ലൂക്കൊസ് 24:28-35
ലൂക്കൊസ് 24:28-35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ പോകുന്ന ഗ്രാമത്തോട് അടുത്തപ്പോൾ അവൻ മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു. അവരോ: ഞങ്ങളോടുകൂടെ പാർക്കുക; നേരം വൈകി അസ്തമിപ്പാറായല്ലോ എന്നു പറഞ്ഞ് അവനെ നിർബന്ധിച്ചു; അവൻ അവരോടുകൂടെ പാർപ്പാൻ ചെന്നു. അവരുമായി ഭക്ഷണത്തിന് ഇരിക്കുമ്പോൾ അവൻ അപ്പം എടുത്ത് അനുഗ്രഹിച്ചുനുറുക്കി അവർക്കു കൊടുത്തു. ഉടനെ അവരുടെ കണ്ണുതുറന്ന് അവർ അവനെ അറിഞ്ഞു; അവൻ അവർക്ക് അപ്രത്യക്ഷനായി. അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ എന്ന് അവർ തമ്മിൽ പറഞ്ഞു. ആ നാഴികയിൽതന്നെ അവർ എഴുന്നേറ്റു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു. കർത്താവ് വാസ്തവമായി ഉയിർത്തെഴുന്നേറ്റു ശിമോനു പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊരുവരെയും കൂടെയുള്ളവരെയും കണ്ടു. വഴിയിൽ സംഭവിച്ചതും അവൻ അപ്പം നുറുക്കുകയിൽ തങ്ങൾക്കു അറിയായ്വന്നതും അവർ വിവരിച്ചുപറഞ്ഞു.
ലൂക്കൊസ് 24:28-35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർക്കു പോകേണ്ടിയിരുന്ന ഗ്രാമത്തോടു സമീപിച്ചപ്പോൾ അവിടുന്നു മുമ്പോട്ടുപോകുവാൻ ഭാവിച്ചു. അപ്പോൾ അവർ നിർബന്ധപൂർവം പറഞ്ഞു: “ഇന്നു ഞങ്ങളുടെകൂടെ പാർക്കുക; പകൽ കഴിയാറായിരിക്കുന്നു. നേരം എരിഞ്ഞടങ്ങുവാൻ പോകുകയാണല്ലോ. അങ്ങനെ അവിടുന്ന് അവരോടുകൂടി രാപാർക്കുവാൻ ചെന്നു. അത്താഴം കഴിക്കാനിരുന്നപ്പോൾ യേശു അപ്പം എടുത്ത് ആശീർവദിച്ചു നുറുക്കി അവർക്കു കൊടുത്തു. ഉടനെ അവരുടെ കണ്ണുകൾ തുറന്നു. അവർ യേശുവിനെ തിരിച്ചറിഞ്ഞു. ഉടൻതന്നെ അവിടുന്ന് അപ്രത്യക്ഷനാകുകയും ചെയ്തു. “വഴിയിൽവച്ച് അവിടുന്ന് സംസാരിക്കുകയും വേദഭാഗങ്ങൾ നമുക്കു വ്യക്തമാക്കിത്തരികയും ചെയ്തപ്പോൾ നമ്മുടെ ഹൃദയം ഉള്ളിൽ കത്തി ജ്വലിക്കുകയായിരുന്നില്ലേ?” എന്നിങ്ങനെ അവർ പരസ്പരം പറഞ്ഞു. അപ്പോൾത്തന്നെ അവർ എഴുന്നേറ്റ് യെരൂശലേമിലേക്കു തിരിച്ചു. അവിടെ ചെന്ന് പതിനൊന്നു ശിഷ്യന്മാരെയും അവരോടൊത്ത് അവിടെ കൂടിയിരുന്ന മറ്റുള്ളവരെയും കണ്ടു. “കർത്താവു നിശ്ചയമായും ഉയിർത്തെഴുന്നേറ്റിരിക്കുന്നു! അവിടുന്നു ശിമോനു പ്രത്യക്ഷനാകുകയും ചെയ്തു” എന്ന് അവർ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. വഴിയിൽവച്ചു നടന്ന സംഭവവും അപ്പം നുറുക്കിയപ്പോൾ യേശുവിനെ തിരിച്ചറിയാനിടയായതുമെല്ലാം എമ്മവൂസിൽനിന്നു മടങ്ങിച്ചെന്നവർ അവരെ അറിയിച്ചു.
ലൂക്കൊസ് 24:28-35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവർക്ക് പോകേണ്ടിയിരുന്ന ഗ്രാമത്തോട് അടുത്തപ്പോൾ യേശു മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു. അവരോ: ഞങ്ങളോടുകൂടെ താമസിക്കുക; നേരം വൈകി അസ്തമിക്കാറായല്ലോ എന്നു പറഞ്ഞു അവനെ നിര്‍ബ്ബന്ധിച്ചു; അവൻ അവരോടുകൂടെ താമസിക്കുവാൻ ചെന്നു. അവരുമായി ഭക്ഷണത്തിന് ഇരിക്കുമ്പോൾ യേശു അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവർക്ക് കൊടുത്തു. ഉടനെ അവരുടെ കണ്ണ് തുറന്നു അവർ യേശുവിനെ തിരിച്ചറിഞ്ഞു; അവൻ അവർക്ക് അപ്രത്യക്ഷനായി അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ വ്യക്തമാക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ എന്നു അവർ തമ്മിൽ പറഞ്ഞു. അപ്പോൾ തന്നെ അവർ എഴുന്നേറ്റ് യെരൂശലേമിലേക്കു മടങ്ങിപ്പോന്നു. കർത്താവ് നിശ്ചയമായി ഉയിർത്തെഴുന്നേറ്റു ശിമോന് പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊന്നു ശിഷ്യരെയും കൂടെയുള്ളവരെയും കണ്ടു. വഴിയിൽവച്ച് സംഭവിച്ചതും അവൻ അപ്പം നുറുക്കിയപ്പോൾ തങ്ങൾക്കു യേശുവിനെ മനസ്സിലായതും അവർ വിവരിച്ചു പറഞ്ഞു.
ലൂക്കൊസ് 24:28-35 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവർ പോകുന്ന ഗ്രാമത്തോടു അടുത്തപ്പോൾ അവൻ മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു. അവരോ: ഞങ്ങളോടുകൂടെ പാർക്കുക; നേരം വൈകി അസ്തമിപ്പാറായല്ലോ എന്നു പറഞ്ഞു അവനെ നിർബന്ധിച്ചു; അവൻ അവരോടുകൂടെ പാർപ്പാൻ ചെന്നു. അവരുമായി ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ അവൻ അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവർക്കു കൊടുത്തു. ഉടനെ അവരുടെ കണ്ണു തുറന്നു അവർ അവനെ അറിഞ്ഞു; അവൻ അവർക്കു അപ്രത്യക്ഷനായി അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ എന്നു അവർ തമ്മിൽ പറഞ്ഞു. ആ നാഴികയിൽ തന്നേ അവർ എഴുന്നേറ്റു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു. കർത്താവു വാസ്തവമായി ഉയിർത്തെഴുന്നേറ്റു ശിമോന്നു പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊരുവരെയും കൂടെയുള്ളവരെയും കണ്ടു. വഴിയിൽ സംഭവിച്ചതും അവൻ അപ്പം നുറുക്കുകയിൽ തങ്ങൾക്കു അറിയായ്വന്നതും അവർ വിവരിച്ചു പറഞ്ഞു.
ലൂക്കൊസ് 24:28-35 സമകാലിക മലയാളവിവർത്തനം (MCV)
അവർ തങ്ങൾക്കു പോകേണ്ടിയിരുന്ന ഗ്രാമത്തോടടുത്തപ്പോൾ യേശു അവരെ വിട്ട് മുന്നോട്ട് തന്റെ യാത്ര തുടരുന്നതായി ഭാവിച്ചു. അപ്പോൾ അവർ, “ഞങ്ങളുടെകൂടെ താമസിക്കുക; സന്ധ്യയാകാറായല്ലോ; പകൽ ഇതാ അവസാനിക്കുന്നു” എന്നു പറഞ്ഞ് അദ്ദേഹത്തെ നിർബന്ധിച്ചു. അങ്ങനെ അദ്ദേഹം അവരോടുകൂടെ താമസിക്കാനായി അവരുടെ ഗ്രാമത്തിലേക്ക് പോയി. അവരോടൊപ്പം ഭക്ഷണത്തിനിരിക്കുമ്പോൾ അദ്ദേഹം അപ്പം കൈകളിലെടുത്തു വാഴ്ത്തി, നുറുക്കി അവർക്കു കൊടുക്കാൻ തുടങ്ങി. അപ്പോൾ അവരുടെ കാഴ്ചശക്തിമേലുണ്ടായിരുന്ന നിയന്ത്രണം മാറുകയും അവർ അദ്ദേഹത്തെ തിരിച്ചറിയുകയും ചെയ്തു. തൽക്ഷണം അദ്ദേഹം അവരുടെ ദൃഷ്ടിയിൽനിന്നു മറയുകയും ചെയ്തു. “അദ്ദേഹം വഴിയിൽവെച്ചു നമ്മോടു സംസാരിക്കുകയും തിരുവെഴുത്തുകൾ വിശദീകരിച്ചുതരികയും ചെയ്തപ്പോൾ നമ്മുടെ ഹൃദയം ജ്വലിക്കുകയായിരുന്നില്ലേ?” അവർ പരസ്പരം ചോദിച്ചു. അവർ ഉടൻതന്നെ എഴുന്നേറ്റ് ജെറുശലേമിലേക്കു മടങ്ങിപ്പോയി. “ഇതു സത്യം! കർത്താവ് പുനരുത്ഥാനംചെയ്തിരിക്കുന്നു; അവിടന്നു ശിമോനു പ്രത്യക്ഷനായി,” എന്നിങ്ങനെ ഒരുമിച്ചുകൂടിയിരുന്ന് പറഞ്ഞുകൊണ്ടിരുന്ന പതിനൊന്ന് അപ്പൊസ്തലന്മാരെയും ശേഷം ശിഷ്യരെയും കണ്ടു. തങ്ങളുടെ യാത്രയിൽ സംഭവിച്ചതും യേശു അപ്പം നുറുക്കുമ്പോൾ അദ്ദേഹത്തെ തങ്ങൾ തിരിച്ചറിഞ്ഞതും അവർ വിവരിച്ചുപറഞ്ഞു.