മത്തായി 17:1-6

മത്തായി 17:1-6 MCV

ഈ സംഭാഷണംനടന്ന് ആറുദിവസം കഴിഞ്ഞ് യേശു, പത്രോസ്, യാക്കോബ്, യാക്കോബിന്റെ സഹോദരൻ യോഹന്നാൻ എന്നിവരെമാത്രം കൂട്ടിക്കൊണ്ട് ഒരു ഉയർന്ന മലയിലേക്കുപോയി. അവിടെവെച്ച് അദ്ദേഹം അവരുടെമുമ്പിൽ രൂപാന്തരപ്പെട്ടു. അദ്ദേഹത്തിന്റെ മുഖം സൂര്യനെപ്പോലെ പ്രശോഭിച്ചു; വസ്ത്രം പ്രകാശംപോലെ വെണ്മയുള്ളതായിത്തീർന്നു. മോശയും ഏലിയാവും യേശുവിനോട് സംസാരിക്കുന്നതായും അവർ കണ്ടു. അപ്പോൾ പത്രോസ് യേശുവിനോട്, “കർത്താവേ, നാം ഇവിടെ ആയിരിക്കുന്നത് എത്രയോ നല്ലത്. അവിടത്തേക്കു പ്രസാദമെങ്കിൽ ഞാൻ ഇവിടെ മൂന്ന് കൂടാരങ്ങൾ ഉണ്ടാക്കാം. ഒന്ന് അങ്ങേക്കും ഒന്ന് മോശയ്ക്കും മറ്റൊന്ന് ഏലിയാവിനും” എന്നു പറഞ്ഞു. പത്രോസ് ഇതു സംസാരിക്കുമ്പോൾ, പ്രകാശപൂരിതമായ ഒരു മേഘം അവരെ ആവരണംചെയ്തു. ആ മേഘത്തിൽനിന്ന്, “ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ പ്രിയപുത്രൻ ഇവൻതന്നെ, ഇവൻ പറയുന്നത് ശ്രദ്ധിച്ചുകേൾക്കുക” എന്ന് ഒരു അശരീരി ഉണ്ടായി. ഇതു കേട്ട ശിഷ്യന്മാർ ഭയന്നുവിറച്ചു നിലത്ത് കമിഴ്ന്നുവീണു.