ലൂക്കൊസ് 20:19-26
ലൂക്കൊസ് 20:19-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഈ ഉപമ തങ്ങളെക്കുറിച്ചു പറഞ്ഞു എന്നു ശാസ്ത്രിമാരും മഹാപുരോഹിതന്മാരും ഗ്രഹിച്ചിട്ട് ആ നാഴികയിൽതന്നെ അവന്റെമേൽ കൈ വയ്പാൻ നോക്കി എങ്കിലും ജനത്തെ ഭയപ്പെട്ടു. പിന്നെ അവർ അവനെ നാടുവാഴിയുടെ അധീനതയിലും അധികാരത്തിലും ഏല്പിപ്പാൻ തക്കവണ്ണം അവനെ വാക്കിൽ പിടിക്കേണ്ടതിന് തക്കം നോക്കി നീതിമാന്മാർ എന്നു നടിക്കുന്ന ഒറ്റുകാരെ അയച്ചു. അവർ അവനോട്: ഗുരോ, നീ നേർ പറഞ്ഞ് ഉപദേശിക്കയും മുഖപക്ഷം നോക്കാതെ ദൈവത്തിന്റെ വഴി യഥാർഥമായി പഠിപ്പിക്കയും ചെയ്യുന്നു എന്നു ഞങ്ങൾ അറിയുന്നു. നാം കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു. അവരുടെ ഉപായം ഗ്രഹിച്ചിട്ട് അവൻ അവരോട്: ഒരു വെള്ളിക്കാശ് കാണിപ്പിൻ; അതിലുള്ള സ്വരൂപവും മേലെഴുത്തും ആരുടേത് എന്നു ചോദിച്ചതിന്: കൈസരുടേത് എന്ന് അവർ പറഞ്ഞു. എന്നാൽ കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുപ്പിൻ എന്ന് അവൻ അവരോട് പറഞ്ഞു. അങ്ങനെ അവർ ജനത്തിന്റെ മുമ്പിൽവച്ച് അവനെ വാക്കിൽ പിടിപ്പാൻ കഴിയാതെ അവന്റെ ഉത്തരത്തിൽ ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.
ലൂക്കൊസ് 20:19-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഈ ദൃഷ്ടാന്തകഥ തങ്ങളെക്കുറിച്ചാണ് യേശു പറഞ്ഞതെന്നു പുരോഹിതമുഖ്യന്മാർക്കും മതപണ്ഡിതന്മാർക്കും മനസ്സിലായതുകൊണ്ട് ആ നിമിഷത്തിൽത്തന്നെ അവിടുത്തെ പിടികൂടാൻ അവർ ശ്രമിച്ചെങ്കിലും ജനങ്ങളെ ഭയന്ന് അതിനു മുതിർന്നില്ല. യേശുവിനെ വാക്കിൽ കുടുക്കി പിടികൂടി ഗവർണറുടെ അധികാരത്തിലും അധീനതയിലും ഏല്പിച്ചുകൊടുക്കുന്നതിന് അവർ ജാഗ്രതയോടെ തക്കം നോക്കിക്കൊണ്ടിരുന്നു. അതിനുവേണ്ടി നീതിമാന്മാരുടെ ഭാവം നടിക്കുന്ന ചാരന്മാരെ അവർ അയച്ചു. ആ ഒറ്റുകാർ യേശുവിനോടു ചോദിച്ചു: “ഗുരോ, അങ്ങു സത്യം സംസാരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. അങ്ങ് ആരുടെയും മുഖം നോക്കാതെ ദൈവത്തിന്റെ മാർഗം ശരിയായി ഉപദേശിക്കുന്നു എന്ന് ഞങ്ങൾക്കറിയാം. കൈസർക്കു കരം കൊടുക്കുന്നതു ന്യായമാണോ അല്ലയോ എന്നു പറഞ്ഞാലും. യേശു അവരുടെ കൗശലം മനസ്സിലാക്കിക്കൊണ്ടു പറഞ്ഞു: “കരം കൊടുക്കാനുള്ള ഒരു നാണയം കാണിക്കുക; ആരുടെ രൂപവും ലിഖിതവുമാണ് അതിലുള്ളത്?” “കൈസറുടേത്” എന്ന് അവർ പറഞ്ഞു. “അങ്ങനെയെങ്കിൽ കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക” എന്ന് യേശു അവരോടു പറഞ്ഞു. അങ്ങനെ ജനങ്ങളുടെ മുമ്പിൽവച്ച് യേശുവിനെ വാക്കിൽ കുടുക്കുവാൻ അവർക്കു കഴിഞ്ഞില്ല. അവിടുത്തെ മറുപടിയിൽ അവർ ആശ്ചര്യപ്പെട്ടു മൗനം അവലംബിച്ചു.
ലൂക്കൊസ് 20:19-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഈ ഉപമ തങ്ങളെക്കുറിച്ച് പറഞ്ഞു എന്നു ശാസ്ത്രികളും മഹാപുരോഹിതന്മാരും മനസ്സിലാക്കിയിട്ട് അപ്പോൾ തന്നെ അവനെ ബന്ധിയ്ക്കുവാൻ നോക്കി; എങ്കിലും ജനങ്ങളെ ഭയപ്പെടുന്നതു കൊണ്ടു അത് ചെയ്തില്ല. പിന്നെ അവർ നീതിമാന്മാർ എന്നു സ്വയം ഭാവിക്കുന്ന ഒറ്റുകാരെ അയച്ചു. അവർ അവനെ വാക്കിൽ പിടിക്കേണ്ടതിന് തക്കം നോക്കി. അങ്ങനെ ഗവർണ്ണറുടെ നിയന്ത്രണത്തിലും അധികാരത്തിലും ഏല്പിക്കുവാൻ ശ്രമിച്ചു. അവർ അവനോട്: ”ഗുരോ, നീ നേർ പറഞ്ഞു ഉപദേശിക്കുകയും, ആരുടെയും പക്ഷം നോക്കാതെ ദൈവത്തിന്റെ വഴി യഥാർത്ഥമായി പഠിപ്പിക്കയും ചെയ്യുന്നു എന്നു ഞങ്ങൾ അറിയുന്നു. നാം കൈസർക്ക് കരം കൊടുക്കുന്നത് നിയമപരമായി ശരിയോ അല്ലയോ?” എന്നു ചോദിച്ചു. യേശു അവരുടെ ഉപായം മനസ്സിലാക്കിയിട്ട് അവൻ അവരോട്: ഒരു വെള്ളിക്കാശ് കാണിക്കുക എന്നു പറഞ്ഞു; അതിലുള്ള സ്വരൂപവും മേലെഴുത്തും ആരുടേത്? എന്നു ചോദിച്ചതിന്: കൈസരുടേത് എന്നു അവർ പറഞ്ഞു. എന്നാൽ കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിൻ എന്നു അവൻ അവരോട് പറഞ്ഞു. അങ്ങനെ അവർ ജനത്തിന്‍റെ മുമ്പിൽവെച്ച് അവനെ വാക്കിൽ പിടിപ്പാൻ കഴിയാതെ അവന്റെ ഉത്തരത്തിൽ ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.
ലൂക്കൊസ് 20:19-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഈ ഉപമ തങ്ങളെക്കുറിച്ചു പറഞ്ഞു എന്നു ശാസ്ത്രിമാരും മഹാപുരോഹിതന്മാരും ഗ്രഹിച്ചിട്ടു ആ നാഴികയിൽ തന്നേ അവന്റെ മേൽ കൈവെപ്പാൻ നോക്കി എങ്കിലും ജനത്തെ ഭയപ്പെട്ടു. പിന്നെ അവർ അവനെ നാടുവാഴിയുടെ അധീനതയിലും അധികാരത്തിലും ഏല്പിപ്പാന്തക്കവണ്ണം അവനെ വാക്കിൽ പിടിക്കേണ്ടതിന്നു തക്കം നോക്കി നീതിമാന്മാർ എന്നു നടിക്കുന്ന ഒറ്റുകാരെ അയച്ചു. അവർ അവനോടു: ഗുരോ, നീ നേർ പറഞ്ഞു ഉപദേശിക്കയും മുഖപക്ഷം നോക്കാതെ ദൈവത്തിന്റെ വഴി യഥാർത്ഥമായി പഠിപ്പിക്കയും ചെയ്യുന്നു എന്നു ഞങ്ങൾ അറിയുന്നു. നാം കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു. അവരുടെ ഉപായം ഗ്രഹിച്ചിട്ടു അവൻ അവരോടു: ഒരു വെള്ളിക്കാശ് കാണിപ്പിൻ; അതിനുള്ള സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു ചോദിച്ചതിന്നു: കൈസരുടേതു എന്നു അവർ പറഞ്ഞു. എന്നാൽ കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ എന്നു അവൻ അവരോടു പറഞ്ഞു. അങ്ങനെ അവർ ജനത്തിന്റെ മുമ്പിൽ വെച്ചു അവനെ വാക്കിൽ പിടിപ്പാൻ കഴിയാതെ അവന്റെ ഉത്തരത്തിൽ ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.
ലൂക്കൊസ് 20:19-26 സമകാലിക മലയാളവിവർത്തനം (MCV)
യേശു ഈ സാദൃശ്യകഥ തങ്ങൾക്കു വിരോധമായിട്ടാണ് പറഞ്ഞതെന്നു മനസ്സിലാക്കിയിട്ട്, വേദജ്ഞരും പുരോഹിതമുഖ്യന്മാരും എത്രയും പെട്ടെന്നുതന്നെ അദ്ദേഹത്തെ ബന്ധനസ്ഥനാക്കാൻ മാർഗം ആരാഞ്ഞു, എന്നാൽ അവർ ജനരോഷം ഭയപ്പെട്ടു. അവർ യേശുവിനെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു. യേശുവിനെ വാക്കിൽക്കുടുക്കി റോമൻ നിയമപ്രകാരമുള്ള വല്ല കുറ്റവും ചെയ്യിച്ച് റോമൻ ഭരണാധികാരിക്ക് ഏൽപ്പിക്കാനുള്ള പഴുത് അന്വേഷിക്കാനായി, നീതിമാന്മാരെന്നു നടിക്കുന്ന രഹസ്യദൂതന്മാരെ യേശുവിന്റെ സമീപത്തേക്കയച്ചു. അവർ അദ്ദേഹത്തോടു ചോദിച്ചു: “ഗുരോ, അങ്ങ് ശരിയായിട്ടുള്ളതു പ്രസ്താവിക്കുകയും ഉപദേശിക്കുകയും പക്ഷഭേദരഹിതനായി സത്യം അനുസരിച്ചുമാത്രം ദൈവികമാർഗം പഠിപ്പിക്കുകയുംചെയ്യുന്നു എന്ന് ഞങ്ങൾക്കറിയാം. നാം റോമൻ കൈസർക്ക് നികുതി കൊടുക്കുന്നതു ശരിയാണോ?” അവരുടെ തന്ത്രം മനസ്സിലാക്കിയിട്ട് അദ്ദേഹം അവരോട്, “ഒരു ദിനാർനാണയം കാണിക്കുക” എന്നു പറഞ്ഞു. അതിനുശേഷം “ആരുടെ രൂപവും ലിഖിതവുമാണ് ഇതിന്മേലുള്ളത്?” എന്ന് യേശു അവരോടു ചോദിച്ചു. “കൈസറുടേത്” അവർ മറുപടി പറഞ്ഞു. “അങ്ങനെയെങ്കിൽ, കൈസർക്ക് നൽകേണ്ടത് കൈസർക്കും ദൈവത്തിന് നൽകേണ്ടത് ദൈവത്തിനും നൽകുക,” എന്ന് അദ്ദേഹം അവരോടു പറഞ്ഞു. അങ്ങനെ, ജനങ്ങളുടെമുമ്പിൽവെച്ച് അദ്ദേഹത്തെ വാക്കിൽ കുടുക്കാൻ കഴിയാതെ അവർ അദ്ദേഹത്തിന്റെ മറുപടികേട്ട് ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.