ലൂക്കൊസ് 22:31-53

ലൂക്കൊസ് 22:31-53 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ശിമോനേ, ശിമോനേ, സാത്താൻ നിങ്ങളെ കോതമ്പുപോലെ പാറ്റേണ്ടതിനു കല്പന ചോദിച്ചു. ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കുവേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക. അവൻ അവനോട്: കർത്താവേ, ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിപ്പാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. അതിന് അവൻ: പത്രൊസേ, നീ എന്നെ അറിയുന്നില്ല എന്നു മൂന്നു വട്ടം തള്ളിപ്പറയുംമുമ്പേ ഇന്നു കോഴി കൂകുകയില്ല എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു. പിന്നെ അവൻ അവരോട്: ഞാൻ നിങ്ങളെ മടിശ്ശീലയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോൾ വല്ല കുറവുമുണ്ടായോ എന്നു ചോദിച്ചതിന്: ഒരു കുറവുമുണ്ടായില്ല എന്ന് അവർ പറഞ്ഞു. അവൻ അവരോട്: എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അത് എടുക്കട്ടെ; അവ്വണ്ണംതന്നെ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാൾ കൊള്ളട്ടെ. അവനെ അധർമികളുടെ കൂട്ടത്തിൽ എണ്ണി എന്ന് എഴുതിയിരിക്കുന്നതിന് ഇനി എന്നിൽ നിവൃത്തിവരേണം എന്നു ഞാൻ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിന് നിവൃത്തിവരുന്നു എന്നു പറഞ്ഞു. കർത്താവേ, ഇവിടെ രണ്ടു വാൾ ഉണ്ട് എന്ന് അവർ പറഞ്ഞതിന്: മതി എന്ന് അവൻ അവരോടു പറഞ്ഞു. പിന്നെ അവൻ പതിവുപോലെ ഒലിവുമലയ്ക്കു പുറപ്പെട്ടുപോയി; ശിഷ്യന്മാരും അവനെ അനുഗമിച്ചു. ആ സ്ഥലത്ത് എത്തിയപ്പോൾ അവൻ അവരോട്: നിങ്ങൾ പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ പ്രാർഥിപ്പിൻ എന്നു പറഞ്ഞു. താൻ അവരെ വിട്ട് ഒരു കല്ലേറുദൂരത്തോളം വാങ്ങിപ്പോയി മുട്ടുകുത്തി: പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടം അല്ല നിന്റെ ഇഷ്ടംതന്നെ ആകട്ടെ എന്നു പ്രാർഥിച്ചു. അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗത്തിൽനിന്ന് ഒരു ദൂതൻ അവന് പ്രത്യക്ഷനായി . പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർഥിച്ചു; അവന്റെ വിയർപ്പ് നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി. അവൻ പ്രാർഥന കഴിഞ്ഞ് എഴുന്നേറ്റു ശിഷ്യന്മാരുടെ അടുക്കൽ ചെന്നു, അവർ വിഷാദത്താൽ ഉറങ്ങുന്നതു കണ്ട് അവരോട്: നിങ്ങൾ ഉറങ്ങുന്നത് എന്ത്? പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ എഴുന്നേറ്റു പ്രാർഥിപ്പിൻ എന്നു പറഞ്ഞു. അവൻ സംസാരിക്കുമ്പോൾതന്നെ ഇതാ, ഒരു പുരുഷാരം; പന്തിരുവരിൽ ഒരുവനായ യൂദാ അവർക്കു മുൻനടന്നു യേശുവിനെ ചുംബിപ്പാൻ അടുത്തു വന്നു. യേശു അവനോട്: യൂദായേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നത് എന്നു പറഞ്ഞു. സംഭവിപ്പാൻ പോകുന്നത് അവന്റെ കൂടെയുള്ളവർ കണ്ടു: കർത്താവേ, ഞങ്ങൾ വാൾകൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു. അവരിൽ ഒരുത്തൻ മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തെ കാത് അറുത്തു. അപ്പോൾ യേശു: ഇത്രയ്ക്കു വിടുവിൻ എന്നു പറഞ്ഞ് അവന്റെ കാതു തൊട്ടു സൗഖ്യമാക്കി. യേശു തന്റെ നേരേ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടും: ഒരു കള്ളന്റെ നേരേ എന്നപോലെ നിങ്ങൾ വാളും വടിയുമായി പുറപ്പെട്ടുവന്നുവോ? ഞാൻ ദിവസേന ദൈവാലയത്തിൽ നിങ്ങളോടുകൂടെ ഇരുന്നിട്ടും എന്റെ നേരേ കൈ ഓങ്ങിയില്ല; എന്നാൽ ഇതു നിങ്ങളുടെ നാഴികയും ഇരുളിന്റെ അധികാരവും ആകുന്നു എന്നു പറഞ്ഞു.

ലൂക്കൊസ് 22:31-53 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“ശിമോനേ, ശിമോനേ, നിങ്ങളെ എല്ലാവരെയും കോതമ്പുപോലെ പാറ്റിക്കൊഴിക്കാൻ സാത്താൻ അനുവാദം ചോദിച്ചു. എന്നാൽ നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കുന്നതിനുവേണ്ടി ഞാൻ പ്രാർഥിച്ചു; നീ എന്നിലുള്ള വിശ്വാസത്തിലേക്കു തിരിഞ്ഞശേഷം സഹോദരന്മാരെ ഉറപ്പിക്കണം.” പത്രോസ് ഇതിനു മറുപടിയായി പറഞ്ഞു: “കർത്താവേ, അങ്ങയുടെകൂടെ കാരാഗൃഹത്തിൽ പോകുന്നതിനും മരിക്കുന്നതിനുതന്നെയും ഞാൻ സന്നദ്ധനാണ്.” അപ്പോൾ യേശു അരുൾചെയ്തു: “പത്രോസേ, നീ എന്നെ അറിയുകയില്ലെന്നു മൂന്നുവട്ടം തള്ളിപ്പറയുന്നതിനുമുമ്പ് ഈ രാത്രി കോഴി കൂവുകയില്ല എന്നു ഞാൻ പറയുന്നു.” പിന്നീട് അവിടുന്ന് അവരോട് ഇങ്ങനെ ചോദിച്ചു: “പണസഞ്ചിയും ഭാണ്ഡവും ചെരുപ്പുമില്ലാതെ ഞാൻ നിങ്ങളെ അയച്ചിട്ടു നിങ്ങൾക്കു വല്ല കുറവുമുണ്ടായോ? “ഇല്ല,” എന്ന് അവർ പറഞ്ഞു. “എന്നാൽ ഇപ്പോൾ പണസഞ്ചിയുള്ളവൻ അതെടുക്കട്ടെ; അതുപോലെതന്നെ ഭാണ്ഡമുള്ളവനും. വാൾ ഇല്ലാത്തവൻ തന്റെ പുറങ്കുപ്പായം വിറ്റിട്ടെങ്കിലും അതു വാങ്ങട്ടെ. ‘അവൻ അധർമികളുടെ കൂട്ടത്തിൽ എണ്ണപ്പെട്ടു’ എന്ന് എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്ന വേദലിഖിതം സത്യമാകണം എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതെല്ലാം പൂർത്തീകരിക്കപ്പെടുന്നു.” “കർത്താവേ, ഇവിടെ രണ്ടു വാളുണ്ട്” എന്ന് അവർ പറഞ്ഞു. “അതു മതി” എന്ന് യേശു പ്രതിവചിച്ചു. പതിവുപോലെ യേശു ഒലിവുമലയിലേക്കു പോയി. ശിഷ്യന്മാരും അവിടുത്തെ അനുഗമിച്ചു, അവിടെ എത്തിയപ്പോൾ യേശു അവരോട് അരുൾചെയ്തു: “പരീക്ഷണത്തിൽ വീണു പോകാതിരിക്കുവാൻ പ്രാർഥിക്കുക.” പിന്നീട് അവരിൽനിന്ന് ഒരു കല്ലേറു ദൂരെ മാറി മുട്ടുകുത്തി അവിടുന്ന് ഇങ്ങനെ പ്രാർഥിച്ചു: “പിതാവേ, തിരുവിഷ്ടമെങ്കിൽ എന്നിൽനിന്ന് ഈ പാനപാത്രം നീക്കണമേ; എങ്കിലും എന്റെ ഇഷ്ടമല്ല, അവിടുത്തെ ഇഷ്ടംതന്നെ പൂർത്തിയാവട്ടെ.” തത്സമയം അവിടുത്തെ ശക്തിപ്പെടുത്തുവാൻ സ്വർഗത്തിൽനിന്ന് ഒരു മാലാഖ പ്രത്യക്ഷനായി. യേശു പ്രാണവേദനയിലായി; കൂടുതൽ വികാരതീക്ഷ്ണതയോടുകൂടി അവിടുന്നു പ്രാർഥിച്ചു. അവിടുത്തെ വിയർപ്പു കനത്ത രക്തത്തുള്ളികൾ കണക്കേ നിലത്ത് ഇറ്റിറ്റു വീണു. പ്രാർഥന കഴിഞ്ഞ് അവിടുന്ന് എഴുന്നേറ്റ് ശിഷ്യന്മാരുടെ അടുക്കലേക്കു ചെന്നു. ശിഷ്യന്മാർ ദുഃഖംകൊണ്ടു തളർന്നു കിടന്ന് ഉറങ്ങുന്നതായി യേശു കണ്ടു. യേശു അവരോട്’: “നിങ്ങൾ ഉറങ്ങുന്നത് എന്തുകൊണ്ട്? പരീക്ഷണത്തിൽ വീണുപോകാതിരിക്കുവാൻ ഉണർന്നെഴുന്നേറ്റു പ്രാർഥിക്കുക” എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾത്തന്നെ ഒരു ജനസഞ്ചയം അവിടെയെത്തി. പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ യൂദാസാണ് അവരെ നയിച്ചിരുന്നത്. യൂദാസ് യേശുവിനെ ചുംബിക്കുവാൻ അടുത്തുചെന്നു. അവിടുന്നു ചോദിച്ചു: “യൂദാസേ, ചുംബനം കൊണ്ടാണോ നീ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നത്?” എന്താണു സംഭവിക്കുവാൻ പോകുന്നതെന്ന് യേശുവിന്റെ കൂടെയുണ്ടായിരുന്നവർ മനസ്സിലാക്കിക്കൊണ്ട്: “കർത്താവേ, ഞങ്ങൾ വാളെടുത്തു വെട്ടട്ടെയോ?” എന്നു ചോദിച്ചു. അവരിലൊരാൾ മഹാപുരോഹിതന്റെ ഭൃത്യനെ വെട്ടി അവന്റെ വലത്തുകാതു ഛേദിച്ചുകളഞ്ഞു. ‘നിറുത്തൂ! അതു പാടില്ല; അവരുടെ ഇഷ്ടം നടക്കട്ടെ” എന്നു പറഞ്ഞുകൊണ്ട് ആ ഭൃത്യന്റെ കാത് യേശു തൊട്ടു സുഖപ്പെടുത്തി. തനിക്കെതിരെ വന്ന പുരോഹിതമുഖ്യന്മാരോടും ദേവാലയത്തിലെ കാവൽപ്പടയുടെ തലവന്മാരോടും ജനപ്രമാണിമാരോടും യേശു ചോദിച്ചു: “ഒരു കൊള്ളക്കാരനെ പിടിക്കുവാനെന്നപോലെ, നിങ്ങൾ വാളും വടിയുമായി എന്റെ അടുക്കൽ വന്നിരിക്കുകയാണോ? നിങ്ങളോടുകൂടി ദിനംതോറും ഞാൻ ദേവാലയത്തിൽ ഉണ്ടായിരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല. ഇരുളിന്റെ അധികാരം നടമാടുന്ന ഈ സമയം നിങ്ങൾക്കു പ്രവർത്തിക്കുവാനുള്ള അവസരമാണ്.”

ലൂക്കൊസ് 22:31-53 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ശിമോനേ, ശിമോനെ, സാത്താൻ നിങ്ങളെ ഗോതമ്പുപോലെ പാറ്റേണ്ടതിന് കല്പന ചോദിച്ചു. ഞാനോ നിന്‍റെ വിശ്വാസം പോകാതിരിക്കുവാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്‍റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക. പത്രൊസ് അവനോട്: ”കർത്താവേ, ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിക്കുവാനും ഒരുങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു. അതിന് അവൻ: പത്രൊസേ, നീ ഇന്ന് കോഴി കൂകുന്നതിനു മുമ്പെ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയും എന്നു ഞാൻ നിന്നോട് പറയുന്നു എന്നു പറഞ്ഞു. പിന്നെ അവൻ അവരോട്: ഞാൻ നിങ്ങളെ പണസഞ്ചിയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോൾ വല്ല കുറവുമുണ്ടായോ എന്നു ചോദിച്ചതിന്: ”ഒരു കുറവുമുണ്ടായില്ല” എന്നു അവർ പറഞ്ഞു. അവൻ അവരോട്: എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അത് എടുക്കട്ടെ; അതുപോലെ തന്നെ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്‍റെ വസ്ത്രം വിറ്റ് വാൾ വാങ്ങിക്കൊള്ളട്ടെ. അവനെ നിയമലംഘകരുടെ കൂട്ടത്തിൽ എണ്ണി എന്നു എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതിന് നിവൃത്തി വരേണ്ടതാകുന്നു എന്നു പറഞ്ഞു. ”കർത്താവേ, ഇവിടെ രണ്ടു വാൾ ഉണ്ട്” എന്നു അവർ പറഞ്ഞതിന്: ഇതു മതി എന്നു അവൻ അവരോട് പറഞ്ഞു. പിന്നെ അവൻ പതിവുപോലെ ഒലിവുമലയ്ക്ക് പുറപ്പെട്ടുപോയി; ശിഷ്യന്മാരും അവനെ അനുഗമിച്ചു. ആ സ്ഥലത്ത് എത്തിയപ്പോൾ അവൻ അവരോട്: നിങ്ങൾ പരീക്ഷയിൽ അകപ്പെടാതിരിക്കുവാൻ പ്രാർത്ഥിക്കുവിൻ എന്നു പറഞ്ഞു. യേശു അവരെ വിട്ടു ഒരു കല്ലേറുദൂരത്തോളം ദൂരെപ്പോയി മുട്ടുകുത്തി; പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ കഷ്ടതയുടെ ഈ പാനപാത്രം എന്നിൽ നിന്നു നീക്കേണമേ; എങ്കിലും എന്‍റെ ഇഷ്ടമല്ല നിന്‍റെ ഇഷ്ടം തന്നെ ആകട്ടെ എന്നു പ്രാർത്ഥിച്ചു. അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതൻ അവനു പ്രത്യക്ഷനായി. പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു; അവന്‍റെ വിയർപ്പ് നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി. അവൻ പ്രാർത്ഥന കഴിഞ്ഞു എഴുന്നേറ്റ് ശിഷ്യന്മാരുടെ അടുക്കൽ ചെന്നു, അവർ വിഷാദത്താൽ ഉറങ്ങുന്നത് കണ്ടു അവരോട്: നിങ്ങൾ ഉറങ്ങുന്നത് എന്ത്? പരീക്ഷയിൽ അകപ്പെടാതിരിക്കുവാൻ എഴുന്നേറ്റ് പ്രാർത്ഥിക്കുവിൻ എന്നു പറഞ്ഞു. അവൻ സംസാരിക്കുമ്പോൾ തന്നെ പുരുഷാരം അവന്‍റെ അടുക്കൽ വന്നു; പന്ത്രണ്ടു ശിഷ്യരിൽ ഒരുവനായ യൂദാ അവർക്ക് മുന്നിൽ നടന്നു യേശുവിനെ ചുംബിപ്പാൻ അടുത്തുവന്നു. യേശു അവനോട്: യൂദയേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നത് എന്നു പറഞ്ഞു. അവിടെ സംഭവിപ്പാൻ പോകുന്നത് എന്താണ് എന്നു അവന്‍റെ കൂടെയുള്ളവർക്ക് മനസ്സിലായി: ”കർത്താവേ, ഞങ്ങൾ അവരെ വാൾകൊണ്ടു വെട്ടേണമോ?” എന്നു ചോദിച്ചു. അവരിൽ ഒരുവൻ മഹാപുരോഹിതന്‍റെ ദാസനെ വെട്ടി അവന്‍റെ വലത്തെ ചെവി അറുത്തു. അപ്പോൾ യേശു; ഇത്രയും ചെയ്തത് മതി അവനെ വിടുവിൻ എന്നു പറഞ്ഞു അവന്‍റെ ചെവി തൊട്ടു സൗഖ്യമാക്കി. യേശു തന്‍റെ നേരെ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടും: ഒരു കള്ളന്‍റെ നേരെ എന്നപോലെ നിങ്ങൾ വാളും വടിയുമായി എന്‍റെ നേരെ വരുന്നത് എന്തിനാണ്? ഞാൻ ദിവസേന ദൈവാലയത്തിൽ നിങ്ങളോടുകൂടെ ഇരുന്നിട്ടും എന്‍റെ നേരെ കൈ ഓങ്ങിയില്ല; എന്നാൽ ഇതു നിങ്ങളുടെ നാഴികയും ഇരുളിന്‍റെ അധികാരവും ആകുന്നു എന്നു പറഞ്ഞു.

ലൂക്കൊസ് 22:31-53 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ശിമോനേ, ശിമോനെ, സാത്താൻ നിങ്ങളെ കോതമ്പുപോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു. ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക. അവൻ അവനോടു: കർത്താവേ, ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിപ്പാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു അവൻ: പത്രൊസെ, നീ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയുംമുമ്പെ ഇന്നു കോഴി കൂകുകയില്ല എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു. പിന്നെ അവൻ അവരോടു:ഞാൻ നിങ്ങളെ മടിശ്ശീലയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോൾ വല്ല കുറവുമുണ്ടായോ എന്നു ചോദിച്ചതിന്നു: ഒരു കുറവുമുണ്ടായില്ല എന്നു അവർ പറഞ്ഞു. അവൻ അവരോടു: എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാൾ കൊള്ളട്ടെ. അവനെ അധർമ്മികളുടെ കൂട്ടത്തിൽ എണ്ണി എന്നു എഴുതിയിരിക്കുന്നതിന്നു ഇനി എന്നിൽ നിവൃത്തിവരേണം എന്നു ഞാൻ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിന്നു നിവൃത്തി വരുന്നു എന്നു പറഞ്ഞു. കർത്താവേ, ഇവിടെ രണ്ടു വാൾ ഉണ്ടു എന്നു അവർ പറഞ്ഞതിന്നു:മതി എന്നു അവൻ അവരോടു പറഞ്ഞു. പിന്നെ അവൻ പതിവുപോലെ ഒലീവ് മലെക്കു പുറപ്പെട്ടുപോയി; ശിഷ്യന്മാരും അവനെ അനുഗമിച്ചു. ആ സ്ഥലത്തു എത്തിയപ്പോൾ അവൻ അവരോടു:നിങ്ങൾ പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ പ്രാർത്ഥിപ്പിൻ എന്നു പറഞ്ഞു. താൻ അവരെ വിട്ടു ഒരു കല്ലേറുദൂരത്തോളം വാങ്ങിപ്പോയി മുട്ടുകുത്തി; പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നെ ആകട്ടെ എന്നു പ്രാർത്ഥിച്ചു. അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽ നിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി. പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു; അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി. അവൻ പ്രാർത്ഥന കഴിഞ്ഞു എഴുന്നേറ്റു ശിഷ്യന്മാരുടെ അടുക്കൽ ചെന്നു, അവർ വിഷാദത്താൽ ഉറങ്ങുന്നതു കണ്ടു അവരോടു: നിങ്ങൾ ഉറങ്ങുന്നതു എന്തു? പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ എഴുന്നേറ്റു പ്രാർത്ഥിപ്പിൻ എന്നു പറഞ്ഞു. അവൻ സംസാരിക്കുമ്പോൾ തന്നേ ഇതാ, ഒരു പുരുഷാരം; പന്തിരുവരിൽ ഒരുവനായ യൂദാ അവർക്കു മുന്നടന്നു യേശുവിനെ ചുംബിപ്പാൻ അടുത്തുവന്നു. യേശു അവനോടു:യൂദയേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നതു എന്നു പറഞ്ഞു. സംഭവിപ്പാൻ പോകുന്നതു അവന്റെ കൂടെയുള്ളവർ കണ്ടു: കർത്താവേ, ഞങ്ങൾ വാൾകൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു. അവരിൽ ഒരുത്തൻ മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തെ കാതു അറുത്തു. അപ്പോൾ യേശു;ഇത്രെക്കു വിടുവിൻ എന്നു പറഞ്ഞു അവന്റെ കാതു തൊട്ടു സൗഖ്യമാക്കി. യേശു തന്റെ നേരെ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടും: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ വാളും വടിയുമായി പുറപ്പെട്ടുവന്നുവോ? ഞാൻ ദിവസേന ദൈവാലയത്തിൽ നിങ്ങളോടുകൂടെ ഇരുന്നിട്ടും എന്റെ നേരെ കൈ ഓങ്ങിയില്ല; എന്നാൽ ഇതു നിങ്ങളുടെ നാഴികയും ഇരുളിന്റെ അധികാരവും ആകുന്നു എന്നു പറഞ്ഞു.

ലൂക്കൊസ് 22:31-53 സമകാലിക മലയാളവിവർത്തനം (MCV)

“ശിമോനേ, ശിമോനേ, സാത്താൻ നിങ്ങൾ ഓരോരുത്തരെയും ഗോതമ്പു പാറ്റുന്നതുപോലെ പാറ്റേണ്ടതിന് അനുവാദം ചോദിച്ചു; എന്നാൽ നിന്റെ വിശ്വാസം നഷ്ടപ്പെട്ടുപോകാതിരിക്കാൻ ഞാൻ നിനക്കുവേണ്ടി പ്രാർഥിച്ചു. നീ തിരിച്ചുവന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊള്ളണം.” അപ്പോൾ ശിമോൻ, “കർത്താവേ, അങ്ങയോടുകൂടെ തടവിലാകാനും മരിക്കാനും ഞാൻ തയ്യാറാണ്” എന്നു പറഞ്ഞു. യേശു അവനോട്, “പത്രോസേ, ഞാൻ നിന്നോടു പറയുന്നു: എന്നെ അറിയുന്നില്ല എന്ന് നീ മൂന്നുപ്രാവശ്യം തിരസ്കരിച്ചു പറയുംവരെ ഇന്നു കോഴി കൂവുകയില്ല.” പിന്നെ യേശു അവരോടു ചോദിച്ചു: “ഞാൻ നിങ്ങളെ മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോകൂടാതെ അയച്ചപ്പോൾ നിങ്ങൾക്ക് എന്തെങ്കിലും കുറവുണ്ടായോ?” “ഒരു കുറവും ഉണ്ടായില്ല” അവർ മറുപടി പറഞ്ഞു. യേശു തുടർന്ന് അവരോടു പറഞ്ഞത്: “എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അത് എടുക്കുക; അതുപോലെതന്നെ സഞ്ചിയും. നിങ്ങളുടെപക്കൽ ഒരു വാൾ ഇല്ലായെങ്കിൽ തന്റെ വസ്ത്രം വിറ്റ് ഒരു വാൾ വാങ്ങുക. ‘അവൻ അധർമികളുടെ കൂട്ടത്തിൽ എണ്ണപ്പെട്ടു,’ എന്നു രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനം എന്നിൽ നിറവേറേണ്ടതാകുന്നു. അതേ, എന്നെക്കുറിച്ച് എഴുതിയിട്ടുള്ളതെല്ലാം പൂർത്തീകരിക്കപ്പെടണം.” അതിനു ശിഷ്യന്മാർ, “ഇതാ, കർത്താവേ, ഇവിടെ രണ്ട് വാൾ ഉണ്ട്” എന്നു പറഞ്ഞു. “അതു മതി,” അദ്ദേഹം ഉത്തരം പറഞ്ഞു. ഇതിനുശേഷം യേശു മാളികമുറിക്ക് പുറത്തിറങ്ങി പതിവുപോലെ ഒലിവുമലയിലേക്കു യാത്രയായി; ശിഷ്യന്മാർ അദ്ദേഹത്തെ അനുഗമിച്ചു. അവിടെ എത്തിയപ്പോൾ അദ്ദേഹം അവരോട്, “പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ പ്രാർഥിക്കുക” എന്നു പറഞ്ഞു. പിന്നെ അവരിൽനിന്ന് ഒരു കല്ലേറു ദൂരത്തിനപ്പുറം ചെന്നു മുട്ടുകുത്തി, “പിതാവേ, തിരുവിഷ്ടമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് മാറ്റണമേ; എങ്കിലും എന്റെ ഇഷ്ടമല്ല, അവിടത്തെ ഇഷ്ടംപോലെതന്നെ ആകട്ടെ” എന്നു പ്രാർഥിച്ചു. സ്വർഗത്തിൽനിന്ന് ഒരു ദൂതൻ പ്രത്യക്ഷനായി അദ്ദേഹത്തിന് ശക്തിപകർന്നു. പിന്നെ, യേശു അതിവേദനയിലായി, അത്യധികം തീവ്രതയോടെ പ്രാർഥിച്ചു. അദ്ദേഹത്തിന്റെ വിയർപ്പ് വലിയ രക്തത്തുള്ളികൾപോലെ നിലത്തുവീണു. പ്രാർഥന കഴിഞ്ഞ് അദ്ദേഹം എഴുന്നേറ്റ് ശിഷ്യന്മാരുടെ അടുക്കൽ തിരിച്ചെത്തിയപ്പോൾ, അവർ ദുഃഖത്താൽ തളർന്ന് ഉറങ്ങിപ്പോയിരിക്കുന്നതു കണ്ട്, “നിങ്ങൾ ഉറങ്ങുന്നത് എന്ത്? എഴുന്നേൽക്കൂ, പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ പ്രാർഥിക്കുക” എന്ന് യേശു അവരോടു പറഞ്ഞു. യേശു സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ ഒരു ജനക്കൂട്ടം അവിടെ വന്നുചേർന്നു. പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ ആയിരുന്നു അവർക്കു വഴികാട്ടിയായി നടന്നിരുന്നത്. അയാൾ യേശുവിനെ ചുംബിക്കേണ്ടതിന് അദ്ദേഹത്തിന്റെ അടുത്തേക്കുചെന്നു. എന്നാൽ യേശു അയാളോട്, “യൂദായേ, നീ ചുംബനം കൊണ്ടാണോ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നത്?” എന്നു ചോദിച്ചു. എന്താണു സംഭവിക്കാൻ പോകുന്നതെന്നു യേശുവിന്റെ കൂടെയുണ്ടായിരുന്ന ശിഷ്യന്മാർ ഗ്രഹിച്ചിട്ട്, “കർത്താവേ, ഞങ്ങൾ വാളെടുത്തു വെട്ടണമോ?” എന്നു ചോദിച്ചു. അവരിൽ ഒരാൾ മഹാപുരോഹിതന്റെ ദാസനെ വെട്ടി, അയാളുടെ വലതുകാത് ഛേദിച്ചുകളഞ്ഞു. “അരുത്, അത് പാടില്ല,” യേശു പറഞ്ഞു. പിന്നെ അദ്ദേഹം അവന്റെ കാതിൽ തൊട്ട് അവനെ സൗഖ്യമാക്കി. തനിക്കെതിരേവന്ന പുരോഹിതമുഖ്യന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും സമുദായനേതാക്കന്മാരോടും യേശു, “ഞാൻ ഒരു വിപ്ളവം നയിക്കുന്നതിനാലാണോ നിങ്ങൾ എന്നെ പിടിച്ചുകെട്ടാൻ വാളുകളും വടികളുമേന്തി വരുന്നത്? ഞാൻ ദിവസവും ദൈവാലയാങ്കണത്തിൽ നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ നിങ്ങൾ എന്റെമേൽ കൈവെച്ചില്ല. എന്നാൽ ഇതു നിങ്ങളുടെ സമയം, അന്ധകാരം അധികാരം നടത്തുന്ന സമയം” എന്നു പറഞ്ഞു.