ഇതിനുശേഷം യേശു ദൈവരാജ്യത്തിന്റെ സുവിശേഷം വിളംബരംചെയ്തുകൊണ്ടു പട്ടണങ്ങളിലും ഗ്രാമങ്ങളിലും യാത്രചെയ്തു. യേശുവിനോടൊപ്പം പന്ത്രണ്ട് ശിഷ്യന്മാരും ദുരാത്മാക്കളിൽനിന്നും രോഗങ്ങളിൽനിന്നും സൗഖ്യംപ്രാപിച്ച ചില സ്ത്രീകളും ഉണ്ടായിരുന്നു. അവരിൽ മഗ്ദലക്കാരി എന്നു വിളിക്കപ്പെട്ടിരുന്നവളും ഏഴു ഭൂതങ്ങൾ വിട്ടുപോയവളുമായ മറിയയും ഹെരോദാവിന്റെ കാര്യസ്ഥനായിരുന്ന കൂസയുടെ ഭാര്യ യോഹന്നയും സൂസന്നയും മറ്റുപല സ്ത്രീകളും ഉൾപ്പെട്ടിരുന്നു. ഈ സ്ത്രീകൾ തങ്ങളുടെ സമ്പാദ്യംകൊണ്ട് യേശുവിനെയും ശിഷ്യന്മാരെയും സഹായിച്ചുകൊണ്ടിരുന്നു. പല പട്ടണത്തിൽനിന്നും വലിയൊരു ജനസമൂഹം യേശുവിന്റെ അടുത്തേക്കു വന്നുകൊണ്ടിരുന്നു. അപ്പോൾ അദ്ദേഹം അവരോട് ഈ സാദൃശ്യകഥ പറഞ്ഞു: “ഒരിക്കൽ ഒരു കർഷകൻ വിത്തുവിതയ്ക്കാൻ പുറപ്പെട്ടു; വിതയ്ക്കുമ്പോൾ ചിലത് വഴിയോരത്തു വീണു. വഴിയാത്രക്കാർ അത് ചവിട്ടിമെതിച്ചുകളയുകയും ആകാശത്തിലെ പക്ഷികൾ കൊത്തിത്തിന്നുകയും ചെയ്തു. ചിലതു പാറയുള്ള സ്ഥലത്തു വീണു, അവ മുളച്ചുവന്നു എങ്കിലും ഈർപ്പം കിട്ടാതിരുന്നതുകൊണ്ട് കരിഞ്ഞുപോയി. കുറെ വിത്തുകളാകട്ടെ, മുൾച്ചെടികൾക്കിടയിൽ വീണു; മുൾച്ചെടികളും ചെടികളോടൊപ്പം വളർന്നു; ചെടികളെ ഞെരുക്കിക്കളഞ്ഞു. എന്നാൽ, കുറെ വിത്തുകൾ നല്ല നിലത്തുവീണു; അവ വളർന്ന്, വിതച്ചതിന്റെ നൂറുമടങ്ങ് വിളവുനൽകി.” ഇതു പറഞ്ഞതിനുശേഷം യേശു, “ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ!” എന്നു വിളിച്ചുപറഞ്ഞു. യേശുവിന്റെ ശിഷ്യന്മാർ അദ്ദേഹത്തോട് ഈ സാദൃശ്യകഥയുടെ അർഥം എന്തെന്നു ചോദിച്ചു. അതിന് യേശു ഉത്തരം പറഞ്ഞത്: “ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ ഗ്രഹിക്കാനുള്ള സൗഭാഗ്യം നിങ്ങൾക്കു നൽകിയിരിക്കുന്നു; എന്നാൽ മറ്റുള്ളവരോട് ഞാൻ സാദൃശ്യകഥകളിലൂടെയാണ് സംസാരിക്കുന്നത്. “ ‘അവർ നോക്കുന്നെങ്കിലും കാണുന്നില്ല; കേൾക്കുന്നെങ്കിലും ഗ്രഹിക്കുന്നില്ല.’ “ഈ സാദൃശ്യകഥയുടെ അർഥം ഇതാണ്: വിത്ത് ദൈവവചനം. വഴിയോരത്തുള്ളവർ ദൈവവചനം ശ്രവിക്കുന്നവർ, പക്ഷേ, അവർക്കു വിശ്വസിച്ചു രക്ഷിക്കപ്പെടാൻ അവസരം ലഭിക്കാതവണ്ണം പിശാചുവന്ന് അവരുടെ ഹൃദയങ്ങളിൽനിന്ന് വചനം എടുത്തുകളയുന്നു. വിത്തു വീണ പാറസ്ഥലമോ വചനം കേൾക്കുന്നമാത്രയിൽ ആനന്ദത്തോടെ സ്വീകരിക്കുന്നവരാണ്. എന്നാൽ, ആഴത്തിൽ വേരു പോകാൻ കഴിയാത്തതുകൊണ്ട് അവരുടെ വിശ്വാസം താൽക്കാലികമാണ്; പരിശോധനകൾ അഭിമുഖീകരിക്കുമ്പോൾ അവർ വിശ്വാസം ത്യജിച്ചുകളയുന്നു. മുൾച്ചെടികൾക്കിടയിൽ വിത്തു വീണത്, വചനം കേൾക്കുന്നെങ്കിലും ജീവിതത്തിലെ ആകുലതകളാലും സമ്പത്തിനാലും സുഖഭോഗങ്ങളാലും കേട്ട വചനം ഞെരുക്കപ്പെട്ട് അത് നിഷ്ഫലമാകുന്നവരെ സൂചിപ്പിക്കുന്നു. നല്ല മണ്ണിൽ വിത്തു വീണത്, നന്മയും ഹൃദയനൈർമല്യവുമുള്ളവരെ പ്രതിനിധാനംചെയ്യുന്നു. അവർ വചനം കേട്ട് അതു സംഗ്രഹിച്ചുവെക്കുകയും ക്ഷമയോടെ ഫലം പുറപ്പെടുവിക്കുകയുംചെയ്യുന്നു. “ആരും വിളക്കു കൊളുത്തി പാത്രംകൊണ്ടു മൂടുകയോ കട്ടിലിനു കീഴിൽ വെക്കുകയോ ചെയ്യുന്നില്ല; പിന്നെയോ, വീടിനുള്ളിൽ പ്രവേശിക്കുന്നവർക്കു പ്രകാശം കാണേണ്ടതിനു വിളക്കുകാലിന്മേലാണ് വെക്കുക. വെളിപ്പെടുത്തപ്പെടാതെ മറച്ചുവെക്കാവുന്നതോ അറിയിക്കപ്പെടാതെയോ പ്രസിദ്ധമാക്കപ്പെടാതെയോ ഗോപ്യമാക്കി വെക്കാവുന്നതോ ആയ യാതൊന്നുമില്ല. അതുകൊണ്ട് നിങ്ങൾ കേൾക്കുന്നത് ശ്രദ്ധയോടെയാണോ എന്നു സൂക്ഷിക്കുക. ഉള്ളവർക്ക് അധികം നൽകപ്പെടും; എന്നാൽ ഇല്ലാത്തവരിൽനിന്ന് അവർക്കുണ്ടെന്നു കരുതുന്ന അൽപ്പംകൂടെ എടുത്തുകളയപ്പെടും.” യേശുവിന്റെ അമ്മയും സഹോദരന്മാരും അദ്ദേഹത്തെ കാണാൻ വന്നു. എന്നാൽ ജനത്തിരക്കു നിമിത്തം അദ്ദേഹത്തിന്റെ അടുത്തെത്താൻ അവർക്കു കഴിഞ്ഞില്ല. ഒരാൾ വന്ന് യേശുവിനോട്, “അങ്ങയുടെ അമ്മയും സഹോദരന്മാരും അങ്ങയെ കാണാൻ ആഗ്രഹിച്ച് പുറത്തു നിൽക്കുന്നു” എന്നു പറഞ്ഞു. അതിന് യേശു, “ദൈവത്തിന്റെ വചനം കേൾക്കുകയും പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരന്മാരും” എന്ന് ഉത്തരം പറഞ്ഞു. ഒരു ദിവസം യേശു ശിഷ്യന്മാരോടൊപ്പം ഒരു വള്ളത്തിൽ കയറി, “നമുക്കു തടാകത്തിന്റെ അക്കരയ്ക്കുപോകാം” എന്നു പറഞ്ഞ് യാത്രപുറപ്പെട്ടു. അവർ യാത്രചെയ്യുമ്പോൾ അദ്ദേഹം ഉറങ്ങിപ്പോയി. അപ്പോൾ ഉഗ്രമായൊരു കൊടുങ്കാറ്റ് തടാകത്തിൽ ആഞ്ഞടിച്ചു; തിരകൾ വള്ളത്തിനുള്ളിലേക്ക് അടിച്ചുകയറി അവർ വലിയ അപകടത്തിലായി. ശിഷ്യന്മാർ ചെന്ന് അദ്ദേഹത്തെ ഉണർത്തിക്കൊണ്ട്, “പ്രഭോ, പ്രഭോ, ഞങ്ങൾ മുങ്ങിപ്പോകുന്നു” എന്നു പറഞ്ഞു. അദ്ദേഹം എഴുന്നേറ്റ് കാറ്റിനെയും വെള്ളത്തിന്റെ ക്ഷോഭത്തെയും ശാസിച്ചു. കൊടുങ്കാറ്റ് അമർന്നു; എല്ലാം പ്രശാന്തമായി. അദ്ദേഹം ശിഷ്യന്മാരോട്, “നിങ്ങളുടെ വിശ്വാസം എവിടെ?” എന്നു ചോദിച്ചു. അവർ ഭയത്തോടും വിസ്മയത്തോടുംകൂടെ, “ഇദ്ദേഹം ആരാണ്? ഇദ്ദേഹം കാറ്റിനോടും വെള്ളത്തോടും കൽപ്പിക്കുകയും അവപോലും അനുസരിക്കുകയുംചെയ്യുന്നു” എന്നു പരസ്പരം പറഞ്ഞു.
ലൂക്കോസ് 8 വായിക്കുക
കേൾക്കുക ലൂക്കോസ് 8
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ലൂക്കോസ് 8:1-25
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ