ലൂക്കോസ് 24:28-35

ലൂക്കോസ് 24:28-35 MCV

അവർ തങ്ങൾക്കു പോകേണ്ടിയിരുന്ന ഗ്രാമത്തോടടുത്തപ്പോൾ യേശു അവരെ വിട്ട് മുന്നോട്ട് തന്റെ യാത്ര തുടരുന്നതായി ഭാവിച്ചു. അപ്പോൾ അവർ, “ഞങ്ങളുടെകൂടെ താമസിക്കുക; സന്ധ്യയാകാറായല്ലോ; പകൽ ഇതാ അവസാനിക്കുന്നു” എന്നു പറഞ്ഞ് അദ്ദേഹത്തെ നിർബന്ധിച്ചു. അങ്ങനെ അദ്ദേഹം അവരോടുകൂടെ താമസിക്കാനായി അവരുടെ ഗ്രാമത്തിലേക്ക് പോയി. അവരോടൊപ്പം ഭക്ഷണത്തിനിരിക്കുമ്പോൾ അദ്ദേഹം അപ്പം കൈകളിലെടുത്തു വാഴ്ത്തി, നുറുക്കി അവർക്കു കൊടുക്കാൻ തുടങ്ങി. അപ്പോൾ അവരുടെ കാഴ്ചശക്തിമേലുണ്ടായിരുന്ന നിയന്ത്രണം മാറുകയും അവർ അദ്ദേഹത്തെ തിരിച്ചറിയുകയും ചെയ്തു. തൽക്ഷണം അദ്ദേഹം അവരുടെ ദൃഷ്ടിയിൽനിന്നു മറയുകയും ചെയ്തു. “അദ്ദേഹം വഴിയിൽവെച്ചു നമ്മോടു സംസാരിക്കുകയും തിരുവെഴുത്തുകൾ വിശദീകരിച്ചുതരികയും ചെയ്തപ്പോൾ നമ്മുടെ ഹൃദയം ജ്വലിക്കുകയായിരുന്നില്ലേ?” അവർ പരസ്പരം ചോദിച്ചു. അവർ ഉടൻതന്നെ എഴുന്നേറ്റ് ജെറുശലേമിലേക്കു മടങ്ങിപ്പോയി. “ഇതു സത്യം! കർത്താവ് പുനരുത്ഥാനംചെയ്തിരിക്കുന്നു; അവിടന്നു ശിമോനു പ്രത്യക്ഷനായി,” എന്നിങ്ങനെ ഒരുമിച്ചുകൂടിയിരുന്ന് പറഞ്ഞുകൊണ്ടിരുന്ന പതിനൊന്ന് അപ്പൊസ്തലന്മാരെയും ശേഷം ശിഷ്യരെയും കണ്ടു. തങ്ങളുടെ യാത്രയിൽ സംഭവിച്ചതും യേശു അപ്പം നുറുക്കുമ്പോൾ അദ്ദേഹത്തെ തങ്ങൾ തിരിച്ചറിഞ്ഞതും അവർ വിവരിച്ചുപറഞ്ഞു.