ലൂക്കോസ് 7:17-23

ലൂക്കോസ് 7:17-23 MCV

യേശുവിനെക്കുറിച്ചുള്ള ഈ വാർത്ത യെഹൂദർക്കിടയിലും നാലുപാടുമുള്ള പ്രദേശത്തും പ്രചരിച്ചു. ഈ സംഭവങ്ങളെക്കുറിച്ചൊക്കെയും യോഹന്നാൻസ്നാപകന്റെ ശിഷ്യന്മാർ യോഹന്നാനെ അറിയിച്ചു. അദ്ദേഹം തന്റെ ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച്, “വരാനുള്ള മശിഹാ അങ്ങുതന്നെയോ? അല്ല, ഞങ്ങൾ ഇനിയും മറ്റൊരാളെ കാത്തിരിക്കണമോ?” എന്നു ചോദിക്കാൻ കർത്താവിന്റെ അടുക്കൽ അയച്ചു. അവർ യേശുവിന്റെ അടുക്കൽവന്ന്, “ ‘വരാനുള്ള മശിഹാ അങ്ങുതന്നെയോ? അല്ല, ഞങ്ങൾ ഇനിയും മറ്റൊരാളെ കാത്തിരിക്കണമോ?’ എന്നു ചോദിക്കാൻ യോഹന്നാൻസ്നാപകൻ ഞങ്ങളെ അങ്ങയുടെ അടുക്കൽ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു. ആ സമയത്തുതന്നെ യേശു, രോഗങ്ങളും പീഡകളും ദുരാത്മാക്കളും ബാധിച്ച അനേകരെ സൗഖ്യമാക്കുകയും അന്ധരായ അനേകർക്കു കാഴ്ച നൽകുകയും ചെയ്തു. പിന്നെ യേശു ആ സന്ദേശവാഹകരോട്, “നിങ്ങൾ കാണുകയും കേൾക്കുകയുംചെയ്യുന്ന ഇക്കാര്യങ്ങൾ മടങ്ങിച്ചെന്ന് യോഹന്നാനെ അറിയിക്കുക: അന്ധർക്കു കാഴ്ച ലഭിക്കുന്നു, മുടന്തർ നടക്കുന്നു, കുഷ്ഠരോഗികൾ സൗഖ്യമാകുന്നു, ബധിരർ കേൾക്കുന്നു, മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു. എന്നിലുള്ള വിശ്വാസത്തിൽനിന്ന് വ്യതിചലിക്കാതെ നിലനിൽക്കുന്നവർ അനുഗൃഹീതർ!” എന്നു പറഞ്ഞു.