ലൂക്കൊ. 20:19-26

ലൂക്കൊ. 20:19-26 IRVMAL

ഈ ഉപമ തങ്ങളെക്കുറിച്ച് പറഞ്ഞു എന്നു ശാസ്ത്രികളും മഹാപുരോഹിതന്മാരും മനസ്സിലാക്കിയിട്ട് അപ്പോൾ തന്നെ അവനെ ബന്ധിയ്ക്കുവാൻ നോക്കി; എങ്കിലും ജനങ്ങളെ ഭയപ്പെടുന്നതു കൊണ്ടു അത് ചെയ്തില്ല. പിന്നെ അവർ നീതിമാന്മാർ എന്നു സ്വയം ഭാവിക്കുന്ന ഒറ്റുകാരെ അയച്ചു. അവർ അവനെ വാക്കിൽ പിടിക്കേണ്ടതിന് തക്കം നോക്കി. അങ്ങനെ ഗവർണ്ണറുടെ നിയന്ത്രണത്തിലും അധികാരത്തിലും ഏല്പിക്കുവാൻ ശ്രമിച്ചു. അവർ അവനോട്: ”ഗുരോ, നീ നേർ പറഞ്ഞു ഉപദേശിക്കുകയും, ആരുടെയും പക്ഷം നോക്കാതെ ദൈവത്തിന്‍റെ വഴി യഥാർത്ഥമായി പഠിപ്പിക്കയും ചെയ്യുന്നു എന്നു ഞങ്ങൾ അറിയുന്നു. നാം കൈസർക്ക് കരം കൊടുക്കുന്നത് നിയമപരമായി ശരിയോ അല്ലയോ?” എന്നു ചോദിച്ചു. യേശു അവരുടെ ഉപായം മനസ്സിലാക്കിയിട്ട് അവൻ അവരോട്: ഒരു വെള്ളിക്കാശ് കാണിക്കുക എന്നു പറഞ്ഞു; അതിലുള്ള സ്വരൂപവും മേലെഴുത്തും ആരുടേത്? എന്നു ചോദിച്ചതിന്: കൈസരുടേത് എന്നു അവർ പറഞ്ഞു. എന്നാൽ കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിൻ എന്നു അവൻ അവരോട് പറഞ്ഞു. അങ്ങനെ അവർ ജനത്തിന്‍റെ മുമ്പിൽവെച്ച് അവനെ വാക്കിൽ പിടിപ്പാൻ കഴിയാതെ അവന്‍റെ ഉത്തരത്തിൽ ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.