“ശിമോനേ, ശിമോനേ, നിങ്ങളെ എല്ലാവരെയും കോതമ്പുപോലെ പാറ്റിക്കൊഴിക്കാൻ സാത്താൻ അനുവാദം ചോദിച്ചു. എന്നാൽ നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കുന്നതിനുവേണ്ടി ഞാൻ പ്രാർഥിച്ചു; നീ എന്നിലുള്ള വിശ്വാസത്തിലേക്കു തിരിഞ്ഞശേഷം സഹോദരന്മാരെ ഉറപ്പിക്കണം.” പത്രോസ് ഇതിനു മറുപടിയായി പറഞ്ഞു: “കർത്താവേ, അങ്ങയുടെകൂടെ കാരാഗൃഹത്തിൽ പോകുന്നതിനും മരിക്കുന്നതിനുതന്നെയും ഞാൻ സന്നദ്ധനാണ്.” അപ്പോൾ യേശു അരുൾചെയ്തു: “പത്രോസേ, നീ എന്നെ അറിയുകയില്ലെന്നു മൂന്നുവട്ടം തള്ളിപ്പറയുന്നതിനുമുമ്പ് ഈ രാത്രി കോഴി കൂവുകയില്ല എന്നു ഞാൻ പറയുന്നു.” പിന്നീട് അവിടുന്ന് അവരോട് ഇങ്ങനെ ചോദിച്ചു: “പണസഞ്ചിയും ഭാണ്ഡവും ചെരുപ്പുമില്ലാതെ ഞാൻ നിങ്ങളെ അയച്ചിട്ടു നിങ്ങൾക്കു വല്ല കുറവുമുണ്ടായോ? “ഇല്ല,” എന്ന് അവർ പറഞ്ഞു. “എന്നാൽ ഇപ്പോൾ പണസഞ്ചിയുള്ളവൻ അതെടുക്കട്ടെ; അതുപോലെതന്നെ ഭാണ്ഡമുള്ളവനും. വാൾ ഇല്ലാത്തവൻ തന്റെ പുറങ്കുപ്പായം വിറ്റിട്ടെങ്കിലും അതു വാങ്ങട്ടെ. ‘അവൻ അധർമികളുടെ കൂട്ടത്തിൽ എണ്ണപ്പെട്ടു’ എന്ന് എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്ന വേദലിഖിതം സത്യമാകണം എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതെല്ലാം പൂർത്തീകരിക്കപ്പെടുന്നു.” “കർത്താവേ, ഇവിടെ രണ്ടു വാളുണ്ട്” എന്ന് അവർ പറഞ്ഞു. “അതു മതി” എന്ന് യേശു പ്രതിവചിച്ചു. പതിവുപോലെ യേശു ഒലിവുമലയിലേക്കു പോയി. ശിഷ്യന്മാരും അവിടുത്തെ അനുഗമിച്ചു, അവിടെ എത്തിയപ്പോൾ യേശു അവരോട് അരുൾചെയ്തു: “പരീക്ഷണത്തിൽ വീണു പോകാതിരിക്കുവാൻ പ്രാർഥിക്കുക.” പിന്നീട് അവരിൽനിന്ന് ഒരു കല്ലേറു ദൂരെ മാറി മുട്ടുകുത്തി അവിടുന്ന് ഇങ്ങനെ പ്രാർഥിച്ചു: “പിതാവേ, തിരുവിഷ്ടമെങ്കിൽ എന്നിൽനിന്ന് ഈ പാനപാത്രം നീക്കണമേ; എങ്കിലും എന്റെ ഇഷ്ടമല്ല, അവിടുത്തെ ഇഷ്ടംതന്നെ പൂർത്തിയാവട്ടെ.” തത്സമയം അവിടുത്തെ ശക്തിപ്പെടുത്തുവാൻ സ്വർഗത്തിൽനിന്ന് ഒരു മാലാഖ പ്രത്യക്ഷനായി. യേശു പ്രാണവേദനയിലായി; കൂടുതൽ വികാരതീക്ഷ്ണതയോടുകൂടി അവിടുന്നു പ്രാർഥിച്ചു. അവിടുത്തെ വിയർപ്പു കനത്ത രക്തത്തുള്ളികൾ കണക്കേ നിലത്ത് ഇറ്റിറ്റു വീണു. പ്രാർഥന കഴിഞ്ഞ് അവിടുന്ന് എഴുന്നേറ്റ് ശിഷ്യന്മാരുടെ അടുക്കലേക്കു ചെന്നു. ശിഷ്യന്മാർ ദുഃഖംകൊണ്ടു തളർന്നു കിടന്ന് ഉറങ്ങുന്നതായി യേശു കണ്ടു. യേശു അവരോട്’: “നിങ്ങൾ ഉറങ്ങുന്നത് എന്തുകൊണ്ട്? പരീക്ഷണത്തിൽ വീണുപോകാതിരിക്കുവാൻ ഉണർന്നെഴുന്നേറ്റു പ്രാർഥിക്കുക” എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾത്തന്നെ ഒരു ജനസഞ്ചയം അവിടെയെത്തി. പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ യൂദാസാണ് അവരെ നയിച്ചിരുന്നത്. യൂദാസ് യേശുവിനെ ചുംബിക്കുവാൻ അടുത്തുചെന്നു. അവിടുന്നു ചോദിച്ചു: “യൂദാസേ, ചുംബനം കൊണ്ടാണോ നീ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നത്?” എന്താണു സംഭവിക്കുവാൻ പോകുന്നതെന്ന് യേശുവിന്റെ കൂടെയുണ്ടായിരുന്നവർ മനസ്സിലാക്കിക്കൊണ്ട്: “കർത്താവേ, ഞങ്ങൾ വാളെടുത്തു വെട്ടട്ടെയോ?” എന്നു ചോദിച്ചു. അവരിലൊരാൾ മഹാപുരോഹിതന്റെ ഭൃത്യനെ വെട്ടി അവന്റെ വലത്തുകാതു ഛേദിച്ചുകളഞ്ഞു. ‘നിറുത്തൂ! അതു പാടില്ല; അവരുടെ ഇഷ്ടം നടക്കട്ടെ” എന്നു പറഞ്ഞുകൊണ്ട് ആ ഭൃത്യന്റെ കാത് യേശു തൊട്ടു സുഖപ്പെടുത്തി. തനിക്കെതിരെ വന്ന പുരോഹിതമുഖ്യന്മാരോടും ദേവാലയത്തിലെ കാവൽപ്പടയുടെ തലവന്മാരോടും ജനപ്രമാണിമാരോടും യേശു ചോദിച്ചു: “ഒരു കൊള്ളക്കാരനെ പിടിക്കുവാനെന്നപോലെ, നിങ്ങൾ വാളും വടിയുമായി എന്റെ അടുക്കൽ വന്നിരിക്കുകയാണോ? നിങ്ങളോടുകൂടി ദിനംതോറും ഞാൻ ദേവാലയത്തിൽ ഉണ്ടായിരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല. ഇരുളിന്റെ അധികാരം നടമാടുന്ന ഈ സമയം നിങ്ങൾക്കു പ്രവർത്തിക്കുവാനുള്ള അവസരമാണ്.”
LUKA 22 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: LUKA 22:31-53
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ