ലൂക്കോസ് 4:33-44

ലൂക്കോസ് 4:33-44 MCV

അവിടെ യെഹൂദപ്പള്ളിയിൽ ദുരാത്മാവു ബാധിച്ച ഒരു മനുഷ്യൻ ഒരിക്കൽ വന്നിരുന്നു. അയാൾ, “നസറായനായ യേശുവേ, ഞങ്ങളെ വിട്ടുപോകണേ! അങ്ങേക്കു ഞങ്ങളോട് എന്തുകാര്യം? ഞങ്ങളെ നശിപ്പിക്കാനോ അങ്ങു വന്നിരിക്കുന്നത്? അങ്ങ് ആരാണെന്ന് എനിക്കറിയാം—അങ്ങ് ദൈവത്തിന്റെ പരിശുദ്ധൻതന്നെ” എന്ന് അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു. “ശബ്ദിച്ചുപോകരുത്!” ശാസിച്ചുകൊണ്ട് “അവനിൽനിന്ന് പുറത്തുവരിക!” എന്ന് യേശു കൽപ്പിച്ചു. അപ്പോൾ ദുരാത്മാവ് ആ മനുഷ്യനെ അവരുടെ എല്ലാവരുടെയും മുമ്പിൽ തള്ളിയിട്ടശേഷം അവന് ഉപദ്രവമൊന്നും വരുത്താതെ പുറത്തുപോയി. ജനമെല്ലാം ആശ്ചര്യപ്പെട്ടു പരസ്പരം ചർച്ചചെയ്യാൻ തുടങ്ങി, “അധികാരവും ശക്തിയും നിറഞ്ഞ അദ്ദേഹത്തിന്റെ ഈ വാക്കുകൾ എന്ത്? അദ്ദേഹം ദുരാത്മാക്കളോടു കൽപ്പിക്കുന്നു; അവ പുറത്തുവരുന്നു!” യേശുവിനെക്കുറിച്ചുള്ള വാർത്ത ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം പരന്നു. യേശു പള്ളിയിൽനിന്നിറങ്ങി ശിമോന്റെ ഭവനത്തിൽ ചെന്നു. ശിമോന്റെ അമ്മായിയമ്മ അതികഠിനമായ പനിപിടിച്ച് കിടപ്പിലായിരിക്കുന്നു. അവൾക്കുവേണ്ടി അവർ യേശുവിനോട് അപേക്ഷിച്ചു. അദ്ദേഹം അവളുടെ കിടക്കയ്ക്കടുത്തുചെന്നു കുനിഞ്ഞു പനിയെ ശാസിച്ചു. അവളുടെ പനി മാറി. അവൾ ഉടനെ എഴുന്നേറ്റ് അവരെ ശുശ്രൂഷിച്ചുതുടങ്ങി. സൂര്യൻ അസ്തമിച്ചപ്പോൾ ജനം വിവിധ രോഗങ്ങൾ ബാധിച്ചിരുന്നവരെയെല്ലാം യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; അദ്ദേഹം ഓരോരുത്തരുടെയുംമേൽ കൈവെച്ച് അവരെ സൗഖ്യമാക്കി. അതുമാത്രമല്ല, പലരിൽനിന്നും ഭൂതങ്ങൾ പുറപ്പെട്ടുപോകുമ്പോൾ, “നീ ദൈവപുത്രൻതന്നെ!” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. അദ്ദേഹം ക്രിസ്തുവാണെന്ന് ഭൂതങ്ങൾക്ക് അറിയാമായിരുന്നതുകൊണ്ട് സംസാരിക്കാൻ അനുവദിക്കാതെ അദ്ദേഹം അവയെ ശാസിച്ചുനിർത്തി. പ്രഭാതത്തിൽ യേശു ഒരു വിജനസ്ഥലത്തേക്കു യാത്രയായി. ജനങ്ങൾ അദ്ദേഹത്തെ അന്വേഷിച്ചുകൊണ്ടിരുന്നു. അവർ അദ്ദേഹം ഉണ്ടായിരുന്ന സ്ഥലത്തെത്തിയപ്പോൾ തങ്ങളെ വിട്ടുപോകാതിരിക്കാൻ അദ്ദേഹത്തെ നിർബന്ധിച്ചു. എന്നാൽ യേശു, “ഞാൻ ദൈവരാജ്യത്തിന്റെ സുവിശേഷം മറ്റു പട്ടണങ്ങളിലും അറിയിക്കേണ്ടതാകുന്നു; അതിനായിട്ടല്ലോ എന്നെ അയച്ചിട്ടുള്ളത്” എന്നു പറഞ്ഞു. ഇതിനുശേഷം അദ്ദേഹം യെഹൂദ്യരുടെ ദേശത്തിലെ പള്ളികളിൽ പ്രസംഗിച്ചുകൊണ്ടിരുന്നു.