ലൂക്കോസ് 9:28-50

ലൂക്കോസ് 9:28-50 MCV

ഈ സംഭാഷണംനടന്ന് ഏകദേശം എട്ടുദിവസം കഴിഞ്ഞ്, പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നിവരെമാത്രം കൂട്ടിക്കൊണ്ട് യേശു ഒരു മലമുകളിൽ പ്രാർഥിക്കാൻ കയറിപ്പോയി. പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന്റെ മുഖം തേജസ്സേറിയതായി മാറി; വസ്ത്രം വെട്ടിത്തിളങ്ങുന്ന വെണ്മയായി. മോശ, ഏലിയാവ് എന്നീ രണ്ടു പുരുഷന്മാർ യേശുവിനോടു സംസാരിച്ചുകൊണ്ടു തേജസ്സിൽ പ്രത്യക്ഷരായി. യേശു ജെറുശലേമിൽ പൂർത്തീകരിക്കാനിരുന്ന തന്റെ നിര്യാണത്തെക്കുറിച്ച് അവർ സംസാരിച്ചു. ഈ സമയം പത്രോസും കൂടെയുള്ളവരും നിദ്രാവിവശരായിരുന്നു. എന്നാൽ, അവർ ഉറക്കമുണർന്നപ്പോൾ യേശുവിന്റെ തേജസ്സും അദ്ദേഹത്തോടുകൂടെ നിന്നിരുന്ന രണ്ടുപേരെയും കണ്ടു. മോശയും ഏലിയാവും യേശുവിനെ വിട്ടുപോകാൻതുടങ്ങുമ്പോൾ പത്രോസ് താൻ പറയുന്നതിന്റെ സാംഗത്യം എന്തെന്നു ഗ്രഹിക്കാതെ അദ്ദേഹത്തോട്, “പ്രഭോ, നാം ഇവിടെ ആയിരിക്കുന്നത് എത്രയോ നല്ലത്. നമുക്ക് ഇവിടെ മൂന്ന് കൂടാരങ്ങൾ ഉണ്ടാക്കാം. ഒന്ന് അങ്ങേക്കും ഒന്ന് മോശയ്ക്കും മറ്റൊന്ന് ഏലിയാവിനും” എന്നു പറഞ്ഞു. പത്രോസ് ഇതു സംസാരിക്കുമ്പോൾത്തന്നെ, ഒരു മേഘംവന്ന് അവരെ ആവരണംചെയ്തു. മേഘത്തിനുള്ളിലായ അവർ ഭയന്നു. അപ്പോൾ ആ മേഘത്തിൽനിന്ന്, “ഞാൻ തെരഞ്ഞെടുത്തിരിക്കുന്ന എന്റെ പുത്രൻ ഇവൻതന്നെ, ഇവൻ പറയുന്നത് ശ്രദ്ധിച്ചുകേൾക്കുക” എന്ന് ഒരു അശരീരി ഉണ്ടായി. ആ അശരീരി ഉണ്ടായിക്കഴിഞ്ഞപ്പോൾ യേശുവിനെമാത്രമേ അവർ കണ്ടുള്ളൂ. തങ്ങൾ കണ്ടതിനെപ്പറ്റി ശിഷ്യന്മാർ മിണ്ടിയില്ല. ആ ദിവസങ്ങളിൽ അവർ അതുസംബന്ധിച്ച് ആരോടും ഒന്നും സംസാരിച്ചില്ല. പിറ്റേദിവസം അവർ മലയിൽനിന്നിറങ്ങിവന്നപ്പോൾ വലിയൊരു ജനസമൂഹം യേശുവിനെ എതിരേറ്റു. ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു മനുഷ്യൻ നിലവിളിച്ചുകൊണ്ട് പറഞ്ഞത്: “ഗുരോ, എന്റെ മകനെ കടാക്ഷിക്കണമേ എന്നു ഞാൻ കെഞ്ചുകയാണ്. അവൻ എന്റെ ഒരേയൊരു മകൻ; ഒരു ദുരാത്മാവ് അവനെ ബാധിക്കുന്നു, അത് ആവേശിച്ചാലുടൻതന്നെ അവൻ അലറിവിളിക്കുന്നു. അത് അവനെ നിലത്തുവീഴ്ത്തി പുളയ്ക്കുകയും വായിലൂടെ നുരയും പതയും വരുത്തുകയുംചെയ്യുന്നു. അത് അവനെ വിട്ടൊഴിയാതെ ബാധിച്ചിരിക്കുകയാണ്. ആ ദുരാത്മാവിനെ പുറത്താക്കാൻ ഞാൻ അങ്ങയുടെ ശിഷ്യന്മാരോടപേക്ഷിച്ചു; എന്നാൽ അവർക്കതു കഴിഞ്ഞില്ല.” അതിന് യേശു, “അവിശ്വാസവും വക്രതയുമുള്ള തലമുറയേ, എത്രനാൾ ഞാൻ നിങ്ങളോടുകൂടെ വസിക്കുകയും നിങ്ങളെ സഹിക്കുകയും ചെയ്യും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക” എന്നു പറഞ്ഞു. ആ ബാലൻ മുന്നോട്ടു വന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ ഭൂതം അവനെ നിലത്തുവീഴ്ത്തി പുളയിച്ചു. യേശു ആ ദുരാത്മാവിനെ ശാസിച്ച് ബാലനെ സൗഖ്യമാക്കി പിതാവിനെ ഏൽപ്പിച്ചു. എല്ലാവരും ദൈവത്തിന്റെ മഹാശക്തികണ്ട് വിസ്മയഭരിതരായി. യേശുവിന്റെ എല്ലാ പ്രവൃത്തികളെക്കുറിച്ചും ജനം വിസ്മയഭരിതരായിരിക്കുമ്പോൾ, അദ്ദേഹം ശിഷ്യന്മാരോട്, “ഇനി ഞാൻ നിങ്ങളോടു പറയുന്നത് അതീവശ്രദ്ധയോടെ കേൾക്കുക: മനുഷ്യപുത്രൻ (ഞാൻ) മനുഷ്യരുടെ കൈയിൽ ഏൽപ്പിക്കപ്പെടും” എന്നു പറഞ്ഞു. എന്നാൽ, ഈ പറഞ്ഞതിന്റെ അർഥം ശിഷ്യന്മാർ ഗ്രഹിച്ചില്ല, ഗ്രഹിക്കാൻ കഴിയാത്തവിധത്തിൽ അത് അവർക്ക് ഗോപ്യമായിരുന്നു, അതേപ്പറ്റി അദ്ദേഹത്തോടു ചോദിക്കാൻ അവർ ഭയപ്പെട്ടു. ശിഷ്യന്മാരിൽ ഏറ്റവും ശ്രേഷ്ഠൻ ആരാണ് എന്നതിനെപ്പറ്റി ഒരു തർക്കം അവരുടെ ഇടയിൽ ഉണ്ടായി. യേശു അവരുടെ ചിന്തകൾ മനസ്സിലാക്കിയിട്ട് ഒരു ശിശുവിനെ എടുത്ത് തന്റെ അടുക്കൽ നിർത്തി; പിന്നെ അവരോട്, “ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്ന ഏതൊരാളും എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നയാൾ എന്നെ അയച്ച ദൈവത്തെ സ്വീകരിക്കുന്നു. നിങ്ങളിൽ എല്ലാവരിലും ഏറ്റവും ചെറിയവനാണ് ഏറ്റവും ശ്രേഷ്ഠൻ.” എന്നു പറഞ്ഞു. “പ്രഭോ, ഒരു മനുഷ്യൻ അങ്ങയുടെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു. അയാൾ ഞങ്ങളോടുകൂടെ അങ്ങയെ അനുഗമിക്കാത്തതുകൊണ്ട് ഞങ്ങൾ അയാളെ വിലക്കി,” എന്നു യോഹന്നാൻ പറഞ്ഞു. “അയാളെ തടയരുത്” യേശു പ്രതിവചിച്ചു, “നിങ്ങൾക്കു പ്രതികൂലമല്ലാത്തയാൾ നിങ്ങൾക്ക് അനുകൂലമാണ്.”