ലൂക്കൊസ് 4:33-44
ലൂക്കൊസ് 4:33-44 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവിടെ പള്ളിയിൽ അശുദ്ധഭൂതം ബാധിച്ച ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അവൻ നസറായനായ യേശുവേ, വിടൂ; ഞങ്ങൾക്കും നിനക്കും തമ്മിൽ എന്ത്? ഞങ്ങളെ നശിപ്പിപ്പാൻ വന്നിരിക്കുന്നുവോ? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നെ എന്ന് ഉറക്കെ നിലവിളിച്ചു. മിണ്ടരുത്; അവനെ വിട്ടുപോക എന്നു യേശു അതിനെ ശാസിച്ചപ്പോൾ ഭൂതം അവനെ നടുവിൽ തള്ളിയിട്ടു കേട് ഒന്നും വരുത്താതെ അവനെ വിട്ടുപോയി. എല്ലാവർക്കും വിസ്മയം ഉണ്ടായി: ഈ വചനം എന്ത്? അധികാരത്തോടും ശക്തിയോടുംകൂടെ അവൻ അശുദ്ധാത്മാക്കളോടു കല്പിക്കുന്നു; അവ പുറപ്പെട്ടു പോകുന്നു എന്നു തമ്മിൽ പറഞ്ഞുകൊണ്ടിരുന്നു. അവന്റെ ശ്രുതി ചുറ്റുമുള്ള നാടെങ്ങും പരന്നു. അവൻ പള്ളിയിൽനിന്ന് ഇറങ്ങി ശിമോന്റെ വീട്ടിൽ ചെന്നു. ശിമോന്റെ അമ്മാവിയമ്മ കഠിനജ്വരംകൊണ്ടു വലഞ്ഞിരിക്കയാൽ അവർ അവൾക്കുവേണ്ടി അവനോട് അപേക്ഷിച്ചു. അവൻ അവളെ കുനിഞ്ഞുനോക്കി, ജ്വരത്തെ ശാസിച്ചു; അത് അവളെ വിട്ടുമാറി; അവൾ ഉടനെ എഴുന്നേറ്റ് അവനെ ശുശ്രൂഷിച്ചു. സൂര്യൻ അസ്തമിക്കുമ്പോൾ നാനാവ്യാധികൾ പിടിച്ച ദീനക്കാർ ഉള്ളവരൊക്കെയും അവരെ അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ ഓരോരുത്തന്റെയുംമേൽ കൈവച്ച് അവരെ സൗഖ്യമാക്കി. പലരിൽനിന്നും ഭൂതങ്ങൾ; നീ ദൈവപുത്രനായ ക്രിസ്തു എന്ന് നിലവിളിച്ചുപറഞ്ഞുകൊണ്ട് പുറപ്പെട്ടുപോയി; താൻ ക്രിസ്തു എന്ന് അവ അറികകൊണ്ട് മിണ്ടുവാൻ അവൻ സമ്മതിക്കാതെ അവയെ ശാസിച്ചു. നേരം വെളുത്തപ്പോൾ അവൻ പുറപ്പെട്ട് ഒരു നിർജനസ്ഥലത്തേക്കു പോയി. പുരുഷാരം അവനെ തിരഞ്ഞ് അവന്റെ അരികത്തു വന്നു തങ്ങളെ വിട്ടു പോകാതിരിപ്പാൻ അവനെ തടുത്തു. അവൻ അവരോട്: ഞാൻ മറ്റുള്ള പട്ടണങ്ങളിലും ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു; ഇതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നത് എന്നു പറഞ്ഞു. അങ്ങനെ അവൻ ഗലീലയിലെ പള്ളികളിൽ പ്രസംഗിച്ചുപോന്നു.
ലൂക്കൊസ് 4:33-44 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സുനഗോഗിൽ ദുഷ്ടാത്മാവു ബാധിച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾ ഉച്ചത്തിൽ നിലവിളിച്ചു: “നസറായനായ യേശുവേ ഞങ്ങളെ എന്തിന് ഉപദ്രവിക്കുന്നു? ഞങ്ങളെ നശിപ്പിക്കുവാനാണോ അങ്ങു വന്നിരിക്കുന്നത്? അങ്ങ് ആരാണെന്ന് എനിക്കറിയാം. ദൈവം അയച്ച പരിശുദ്ധൻ തന്നെ.” യേശു ദുഷ്ടാത്മാവിനെ ശാസിച്ചുകൊണ്ട്: “മിണ്ടരുത്! ഈ മനുഷ്യനെ വിട്ടു പുറത്തുപോകൂ!” എന്നു പറഞ്ഞു. ദുഷ്ടാത്മാവ് അവനെ അവരുടെ മധ്യത്തിൽ തള്ളിയിട്ടശേഷം ഒരുപദ്രവവും വരുത്താതെ അവനെ വിട്ടു പോയി. എല്ലാവരും അമ്പരന്നു. “ഇതെന്തൊരു കല്പന! അധികാരത്തോടും ശക്തിയോടുംകൂടി അവിടുന്നു ദുഷ്ടാത്മാക്കളോട് ആജ്ഞാപിക്കുന്നു. അവ അനുസരിക്കുകയും ചെയ്യുന്നു” എന്ന് അവർ അന്യോന്യം പറഞ്ഞു. യേശുവിനെപ്പറ്റിയുള്ള ശ്രുതി ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം പരന്നു. യേശു സുനഗോഗിൽ നിന്നിറങ്ങി ശിമോന്റെ ഭവനത്തിലെത്തി. ശിമോന്റെ ഭാര്യാമാതാവ് കഠിനമായ ജ്വരം ബാധിച്ചു കിടക്കുകയായിരുന്നു. ആ രോഗിണിയെക്കുറിച്ച് അവർ യേശുവിനോടു പറഞ്ഞു. അവിടുന്ന് ആ സ്‍ത്രീയുടെ അടുത്തുചെന്ന് അവരുടെ പനിയെ ശാസിച്ചു; പനി വിട്ടുമാറി. ഉടനെ അവർ എഴുന്നേറ്റ് എല്ലാവരെയും പരിചരിച്ചു. ശബത്തു കഴിഞ്ഞ് സൂര്യാസ്തമയമായപ്പോൾ നാനാവിധ രോഗങ്ങൾ ബാധിച്ചവരെ അവിടുത്തെ അടുത്തു കൊണ്ടുവന്നു. അവിടുന്ന് ഓരോരുത്തരുടെയുംമേൽ കൈകൾ വച്ച് അവരെ സുഖപ്പെടുത്തി. “അങ്ങു ദൈവത്തിന്റെ പുത്രൻതന്നെ” എന്ന് അട്ടഹസിച്ചുകൊണ്ട് പലരിൽനിന്നും ഭൂതങ്ങൾ ഒഴിഞ്ഞുപോയി. എന്നാൽ യേശു അവയെ ശാസിച്ചു. അവിടുന്നു ക്രിസ്തുതന്നെയാണെന്നു ദുഷ്ടാത്മാക്കൾക്കു ബോധ്യപ്പെട്ടതിനാൽ സംസാരിക്കുവാൻ അവരെ അവിടുന്ന് അനുവദിച്ചില്ല. പിറ്റേദിവസം പ്രഭാതമായപ്പോൾ യേശു ഒരു വിജനസ്ഥലത്തേക്കു പോയി. ജനങ്ങൾ അവിടുത്തെ അന്വേഷിച്ചു പുറപ്പെട്ടു. കണ്ടെത്തിയപ്പോൾ തങ്ങളെ വിട്ടുപോകരുതെന്ന് അവർ അവിടുത്തെ നിർബന്ധിച്ചു. അപ്പോൾ അവിടുന്നു പറഞ്ഞു: “ദൈവരാജ്യത്തെപ്പറ്റിയുള്ള സദ്‍വാർത്ത മറ്റുപട്ടണങ്ങളിലും എനിക്കു അറിയിക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണല്ലോ ദൈവം എന്നെ അയച്ചിരിക്കുന്നത്.” അങ്ങനെ ആ നാട്ടിലെങ്ങുമുള്ള സുനഗോഗുകളിൽ യേശു പ്രഭാഷണം നടത്തിവന്നു.
ലൂക്കൊസ് 4:33-44 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവിടെ പള്ളിയിൽ അശുദ്ധഭൂതം ബാധിച്ച ഒരു മനുഷ്യൻ ഉണ്ടായിരുന്നു. “അവൻ നസറായനായ യേശുവേ, നീ ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നത് എന്തിനാണ്? ഞങ്ങളെ നശിപ്പിക്കുവാനാണോ നീ വന്നിരിക്കുന്നത്? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നെ“ എന്നു ഉറക്കെ നിലവിളിച്ചു. മിണ്ടരുത്; അവനെ വിട്ടുപോക എന്നു യേശു അതിനെ ശാസിച്ചപ്പോൾ ഭൂതം അവനെ നടുവിൽ തള്ളിയിട്ട് ഒരു ഉപദ്രവവും വരുത്താതെ വിട്ടുപോയി. എല്ലാവരും ആശ്ചര്യപ്പെട്ട്: ഈ വചനങ്ങൾ എത്ര അത്ഭുതകരം ആണ്. അവൻ അധികാരത്തോടും ശക്തിയോടുംകൂടെ അശുദ്ധാത്മാക്കളോട് കല്പിക്കുന്നു; അവ ഇറങ്ങിപ്പോകുന്നു എന്നു തമ്മിൽ പറഞ്ഞുകൊണ്ടിരുന്നു. അവനെക്കുറിച്ചുള്ള വാർത്ത നാടെങ്ങും പരന്നു. അവൻ പള്ളിയിൽനിന്ന് ഇറങ്ങി ശിമോന്റെ വീട്ടിൽ ചെന്നു. ശിമോന്റെ അമ്മാവിയമ്മ കഠിനമായ പനി കൊണ്ടു ബുദ്ധിമുട്ടിയിരിക്കുക ആയിരുന്നു. അവർ അവളെ സഹായിക്കേണം എന്നു യേശുവിനോടു അപേക്ഷിച്ചു. അവൻ അവളെ കുനിഞ്ഞുനോക്കി, പനി വിട്ടു പോകാൻ ആജ്ഞാപിച്ചു; അത് അവളെ വിട്ടുമാറി; അവൾ ഉടനെ എഴുന്നേറ്റ് അവനു ശുശ്രൂഷചെയ്തു. സൂര്യൻ അസ്തമിക്കുമ്പോൾ പലതരം അസുഖം ഉണ്ടായിരുന്നവരെ എല്ലാം അവന്‍റെ അടുക്കൽ കൊണ്ടുവന്നു; അവൻ അവരുടെ മേൽ കൈവച്ചു അവരെ സൗഖ്യമാക്കി. പലരിൽനിന്നും ഭൂതങ്ങൾ; നീ ദൈവപുത്രനായ ക്രിസ്തു എന്നു നിലവിളിച്ചു പറഞ്ഞുകൊണ്ട് ഇറങ്ങി പോയി; താൻ ക്രിസ്തു എന്നു അവ അറിയുകകൊണ്ട് മിണ്ടുവാൻ അവൻ സമ്മതിക്കാതെ അവയെ ശാസിച്ചു. പ്രഭാതമായപ്പോൾ അവൻ ആരും ഇല്ലാത്ത ഒരു സ്ഥലത്തേയ്ക്ക് പോയി. പുരുഷാരം അവനെ അന്വേഷിച്ച് അവന്‍റെ അരികത്തുവന്ന് തങ്ങളെ വിട്ടു പോകാതിരിക്കുവാൻ അവനെ തടഞ്ഞു. യേശു അവരോട്: ഞാൻ മറ്റുള്ള പട്ടണങ്ങളിലും ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു; ഇതിനു വേണ്ടിയാണ് എന്നെ അയച്ചിരിക്കുന്നത് എന്നു പറഞ്ഞു. അങ്ങനെ അവൻ ഗലീലയിലെ പള്ളികളിൽ പ്രസംഗിച്ചു.
ലൂക്കൊസ് 4:33-44 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവിടെ പള്ളിയിൽ അശുദ്ധഭൂതം ബാധിച്ച ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അവൻ നസറായനായ യേശുവേ, വിടു; ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? ഞങ്ങളെ നശിപ്പിപ്പാൻ വന്നിരിക്കുന്നുവോ! നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നേ എന്നു ഉറക്കെ നിലവിളിച്ചു. മിണ്ടരുതു; അവനെ വിട്ടുപോക എന്നു യേശു അതിനെ ശാസിച്ചപ്പോൾ ഭൂതം അവനെ നടുവിൽ തള്ളിയിട്ടു കേടു ഒന്നും വരുത്താതെ അവനെ വിട്ടുപോയി. എല്ലാവർക്കും വിസ്മയം ഉണ്ടായി: ഈ വചനം എന്തു? അധികാരത്തോടും ശക്തിയോടുംകൂടെ അവൻ അശുദ്ധാത്മാക്കളോടു കല്പിക്കുന്നു; അവ പുറപ്പെട്ടു പോകുന്നു എന്നു തമ്മിൽ പറഞ്ഞുകൊണ്ടിരുന്നു. അവന്റെ ശ്രുതി ചുറ്റുമുള്ള നാടെങ്ങും പരന്നു. അവൻ പള്ളിയിൽനിന്നു ഇറങ്ങി ശിമോന്റെ വീട്ടിൽ ചെന്നു. ശിമോന്റെ അമ്മാവിയമ്മ കഠിനജ്വരംകൊണ്ടു വലഞ്ഞിരിക്കയാൽ അവർ അവൾക്കുവേണ്ടി അവനോടു അപേക്ഷിച്ചു. അവൻ അവളെ കുനിഞ്ഞു നോക്കി, ജ്വരത്തെ ശാസിച്ചു; അതു അവളെ വിട്ടുമാറി; അവൾ ഉടനെ എഴുന്നേറ്റു അവനെ ശുശ്രൂഷിച്ചു. സൂര്യൻ അസ്തമിക്കുമ്പോൾ നാനാവ്യാധികൾ പിടിച്ച ദീനക്കാർ ഉള്ളവർ ഒക്കെയും അവരെ അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ ഓരോരുത്തന്റെയും മേൽ കൈവെച്ചു അവരെ സൗഖ്യമാക്കി. പലരിൽ നിന്നും ഭൂതങ്ങൾ; നീ ദൈവപുത്രനായ ക്രിസ്തു എന്നു നിലവിളിച്ചു പറഞ്ഞുകൊണ്ടു പുറപ്പെട്ടുപോയി; താൻ ക്രിസ്തു എന്നു അവ അറികകൊണ്ടു മിണ്ടുവാൻ അവൻ സമ്മതിക്കാതെ അവയെ ശാസിച്ചു. നേരം വെളുത്തപ്പോൾ അവൻ പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്തേക്കു പോയി. പുരുഷാരം അവനെ തിരഞ്ഞു അവന്റെ അരികത്തു വന്നു തങ്ങളെ വിട്ടു പോകാതിരിപ്പാൻ അവനെ തടുത്തു. അവൻ അവരോടു:ഞാൻ മറ്റുള്ള പട്ടണങ്ങളിലും ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു; ഇതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നതു എന്നു പറഞ്ഞു. അങ്ങനെ അവൻ ഗലീലയിലെ പള്ളികളിൽ പ്രസംഗിച്ചുപോന്നു.
ലൂക്കൊസ് 4:33-44 സമകാലിക മലയാളവിവർത്തനം (MCV)
അവിടെ യെഹൂദപ്പള്ളിയിൽ ദുരാത്മാവു ബാധിച്ച ഒരു മനുഷ്യൻ ഒരിക്കൽ വന്നിരുന്നു. അയാൾ, “നസറായനായ യേശുവേ, ഞങ്ങളെ വിട്ടുപോകണേ! അങ്ങേക്കു ഞങ്ങളോട് എന്തുകാര്യം? ഞങ്ങളെ നശിപ്പിക്കാനോ അങ്ങു വന്നിരിക്കുന്നത്? അങ്ങ് ആരാണെന്ന് എനിക്കറിയാം—അങ്ങ് ദൈവത്തിന്റെ പരിശുദ്ധൻതന്നെ” എന്ന് അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു. “ശബ്ദിച്ചുപോകരുത്!” ശാസിച്ചുകൊണ്ട് “അവനിൽനിന്ന് പുറത്തുവരിക!” എന്ന് യേശു കൽപ്പിച്ചു. അപ്പോൾ ദുരാത്മാവ് ആ മനുഷ്യനെ അവരുടെ എല്ലാവരുടെയും മുമ്പിൽ തള്ളിയിട്ടശേഷം അവന് ഉപദ്രവമൊന്നും വരുത്താതെ പുറത്തുപോയി. ജനമെല്ലാം ആശ്ചര്യപ്പെട്ടു പരസ്പരം ചർച്ചചെയ്യാൻ തുടങ്ങി, “അധികാരവും ശക്തിയും നിറഞ്ഞ അദ്ദേഹത്തിന്റെ ഈ വാക്കുകൾ എന്ത്? അദ്ദേഹം ദുരാത്മാക്കളോടു കൽപ്പിക്കുന്നു; അവ പുറത്തുവരുന്നു!” യേശുവിനെക്കുറിച്ചുള്ള വാർത്ത ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം പരന്നു. യേശു പള്ളിയിൽനിന്നിറങ്ങി ശിമോന്റെ ഭവനത്തിൽ ചെന്നു. ശിമോന്റെ അമ്മായിയമ്മ അതികഠിനമായ പനിപിടിച്ച് കിടപ്പിലായിരിക്കുന്നു. അവൾക്കുവേണ്ടി അവർ യേശുവിനോട് അപേക്ഷിച്ചു. അദ്ദേഹം അവളുടെ കിടക്കയ്ക്കടുത്തുചെന്നു കുനിഞ്ഞു പനിയെ ശാസിച്ചു. അവളുടെ പനി മാറി. അവൾ ഉടനെ എഴുന്നേറ്റ് അവരെ ശുശ്രൂഷിച്ചുതുടങ്ങി. സൂര്യൻ അസ്തമിച്ചപ്പോൾ ജനം വിവിധ രോഗങ്ങൾ ബാധിച്ചിരുന്നവരെയെല്ലാം യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; അദ്ദേഹം ഓരോരുത്തരുടെയുംമേൽ കൈവെച്ച് അവരെ സൗഖ്യമാക്കി. അതുമാത്രമല്ല, പലരിൽനിന്നും ഭൂതങ്ങൾ പുറപ്പെട്ടുപോകുമ്പോൾ, “നീ ദൈവപുത്രൻതന്നെ!” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. അദ്ദേഹം ക്രിസ്തുവാണെന്ന് ഭൂതങ്ങൾക്ക് അറിയാമായിരുന്നതുകൊണ്ട് സംസാരിക്കാൻ അനുവദിക്കാതെ അദ്ദേഹം അവയെ ശാസിച്ചുനിർത്തി. പ്രഭാതത്തിൽ യേശു ഒരു വിജനസ്ഥലത്തേക്കു യാത്രയായി. ജനങ്ങൾ അദ്ദേഹത്തെ അന്വേഷിച്ചുകൊണ്ടിരുന്നു. അവർ അദ്ദേഹം ഉണ്ടായിരുന്ന സ്ഥലത്തെത്തിയപ്പോൾ തങ്ങളെ വിട്ടുപോകാതിരിക്കാൻ അദ്ദേഹത്തെ നിർബന്ധിച്ചു. എന്നാൽ യേശു, “ഞാൻ ദൈവരാജ്യത്തിന്റെ സുവിശേഷം മറ്റു പട്ടണങ്ങളിലും അറിയിക്കേണ്ടതാകുന്നു; അതിനായിട്ടല്ലോ എന്നെ അയച്ചിട്ടുള്ളത്” എന്നു പറഞ്ഞു. ഇതിനുശേഷം അദ്ദേഹം യെഹൂദ്യരുടെ ദേശത്തിലെ പള്ളികളിൽ പ്രസംഗിച്ചുകൊണ്ടിരുന്നു.