അവനോ ഏകാന്തമായ സ്ഥലങ്ങളിലേയ്ക്ക് പിൻവാങ്ങിപ്പോയി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഒരു ദിവസം അവൻ ഉപദേശിക്കുമ്പോൾ, ഗലീലയിലും യെഹൂദ്യയിലുമുള്ള സകലഗ്രാമത്തിൽനിന്നും, യെരൂശലേമിൽ നിന്നും വന്ന പരീശന്മാരും ന്യായശാസ്ത്രിമാരും അവിടെ ഇരുന്നിരുന്നു. സൌഖ്യമാക്കുവാൻ കർത്താവിന്‍റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു. അപ്പോൾ ചില ആളുകൾ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയിൽ എടുത്തുകൊണ്ടുവന്നു; അവനെ അകത്ത് കൊണ്ടുചെന്ന് അവന്‍റെ മുമ്പിൽ കിടത്തുവാൻ ശ്രമിച്ചു. പുരുഷാരം കാരണം അവനെ അകത്ത് കൊണ്ടുചെല്ലുവാൻ വഴി കണ്ടില്ല. അതുകൊണ്ട് അവർ വീടിന്‍റെ മുകളിൽ കയറി ഓടു നീക്കി അവനെ കിടക്കയോടെ യേശുവിന്‍റെ മുമ്പിൽ ഇറക്കിവച്ചു. യേശു അവരുടെ വിശ്വാസം കണ്ടിട്ട്: മനുഷ്യാ, നിന്‍റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു. ശാസ്ത്രികളും പരീശരും: “ഇവൻ ദൈവദൂഷണം പറയുന്നു, ദൈവത്തിന് അല്ലാതെ പാപങ്ങളെ മോചിക്കുവാൻ മറ്റാർക്കും കഴിയില്ല“ എന്നു ചിന്തിച്ചുതുടങ്ങി. യേശു അവരുടെ ചിന്തകളെ അറിഞ്ഞ് അവരോട്: നിങ്ങൾ ഹൃദയത്തിൽ ചിന്തിക്കുന്നത് എന്ത്? നിന്‍റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റ് നടക്ക എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു. എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിക്കുവാൻ മനുഷ്യപുത്രന് അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന് അവൻ പക്ഷവാതക്കാരനോട്: എഴുന്നേറ്റ് നിന്‍റെ കിടക്ക എടുത്തു വീട്ടിലേക്ക് പോക എന്നു ഞാൻ നിന്നോട് പറയുന്നു എന്നു പറഞ്ഞു. ഉടനെ എല്ലാവരും കാൺകെ അവൻ എഴുന്നേറ്റ്, താൻ കിടന്നിരുന്ന കിടക്ക എടുത്തു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ട് വീട്ടിലേക്ക് പോയി. എല്ലാവരും ആശ്ചര്യപ്പെട്ടു, ദൈവത്തെ മഹത്വപ്പെടുത്തി. അവർ ഭയം നിറഞ്ഞവരായി, “ഇന്ന് നാം അപൂർവകാര്യങ്ങൾ കണ്ടു“ എന്നു പറഞ്ഞു. ഈ സംഭവങ്ങൾക്ക് ശേഷം യേശു അവിടെനിന്നു പോകുമ്പോൾ, ലേവി എന്നു പേരുള്ള ഒരു നികുതി പിരിവുകാരൻ ചുങ്കസ്ഥലത്ത് ഇരിക്കുന്നത് കണ്ടു; എന്നെ അനുഗമിക്ക എന്നു അവനോട് പറഞ്ഞു. അവൻ സകലവും വിട്ടു എഴുന്നേറ്റ് അവനെ അനുഗമിച്ചു. ലേവി തന്‍റെ വീട്ടിൽ അവനു ഒരു വലിയ വിരുന്നു ഒരുക്കി; അവിടെ നികുതി പിരിവുകാരും വലിയൊരു പുരുഷാരവും അവരോടുകൂടെ ഭക്ഷണം കഴിക്കുവാൻ ഇരുന്നു. പരീശരും അവരുടെ ശാസ്ത്രികളും അവന്‍റെ ശിഷ്യന്മാരോട്: “നിങ്ങൾ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നത് എന്ത്?“ എന്നു പരാതി പറഞ്ഞു. യേശു അവരോട്: ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല; ഞാൻ നീതിമാന്മാരെ അല്ല, പാപികളെയാണ് മാനസാന്തരത്തിന് വിളിക്കുവാൻ വന്നിരിക്കുന്നത് എന്നു ഉത്തരം പറഞ്ഞു.
ലൂക്കൊ. 5 വായിക്കുക
കേൾക്കുക ലൂക്കൊ. 5
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ലൂക്കൊ. 5:16-32
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ