ലൂക്കൊസ് 7:17-23

ലൂക്കൊസ് 7:17-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവനെക്കുറിച്ചുള്ള ഈ ശ്രുതി യെഹൂദ്യയിലൊക്കെയും ചുറ്റുമുള്ള നാടെങ്ങും പരന്നു. ഇതൊക്കെയും യോഹന്നാന്റെ ശിഷ്യന്മാർ അവനോട് അറിയിച്ചു. എന്നാറെ യോഹന്നാൻ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച്, കർത്താവിന്റെ അടുക്കൽ അയച്ചു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു പറയിച്ചു. ആ പുരുഷന്മാർ അവന്റെ അടുക്കൽ വന്ന്: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു ചോദിപ്പാൻ യോഹന്നാൻസ്നാപകൻ ഞങ്ങളെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയിൽ അവൻ വ്യാധികളും ദണ്ഡങ്ങളും ദുരാത്മാക്കളും പിടിച്ച പലരെയും സൗഖ്യമാക്കുകയും പല കുരുടന്മാർക്കും കാഴ്ച നല്കുകയും ചെയ്തിട്ട് അവരോട്: കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു; ദരിദ്രന്മാരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കയും ചെയ്യുന്നത് യോഹന്നാനെ ചെന്ന് അറിയിപ്പിൻ. എന്നാൽ എങ്കൽ ഇടറിപ്പോകാത്തവൻ ഭാഗ്യവാൻ എന്ന് ഉത്തരം പറഞ്ഞു.

ലൂക്കൊസ് 7:17-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യേശുവിനെക്കുറിച്ചുള്ള ഈ വാർത്ത യെഹൂദ്യനാട്ടിൽ എല്ലായിടത്തും പരിസരപ്രദേശങ്ങളിലും പ്രചരിച്ചു. യോഹന്നാന്റെ ശിഷ്യന്മാർ ഈ കാര്യങ്ങളെല്ലാം അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം രണ്ടു ശിഷ്യന്മാരെ വിളിച്ച് “വരുവാനിരിക്കുന്ന മിശിഹാ അങ്ങു തന്നെയോ, അതോ ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കണോ?” എന്നു ചോദിക്കുന്നതിനായി യേശുവിന്റെ അടുക്കൽ അയച്ചു. അവർ ചെന്ന് യേശുവിനോടു ചോദിച്ചു; “സ്നാപകയോഹന്നാൻ ഞങ്ങളെ ഇവിടെ അയച്ചിരിക്കുന്നു; വരുവാനിരിക്കുന്നവൻ അങ്ങുതന്നെയാണോ? അതോ മറ്റൊരുവനെ ഞങ്ങൾ കാത്തിരിക്കണോ?” ആ സമയത്ത് യേശു രോഗങ്ങളും വ്യാധികളും ദുഷ്ടാത്മാക്കളും ബാധിച്ച നിരവധി ആളുകളെ സുഖപ്പെടുത്തുകയും അന്ധന്മാർക്കു കാഴ്ച നല്‌കുകയും ചെയ്തുകൊണ്ടിരുന്നു. അവിടുന്ന് യോഹന്നാന്റെ ദൂതന്മാരോടു പ്രതിവചിച്ചു: “നിങ്ങൾ കണ്ടതും കേട്ടതുമായ കാര്യങ്ങൾ അദ്ദേഹത്തോടു പോയി പറയുക: അന്ധന്മാർക്കു കാഴ്ച ലഭിക്കുന്നു, മുടന്തന്മാർ നടക്കുന്നു, കുഷ്ഠരോഗികൾ സുഖംപ്രാപിക്കുന്നു, ബധിരർ കേൾക്കുന്നു, മരിച്ചവരെ ഉയിർപ്പിക്കുന്നു, ദരിദ്രരോടു സുവിശേഷം പ്രസംഗിക്കുന്നു. എന്നിലുള്ള വിശ്വാസത്തിൽനിന്ന് ഇടറിവീഴാതിരിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ.”

ലൂക്കൊസ് 7:17-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അവനെക്കുറിച്ചുള്ള ഈ ശ്രുതി യെഹൂദ്യയിൽ ഒക്കെയും ചുറ്റുമുള്ള നാടെങ്ങും പ്രസിദ്ധമായി. ഇതു ഒക്കെയും യോഹന്നാന്‍റെ ശിഷ്യന്മാർ അവനോട് അറിയിച്ചു. അപ്പോൾ യോഹന്നാൻ തന്‍റെ ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ചു. ”വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ?” എന്നു കർത്താവിനോട് ചോദിക്കാൻ അവരെ പറഞ്ഞയച്ചു. ആ പുരുഷന്മാർ യേശുവിന്‍റെ അടുക്കൽ വന്നു: ”വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ?” എന്നു ചോദിപ്പാൻ, യോഹന്നാൻ സ്നാപകൻ ഞങ്ങളെ നിന്‍റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. ആ സമയത്ത് യേശു വ്യാധികളും ദണ്ഡങ്ങളും ദുരാത്മാക്കളും പിടിച്ച പലരെയും സൌഖ്യമാക്കുകയും പല കുരുടന്മാർക്ക് കാഴ്ച നല്കുകയും ചെയ്തിട്ട് അവരോട്: കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായ് തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു; ദിരദ്രന്മാരോട് സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിക്കുവിൻ. എന്നാൽ എന്‍റെ പ്രവർത്തനം മൂലം എന്നെ അവിശ്വസിക്കാത്തവൻ ഭാഗ്യവാൻ എന്നു ഉത്തരം പറഞ്ഞു.

ലൂക്കൊസ് 7:17-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവനെക്കുറിച്ചുള്ള ഈ ശ്രുതി യെഹൂദ്യയിൽ ഒക്കെയും ചുറ്റുമുള്ള നാടെങ്ങും പരന്നു. ഇതു ഒക്കെയും യോഹന്നാന്റെ ശിഷ്യന്മാർ അവനോടു അറിയിച്ചു. എന്നാറെ യോഹന്നാൻ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ചു, കർത്താവിന്റെ അടുക്കൽ അയച്ചു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു പറയിച്ചു. ആ പുരുഷന്മാർ അവന്റെ അടുക്കൽ വന്നു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു ചോദിപ്പാൻ യോഹന്നാൻസ്നാപകൻ ഞങ്ങളെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയിൽ അവൻ വ്യാധികളും ദണ്ഡങ്ങളും ദുരാത്മാക്കളും പിടിച്ച പലരെയും സൗഖ്യമാക്കുകയും പല കുരുടന്മാർക്കു കാഴ്ച നല്കുകയും ചെയ്തിട്ടു അവരോടു: കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു; ദിരദ്രന്മാരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ. എന്നാൽ എങ്കൽ ഇടറിപ്പോകാത്തവൻ ഭാഗ്യവാൻ എന്നു ഉത്തരം പറഞ്ഞു.

ലൂക്കൊസ് 7:17-23 സമകാലിക മലയാളവിവർത്തനം (MCV)

യേശുവിനെക്കുറിച്ചുള്ള ഈ വാർത്ത യെഹൂദർക്കിടയിലും നാലുപാടുമുള്ള പ്രദേശത്തും പ്രചരിച്ചു. ഈ സംഭവങ്ങളെക്കുറിച്ചൊക്കെയും യോഹന്നാൻസ്നാപകന്റെ ശിഷ്യന്മാർ യോഹന്നാനെ അറിയിച്ചു. അദ്ദേഹം തന്റെ ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച്, “വരാനുള്ള മശിഹാ അങ്ങുതന്നെയോ? അല്ല, ഞങ്ങൾ ഇനിയും മറ്റൊരാളെ കാത്തിരിക്കണമോ?” എന്നു ചോദിക്കാൻ കർത്താവിന്റെ അടുക്കൽ അയച്ചു. അവർ യേശുവിന്റെ അടുക്കൽവന്ന്, “ ‘വരാനുള്ള മശിഹാ അങ്ങുതന്നെയോ? അല്ല, ഞങ്ങൾ ഇനിയും മറ്റൊരാളെ കാത്തിരിക്കണമോ?’ എന്നു ചോദിക്കാൻ യോഹന്നാൻസ്നാപകൻ ഞങ്ങളെ അങ്ങയുടെ അടുക്കൽ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു. ആ സമയത്തുതന്നെ യേശു, രോഗങ്ങളും പീഡകളും ദുരാത്മാക്കളും ബാധിച്ച അനേകരെ സൗഖ്യമാക്കുകയും അന്ധരായ അനേകർക്കു കാഴ്ച നൽകുകയും ചെയ്തു. പിന്നെ യേശു ആ സന്ദേശവാഹകരോട്, “നിങ്ങൾ കാണുകയും കേൾക്കുകയുംചെയ്യുന്ന ഇക്കാര്യങ്ങൾ മടങ്ങിച്ചെന്ന് യോഹന്നാനെ അറിയിക്കുക: അന്ധർക്കു കാഴ്ച ലഭിക്കുന്നു, മുടന്തർ നടക്കുന്നു, കുഷ്ഠരോഗികൾ സൗഖ്യമാകുന്നു, ബധിരർ കേൾക്കുന്നു, മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു. എന്നിലുള്ള വിശ്വാസത്തിൽനിന്ന് വ്യതിചലിക്കാതെ നിലനിൽക്കുന്നവർ അനുഗൃഹീതർ!” എന്നു പറഞ്ഞു.