മത്തായി 17:1-6

മത്തായി 17:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ച് ഒരു ഉയർന്ന മലയിലേക്കു കൊണ്ടുപോയി, അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ച് അവന്റെ വസ്ത്രം വെളിച്ചംപോലെ വെള്ളയായിത്തീർന്നു. മോശെയും ഏലീയാവും അവനോടു സംഭാഷിക്കുന്നതായി അവർ കണ്ടു. അപ്പോൾ പത്രൊസ് യേശുവിനോട്: കർത്താവേ, നാം ഇവിടെ ഇരിക്കുന്നതു നന്ന്; നിനക്കു സമ്മതമെങ്കിൽ ഞാൻ ഇവിടെ മൂന്നു കുടിൽ ഉണ്ടാക്കാം, ഒന്ന് നിനക്കും ഒന്നു മോശെക്കും ഒന്ന് ഏലീയാവിനും എന്നു പറഞ്ഞു. അവൻ പറയുമ്പോൾ തന്നെ പ്രകാശമുള്ളോരു മേഘം അവരുടെമേൽ നിഴലിട്ടു; മേഘത്തിൽനിന്ന്: ഇവൻ എന്റെ പ്രിയപുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവനു ചെവികൊടുപ്പിൻ എന്ന് ഒരു ശബ്ദവും ഉണ്ടായി. ശിഷ്യന്മാർ അതു കേട്ടിട്ട് ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു.

മത്തായി 17:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ആറു ദിവസം കഴിഞ്ഞ് യേശു പത്രോസിനെയും യാക്കോബിനെയും യാക്കോബിന്റെ സഹോദരൻ യോഹന്നാനെയും കൂട്ടിക്കൊണ്ട് ഒരു ഉയർന്ന മലയിലേക്കു പോയി. അവിടെ അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടുന്ന് അവരുടെ കൺമുമ്പിൽവച്ചു രൂപാന്തരം പ്രാപിച്ചു. അവിടുത്തെ മുഖം സൂര്യനെപ്പോലെ ശോഭയുള്ളതായിത്തീർന്നു; വസ്ത്രം പ്രകാശംപോലെ വെൺമയുള്ളതായും മോശയും ഏലിയായും പ്രത്യക്ഷപ്പെട്ട് യേശുവിനോടു സംസാരിക്കുന്നതായും അവർ കണ്ടു. അപ്പോൾ പത്രോസ് യേശുവിനോടു പറഞ്ഞു: “നാഥാ, നാം ഇവിടെ ആയിരിക്കുന്നത് എത്ര നന്ന്! അങ്ങ് ഇച്ഛിക്കുന്നെങ്കിൽ ഞാൻ മൂന്നു കൂടാരങ്ങൾ ഇവിടെ നിർമിക്കാം; ഒന്ന് അവിടുത്തേക്കും, ഒന്നു മോശയ്‍ക്കും ഒന്ന് ഏലിയായ്‍ക്കും.” പത്രോസ് ഇങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ വെട്ടിത്തിളങ്ങുന്ന ഒരു മേഘം വന്ന് അവരെ മൂടി; “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു; ഇവൻ പറയുന്നതു ശ്രദ്ധിക്കുക” എന്നു മേഘത്തിൽനിന്ന് ഒരു അശരീരിയും കേട്ടു. ശിഷ്യന്മാർ ഈ ശബ്ദം കേട്ടപ്പോൾ അത്യന്തം ഭയപരവശരായി കമിഴ്ന്നുവീണു.

മത്തായി 17:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്‍റെ സഹോദരനായ യോഹന്നാനോടും കൂടെ ഒരു ഉയർന്ന മലയിലേക്ക് പോയി, അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്‍റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്‍റെ വസ്ത്രം വെളിച്ചംപോലെ തിളങ്ങുന്നതായി തീർന്നു. ഇതാ മോശെയും ഏലിയാവും പ്രത്യക്ഷമായി അവനോട് സംസാരിക്കുന്നതും അവർ കണ്ടു. അപ്പോൾ പത്രൊസ് യേശുവിനോടു: “കർത്താവേ, നാം ഇവിടെ ഇരിക്കുന്നത് നല്ലത്; നിനക്കു സമ്മതമെങ്കിൽ ഞാൻ ഇവിടെ മൂന്നു കുടിൽ ഉണ്ടാക്കാം; ഒന്ന് നിനക്കും ഒന്ന് മോശെക്കും ഒന്ന് ഏലിയാവിനും“ എന്നു പറഞ്ഞു. അവൻ പറയുമ്പോൾ തന്നെ പ്രകാശമുള്ളൊരു മേഘം അവരുടെ മേൽ നിഴലിട്ടു; മേഘത്തിൽനിന്നു, “ഇവൻ എന്‍റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു; ഇവനെ ശ്രദ്ധിപ്പിൻ“ എന്നു ഒരു ശബ്ദവും ഉണ്ടായി. ശിഷ്യന്മാർ അത് കേട്ടിട്ടു ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു.

മത്തായി 17:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ചു ഒരു ഉയർന്ന മലയിലേക്കു കൊണ്ടുപോയി, അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചംപോലെ വെള്ളയായി തീർന്നു. മോശെയും ഏലീയാവും അവനോടു സംഭാഷിക്കുന്നതായി അവർ കണ്ടു. അപ്പോൾ പത്രൊസ് യേശുവിനോടു: കർത്താവേ, നാം ഇവിടെ ഇരിക്കുന്നതു നന്നു; നിനക്കു സമ്മതമെങ്കിൽ ഞാൻ ഇവിടെ മൂന്നു കുടിൽ ഉണ്ടാക്കാം; ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു പറഞ്ഞു. അവൻ പറയുമ്പോൾ തന്നേ പ്രകാശമുള്ളോരു മേഘം അവരുടെ മേൽ നിഴലിട്ടു; മേഘത്തിൽ നിന്നു: ഇവൻ എന്റെ പ്രിയപുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദവും ഉണ്ടായി. ശിഷ്യന്മാർ അതു കേട്ടിട്ടു ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു.

മത്തായി 17:1-6 സമകാലിക മലയാളവിവർത്തനം (MCV)

ഈ സംഭാഷണംനടന്ന് ആറുദിവസം കഴിഞ്ഞ് യേശു, പത്രോസ്, യാക്കോബ്, യാക്കോബിന്റെ സഹോദരൻ യോഹന്നാൻ എന്നിവരെമാത്രം കൂട്ടിക്കൊണ്ട് ഒരു ഉയർന്ന മലയിലേക്കുപോയി. അവിടെവെച്ച് അദ്ദേഹം അവരുടെമുമ്പിൽ രൂപാന്തരപ്പെട്ടു. അദ്ദേഹത്തിന്റെ മുഖം സൂര്യനെപ്പോലെ പ്രശോഭിച്ചു; വസ്ത്രം പ്രകാശംപോലെ വെണ്മയുള്ളതായിത്തീർന്നു. മോശയും ഏലിയാവും യേശുവിനോട് സംസാരിക്കുന്നതായും അവർ കണ്ടു. അപ്പോൾ പത്രോസ് യേശുവിനോട്, “കർത്താവേ, നാം ഇവിടെ ആയിരിക്കുന്നത് എത്രയോ നല്ലത്. അവിടത്തേക്കു പ്രസാദമെങ്കിൽ ഞാൻ ഇവിടെ മൂന്ന് കൂടാരങ്ങൾ ഉണ്ടാക്കാം. ഒന്ന് അങ്ങേക്കും ഒന്ന് മോശയ്ക്കും മറ്റൊന്ന് ഏലിയാവിനും” എന്നു പറഞ്ഞു. പത്രോസ് ഇതു സംസാരിക്കുമ്പോൾ, പ്രകാശപൂരിതമായ ഒരു മേഘം അവരെ ആവരണംചെയ്തു. ആ മേഘത്തിൽനിന്ന്, “ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ പ്രിയപുത്രൻ ഇവൻതന്നെ, ഇവൻ പറയുന്നത് ശ്രദ്ധിച്ചുകേൾക്കുക” എന്ന് ഒരു അശരീരി ഉണ്ടായി. ഇതു കേട്ട ശിഷ്യന്മാർ ഭയന്നുവിറച്ചു നിലത്ത് കമിഴ്ന്നുവീണു.