്മുടെ നികുതി അടയ്‍ക്കുക.”
MATHAIA 17 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: MATHAIA 17:10-27
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ