ലൂക്കൊസ് 8:1-25
ലൂക്കൊസ് 8:1-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം അവൻ ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചുംകൊണ്ടു പട്ടണംതോറും സഞ്ചരിച്ചു. അവനോടുകൂടെ പന്തിരുവരും അവൻ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൗഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും ഹെരോദാവിന്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ട് അവർക്കു ശുശ്രൂഷ ചെയ്തുപോന്ന മറ്റു പല സ്ത്രീകളും ഉണ്ടായിരുന്നു. പിന്നെ വലിയൊരു പുരുഷാരവും ഓരോ പട്ടണത്തിൽനിന്ന് അവന്റെ അടുക്കൽ വന്നവരും ഒരുമിച്ചു കൂടിയപ്പോൾ അവൻ ഉപമയായി പറഞ്ഞത്: വിതയ്ക്കുന്നവൻ വിത്തു വിതപ്പാൻ പുറപ്പെട്ടു. വിതയ്ക്കുമ്പോൾ ചിലത് വഴിയരികെ വീണിട്ട് ചവിട്ടിപ്പോകയും ആകാശത്തിലെ പറവജാതി അതിനെ തിന്നുകളകയും ചെയ്തു. മറ്റു ചിലത് പാറമേൽ വീണ് മുളച്ച് നനവില്ലായ്കയാൽ ഉണങ്ങിപ്പോയി. മറ്റു ചിലത് മുള്ളിനിടയിൽ വീണു; മുള്ളുംകൂടെ മുളച്ച് അതിനെ ഞെരുക്കിക്കളഞ്ഞു. മറ്റു ചിലത് നല്ല നിലത്തു വീണു മുളച്ചു നൂറു മേനി ഫലം കൊടുത്തു. ഇതു പറഞ്ഞിട്ട്: കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നു വിളിച്ചുപറഞ്ഞു. അവന്റെ ശിഷ്യന്മാർ അവനോട് ഈ ഉപമ എന്ത് എന്നു ചോദിച്ചതിന് അവൻ പറഞ്ഞത്: ദൈവരാജ്യത്തിന്റെ മർമങ്ങളെ അറിയുവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; ശേഷമുള്ളവർക്കോ കണ്ടിട്ടും കാണാതിരിപ്പാനും, കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും ഉപമകളിലത്രേ. ഉപമയുടെ പൊരുളോ: വിത്ത് ദൈവവചനം; വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാൻ പിശാച് വന്ന് അവരുടെ ഹൃദയത്തിൽനിന്നു വചനം എടുത്തുകളയുന്നു. പാറമേലുള്ളവരോ കേൾക്കുമ്പോൾ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും അവർക്കു വേരില്ല; അവർ തൽക്കാലം വിശ്വസിക്കയും പരീക്ഷാസമയത്തു പിൻവാങ്ങിപ്പോകയും ചെയ്യുന്നു. മുള്ളിനിടയിൽ വീണതോ കേൾക്കുന്നവർ എങ്കിലും പോയി, ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങളാലും ഞെരുങ്ങി പൂർണമായി ഫലം കൊടുക്കാത്തവരത്രേ. നല്ല മണ്ണിലുള്ളതോ വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തിൽ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവർ തന്നെ. വിളക്കു കൊളുത്തീട്ട് ആരും അതിനെ പാത്രംകൊണ്ടു മൂടുകയോ കട്ടിൽക്കീഴെ വയ്ക്കയോ ചെയ്യാതെ അകത്തു വരുന്നവർ വെളിച്ചം കാണേണ്ടതിന് തണ്ടിന്മേൽ അത്രേ വയ്ക്കുന്നത്. വെളിപ്പെടാതെ ഗൂഢമായത് ഒന്നുമില്ല; പ്രസിദ്ധമായി വെളിച്ചത്തു വരാതെ മറവായിരിക്കുന്നതും ഒന്നുമില്ല. ആകയാൽ നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ. ഉള്ളവനു കിട്ടും; ഇല്ലാത്തവനോടോ ഉണ്ട് എന്നു തോന്നുന്നതുംകൂടെ എടുത്തുകളയും. അവന്റെ അമ്മയും സഹോദരന്മാരും അവന്റെ അടുക്കൽ വന്നു; പുരുഷാരം നിമിത്തം അവനോട് അടുപ്പാൻ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരന്മാരും നിന്നെ കാൺമാൻ ഇച്ഛിച്ചുകൊണ്ട് പുറത്തുനില്ക്കുന്നു എന്നു ചിലർ അവനോട് അറിയിച്ചു. അവരോട് അവൻ: എന്റെ അമ്മയും സഹോദരന്മാരും ദൈവവചനം കേട്ടു ചെയ്യുന്നവരത്രേ എന്ന് ഉത്തരം പറഞ്ഞു. ഒരു ദിവസം അവൻ ശിഷ്യന്മാരുമായി പടകിൽ കയറി; നാം തടാകത്തിന്റെ അക്കരെ പോക എന്ന് അവരോടു പറഞ്ഞു. അവർ നീക്കി ഓടുമ്പോൾ അവൻ ഉറങ്ങിപ്പോയി. തടാകത്തിൽ ഒരു ചുഴലിക്കാറ്റ് ഉണ്ടായി പടകിൽ വെള്ളം നിറഞ്ഞിട്ട് അവർ പ്രാണഭയത്തിലായി അടുക്കൽ ചെന്നു: നാഥാ, നാഥാ, ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞ് അവനെ ഉണർത്തി; അവൻ എഴുന്നേറ്റു കാറ്റിനെയും വെള്ളത്തിന്റെ കോപത്തെയും ശാസിച്ചു; അവ അമർന്നു ശാന്തത ഉണ്ടായി. പിന്നെ അവരോട്: നിങ്ങളുടെ വിശ്വാസം എവിടെ എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കയും അവ അനുസരിക്കയും ചെയ്യുന്നു എന്നു തമ്മിൽ പറഞ്ഞ് ആശ്ചര്യപ്പെട്ടു.
ലൂക്കൊസ് 8:1-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അനന്തരം യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു പ്രസംഗിക്കുകയും ദൈവരാജ്യത്തെക്കുറിച്ചുള്ള സദ്‍വാർത്ത അറിയിക്കുകയും ചെയ്തു. പന്ത്രണ്ടു ശിഷ്യന്മാരും അവിടുത്തോടുകൂടെയുണ്ടായിരുന്നു. കൂടാതെ രോഗങ്ങളിൽനിന്നും ദുഷ്ടാത്മാക്കളിൽനിന്നും മോചനം നേടിയ ഏതാനും സ്‍ത്രീകളും അവിടുത്തെ അനുഗമിച്ചിരുന്നു. അക്കൂട്ടത്തിൽ ഏഴു ഭൂതങ്ങളിൽനിന്നു വിമുക്തയാക്കപ്പെട്ട മഗ്ദലേനമറിയവും ഹേരോദായുടെ കാര്യസ്ഥനായ ഖൂസയുടെ ഭാര്യ യോഹന്നയും സൂസന്നയും തങ്ങളുടെ ധനംകൊണ്ട് യേശുവിനെയും ശിഷ്യന്മാരെയും സഹായിച്ചുവന്ന മറ്റു പലരും ഉൾപ്പെട്ടിരുന്നു. ഒരിക്കൽ ഒരു വലിയ ജനസഞ്ചയം പല പട്ടണങ്ങളിൽനിന്നും യേശുവിന്റെ അടുക്കൽ വന്നുകൂടി. അവരോട് യേശു ദൃഷ്ടാന്ത രൂപേണ പറഞ്ഞു: “ഒരിക്കൽ ഒരാൾ വിത്തു വിതയ്‍ക്കുവാൻ പോയി. വിതച്ചപ്പോൾ ഏതാനും വിത്ത് വഴിയിൽ വീണു. അവ ചവുട്ടിക്കളഞ്ഞു; പക്ഷികൾ കൊത്തിത്തിന്നുകയും ചെയ്തു. കുറെ വിത്തു പാറപ്പുറത്തു വീണു. അവ മുളച്ചു പൊങ്ങിയപ്പോൾ നനവില്ലാഞ്ഞതിനാൽ കരിഞ്ഞുപോയി. മറ്റു ചിലതു മുൾച്ചെടികൾക്കിടയിൽ വീണു. മുള്ള് അവയോടൊന്നിച്ചു വളർന്ന് അവയെ ഞെരുക്കിക്കളഞ്ഞു. വേറെ ചിലതു നല്ലമണ്ണിൽ വീണു. അവ വളർന്നു നൂറുമേനി വിളവു നല്‌കി.” ഒടുവിൽ യേശു ഉച്ചത്തിൽ പറഞ്ഞു: “കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ.” ഈ ദൃഷ്ടാന്തത്തിന്റെ അർഥം എന്താണെന്നു ശിഷ്യന്മാർ ചോദിച്ചപ്പോൾ അവിടുന്നു പറഞ്ഞു: “ദൈവരാജ്യത്തിന്റെ നിഗൂഢരഹസ്യങ്ങൾ അറിയുവാനുള്ള പദവി നിങ്ങൾക്കു നല്‌കപ്പെട്ടിരിക്കുന്നു; മറ്റുള്ളവർക്കാകട്ടെ കണ്ടിട്ടും കാണാതിരിക്കുകയോ കേട്ടിട്ടും കേൾക്കാതിരിക്കുകയോ ചെയ്യുമാറ് ദൃഷ്ടാന്തങ്ങളിലൂടെയാണ് നല്‌കപ്പെട്ടിട്ടുള്ളത്. “ആ ദൃഷ്ടാന്തത്തിന്റെ സാരം ഇതാണ്: വിത്തു ദൈവവചനമാണ്. വചനം കേട്ടവർ അതു വിശ്വസിച്ചു രക്ഷപ്രാപിക്കാതിരിക്കുവാൻ പിശാച് വന്ന് ചിലരുടെ ഹൃദയത്തിൽനിന്ന് ആ വചനം എടുത്തുകളയുന്നു. അതാണു വഴിയിൽ വീണ വിത്തു സൂചിപ്പിക്കുന്നത്. പാറമേൽ വീണ വിത്താകട്ടെ, കേൾക്കുമ്പോൾ ആഹ്ലാദപൂർവം സ്വീകരിക്കുന്നവരുടെ ഹൃദയത്തിൽ പതിയുന്ന വചനമാണ്. പക്ഷേ, ആ വിത്തുകൾക്കു വേരില്ല. അങ്ങനെയുള്ളവർ താത്ക്കാലികമായി വിശ്വസിക്കുന്നു. എന്നാൽ പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ വഴിതെറ്റിപ്പോകുന്നു. വചനം കേൾക്കുന്നവരാണെങ്കിലും ജീവിതത്തിന്റെ ചിന്താഭാരങ്ങളും സമ്പത്തും ഉല്ലാസങ്ങളും അതിനെ ഞെരുക്കിക്കളയുന്നു. ഇതാണു മുള്ളിനിടയിൽ വീണ വിത്തു സൂചിപ്പിക്കുന്നത്. ഇങ്ങനെയുള്ളവർ പാകമായ ഫലം നല്‌കുന്നില്ല. വചനം കേട്ടു ശ്രേഷ്ഠവും നിർമ്മലവുമായ ഹൃദയത്തിൽ അതു സ്വീകരിക്കുകയും സഹിച്ചുനിന്നു ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നവരാണ് നല്ല മണ്ണിൽ വീണ വിത്ത്. “വിളക്കു കത്തിച്ചശേഷം ആരും പാത്രംകൊണ്ടു മൂടുകയോ കട്ടിലിന്റെ കീഴിൽ വയ്‍ക്കുകയോ ചെയ്യാറില്ല; പിന്നെയോ വീട്ടിൽ വരുന്നവർക്കു കാണത്തക്കവിധം വിളക്കുതണ്ടിന്മേലത്രേ വയ്‍ക്കുന്നത്. “മറഞ്ഞിരിക്കുന്നതെല്ലാം പ്രത്യക്ഷമാകും; വെളിച്ചത്തു വരാത്തതും പ്രസിദ്ധമാകാത്തതുമായ ഒരു രഹസ്യവുമില്ല. “അതുകൊണ്ട് നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊള്ളുക. ഉള്ളവനു കൂടുതൽ കൊടുക്കും. ഇല്ലാത്തവനിൽനിന്ന് ഉണ്ടെന്നു വിചാരിക്കുന്നതുകൂടി എടുത്തുകളയും.” യേശുവിന്റെ അമ്മയും സഹോദരന്മാരും അവിടുത്തെ കാണാൻ വന്നു. പക്ഷേ, ആൾത്തിരക്കുമൂലം അവിടുത്തെ അടുക്കൽ ചെല്ലാൻ കഴിഞ്ഞില്ല. “അങ്ങയുടെ അമ്മയും സഹോദരന്മാരും അങ്ങയെ കാണാൻ പുറത്തു നില്‌ക്കുന്നു” എന്ന് ആരോ അവിടുത്തെ അറിയിച്ചു. അപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “ദൈവവചനം കേൾക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും എന്റെ സഹോദരന്മാരും.” ഒരു ദിവസം യേശു ശിഷ്യന്മാരോടുകൂടി വഞ്ചിയിൽ കയറി, “നമുക്കു തടാകത്തിന്റെ മറുകരയിലേക്കു പോകാം” എന്നു പറഞ്ഞു. അവർ വഞ്ചി നീക്കി മുമ്പോട്ടു പോകുമ്പോൾ യേശു ഗാഢനിദ്രയിലാണ്ടു. അപ്പോൾ തടാകത്തിൽ ഒരു കൊടുങ്കാറ്റുണ്ടായി. വെള്ളം അടിച്ചുകയറി വഞ്ചി മുങ്ങുമാറായി. ശിഷ്യന്മാർ യേശുവിനെ വിളിച്ചുണർത്തി: “ഗുരോ, ഗുരോ ഞങ്ങൾ നശിക്കുവാൻ പോകുന്നു” എന്നു പറഞ്ഞു. യേശു എഴുന്നേറ്റു കൊടുങ്കാറ്റിനെയും ഇളകിമറിയുന്ന തിരമാലകളെയും ശാസിച്ചു. അവ അടങ്ങി; എല്ലാം ശാന്തമായി. യേശു അവരോടു ചോദിച്ചു: “നിങ്ങളുടെ വിശ്വാസം എവിടെ?” അവർക്കു ഭയവും വിസ്മയവുമുണ്ടായി. “ഇദ്ദേഹം ആരാണ്? കാറ്റിനോടും കടലിനോടുപോലും ഇദ്ദേഹം ആജ്ഞാപിക്കുന്നു, അവ അനുസരിക്കുകയും ചെയ്യുന്നു” എന്ന് അവർ അന്യോന്യം പറഞ്ഞു.
ലൂക്കൊസ് 8:1-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതിനുശേഷം യേശു ഗ്രാമങ്ങളിലും പട്ടണങ്ങളിലും കൂടി സഞ്ചരിച്ചു. അവിടെ ദൈവരാജ്യം പ്രസംഗിക്കുകയും സുവിശേഷം അറിയിക്കുകയും ചെയ്തു. അവനോടുകൂടെ പന്ത്രണ്ടു ശിഷ്യന്മാരും, അവൻ ദുരാത്മാക്കളെയും വ്യാധികളേയും നീക്കി സൗഖ്യം വരുത്തിയ ചില സ്ത്രീകളും, ഏഴു ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും ഹെരോദാവിൻ്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും, ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ടു അവർക്ക് ശുശ്രൂഷചെയ്തു പോന്ന മറ്റുപല സ്ത്രീകളും ഉണ്ടായിരുന്നു. പിന്നെ വലിയൊരു പുരുഷാരവും, ഓരോ പട്ടണത്തിൽനിന്നു അവന്റെ അടുക്കൽ വന്നവരും, ഒരുമിച്ചുകൂടിയപ്പോൾ അവൻ അവരോട് ഒരു ഉപമ പറഞ്ഞു: ഒരിക്കൽ ഒരു കൃഷിക്കാരൻ വിത്ത് വിതയ്ക്കുവാൻ പുറപ്പെട്ടു. വിതയ്ക്കുമ്പോൾ ചിലത് വഴിയരികിൽ വീണു. ചിലത് മനുഷ്യർ ചവിട്ടുകയും, ചിലത് ആകാശത്തിലെ പറവജാതി തിന്നുകളകയും ചെയ്തു. മറ്റു ചിലത് പാറമേൽ വീണു മുളച്ചു, നനവില്ലായ്കയാൽ ഉണങ്ങിപ്പോയി. മറ്റു ചിലത് മുള്ളിനിടയിൽ വീണു; മുള്ളും അതിനോടൊപ്പം മുളച്ചു അതിനെ ഞെരുക്കിക്കളഞ്ഞു. മറ്റു ചിലത് നല്ലനിലത്ത് വീണു. അത് മുളച്ചു നൂറുമേനി ഫലം കൊടുത്തു. ഇതു പറഞ്ഞിട്ട്: കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നു വിളിച്ചു പറഞ്ഞു. അവന്റെ ശിഷ്യന്മാർ അവനോട് ഈ ഉപമയുടെ അർത്ഥം എന്താണ്? എന്നു ചോദിച്ചു. അതിന് അവൻ മറുപടിയായി പറഞ്ഞത്: ദൈവരാജ്യത്തിൻ്റെ രഹസ്യങ്ങളെ അറിയുവാൻ നിങ്ങൾക്ക് വരം ലഭിച്ചിരിക്കുന്നു; മറ്റുള്ളവർ കാണുന്നു എങ്കിലും അവർക്ക് ഒന്നും മനസ്സിലാകാതിരിക്കുവാനും, കേൾക്കുന്നു എങ്കിലും ഒന്നും ഗ്രഹിക്കാതിരിപ്പാനും ഉപമകളിലൂടെ ആണ് ഞാൻ പഠിപ്പിക്കുന്നത്. ഉപമയുടെ അർത്ഥം ഇതാകുന്നു: വിത്ത് ദൈവവചനം ആണ്; വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിക്കുവാൻ പിശാച് വന്നു അവരുടെ ഹൃദയത്തിൽ നിന്നു വചനം എടുത്തുകളയുന്നു. പാറമേലുള്ളവരോ കേൾക്കുമ്പോൾ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും അവർക്ക് വേരില്ല; അവർ തല്ക്കാലം വിശ്വസിക്കയും പരീക്ഷാസമയത്ത് വിശ്വാസത്തിൽ നിന്നു മാറി പോവുകയും ചെയ്യുന്നു. മുള്ളിനിടയിൽ വീണതോ, വചനം കേൾക്കുന്നവർ എങ്കിലും, വിവിധ ചിന്തകളാലും, ധനത്താലും, ഈ ലോകത്തിലെ സന്തോഷങ്ങളാലും ഞെരുങ്ങി പൂർണ്ണമായി ഫലം കൊടുക്കാത്തവരത്രേ. നല്ല മണ്ണിലുള്ളതോ വചനം കേട്ടിട്ടു, ഹൃദയത്തിൽ സംഗ്രഹിക്കുകയും, ക്ഷമയോടെ ഗുണമുള്ള നല്ലഫലം കൊടുക്കുകയും ചെയ്യുന്നവർ തന്നെ. വിളക്കു കത്തിച്ചിട്ട് ആരും അതിനെ പാത്രംകൊണ്ട് മൂടുകയോ കട്ടിലിൻ്റെ കീഴിൽ വെയ്ക്കുകയോ ചെയ്യുന്നില്ല. അകത്ത് വരുന്നവർക്ക് വെളിച്ചം കാണേണ്ടതിന് തണ്ടിന്മേൽ ആണ് വെയ്ക്കുന്നത്. വെളിപ്പെടാതെ രഹസ്യമായിരിക്കുന്നതു ഒന്നുമില്ല; വെളിച്ചത്തു വരാതെ മറവായിരിക്കുന്നതും ഒന്നുമില്ല. ആകയാൽ നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊള്ളുവിൻ, കാരണം ദൈവവചനം കേട്ടിട്ടു മനസ്സിലാകുന്നവനു കൂടുതൽ കിട്ടും; ഇല്ലാത്തവനോടോ ഉണ്ട് എന്നു തോന്നുന്നതും കൂടെ എടുത്തുകളയും. അവന്റെ അമ്മയും സഹോദരന്മാരും അവനെ കാണുവാനായി അടുക്കൽ വന്നു. എന്നാൽ പുരുഷാരം കാരണം അവന്‍റെ അടുക്കലേക്ക് വരുവാൻ കഴിഞ്ഞില്ല. ”അങ്ങയുടെ അമ്മയും സഹോദരന്മാരും അങ്ങയെ കാണ്മാൻ ആഗ്രഹിച്ചുകൊണ്ട് പുറത്തു നില്ക്കുന്നു” എന്നു ചിലർ അവനോട് അറിയിച്ചു. അവരോട് അവൻ: ദൈവവചനം കേട്ടു അനുസരിക്കുന്നവർ എല്ലാം എന്‍റെ അമ്മയും സഹോദരന്മാരും ആകുന്നു എന്നു ഉത്തരം പറഞ്ഞു. ഒരു ദിവസം അവൻ ശിഷ്യന്മാരുമായി പടകിൽ കയറി; നാം തടാകത്തിന്റെ അക്കരെ പോക എന്നു അവരോട് പറഞ്ഞു. അവർ തുഴഞ്ഞുകൊണ്ടിരുന്നപ്പോൾ യേശു ഉറങ്ങിപ്പോയി. തടാകത്തിൽ ഒരു ചുഴലിക്കാറ്റ് ഉണ്ടായി. പടകിൽ വെള്ളം നിറഞ്ഞു. അവർ പേടിച്ചു യേശുവിന്‍റെ അടുക്കെ ചെന്നു: ”നാഥാ, നാഥാ, ഞങ്ങൾ മരിക്കാൻ പോകുന്നു” എന്നു പറഞ്ഞു അവനെ ഉണർത്തി; അവൻ എഴുന്നേറ്റ് കാറ്റിനേയും രൂക്ഷമായ തിരമാലകളേയും ശാസിച്ചു; അവ അമർന്നു ശാന്തത ഉണ്ടായി. പിന്നെ അവരോട്: നിങ്ങളുടെ വിശ്വാസം എവിടെ? എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ”ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നു” എന്നു തമ്മിൽ പറഞ്ഞു ആശ്ചര്യപ്പെട്ടു.
ലൂക്കൊസ് 8:1-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം അവൻ ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചുംകൊണ്ടു പട്ടണംതോറും സഞ്ചരിച്ചു. അവനോടുകൂടെ പന്തിരുവരും അവൻ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൗഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും ഹെരോദാവിന്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ടു അവർക്കു ശുശ്രൂഷ ചെയ്തു പോന്ന മറ്റു പല സ്ത്രീകളും ഉണ്ടായിരുന്നു. പിന്നെ വലിയോരു പുരുഷാരവും ഓരോ പട്ടണത്തിൽനിന്നു അവന്റെ അടുക്കൽ വന്നവരും ഒരുമിച്ചു കൂടിയപ്പോൾ അവൻ ഉപമയായി പറഞ്ഞതു: വിതെക്കുന്നവൻ വിത്തു വിതെപ്പാൻ പുറപ്പെട്ടു. വിതെക്കുമ്പോൾ ചിലതു വഴിയരികെ വീണിട്ടു ചവിട്ടിപ്പോകയും ആകാശത്തിലെ പറവജാതി അതിനെ തിന്നുകളകയും ചെയ്തു. മറ്റു ചിലതു പാറമേൽ വീണു മുളെച്ചു നനവില്ലായ്കയാൽ ഉണങ്ങിപ്പോയി. മറ്റു ചിലതു മുള്ളിന്നിടയിൽ വീണു; മുള്ളുംകൂടെ മുളെച്ചു അതിനെ ഞെരുക്കിക്കളഞ്ഞു. മറ്റു ചിലതു നല്ല നിലത്തു വീണു മുളെച്ചു നൂറുമേനി ഫലം കൊടുത്തു. ഇതു പറഞ്ഞിട്ടു: കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നു വിളിച്ചു പറഞ്ഞു. അവന്റെ ശിഷ്യന്മാർ അവനോടു ഈ ഉപമ എന്തു എന്നു ചോദിച്ചതിന്നു അവൻ പറഞ്ഞതു: ദൈവരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; ശേഷമുള്ളവർക്കോ കണ്ടിട്ടും കാണാതിരിപ്പാനും, കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും ഉപമകളിലത്രേ. ഉപമയുടെ പൊരുളോ: വിത്തു ദൈവവചനം; വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാൻ പിശാചു വന്നു അവരുടെ ഹൃദയത്തിൽ നിന്നു വചനം എടുത്തുകളയുന്നു. പാറമേലുള്ളവരോ കേൾക്കുമ്പോൾ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും അവർക്കു വേരില്ല; അവർ തല്ക്കാലം വിശ്വസിക്കയും പരീക്ഷാസമയത്തു പിൻവാങ്ങിപ്പോകയും ചെയ്യുന്നു. മുള്ളിന്നിടയിൽ വീണതോ കേൾക്കുന്നവർ എങ്കിലും പോയി ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങളാലും ഞെരുങ്ങി പൂർണ്ണമായി ഫലം കൊടുക്കാത്തവരത്രേ. നല്ല മണ്ണിലുള്ളതോ വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തിൽ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവർ തന്നേ. വിളക്കു കൊളുത്തീട്ടു ആരും അതിനെ പാത്രംകൊണ്ടു മൂടുകയോ കട്ടിൽക്കീഴെ വെക്കയോ ചെയ്യാതെ അകത്തു വരുന്നവർ വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേൽ അത്രേ വെക്കുന്നതു. വെളിപ്പെടാതെ ഗൂഢമായതു ഒന്നുമില്ല; പ്രസിദ്ധമായി വെളിച്ചത്തു വരാതെ മറവായിരിക്കുന്നതും ഒന്നുമില്ല. ആകയാൽ നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ. ഉള്ളവന്നു കിട്ടും; ഇല്ലാത്തവനോടോ ഉണ്ടു എന്നു തോന്നുന്നതും കൂടെ എടുത്തുകളയും. അവന്റെ അമ്മയും സഹോദരന്മാരും അവന്റെ അടുക്കൽ വന്നു, പുരുഷാരം നിമിത്തം അവനോടു അടുപ്പാൻ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരന്മാരും നിന്നെ കാണ്മാൻ ഇച്ഛിച്ചുകൊണ്ടു പുറത്തു നില്ക്കുന്നു എന്നു ചിലർ അവനോടു അറിയിച്ചു. അവരോടു അവൻ:എന്റെ അമ്മയും സഹോദരന്മാരും ദൈവ വചനം കേട്ടു ചെയ്യുന്നവരത്രേ എന്നു ഉത്തരം പറഞ്ഞു. ഒരു ദിവസം അവൻ ശിഷ്യന്മാരുമായി പടകിൽ കയറി;നാം തടാകത്തിന്റെ അക്കരെ പോക എന്നു അവരോടു പറഞ്ഞു. അവർ നീക്കി ഓടുമ്പോൾ അവൻ ഉറങ്ങിപ്പോയി തടാകത്തിൽ ഒരു ചുഴലിക്കാറ്റു ഉണ്ടായി പടകിൽ വെള്ളം നിറഞ്ഞിട്ടു അവർ പ്രാണഭയത്തിലായി അടുക്കെ ചെന്നു: നാഥാ, നാഥാ, ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണർത്തി; അവൻ എഴുന്നേറ്റു കാറ്റിനെയും വെള്ളത്തിന്റെ കോപത്തെയും ശാസിച്ചു; അവ അമർന്നു ശാന്തത ഉണ്ടായി. പിന്നെ അവരോടു: നിങ്ങളുടെ വിശ്വാസം എവിടെ എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കയും അവ അനുസരിക്കയും ചെയ്യുന്നു എന്നു തമ്മിൽ പറഞ്ഞു ആശ്ചര്യപ്പെട്ടു.
ലൂക്കൊസ് 8:1-25 സമകാലിക മലയാളവിവർത്തനം (MCV)
ഇതിനുശേഷം യേശു ദൈവരാജ്യത്തിന്റെ സുവിശേഷം വിളംബരംചെയ്തുകൊണ്ടു പട്ടണങ്ങളിലും ഗ്രാമങ്ങളിലും യാത്രചെയ്തു. യേശുവിനോടൊപ്പം പന്ത്രണ്ട് ശിഷ്യന്മാരും ദുരാത്മാക്കളിൽനിന്നും രോഗങ്ങളിൽനിന്നും സൗഖ്യംപ്രാപിച്ച ചില സ്ത്രീകളും ഉണ്ടായിരുന്നു. അവരിൽ മഗ്ദലക്കാരി എന്നു വിളിക്കപ്പെട്ടിരുന്നവളും ഏഴു ഭൂതങ്ങൾ വിട്ടുപോയവളുമായ മറിയയും ഹെരോദാവിന്റെ കാര്യസ്ഥനായിരുന്ന കൂസയുടെ ഭാര്യ യോഹന്നയും സൂസന്നയും മറ്റുപല സ്ത്രീകളും ഉൾപ്പെട്ടിരുന്നു. ഈ സ്ത്രീകൾ തങ്ങളുടെ സമ്പാദ്യംകൊണ്ട് യേശുവിനെയും ശിഷ്യന്മാരെയും സഹായിച്ചുകൊണ്ടിരുന്നു. പല പട്ടണത്തിൽനിന്നും വലിയൊരു ജനസമൂഹം യേശുവിന്റെ അടുത്തേക്കു വന്നുകൊണ്ടിരുന്നു. അപ്പോൾ അദ്ദേഹം അവരോട് ഈ സാദൃശ്യകഥ പറഞ്ഞു: “ഒരിക്കൽ ഒരു കർഷകൻ വിത്തുവിതയ്ക്കാൻ പുറപ്പെട്ടു; വിതയ്ക്കുമ്പോൾ ചിലത് വഴിയോരത്തു വീണു. വഴിയാത്രക്കാർ അത് ചവിട്ടിമെതിച്ചുകളയുകയും ആകാശത്തിലെ പക്ഷികൾ കൊത്തിത്തിന്നുകയും ചെയ്തു. ചിലതു പാറയുള്ള സ്ഥലത്തു വീണു, അവ മുളച്ചുവന്നു എങ്കിലും ഈർപ്പം കിട്ടാതിരുന്നതുകൊണ്ട് കരിഞ്ഞുപോയി. കുറെ വിത്തുകളാകട്ടെ, മുൾച്ചെടികൾക്കിടയിൽ വീണു; മുൾച്ചെടികളും ചെടികളോടൊപ്പം വളർന്നു; ചെടികളെ ഞെരുക്കിക്കളഞ്ഞു. എന്നാൽ, കുറെ വിത്തുകൾ നല്ല നിലത്തുവീണു; അവ വളർന്ന്, വിതച്ചതിന്റെ നൂറുമടങ്ങ് വിളവുനൽകി.” ഇതു പറഞ്ഞതിനുശേഷം യേശു, “ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ!” എന്നു വിളിച്ചുപറഞ്ഞു. യേശുവിന്റെ ശിഷ്യന്മാർ അദ്ദേഹത്തോട് ഈ സാദൃശ്യകഥയുടെ അർഥം എന്തെന്നു ചോദിച്ചു. അതിന് യേശു ഉത്തരം പറഞ്ഞത്: “ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ ഗ്രഹിക്കാനുള്ള സൗഭാഗ്യം നിങ്ങൾക്കു നൽകിയിരിക്കുന്നു; എന്നാൽ മറ്റുള്ളവരോട് ഞാൻ സാദൃശ്യകഥകളിലൂടെയാണ് സംസാരിക്കുന്നത്. “ ‘അവർ നോക്കുന്നെങ്കിലും കാണുന്നില്ല; കേൾക്കുന്നെങ്കിലും ഗ്രഹിക്കുന്നില്ല.’ “ഈ സാദൃശ്യകഥയുടെ അർഥം ഇതാണ്: വിത്ത് ദൈവവചനം. വഴിയോരത്തുള്ളവർ ദൈവവചനം ശ്രവിക്കുന്നവർ, പക്ഷേ, അവർക്കു വിശ്വസിച്ചു രക്ഷിക്കപ്പെടാൻ അവസരം ലഭിക്കാതവണ്ണം പിശാചുവന്ന് അവരുടെ ഹൃദയങ്ങളിൽനിന്ന് വചനം എടുത്തുകളയുന്നു. വിത്തു വീണ പാറസ്ഥലമോ വചനം കേൾക്കുന്നമാത്രയിൽ ആനന്ദത്തോടെ സ്വീകരിക്കുന്നവരാണ്. എന്നാൽ, ആഴത്തിൽ വേരു പോകാൻ കഴിയാത്തതുകൊണ്ട് അവരുടെ വിശ്വാസം താൽക്കാലികമാണ്; പരിശോധനകൾ അഭിമുഖീകരിക്കുമ്പോൾ അവർ വിശ്വാസം ത്യജിച്ചുകളയുന്നു. മുൾച്ചെടികൾക്കിടയിൽ വിത്തു വീണത്, വചനം കേൾക്കുന്നെങ്കിലും ജീവിതത്തിലെ ആകുലതകളാലും സമ്പത്തിനാലും സുഖഭോഗങ്ങളാലും കേട്ട വചനം ഞെരുക്കപ്പെട്ട് അത് നിഷ്ഫലമാകുന്നവരെ സൂചിപ്പിക്കുന്നു. നല്ല മണ്ണിൽ വിത്തു വീണത്, നന്മയും ഹൃദയനൈർമല്യവുമുള്ളവരെ പ്രതിനിധാനംചെയ്യുന്നു. അവർ വചനം കേട്ട് അതു സംഗ്രഹിച്ചുവെക്കുകയും ക്ഷമയോടെ ഫലം പുറപ്പെടുവിക്കുകയുംചെയ്യുന്നു. “ആരും വിളക്കു കൊളുത്തി പാത്രംകൊണ്ടു മൂടുകയോ കട്ടിലിനു കീഴിൽ വെക്കുകയോ ചെയ്യുന്നില്ല; പിന്നെയോ, വീടിനുള്ളിൽ പ്രവേശിക്കുന്നവർക്കു പ്രകാശം കാണേണ്ടതിനു വിളക്കുകാലിന്മേലാണ് വെക്കുക. വെളിപ്പെടുത്തപ്പെടാതെ മറച്ചുവെക്കാവുന്നതോ അറിയിക്കപ്പെടാതെയോ പ്രസിദ്ധമാക്കപ്പെടാതെയോ ഗോപ്യമാക്കി വെക്കാവുന്നതോ ആയ യാതൊന്നുമില്ല. അതുകൊണ്ട് നിങ്ങൾ കേൾക്കുന്നത് ശ്രദ്ധയോടെയാണോ എന്നു സൂക്ഷിക്കുക. ഉള്ളവർക്ക് അധികം നൽകപ്പെടും; എന്നാൽ ഇല്ലാത്തവരിൽനിന്ന് അവർക്കുണ്ടെന്നു കരുതുന്ന അൽപ്പംകൂടെ എടുത്തുകളയപ്പെടും.” യേശുവിന്റെ അമ്മയും സഹോദരന്മാരും അദ്ദേഹത്തെ കാണാൻ വന്നു. എന്നാൽ ജനത്തിരക്കു നിമിത്തം അദ്ദേഹത്തിന്റെ അടുത്തെത്താൻ അവർക്കു കഴിഞ്ഞില്ല. ഒരാൾ വന്ന് യേശുവിനോട്, “അങ്ങയുടെ അമ്മയും സഹോദരന്മാരും അങ്ങയെ കാണാൻ ആഗ്രഹിച്ച് പുറത്തു നിൽക്കുന്നു” എന്നു പറഞ്ഞു. അതിന് യേശു, “ദൈവത്തിന്റെ വചനം കേൾക്കുകയും പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരന്മാരും” എന്ന് ഉത്തരം പറഞ്ഞു. ഒരു ദിവസം യേശു ശിഷ്യന്മാരോടൊപ്പം ഒരു വള്ളത്തിൽ കയറി, “നമുക്കു തടാകത്തിന്റെ അക്കരയ്ക്കുപോകാം” എന്നു പറഞ്ഞ് യാത്രപുറപ്പെട്ടു. അവർ യാത്രചെയ്യുമ്പോൾ അദ്ദേഹം ഉറങ്ങിപ്പോയി. അപ്പോൾ ഉഗ്രമായൊരു കൊടുങ്കാറ്റ് തടാകത്തിൽ ആഞ്ഞടിച്ചു; തിരകൾ വള്ളത്തിനുള്ളിലേക്ക് അടിച്ചുകയറി അവർ വലിയ അപകടത്തിലായി. ശിഷ്യന്മാർ ചെന്ന് അദ്ദേഹത്തെ ഉണർത്തിക്കൊണ്ട്, “പ്രഭോ, പ്രഭോ, ഞങ്ങൾ മുങ്ങിപ്പോകുന്നു” എന്നു പറഞ്ഞു. അദ്ദേഹം എഴുന്നേറ്റ് കാറ്റിനെയും വെള്ളത്തിന്റെ ക്ഷോഭത്തെയും ശാസിച്ചു. കൊടുങ്കാറ്റ് അമർന്നു; എല്ലാം പ്രശാന്തമായി. അദ്ദേഹം ശിഷ്യന്മാരോട്, “നിങ്ങളുടെ വിശ്വാസം എവിടെ?” എന്നു ചോദിച്ചു. അവർ ഭയത്തോടും വിസ്മയത്തോടുംകൂടെ, “ഇദ്ദേഹം ആരാണ്? ഇദ്ദേഹം കാറ്റിനോടും വെള്ളത്തോടും കൽപ്പിക്കുകയും അവപോലും അനുസരിക്കുകയുംചെയ്യുന്നു” എന്നു പരസ്പരം പറഞ്ഞു.