ലൂക്കൊസ് 9:28-50
ലൂക്കൊസ് 9:28-50 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഈ വാക്കുകളെ പറഞ്ഞിട്ട് ഏകദേശം എട്ടുനാൾ കഴിഞ്ഞപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ടു പ്രാർഥിപ്പാൻ മലയിൽ കയറിപ്പോയി. അവൻ പ്രാർഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം മാറി, ഉടുപ്പ് മിന്നുന്ന വെള്ളയായും തീർന്നു. രണ്ടു പുരുഷന്മാർ അവനോടു സംഭാഷിച്ചു; മോശെയും ഏലീയാവും തന്നെ. അവർ തേജസ്സിൽ പ്രത്യക്ഷരായി അവൻ യെരൂശലേമിൽ പ്രാപിപ്പാനുള്ള നിര്യാണത്തെക്കുറിച്ചു സംസാരിച്ചു. പത്രൊസും കൂടെയുള്ളവരും ഉറക്കത്താൽ ഭാരപ്പെട്ടിരുന്നു; ഉണർന്നശേഷം അവന്റെ തേജസ്സിനെയും അവനോടുകൂടെ നില്ക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ടു. അവർ അവനെ വിട്ടുപിരിയുമ്പോൾ പത്രൊസ് യേശുവിനോട്: ഗുരോ, നാം ഇവിടെ ഇരിക്കുന്നത് നല്ലത്; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ, ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്ന് ഏലീയാവിനും എന്നു താൻ പറയുന്നത് ഇന്നത് എന്ന് അറിയാതെ പറഞ്ഞു. ഇതു പറയുമ്പോൾ ഒരു മേഘം വന്ന് അവരുടെമേൽ നിഴലിട്ടു. അവർ മേഘത്തിൽ ആയപ്പോൾ പേടിച്ചു. മേഘത്തിൽനിന്ന്: ഇവൻ എന്റെ പ്രിയപുത്രൻ, ഇവനു ചെവികൊടുപ്പിൻ എന്ന് ഒരു ശബ്ദം ഉണ്ടായി. ശബ്ദം ഉണ്ടായ നേരത്ത് യേശുവിനെ തനിയേ കണ്ടു; അവർ കണ്ടത് ഒന്നും ആ നാളുകളിൽ ആരോടും അറിയിക്കാതെ മൗനമായിരുന്നു. പിറ്റന്നാൾ അവർ മലയിൽനിന്ന് ഇറങ്ങിവന്നപ്പോൾ ബഹുപുരുഷാരം അവനെ എതിരേറ്റു. കൂട്ടത്തിൽനിന്ന് ഒരാൾ നിലവിളിച്ചു: ഗുരോ, എന്റെ മകനെ കടാക്ഷിക്കേണമെന്നു ഞാൻ നിന്നോട് അപേക്ഷിക്കുന്നു; അവൻ എനിക്ക് ഏകജാതൻ ആകുന്നു. ഒരാത്മാവ് അവനെ പിടിച്ചിട്ട് അവൻ പൊടുന്നനവേ നിലവിളിക്കുന്നു; അത് അവനെ നുരപ്പിച്ചു പിടപ്പിക്കുന്നു; പിന്നെ അവനെ ഞെരിച്ചിട്ടു പ്രയാസത്തോടെ വിട്ടുമാറുന്നു. അതിനെ പുറത്താക്കുവാൻ നിന്റെ ശിഷ്യന്മാരോട് അപേക്ഷിച്ചു എങ്കിലും അവർക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു. അതിന് യേശു: അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ സഹിക്കും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക എന്ന് ഉത്തരം പറഞ്ഞു; അവൻ വരുമ്പോൾതന്നെ ഭൂതം അവനെ തള്ളിയിട്ടു പിടപ്പിച്ചു. യേശു അശുദ്ധാത്മാവിനെ ശാസിച്ചു ബാലനെ സൗഖ്യമാക്കി, അപ്പനെ ഏല്പിച്ചു. എല്ലാവരും ദൈവത്തിന്റെ മഹിമയിങ്കൽ വിസ്മയിച്ചു. യേശു ചെയ്യുന്നതിലൊക്കെയും എല്ലാവരും ആശ്ചര്യപ്പെടുമ്പോൾ അവൻ തന്റെ ശിഷ്യന്മാരോട്: നിങ്ങൾ ഈ വാക്കു ശ്രദ്ധിച്ചു കേട്ടുകൊൾവിൻ: മനുഷ്യപുത്രൻ മനുഷ്യരുടെ കൈയിൽ ഏല്പിക്കപ്പെടുവാൻ പോകുന്നു എന്നു പറഞ്ഞു. ആ വാക്ക് അവർ ഗ്രഹിച്ചില്ല; അത് തിരിച്ചറിയാതവണ്ണം അവർക്കു മറഞ്ഞിരുന്നു; ആ വാക്ക് സംബന്ധിച്ച് അവനോട് ചോദിപ്പാൻ അവർ ശങ്കിച്ചു. അവരിൽവച്ച് ആർ വലിയവൻ എന്ന് ഒരു വാദം അവരുടെ ഇടയിൽ നടന്നു. യേശു അവരുടെ ഹൃദയവിചാരം കണ്ട് ഒരു ശിശുവിനെ എടുത്ത് അരികെ നിറുത്തി: ഈ ശിശുവിനെ എന്റെ നാമത്തിൽ ആരെങ്കിലും കൈക്കൊണ്ടാൽ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു; നിങ്ങളെല്ലാവരിലും ചെറിയവനായവൻ അത്രേ വലിയവൻ ആകും എന്ന് അവരോടു പറഞ്ഞു. നാഥാ, ഒരുത്തൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു; ഞങ്ങളോടുകൂടെ നിന്നെ അനുഗമിക്കായ്കയാൽ അവനെ വിരോധിച്ചു എന്നു യോഹന്നാൻ പറഞ്ഞതിന് യേശു അവനോട്: വിരോധിക്കരുത്; നിങ്ങൾക്കു പ്രതികൂലമല്ലാത്തവൻ നിങ്ങൾക്ക് അനുകൂലമല്ലോ എന്നു പറഞ്ഞു.
ലൂക്കൊസ് 9:28-50 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇക്കാര്യങ്ങൾ പറഞ്ഞ് ഏകദേശം എട്ടു ദിവസം കഴിഞ്ഞ് യേശു പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ട് പ്രാർഥിക്കുന്നതിനായി ഒരു മലയിലേക്കു പോയി. പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ യേശുവിന്റെ മുഖഭാവം മാറി. അവിടുത്തെ വസ്ത്രം കണ്ണഞ്ചിക്കുന്ന വെൺമയുള്ളതായിത്തീർന്നു. അതാ രണ്ടു പുരുഷന്മാർ യേശുവിനോടു സംസാരിക്കുന്നു! മോശയും ഏലിയായും! യെരൂശലേമിൽവച്ചു നടക്കുവാൻ പോകുന്നതിന്റെ നിര്യാണത്തിലൂടെ ദൈവോദ്ദേശ്യം പൂർത്തീകരിക്കുന്നതിനെക്കുറിച്ചാണ് ആ തേജോമയന്മാർ യേശുവിനോടു സംസാരിച്ചത്. പത്രോസും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവരും ഗാഢനിദ്രയിലാണ്ടിരുന്നു. ഉണർന്നപ്പോൾ ഉജ്ജ്വല തേജസ്സോടുകൂടിയ യേശുവിനെയും തന്നോടുകൂടെ നില്‌ക്കുന്ന രണ്ടുപേരെയും അവർ കണ്ടു. അവർ യേശുവിനെ വിട്ടുപിരിയാൻ ഭാവിച്ചപ്പോൾ പത്രോസ് യേശുവിനോടു പറഞ്ഞു: “ഗുരോ, നാം ഇവിടെ ഇരിക്കുന്നതു നന്ന്; ഞങ്ങൾ മൂന്നു കൂടാരങ്ങൾ ഉണ്ടാക്കട്ടെ; ഒന്ന് അങ്ങേക്കും, ഒന്നു മോശയ്‍ക്കും, ഒന്ന് ഏലീയായ്‍ക്കും.” താൻ പറയുന്നത് എന്തെന്ന് പത്രോസ് അറിഞ്ഞില്ല. ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോൾത്തന്നെ ഒരു മേഘം വന്ന് അവരുടെമേൽ നിഴൽ വീശി. അവർ മേഘത്തിനുള്ളിലായപ്പോൾ ശിഷ്യന്മാർ ഭയപ്പെട്ടു. “ഇവനാണ് ഞാൻ തിരഞ്ഞെടുത്ത എന്റെ പുത്രൻ; ഇവന്റെ വാക്കുകൾ ശ്രദ്ധിക്കുക.” എന്നൊരു അശരീരി ആ സമയത്ത് മേഘത്തിൽ നിന്നുണ്ടായി. അശരീരി നിലച്ചപ്പോൾ യേശുവിനെ മാത്രമേ അവർ കണ്ടുള്ളൂ. ഈ ദർശനത്തെക്കുറിച്ച് അക്കാലത്ത് ശിഷ്യന്മാർ ആരോടും പറയാതെ മൗനം അവലംബിച്ചു. പിറ്റേദിവസം യേശു മലയിൽ നിന്നിറങ്ങി വന്നപ്പോൾ ഒരു വലിയ ജനക്കൂട്ടത്തെ കണ്ടു. അവരിൽനിന്ന് ഒരാൾ വിളിച്ചു പറഞ്ഞു: “ഗുരോ, എന്റെ ഈ മകനെ ഒന്നു നോക്കണമേ! എന്റെ ഏക സന്താനമാണ് ഇവൻ. ഭൂതബാധ ഉണ്ടായാൽ ഉടനെ ഇവൻ ഉച്ചത്തിൽ നിലവിളിക്കും; അത് അവനെ ഞെരുക്കി ശരീരം കോട്ടും; വായിൽ നുരയും പതയും ഉണ്ടാകും. ഇവനെ പരുക്കേല്പിക്കാതെ അതു വിട്ടുമാറുകയുമില്ല. ഈ ബാധ ഒഴിവാക്കുവാൻ അങ്ങയുടെ ശിഷ്യന്മാരോടും ഞാൻ അപേക്ഷിച്ചു; പക്ഷേ അവർക്കു കഴിഞ്ഞില്ല.” അപ്പോൾ യേശു പ്രതിവചിച്ചു: “അവിശ്വാസികളും വഴിതെറ്റിയവരുമായ തലമുറക്കാരേ! ഞാൻ എത്രകാലം നിങ്ങളോടുകൂടി ഇരുന്നു നിങ്ങളെ വഹിക്കും"! “നിന്റെ മകനെ ഇവിടെ കൊണ്ടുവരിക” എന്ന് ആ മനുഷ്യനോട് പറഞ്ഞു. ബാലൻ വരുമ്പോൾത്തന്നെ ഭൂതം അവനെ തള്ളിയിട്ടു ഞെരിച്ചു. യേശു ആ ദുഷ്ടാത്മാവിനെ ശാസിച്ചു; ബാലനെ സുഖപ്പെടുത്തി, അവന്റെ പിതാവിനെ ഏല്പിക്കുകയും ചെയ്തു. ദൈവത്തിന്റെ അദ്ഭുതശക്തിയിൽ എല്ലാവരും വിസ്മയിച്ചു. താൻ ചെയ്ത എല്ലാ പ്രവൃത്തികളെക്കുറിച്ചും ജനങ്ങൾ അദ്ഭുതപ്പെട്ടുകൊണ്ടിരിക്കുമ്പോൾ യേശു ശിഷ്യന്മാരോടു പറഞ്ഞു: “മനുഷ്യപുത്രൻ മനുഷ്യരുടെ കൈയിൽ ഏല്പിക്കപ്പെടുവാൻ പോകുകയാണ്; ഇത് നിങ്ങളുടെ ഓർമയിലിരിക്കട്ടെ.” എന്നാൽ അവർ അതു ഗ്രഹിച്ചില്ല. അവർക്കു ഗ്രഹിക്കുവാൻ കഴിയാത്തവിധം അതു നിഗൂഢമായിരുന്നു. അതിനെക്കുറിച്ച് അവിടുത്തോടു ചോദിക്കുവാൻ അവർ ശങ്കിച്ചു. തങ്ങളുടെ ഇടയിൽ ആരാണ് ഏറ്റവും വലിയവൻ എന്നതിനെച്ചൊല്ലി ശിഷ്യന്മാർ തമ്മിൽ തർക്കമുണ്ടായി. യേശു അവരുടെ മനോഗതം മനസ്സിലാക്കിക്കൊണ്ട് ഒരു ശിശുവിനെ എടുത്ത്, അടുത്തുനിറുത്തി ഇപ്രകാരം അരുൾചെയ്തു: “എന്റെ നാമത്തിൽ ഈ ശിശുവിനെ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്ന ഏതൊരുവനും എന്നെ അയച്ചവനെ സ്വീകരിക്കുന്നു. നിങ്ങളിൽ ഏറ്റവും ചെറിയവനാണ് ഏറ്റവും വലിയവൻ.” യോഹന്നാൻ യേശുവിനോടു പറഞ്ഞു: “ഗുരോ, അങ്ങയുടെ നാമത്തിൽ ഒരാൾ ഭൂതങ്ങളെ പുറത്താക്കുന്നത് ഞങ്ങൾ കണ്ടു. അയാൾ ഞങ്ങളോടുകൂടി അങ്ങയെ അനുഗമിക്കാത്തതുകൊണ്ട് ഞങ്ങൾ അയാളെ വിലക്കി.” യേശു പ്രതിവചിച്ചു: “അയാളെ വിലക്കരുത്; നിങ്ങൾക്ക് എതിരല്ലാത്തവൻ നിങ്ങൾക്ക് അനുകൂലനത്രേ.”
ലൂക്കൊസ് 9:28-50 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഈ വാക്കുകൾ പറഞ്ഞിട്ട് ഏകദേശം എട്ട് ദിവസം കഴിഞ്ഞപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ട് പ്രാർത്ഥിക്കുവാൻ മലയിൽ കയറിപ്പോയി. അവൻ പ്രാർത്ഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം മാറി, ഉടുപ്പ് തിളങ്ങുന്ന വെള്ളയായും തീർന്നു. രണ്ടു പുരുഷന്മാർ അവനോട് സംസാരിച്ചു; മോശെയും ഏലിയാവും തന്നെ. അവർ തേജസ്സിൽ പ്രത്യക്ഷരായി യെരൂശലേമിൽവച്ചു സംഭവിപ്പാനുള്ള യേശുവിന്‍റെ മരണത്തെക്കുറിച്ചു സംസാരിച്ചു. പത്രൊസും കൂടെയുള്ളവരും ഉറങ്ങുകയായിരുന്നു; ഉണർന്നശേഷം അവന്റെ തേജസ്സിനെയും അവനോട് കൂടെ നില്ക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ടു. അവർ അവനെ വിട്ടുപിരിയുമ്പോൾ പത്രൊസ് യേശുവിനോടു: ”ഗുരോ, നാം ഇവിടെ ഇരിക്കുന്നത് നല്ലത്; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ, ഒന്ന് നിനക്കും ഒന്ന് മോശെക്കും ഒന്ന് ഏലിയാവിനും” എന്നു താൻ പറയുന്നത് എന്താണ് എന്നു അറിയാതെ പറഞ്ഞു. ഇതു പറയുമ്പോൾ ഒരു മേഘം വന്നു അവരുടെ മേൽ നിഴലിട്ടു. അവർ മേഘത്തിൽ ആയപ്പോൾ പേടിച്ചു. മേഘത്തിൽനിന്നു: ഇവൻ എന്‍റെ തിരഞ്ഞെടുക്കപ്പെട്ടവൻ; ഇവന് ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദം ഉണ്ടായി. ശബ്ദം ഉണ്ടായ നേരത്ത് യേശുവിനെ തനിയേ കണ്ടു; അവർ കണ്ടത് ഒന്നും ആ നാളുകളിൽ ആരോടും അറിയിക്കാതെ മൗനമായിരുന്നു. പിറ്റെന്നാൾ അവർ മലയിൽനിന്നു ഇറങ്ങി വന്നപ്പോൾ ബഹുപുരുഷാരം അവനെ എതിരേറ്റു. ആൾക്കൂട്ടത്തിൽനിന്ന് ഒരാൾ നിലവിളിച്ചു: ”ഗുരോ, എന്റെ മകനെ ഒന്ന് നോക്കേണമേ; അവൻ എനിക്ക് ഏകമകൻ ആകുന്നു. ഒരു ദുരാത്മാവ് അവനെ ബാധിക്കുന്നു. അവൻ പെട്ടെന്ന് നിലവിളിക്കുന്നു; പിന്നെ അത് അവനെ ഞെരിക്കുകയും അവന്‍റെ വായിൽനിന്നും നുരയും പതയും ഉണ്ടാകുകയും ചെയ്യുന്നു, പിന്നെ വിട്ടുമാറുന്നു. അതിനെ പുറത്താക്കുവാൻ നിന്റെ ശിഷ്യന്മാരോട് അപേക്ഷിച്ചു എങ്കിലും അവർക്ക് കഴിഞ്ഞില്ല” എന്നു പറഞ്ഞു. അതിന് യേശു: അവിശ്വാസവും കുറവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ സഹിക്കും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക എന്നു ഉത്തരം പറഞ്ഞു; അവൻ വരുമ്പോൾ തന്നെ ഭൂതം അവനെ തള്ളിയിടുകയും വിറപ്പിക്കുകയും ചെയ്തു. യേശു അശുദ്ധാത്മാവിനെ ശാസിച്ചു ബാലനെ സൗഖ്യമാക്കി അപ്പനെ ഏല്പിച്ചു. എല്ലാവരും ദൈവത്തിന്‍റെ മഹത്വകരമായ ശക്തിയിൽ വിസ്മയിച്ചു. യേശു ചെയ്യുന്നതിൽ ഒക്കെയും എല്ലാവരും ആശ്ചര്യപ്പെടുമ്പോൾ അവൻ തന്റെ ശിഷ്യന്മാരോട്: നിങ്ങൾ ഈ വാക്ക് ശ്രദ്ധിച്ചു കേട്ടുകൊൾവിൻ: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാൻ പോകുന്നു എന്നു പറഞ്ഞു. ആ വാക്ക് അവർക്ക് മനസ്സിലായില്ല; അത് മനസ്സിലാകാൻ സാധിക്കാത്തവിധം അതിന്‍റെ അർത്ഥം അവർക്ക് മറഞ്ഞിരുന്നു; ആ പറഞ്ഞത് എന്താണ് എന്നു ചോദിപ്പാൻ അവർ ഭയന്നു. അവരിൽ ആരാണ് വലിയവൻ എന്നു ഒരു വാദം അവരുടെ ഇടയിൽ നടന്നു. യേശു അവരുടെ ഹൃദയത്തിലെ വിചാരം മനസ്സിലാക്കി ഒരു ശിശുവിനെ എടുത്തു അരികെ നിർത്തി: ഈ ശിശുവിനെ എന്റെ നാമത്തിൽ ആരെങ്കിലും സ്വീകരിച്ചാൽ എന്നെയും സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവനോ എന്നെ അയച്ചവനെ സ്വീകരിക്കുന്നു; നിങ്ങളിൽ ചെറിയവൻ ആരാണോ അവനാണ് ഏറ്റവും വലിയവൻ ആകുന്നത് എന്നു അവരോട് പറഞ്ഞു. ”നാഥാ, ഒരാൾ അങ്ങയുടെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നത് ഞങ്ങൾ കണ്ടു; ഞങ്ങളോടുകൂടെ നിന്നെ അനുഗമിക്കായ്കയാൽ അവനെ തടഞ്ഞു” എന്നു യോഹന്നാൻ പറഞ്ഞു. അതിന് യേശു അവനോട്: തടയരുത്; നിങ്ങൾക്ക് എതിരല്ലാത്തവൻ നിങ്ങൾക്ക് അനുകൂലമല്ലോ എന്നു പറഞ്ഞു.
ലൂക്കൊസ് 9:28-50 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഈ വാക്കുകളെ പറഞ്ഞിട്ടു ഏകദേശം എട്ടു നാൾ കഴിഞ്ഞപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ടു പ്രാർത്ഥിപ്പാൻ മലയിൽ കയറിപ്പോയി. അവൻ പ്രാർത്ഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം മാറി, ഉടുപ്പു മിന്നുന്ന വെള്ളയായും തീർന്നു. രണ്ടു പുരുഷന്മാർ അവനോടു സംഭാഷിച്ചു; മോശെയും ഏലീയാവും തന്നേ. അവർ തേജസ്സിൽ പ്രത്യക്ഷരായി അവൻ യെരൂശലേമിൽ പ്രാപിപ്പാനുള്ള നിര്യാണത്തെക്കുറിച്ചു സംസാരിച്ചു. പത്രൊസും കൂടെയുള്ളവരും ഉറക്കത്താൽ ഭാരപ്പെട്ടിരുന്നു; ഉണർന്നശേഷം അവന്റെ തേജസ്സിനെയും അവനോടു കൂടെ നില്ക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ടു. അവർ അവനെ വിട്ടുപിരിയുമ്പോൾ പത്രൊസ് യേശുവിനോടു: ഗുരോ, നാം ഇവിടെ ഇരിക്കുന്നതു നല്ലതു; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ, ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു താൻ പറയുന്നതു ഇന്നതു എന്നു അറിയാതെ പറഞ്ഞു. ഇതു പറയുമ്പോൾ ഒരു മേഘം വന്നു അവരുടെമേൽ നിഴലിട്ടു. അവർ മേഘത്തിൽ ആയപ്പോൾ പേടിച്ചു. മേഘത്തിൽനിന്നു: ഇവൻ എന്റെ പ്രിയപുത്രൻ, ഇവന്നു ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദം ഉണ്ടായി. ശബ്ദം ഉണ്ടായ നേരത്തു യേശുവിനെ തനിയേ കണ്ടു; അവർ കണ്ടതു ഒന്നും ആ നാളുകളിൽ ആരോടും അറിയിക്കാതെ മൗനമായിരുന്നു. പിറ്റെന്നാൾ അവർ മലയിൽ നിന്നു ഇറങ്ങി വന്നപ്പോൾ ബഹുപുരുഷാരം അവനെ എതിരേറ്റു. കൂട്ടത്തിൽനിന്നു ഒരാൾ നിലവിളിച്ചു: ഗുരോ, എന്റെ മകനെ കടാക്ഷിക്കേണമെന്നു ഞാൻ നിന്നോടു അപേക്ഷിക്കുന്നു; അവൻ എനിക്കു ഏകജാതൻ ആകുന്നു. ഒരാത്മാവു അവനെ പിടിച്ചിട്ടു അവൻ പൊടുന്നനവേ നിലവിളിക്കുന്നു; അതു അവനെ നുരെപ്പിച്ചു പിടെപ്പിക്കുന്നു; പിന്നെ അവനെ ഞെരിച്ചിട്ടു പ്രയാസത്തോടെ വിട്ടുമാറുന്നു. അതിനെ പുറത്താക്കുവാൻ നിന്റെ ശിഷ്യന്മാരോടു അപേക്ഷിച്ചു എങ്കിലും അവർക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു. അതിന്നു യേശു:അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ സഹിക്കും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക എന്നു ഉത്തരം പറഞ്ഞു; അവൻ വരുമ്പോൾ തന്നേ ഭൂതം അവനെ തള്ളിയിട്ടു പിടെപ്പിച്ചു. യേശു അശുദ്ധാത്മാവിനെ ശാസിച്ചു ബാലനെ സൗഖ്യമാക്കി അപ്പനെ ഏല്പിച്ചു. എല്ലാവരും ദൈവത്തിന്റെ മഹിമയിങ്കൽ വിസ്മയിച്ചു. യേശു ചെയ്യുന്നതിൽ ഒക്കെയും എല്ലാവരും ആശ്ചര്യപ്പെടുമ്പോൾ അവൻ തന്റെ ശിഷ്യന്മാരോടു: നിങ്ങൾ ഈ വാക്കു ശ്രദ്ധിച്ചു കേട്ടുകൊൾവിൻ: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാൻ പോകുന്നു എന്നു പറഞ്ഞു. ആ വാക്കു അവർ ഗ്രഹിച്ചില്ല; അതു തിരിച്ചറിയാതവണ്ണം അവർക്കു മറഞ്ഞിരുന്നു; ആ വാക്കു സംബന്ധിച്ചു അവനോടു ചോദിപ്പാൻ അവർ ശങ്കിച്ചു. അവരിൽവെച്ചു ആർ വലിയവൻ എന്നു ഒരു വാദം അവരുടെ ഇടയിൽ നടന്നു. യേശു അവരുടെ ഹൃദയവിചാരം കണ്ടു ഒരു ശിശുവിനെ എടുത്തു അരികെ നിറുത്തി: ഈ ശിശുവിനെ എന്റെ നാമത്തിൽ ആരെങ്കിലും കൈക്കൊണ്ടാൽ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു; നിങ്ങളെല്ലാവരിലും ചെറിയവനായവൻ അത്രേ വലിയവൻ ആകും എന്നു അവരോടു പറഞ്ഞു. നാഥാ, ഒരുത്തൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു; ഞങ്ങളോടുകൂടെ നിന്നെ അനുഗമിക്കായ്കയാൽ അവനെ വിരോധിച്ചു എന്നു യോഹന്നാൻ പറഞ്ഞതിന്നു യേശു അവനോടു:വിരോധിക്കരുതു; നിങ്ങൾക്കു പ്രതികൂലമല്ലാത്തവൻ നിങ്ങൾക്കു അനുകൂലമല്ലോ എന്നു പറഞ്ഞു.
ലൂക്കൊസ് 9:28-50 സമകാലിക മലയാളവിവർത്തനം (MCV)
ഈ സംഭാഷണംനടന്ന് ഏകദേശം എട്ടുദിവസം കഴിഞ്ഞ്, പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നിവരെമാത്രം കൂട്ടിക്കൊണ്ട് യേശു ഒരു മലമുകളിൽ പ്രാർഥിക്കാൻ കയറിപ്പോയി. പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന്റെ മുഖം തേജസ്സേറിയതായി മാറി; വസ്ത്രം വെട്ടിത്തിളങ്ങുന്ന വെണ്മയായി. മോശ, ഏലിയാവ് എന്നീ രണ്ടു പുരുഷന്മാർ യേശുവിനോടു സംസാരിച്ചുകൊണ്ടു തേജസ്സിൽ പ്രത്യക്ഷരായി. യേശു ജെറുശലേമിൽ പൂർത്തീകരിക്കാനിരുന്ന തന്റെ നിര്യാണത്തെക്കുറിച്ച് അവർ സംസാരിച്ചു. ഈ സമയം പത്രോസും കൂടെയുള്ളവരും നിദ്രാവിവശരായിരുന്നു. എന്നാൽ, അവർ ഉറക്കമുണർന്നപ്പോൾ യേശുവിന്റെ തേജസ്സും അദ്ദേഹത്തോടുകൂടെ നിന്നിരുന്ന രണ്ടുപേരെയും കണ്ടു. മോശയും ഏലിയാവും യേശുവിനെ വിട്ടുപോകാൻതുടങ്ങുമ്പോൾ പത്രോസ് താൻ പറയുന്നതിന്റെ സാംഗത്യം എന്തെന്നു ഗ്രഹിക്കാതെ അദ്ദേഹത്തോട്, “പ്രഭോ, നാം ഇവിടെ ആയിരിക്കുന്നത് എത്രയോ നല്ലത്. നമുക്ക് ഇവിടെ മൂന്ന് കൂടാരങ്ങൾ ഉണ്ടാക്കാം. ഒന്ന് അങ്ങേക്കും ഒന്ന് മോശയ്ക്കും മറ്റൊന്ന് ഏലിയാവിനും” എന്നു പറഞ്ഞു. പത്രോസ് ഇതു സംസാരിക്കുമ്പോൾത്തന്നെ, ഒരു മേഘംവന്ന് അവരെ ആവരണംചെയ്തു. മേഘത്തിനുള്ളിലായ അവർ ഭയന്നു. അപ്പോൾ ആ മേഘത്തിൽനിന്ന്, “ഞാൻ തെരഞ്ഞെടുത്തിരിക്കുന്ന എന്റെ പുത്രൻ ഇവൻതന്നെ, ഇവൻ പറയുന്നത് ശ്രദ്ധിച്ചുകേൾക്കുക” എന്ന് ഒരു അശരീരി ഉണ്ടായി. ആ അശരീരി ഉണ്ടായിക്കഴിഞ്ഞപ്പോൾ യേശുവിനെമാത്രമേ അവർ കണ്ടുള്ളൂ. തങ്ങൾ കണ്ടതിനെപ്പറ്റി ശിഷ്യന്മാർ മിണ്ടിയില്ല. ആ ദിവസങ്ങളിൽ അവർ അതുസംബന്ധിച്ച് ആരോടും ഒന്നും സംസാരിച്ചില്ല. പിറ്റേദിവസം അവർ മലയിൽനിന്നിറങ്ങിവന്നപ്പോൾ വലിയൊരു ജനസമൂഹം യേശുവിനെ എതിരേറ്റു. ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു മനുഷ്യൻ നിലവിളിച്ചുകൊണ്ട് പറഞ്ഞത്: “ഗുരോ, എന്റെ മകനെ കടാക്ഷിക്കണമേ എന്നു ഞാൻ കെഞ്ചുകയാണ്. അവൻ എന്റെ ഒരേയൊരു മകൻ; ഒരു ദുരാത്മാവ് അവനെ ബാധിക്കുന്നു, അത് ആവേശിച്ചാലുടൻതന്നെ അവൻ അലറിവിളിക്കുന്നു. അത് അവനെ നിലത്തുവീഴ്ത്തി പുളയ്ക്കുകയും വായിലൂടെ നുരയും പതയും വരുത്തുകയുംചെയ്യുന്നു. അത് അവനെ വിട്ടൊഴിയാതെ ബാധിച്ചിരിക്കുകയാണ്. ആ ദുരാത്മാവിനെ പുറത്താക്കാൻ ഞാൻ അങ്ങയുടെ ശിഷ്യന്മാരോടപേക്ഷിച്ചു; എന്നാൽ അവർക്കതു കഴിഞ്ഞില്ല.” അതിന് യേശു, “അവിശ്വാസവും വക്രതയുമുള്ള തലമുറയേ, എത്രനാൾ ഞാൻ നിങ്ങളോടുകൂടെ വസിക്കുകയും നിങ്ങളെ സഹിക്കുകയും ചെയ്യും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക” എന്നു പറഞ്ഞു. ആ ബാലൻ മുന്നോട്ടു വന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ ഭൂതം അവനെ നിലത്തുവീഴ്ത്തി പുളയിച്ചു. യേശു ആ ദുരാത്മാവിനെ ശാസിച്ച് ബാലനെ സൗഖ്യമാക്കി പിതാവിനെ ഏൽപ്പിച്ചു. എല്ലാവരും ദൈവത്തിന്റെ മഹാശക്തികണ്ട് വിസ്മയഭരിതരായി. യേശുവിന്റെ എല്ലാ പ്രവൃത്തികളെക്കുറിച്ചും ജനം വിസ്മയഭരിതരായിരിക്കുമ്പോൾ, അദ്ദേഹം ശിഷ്യന്മാരോട്, “ഇനി ഞാൻ നിങ്ങളോടു പറയുന്നത് അതീവശ്രദ്ധയോടെ കേൾക്കുക: മനുഷ്യപുത്രൻ (ഞാൻ) മനുഷ്യരുടെ കൈയിൽ ഏൽപ്പിക്കപ്പെടും” എന്നു പറഞ്ഞു. എന്നാൽ, ഈ പറഞ്ഞതിന്റെ അർഥം ശിഷ്യന്മാർ ഗ്രഹിച്ചില്ല, ഗ്രഹിക്കാൻ കഴിയാത്തവിധത്തിൽ അത് അവർക്ക് ഗോപ്യമായിരുന്നു, അതേപ്പറ്റി അദ്ദേഹത്തോടു ചോദിക്കാൻ അവർ ഭയപ്പെട്ടു. ശിഷ്യന്മാരിൽ ഏറ്റവും ശ്രേഷ്ഠൻ ആരാണ് എന്നതിനെപ്പറ്റി ഒരു തർക്കം അവരുടെ ഇടയിൽ ഉണ്ടായി. യേശു അവരുടെ ചിന്തകൾ മനസ്സിലാക്കിയിട്ട് ഒരു ശിശുവിനെ എടുത്ത് തന്റെ അടുക്കൽ നിർത്തി; പിന്നെ അവരോട്, “ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്ന ഏതൊരാളും എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നയാൾ എന്നെ അയച്ച ദൈവത്തെ സ്വീകരിക്കുന്നു. നിങ്ങളിൽ എല്ലാവരിലും ഏറ്റവും ചെറിയവനാണ് ഏറ്റവും ശ്രേഷ്ഠൻ.” എന്നു പറഞ്ഞു. “പ്രഭോ, ഒരു മനുഷ്യൻ അങ്ങയുടെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു. അയാൾ ഞങ്ങളോടുകൂടെ അങ്ങയെ അനുഗമിക്കാത്തതുകൊണ്ട് ഞങ്ങൾ അയാളെ വിലക്കി,” എന്നു യോഹന്നാൻ പറഞ്ഞു. “അയാളെ തടയരുത്” യേശു പ്രതിവചിച്ചു, “നിങ്ങൾക്കു പ്രതികൂലമല്ലാത്തയാൾ നിങ്ങൾക്ക് അനുകൂലമാണ്.”