ലൂക്കൊസ് 5:16-32

ലൂക്കൊസ് 5:16-32 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവനോ നിർജനദേശത്തു വാങ്ങിപ്പോയി പ്രാർഥിച്ചുകൊണ്ടിരുന്നു. അവൻ ഒരു ദിവസം ഉപദേശിക്കുമ്പോൾ ഗലീലയിലും യെഹൂദ്യയിലുമുള്ള സകല ഗ്രാമത്തിൽനിന്നും യെരൂശലേമിൽനിന്നും വന്ന പരീശന്മാരും ന്യായശാസ്ത്രിമാരും അവിടെ ഇരുന്നിരുന്നു. സൗഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു. അപ്പോൾ ചില ആളുകൾ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയിൽ എടുത്തു കൊണ്ടുവന്നു; അവനെ അകത്തു കൊണ്ടുചെന്ന് അവന്റെ മുമ്പിൽ വയ്പാൻ ശ്രമിച്ചു. പുരുഷാരം ഹേതുവായി അവനെ അകത്തു കൊണ്ടുചെല്ലുവാൻ വഴി കാണാഞ്ഞിട്ടു പുരമേൽ കയറി ഓടു നീക്കി അവനെ കിടക്കയോടെ നടുവിൽ യേശുവിന്റെ മുമ്പിൽ, ഇറക്കിവച്ചു. അവരുടെ വിശ്വാസം കണ്ടിട്ട് അവൻ: മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു. ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി. യേശു അവരുടെ ചിന്തകളെ അറിഞ്ഞ് അവരോട്: നിങ്ങൾ ഹൃദയത്തിൽ ചിന്തിക്കുന്നത് എന്ത്? നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു. എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന് അധികാരം ഉണ്ട് എന്ന് നിങ്ങൾ അറിയേണ്ടതിന്- അവൻ പക്ഷവാതക്കാരനോട്: എഴുന്നേറ്റ് കിടക്ക എടുത്ത് വീട്ടിലേക്ക് പോക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു. ഉടനെ അവർ കാൺകെ അവൻ എഴുന്നേറ്റ്, താൻ കിടന്ന കിടക്ക എടുത്തു ദൈവത്തെ മഹത്ത്വീകരിച്ചുംകൊണ്ട് വീട്ടിലേക്കു പോയി. എല്ലാവരും വിസ്മയം പൂണ്ടു ദൈവത്തെ മഹത്ത്വപ്പെടുത്തി ഭയം നിറഞ്ഞവരായി: ഇന്ന് നാം അപൂർവകാര്യങ്ങളെ കണ്ടു എന്നു പറഞ്ഞു. അതിന്റെശേഷം അവൻ പുറപ്പെട്ടു, ലേവി എന്നു പേരുള്ളൊരു ചുങ്കക്കാരൻ ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ടു; എന്നെ അനുഗമിക്ക എന്ന് അവനോട് പറഞ്ഞു. അവൻ സകലവും വിട്ട് എഴുന്നേറ്റ് അവനെ അനുഗമിച്ചു. ലേവി തന്റെ വീട്ടിൽ അവന് ഒരു വലിയ വിരുന്ന് ഒരുക്കി; ചുങ്കക്കാരും മറ്റും വലിയൊരു പുരുഷാരം അവരോടുകൂടെ പന്തിയിൽ ഇരുന്നു. പരീശന്മാരും അവരുടെ ശാസ്ത്രിമാരും അവന്റെ ശിഷ്യന്മാരോട്: നിങ്ങൾ ചുങ്കക്കാരോടും പാപികളോടുംകൂടെ തിന്നുകുടിക്കുന്നത് എന്ത് എന്നു പറഞ്ഞ് പിറുപിറുത്തു. യേശു അവരോട്: ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ട് ആവശ്യമില്ല; ഞാൻ നീതിമാന്മാരെ അല്ല; പാപികളെ അത്രേ മാനസാന്തരത്തിന് വിളിപ്പാൻ വന്നിരിക്കുന്നത് എന്ന് ഉത്തരം പറഞ്ഞു.

ലൂക്കൊസ് 5:16-32 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവിടുന്നാകട്ടെ പ്രാർഥിക്കുവാൻ വിജനസ്ഥലങ്ങളിലേക്കു മാറിപ്പോകുമായിരുന്നു. ഒരിക്കൽ യേശു പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. യെഹൂദ്യയിലും ഗലീലയിലുമുള്ള എല്ലാ ഗ്രാമങ്ങളിൽനിന്നും യെരൂശലേമിൽനിന്നും പരീശന്മാരും മതോപദേഷ്ടാക്കളും അവിടെ വന്നുകൂടി. രോഗങ്ങൾ ശമിപ്പിക്കുന്നതിനുള്ള ദൈവശക്തി യേശുവിന് ഉണ്ടായിരുന്നു. ചിലർ ഒരു പക്ഷവാതരോഗിയെ കിടക്കയിൽ എടുത്തുകൊണ്ടുവന്ന് യേശുവിന്റെ മുമ്പിൽ എത്തിക്കുവാൻ ശ്രമിച്ചു. പക്ഷേ, ജനങ്ങളുടെ തിരക്കുമൂലം അകത്തേക്കു കൊണ്ടുചെല്ലുവാൻ കഴിഞ്ഞില്ല. മറ്റൊരു മാർഗവും കാണാഞ്ഞതുകൊണ്ട് അവർ മുകളിൽ കയറി മട്ടുപ്പാവു പൊളിച്ച് രോഗിയെ കിടക്കയോടെ ഇറക്കി അവിടുത്തെ മുമ്പിൽ വച്ചു. യേശു അവരുടെ വിശ്വാസം കണ്ടപ്പോൾ “സ്നേഹിതാ, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ പരീശന്മാരും മതപണ്ഡിതന്മാരും “ദൈവദൂഷണം പറയുന്ന ഇവൻ ആര്? പാപങ്ങൾ ക്ഷമിക്കുവാൻ ദൈവത്തിനല്ലാതെ മറ്റാർക്കാണു കഴിയുക?” എന്നിങ്ങനെ ചിന്തിച്ചുതുടങ്ങി. യേശു അവരുടെ മനോഗതം മനസ്സിലാക്കി. “നിങ്ങൾ എന്താണ് ചിന്തിക്കുന്നത്? നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ, ഏതാണ് എളുപ്പം? മനുഷ്യപുത്രനു ഭൂമിയിൽ പാപങ്ങൾ മോചിക്കുവാൻ അധികാരമുണ്ടെന്നു നിങ്ങൾ മനസ്സിലാക്കണം” എന്ന് യേശു അവരോടു പറഞ്ഞു. അനന്തരം അവിടുന്ന് പക്ഷവാതരോഗിയോട് ആജ്ഞാപിച്ചു: “ഞാൻ നിന്നോടു പറയുന്നു, എഴുന്നേറ്റു കിടക്കയെടുത്തു വീട്ടിലേക്കു പോകുക.” ഉടനെ ആ മനുഷ്യൻ അവരുടെ മുമ്പിൽ എഴുന്നേറ്റു നിന്നു. അയാൾ കിടക്കയെടുത്തു ദൈവത്തെ പ്രകീർത്തിച്ചുകൊണ്ടു സ്വഭവനത്തിലേക്കു പോയി. എല്ലാവരും വിസ്മയഭരിതരായി ദൈവത്തെ സ്തുതിച്ചു. അവരുടെ ഉള്ളിൽ ഭയം നിറഞ്ഞു. “എന്തൊരു അവിശ്വസനീയമായ സംഗതിയാണ് ഇന്നു നാം കണ്ടത്” എന്ന് അവർ അന്യോന്യം പറഞ്ഞു. പിന്നീടു യാത്രാമധ്യേ ചുങ്കം പിരിവുകാരനായ ലേവി അയാളുടെ ജോലിസ്ഥലത്ത് ഇരിക്കുന്നതു യേശു കണ്ടു. “എന്നെ അനുഗമിക്കുക” എന്ന് അവിടുന്ന് ലേവിയോടു പറഞ്ഞു. അയാൾ എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു. യേശുവിനുവേണ്ടി ലേവി തന്റെ വീട്ടിൽ ഒരു വലിയ വിരുന്നൊരുക്കി. ചുങ്കംപിരിവുകാരും മറ്റുമായി ഒട്ടുവളരെ ആളുകൾ യേശുവിനോടുകൂടി ഭക്ഷണം കഴിക്കുവാനിരുന്നു. പരീശന്മാരും മതപണ്ഡിതന്മാരും ശിഷ്യന്മാരോടു പിറുപിറുത്തുകൊണ്ട്: “ചുങ്കക്കാരോടും മതനിഷ്ഠയില്ലാത്തവരോടുംകൂടി ഇരുന്നു നിങ്ങൾ ഭക്ഷണം കഴിക്കുന്നത് എന്തുകൊണ്ട്?” എന്നു ചോദിച്ചു. യേശു പ്രതിവചിച്ചു: “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെക്കൊണ്ട് ആവശ്യം. പുണ്യവാന്മാരെ വിളിക്കുവാനല്ല, പാപികളെ അവരുടെ പാപത്തിൽനിന്നു പിന്തിരിപ്പിക്കുവാനാണു ഞാൻ വന്നത്.”

ലൂക്കൊസ് 5:16-32 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അവനോ ഏകാന്തമായ സ്ഥലങ്ങളിലേയ്ക്ക് പിൻവാങ്ങിപ്പോയി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഒരു ദിവസം അവൻ ഉപദേശിക്കുമ്പോൾ, ഗലീലയിലും യെഹൂദ്യയിലുമുള്ള സകലഗ്രാമത്തിൽനിന്നും, യെരൂശലേമിൽ നിന്നും വന്ന പരീശന്മാരും ന്യായശാസ്ത്രിമാരും അവിടെ ഇരുന്നിരുന്നു. സൌഖ്യമാക്കുവാൻ കർത്താവിന്‍റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു. അപ്പോൾ ചില ആളുകൾ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയിൽ എടുത്തുകൊണ്ടുവന്നു; അവനെ അകത്ത് കൊണ്ടുചെന്ന് അവന്‍റെ മുമ്പിൽ കിടത്തുവാൻ ശ്രമിച്ചു. പുരുഷാരം കാരണം അവനെ അകത്ത് കൊണ്ടുചെല്ലുവാൻ വഴി കണ്ടില്ല. അതുകൊണ്ട് അവർ വീടിന്‍റെ മുകളിൽ കയറി ഓടു നീക്കി അവനെ കിടക്കയോടെ യേശുവിന്‍റെ മുമ്പിൽ ഇറക്കിവച്ചു. യേശു അവരുടെ വിശ്വാസം കണ്ടിട്ട്: മനുഷ്യാ, നിന്‍റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു. ശാസ്ത്രികളും പരീശരും: “ഇവൻ ദൈവദൂഷണം പറയുന്നു, ദൈവത്തിന് അല്ലാതെ പാപങ്ങളെ മോചിക്കുവാൻ മറ്റാർക്കും കഴിയില്ല“ എന്നു ചിന്തിച്ചുതുടങ്ങി. യേശു അവരുടെ ചിന്തകളെ അറിഞ്ഞ് അവരോട്: നിങ്ങൾ ഹൃദയത്തിൽ ചിന്തിക്കുന്നത് എന്ത്? നിന്‍റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റ് നടക്ക എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു. എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിക്കുവാൻ മനുഷ്യപുത്രന് അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന് അവൻ പക്ഷവാതക്കാരനോട്: എഴുന്നേറ്റ് നിന്‍റെ കിടക്ക എടുത്തു വീട്ടിലേക്ക് പോക എന്നു ഞാൻ നിന്നോട് പറയുന്നു എന്നു പറഞ്ഞു. ഉടനെ എല്ലാവരും കാൺകെ അവൻ എഴുന്നേറ്റ്, താൻ കിടന്നിരുന്ന കിടക്ക എടുത്തു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ട് വീട്ടിലേക്ക് പോയി. എല്ലാവരും ആശ്ചര്യപ്പെട്ടു, ദൈവത്തെ മഹത്വപ്പെടുത്തി. അവർ ഭയം നിറഞ്ഞവരായി, “ഇന്ന് നാം അപൂർവകാര്യങ്ങൾ കണ്ടു“ എന്നു പറഞ്ഞു. ഈ സംഭവങ്ങൾക്ക് ശേഷം യേശു അവിടെനിന്നു പോകുമ്പോൾ, ലേവി എന്നു പേരുള്ള ഒരു നികുതി പിരിവുകാരൻ ചുങ്കസ്ഥലത്ത് ഇരിക്കുന്നത് കണ്ടു; എന്നെ അനുഗമിക്ക എന്നു അവനോട് പറഞ്ഞു. അവൻ സകലവും വിട്ടു എഴുന്നേറ്റ് അവനെ അനുഗമിച്ചു. ലേവി തന്‍റെ വീട്ടിൽ അവനു ഒരു വലിയ വിരുന്നു ഒരുക്കി; അവിടെ നികുതി പിരിവുകാരും വലിയൊരു പുരുഷാരവും അവരോടുകൂടെ ഭക്ഷണം കഴിക്കുവാൻ ഇരുന്നു. പരീശരും അവരുടെ ശാസ്ത്രികളും അവന്‍റെ ശിഷ്യന്മാരോട്: “നിങ്ങൾ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നത് എന്ത്?“ എന്നു പരാതി പറഞ്ഞു. യേശു അവരോട്: ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല; ഞാൻ നീതിമാന്മാരെ അല്ല, പാപികളെയാണ് മാനസാന്തരത്തിന് വിളിക്കുവാൻ വന്നിരിക്കുന്നത് എന്നു ഉത്തരം പറഞ്ഞു.

ലൂക്കൊസ് 5:16-32 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവനോ നിർജ്ജനദേശത്തു വാങ്ങിപ്പോയി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അവൻ ഒരു ദിവസം ഉപദേശിക്കുമ്പോൾ ഗലീലയിലും യെഹൂദ്യയിലുമുള്ള സകലഗ്രാമത്തിൽനിന്നും യെരൂശലേമിൽനിന്നും വന്ന പരീശന്മാരും ന്യായശാസ്ത്രിമാരും അവിടെ ഇരുന്നിരുന്നു. സൗഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു. അപ്പോൾ ചില ആളുകൾ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയിൽ എടുത്തുകൊണ്ടുവന്നു; അവനെ അകത്തുകൊണ്ടു ചെന്നു അവന്റെ മുമ്പിൽ വെപ്പാൻ ശ്രമിച്ചു. പുരുഷാരം ഹേതുവായി അവനെ അകത്തു കൊണ്ടുചെല്ലുവാൻ വഴി കാണാഞ്ഞിട്ടു പുരമേൽ കയറി ഓടു നീക്കി അവനെ കിടക്കയോടെ നടുവിൽ യേശുവിന്റെ മുമ്പിൽ ഇറക്കിവെച്ചു. അവരുടെ വിശ്വാസം കണ്ടിട്ടു. അവൻ:മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു. ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി. യേശു അവരുടെ ചിന്തകളെ അറിഞ്ഞു അവരോടു:നിങ്ങൾ ഹൃദയത്തിൽ ചിന്തിക്കുന്നതു എന്തു? നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു. എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു - അവൻ പക്ഷവാതക്കാരനോടു:എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു. ഉടനെ അവർ കാൺകെ അവൻ എഴുന്നേറ്റു, താൻ കിടന്ന കിടക്ക എടുത്തു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ടു വീട്ടിലേക്കു പോയി. എല്ലാവരും വിസ്മയംപൂണ്ടു ദൈവത്തെ മഹത്വപ്പെടുത്തി ഭയം നിറഞ്ഞവരായി: ഇന്നു നാം അപൂർവ്വ കാര്യങ്ങളെ കണ്ടു എന്നു പറഞ്ഞു. അതിന്റെ ശേഷം അവൻ പുറപ്പെട്ടു, ലേവി എന്നു പേരുള്ളോരു ചുങ്കക്കാരൻ ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു;എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു. അവൻ സകലവും വിട്ടു എഴുന്നേറ്റു അവനെ അനുഗമിച്ചു. ലേവി തന്റെ വീട്ടിൽ അവന്നു ഒരു വലിയ വിരുന്നു ഒരുക്കി; ചുങ്കക്കാരും മറ്റും വലിയോരു പുരുഷാരം അവരോടുകൂടെ പന്തിയിൽ ഇരുന്നു. പരീശന്മാരും അവരുടെ ശാസ്ത്രിമാരും അവന്റെ ശിഷ്യന്മാരോടു: നിങ്ങൾ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നതു എന്തു എന്നു പറഞ്ഞു പിറുപിറുത്തു. യേശു അവരോടു:ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല; ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ മാനസാന്തരത്തിന്നു വിളിപ്പാൻ വന്നിരിക്കുന്നതു എന്നു ഉത്തരം പറഞ്ഞു.

ലൂക്കൊസ് 5:16-32 സമകാലിക മലയാളവിവർത്തനം (MCV)

എന്നാൽ, യേശു പലപ്പോഴും വിജനസ്ഥലങ്ങളിലേക്കു പിൻവാങ്ങി പ്രാർഥിച്ചുകൊണ്ടിരുന്നു. ഒരു ദിവസം യേശു ഉപദേശിക്കുമ്പോൾ ഗലീലയിലെ എല്ലാ ഗ്രാമങ്ങളിൽനിന്നും യെഹൂദ്യയിൽനിന്നും ജെറുശലേമിൽനിന്നും വന്നെത്തിയ പരീശന്മാരും വേദജ്ഞരും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. രോഗികളെ സൗഖ്യമാക്കാൻ കർത്താവിന്റെ ശക്തി അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നു. അപ്പോൾ ചിലർ ഒരു പക്ഷാഘാതരോഗിയെ കിടക്കയിൽ വഹിച്ചുകൊണ്ടുവന്നു. അവനെ യേശു ഇരുന്നിരുന്ന വീടിനുള്ളിൽ കൊണ്ടുചെന്ന് അദ്ദേഹത്തിന്റെമുമ്പിൽ കിടത്താൻ ശ്രമിച്ചു. ജനത്തിരക്കു നിമിത്തം അങ്ങനെ ചെയ്യുക സാധ്യമല്ല എന്നുകണ്ട് അവർ മേൽക്കൂരയിൽ കയറി, ചില ഓടുകൾ നീക്കി അവനെ കിടക്കയോടെ ജനമധ്യത്തിൽ, യേശുവിന്റെ നേരേമുമ്പിൽ ഇറക്കിവെച്ചു. അവരുടെ വിശ്വാസം കണ്ടിട്ട് യേശു, “സ്നേഹിതാ, നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു” എന്നു പറഞ്ഞു. എന്നാൽ പരീശന്മാരും വേദജ്ഞരും, “ദൈവത്തെ നിന്ദിക്കുന്ന ഇദ്ദേഹം ആരാണ്? പാപങ്ങൾ ക്ഷമിക്കാൻ ദൈവത്തിനല്ലാതെ ആർക്കാണു കഴിയുക?” എന്നു ചിന്തിക്കാൻ തുടങ്ങി. അവരുടെ വിചിന്തനം ഗ്രഹിച്ച യേശു അവരോടു ചോദിച്ചു, “നിങ്ങൾ ഹൃദയത്തിൽ ഇങ്ങനെ ചിന്തിക്കുന്നതെന്ത്? ‘നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു,’ എന്നു പറയുന്നതോ ‘എഴുന്നേറ്റു നടക്കുക,’ എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം? എന്നാൽ, മനുഷ്യപുത്രനു ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ അധികാരമുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്.” തുടർന്ന് യേശു ആ പക്ഷാഘാതരോഗിയോട്, “എഴുന്നേറ്റ് നിന്റെ കിടക്കയെടുത്ത് വീട്ടിൽപോകുക” എന്ന് ആജ്ഞാപിച്ചു. അപ്പോൾത്തന്നെ അയാൾ അവരുടെമുമ്പാകെ എഴുന്നേറ്റുനിന്നു; താൻ കിടന്നിരുന്ന കിടക്കയെടുത്തു; ദൈവത്തെ സ്തുതിച്ചുകൊണ്ടു ഭവനത്തിലേക്കു പോയി. എല്ലാവരും വിസ്മയഭരിതരായി ദൈവത്തെ പുകഴ്ത്തി. അവർ ഭയഭക്തിനിറഞ്ഞവരായി, “നാം ഇന്ന് അത്യപൂർവകാര്യങ്ങൾ കണ്ടിരിക്കുന്നു” എന്നു പറഞ്ഞു. ഈ സംഭവത്തിനുശേഷം യേശു പുറത്തേക്കു പോകുമ്പോൾ, ലേവി എന്നു പേരുള്ള ഒരു നികുതിപിരിവുകാരൻ നികുതിപിരിവു നടത്താനിരിക്കുന്നതു കണ്ടു. യേശു അയാളോട്, “എന്നെ അനുഗമിക്കുക” എന്നു കൽപ്പിച്ചു. ലേവി എഴുന്നേറ്റ് എല്ലാം ഉപേക്ഷിച്ച് അദ്ദേഹത്തെ അനുഗമിച്ചു. പിന്നീട് ലേവി തന്റെ ഭവനത്തിൽ യേശുവിനു വലിയൊരു വിരുന്നുസൽക്കാരം നടത്തി. യേശുവിനോടൊപ്പം നികുതിപിരിവുകാരും മറ്റുപലരും അടങ്ങിയ വലിയൊരു സമൂഹം ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു. എന്നാൽ, പരീശന്മാരും അവരുടെ വിഭാഗത്തിൽപ്പെട്ട വേദജ്ഞരും അദ്ദേഹത്തിന്റെ ശിഷ്യന്മാരോട്, “നിങ്ങൾ നികുതിപിരിവുകാരോടും കുപ്രസിദ്ധപാപികളോടുമൊപ്പം ഭക്ഷിച്ചു പാനംചെയ്യുന്നതെന്ത്?” എന്നു ചോദിക്കുകയും പിറുപിറുക്കുകയും ചെയ്തു. യേശു അവരോട്, “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. ഞാൻ നീതിനിഷ്ഠരെയല്ല, പാപികളെയാണ് മാനസാന്തരത്തിലേക്കു വിളിക്കാൻ വന്നിരിക്കുന്നത്” എന്ന് ഉത്തരം പറഞ്ഞു.