ലൂക്കൊസ് 19:11-44
ലൂക്കൊസ് 19:11-44 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ ഇതു കേട്ടുകൊണ്ടിരിക്കുമ്പോൾ അവൻ യെരൂശലേമിനു സമീപിച്ചിരിക്കയാലും ദൈവരാജ്യം ക്ഷണത്തിൽ വെളിപ്പെടും എന്ന് അവർക്കു തോന്നുകയാലും അവൻ ഒരു ഉപമയുംകൂടെ പറഞ്ഞത് എന്തെന്നാൽ: കുലീനനായൊരു മനുഷ്യൻ രാജത്വം പ്രാപിച്ചു മടങ്ങിവരേണം എന്നുവച്ചു ദൂരദേശത്തേക്കു യാത്ര പോയി. അവൻ പത്തു ദാസന്മാരെ വിളിച്ച് അവർക്കു പത്തു റാത്തൽ വെള്ളി കൊടുത്തു: ഞാൻ വരുവോളം വ്യാപാരം ചെയ്തുകൊൾവിൻ എന്ന് അവരോടു പറഞ്ഞു. അവന്റെ പൗരന്മാരോ അവനെ പകച്ച് അവന്റെ പിന്നാലെ പ്രതിനിധികളെ അയച്ചു: അവൻ ഞങ്ങൾക്കു രാജാവായിരിക്കുന്നതു ഞങ്ങൾക്കു സമ്മതമല്ല എന്നു ബോധിപ്പിച്ചു. അവൻ രാജത്വം പ്രാപിച്ചു മടങ്ങിവന്നപ്പോൾ താൻ ദ്രവ്യം കൊടുത്തിരുന്ന ദാസന്മാർ വ്യാപാരം ചെയ്ത് എന്തു നേടി എന്ന് അറിയേണ്ടതിന് അവരെ വിളിപ്പാൻ കല്പിച്ചു. ഒന്നാമത്തവൻ അടുത്തുവന്നു; കർത്താവേ, നീ തന്ന റാത്തൽകൊണ്ടു പത്തു റാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു. അവൻ അവനോട്: നന്ന് നല്ല ദാസനേ; നീ അത്യല്പത്തിൽ വിശ്വസ്തൻ ആയതുകൊണ്ടു പത്തു പട്ടണത്തിന് അധികാരമുളളവൻ ആയിരിക്ക എന്നു കല്പിച്ചു. രണ്ടാമത്തവൻ വന്നു: കർത്താവേ, നീ തന്ന റാത്തൽകൊണ്ടു അഞ്ചു റാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു. നീയും അഞ്ചു പട്ടണത്തിനു മേൽവിചാരകൻ ആയിരിക്ക എന്ന് അവൻ അവനോടു കല്പിച്ചു. മറ്റൊരുവൻ വന്നു: കർത്താവേ, ഇതാ, നിന്റെ റാത്തൽ; ഞാൻ അത് ഒരു ഉറുമാലിൽ കെട്ടി വച്ചിരുന്നു. നീ വയ്ക്കാത്തത് എടുക്കയും വിതയ്ക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യൻ ആകകൊണ്ടു ഞാൻ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു. അവൻ അവനോട്: ദുഷ്ടദാസനേ, നിന്റെ വായിൽനിന്നുതന്നെ ഞാൻ നിന്നെ ന്യായം വിധിക്കും. ഞാൻ വയ്ക്കാത്തത് എടുക്കയും വിതയ്ക്കാത്തത് കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു നീ അറിഞ്ഞുവല്ലോ. ഞാൻ വന്ന് എന്റെ ദ്രവ്യം പലിശയോടുകൂടെ വാങ്ങിക്കൊള്ളേണ്ടതിന് അത് നാണ്യപീഠത്തിൽ ഏല്പിക്കാഞ്ഞത് എന്ത്? പിന്നെ അവൻ അരികെ നില്ക്കുന്നവരോട്: ആ റാത്തൽ അവന്റെ പക്കൽനിന്ന് എടുത്തു പത്തു റാത്തലുള്ളവന് കൊടുപ്പിൻ എന്നു പറഞ്ഞു. കർത്താവേ, അവന് പത്തു റാത്തൽ ഉണ്ടല്ലോ എന്ന് അവർ പറഞ്ഞു. ഉള്ളവന് ഏവനും കൊടുക്കും ഇല്ലാത്തവനോട് ഉള്ളതുംകൂടെ എടുത്തുകളയും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ ഞാൻ തങ്ങൾക്കു രാജാവായിരിക്കുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്ന്, എന്റെ മുമ്പിൽവച്ചു കൊന്നുകളവിൻ എന്ന് അവൻ കല്പിച്ചു. ഇതു പറഞ്ഞിട്ട് അവൻ മുമ്പായി നടന്നുകൊണ്ട് യെരൂശലേമിലേക്കു യാത്ര ചെയ്തു. അവൻ ഒലിവുമലയരികെ ബേത്ത്ഫാഗയ്ക്കും ബേഥാന്യക്കും സമീപിച്ചപ്പോൾ ശിഷ്യന്മാരിൽ രണ്ടു പേരെ അയച്ചു: നിങ്ങൾക്ക് എതിരേയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടക്കുമ്പോൾ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ. അതിനെ അഴിക്കുന്നത് എന്ത് എന്ന് ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ: കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിൻ എന്നു പറഞ്ഞു. അയയ്ക്കപ്പെട്ടവർ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ടു. കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടയവർ: കഴുതക്കുട്ടിയെ അഴിക്കുന്നത് എന്ത് എന്നു ചോദിച്ചതിന്: കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്ന് അവർ പറഞ്ഞു. അതിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം കഴുതക്കുട്ടിമേൽ ഇട്ടു യേശുവിനെ കയറ്റി. അവൻ പോകുമ്പോൾ അവർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു. അവൻ ഒലിവുമലയുടെ ഇറക്കത്തിന് അടുത്തപ്പോൾ ശിഷ്യന്മാരുടെ കൂട്ടം എല്ലാം തങ്ങൾ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ചു സന്തോഷിച്ച് അത്യുച്ചത്തിൽ ദൈവത്തെ പുകഴ്ത്തി: കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവ് വാഴ്ത്തപ്പെട്ടവൻ; സ്വർഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്ത്വവും എന്നു പറഞ്ഞു. പുരുഷാരത്തിൽ ചില പരീശന്മാരോ അവനോട്: ഗുരോ, നിന്റെ ശിഷ്യന്മാരെ വിലക്കുക എന്നു പറഞ്ഞു. അതിന് അവൻ: ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്ന് ഉത്തരം പറഞ്ഞു. അവൻ നഗരത്തിനു സമീപിച്ചപ്പോൾ അതിനെ കണ്ട് അതിനെക്കുറിച്ചു കരഞ്ഞു: ഈ നാളിൽ നിന്റെ സമാധാനത്തിനുള്ളത് നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്റെ കണ്ണിനു മറഞ്ഞിരിക്കുന്നു. നിന്റെ സന്ദർശനകാലം നീ അറിയാഞ്ഞതുകൊണ്ട് നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞ് നാലു പുറത്തും ഞെരുക്കി നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ട്, നിങ്കൽ കല്ലിന്മേൽ കല്ല് ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും.
ലൂക്കൊസ് 19:11-44 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ യേശുവിന്റെ പ്രഭാഷണം കേട്ടുകൊണ്ടിരിക്കുകയായിരുന്നു. യേശു യെരൂശലേമിനെ സമീപിച്ചിരുന്നതുകൊണ്ടും ദൈവരാജ്യം ഉടനെ പ്രത്യക്ഷമാകുമെന്ന് അവർ കരുതിയിരുന്നതുകൊണ്ടും അവിടുന്ന് ഒരു ദൃഷ്ടാന്ത കഥ അവരോടു പറഞ്ഞു: “രാജാധികാരം പ്രാപിച്ചു തിരിച്ചുവരുന്നതിനുവേണ്ടി ഒരു പ്രഭു വിദേശത്തേക്കു പോയി. പോകുന്നതിനുമുമ്പ് അദ്ദേഹം പത്തു ഭൃത്യന്മാരെ വിളിച്ച് ഓരോ സ്വർണനാണയം കൊടുത്തശേഷം ‘ഞാൻ തിരിച്ചുവരുന്നതുവരെ ഇതുകൊണ്ടു നിങ്ങൾ വ്യാപാരം ചെയ്യുക’ എന്നു പറഞ്ഞു. ആ നാട്ടിലെ പൗരജനങ്ങൾ ആ പ്രഭുവിനെ വെറുത്തിരുന്നതുകൊണ്ട് ‘ഞങ്ങളെ ഭരിക്കുവാൻ ഈ മനുഷ്യൻ വേണ്ടാ’ എന്നു പറയുന്നതിന് അദ്ദേഹം പോയശേഷം ഒരു പ്രതിനിധിസംഘത്തെ അവർ അദ്ദേഹത്തിന്റെ പിന്നാലെ അയച്ചു. “രാജാധികാരം പ്രാപിച്ച് ആ പ്രഭു തിരിച്ചുവന്നു താൻ കൊടുത്തിരുന്ന പണംകൊണ്ട് ഓരോരുത്തനും എങ്ങനെ വ്യാപാരം ചെയ്തു എന്ന് അറിയുന്നതിന് ആ ഭൃത്യന്മാരെ വിളിക്കുവാൻ അദ്ദേഹം ആജ്ഞാപിച്ചു. ആദ്യത്തെ ആൾ വന്നു പറഞ്ഞു: ‘പ്രഭോ, അങ്ങു തന്ന സ്വർണനാണയംകൊണ്ട് ഞാൻ പത്തുകൂടി നേടിയിരിക്കുന്നു.’ അദ്ദേഹം അയാളോട് ‘കൊള്ളാം ഉത്തമനായ ഭൃത്യാ, അല്പകാര്യത്തിൽ വിശ്വസ്തനായിരുന്നതുകൊണ്ട് നീ പത്തു നഗരങ്ങളുടെ അധിപതിയായിരിക്കുക’ എന്നു പറഞ്ഞു. രണ്ടാമൻ വന്ന് ‘പ്രഭോ, അങ്ങ് എന്നെ ഏല്പിച്ച നാണയംകൊണ്ട് അഞ്ചുകൂടി സമ്പാദിച്ചിരിക്കുന്നു’ എന്നു പറഞ്ഞു. ‘നീ അഞ്ചു നഗരങ്ങളുടെ അധിപനായിരിക്കുക’ എന്നു രാജാവ് കല്പിച്ചു. “മൂന്നാമത്തവൻ വന്ന് പ്രഭോ, ‘ഇതാ എന്നെ ഏല്പിച്ച നാണയം; ഇത് ഒരു തൂവാലയിൽ പൊതിഞ്ഞ് ഞാൻ ഭദ്രമായി സൂക്ഷിച്ചിരുന്നു. അങ്ങു വയ്‍ക്കാത്തത് എടുക്കുകയും വിതയ്‍ക്കാത്തതു കൊയ്യുകയും ചെയ്യുന്ന കർക്കശക്കാരനായതുകൊണ്ട് എനിക്ക് അങ്ങയെ ഭയമായിരുന്നു.’ രാജാവ് അവനോടു പറഞ്ഞു: ‘ദുഷ്ടഭൃത്യാ, നിന്റെ വാക്കുകളാൽത്തന്നെ നിന്നെ ഞാൻ വിധിക്കുന്നു. ഞാൻ വയ്‍ക്കാത്തത് എടുക്കുകയും വിതയ്‍ക്കാത്തതു കൊയ്യുകയും ചെയ്യുന്ന കർക്കശക്കാരനാണെന്നു നിനക്ക് അറിയാമായിരുന്നല്ലോ; എന്നിട്ട് എന്തുകൊണ്ട് എന്റെ പണം പണമിടപാടുകാരെ ഏല്പിച്ചില്ല? ഏല്പിച്ചിരുന്നെങ്കിൽ ഞാൻ മടങ്ങിവന്ന് പലിശയോടുകൂടി അതു തിരിച്ചു വാങ്ങിക്കൊള്ളുമായിരുന്നല്ലോ. “പിന്നീട് അടുത്തുനിന്നവരോട് അദ്ദേഹം കല്പിച്ചു: ‘അവന്റെ പക്കൽനിന്ന് ആ നാണയമെടുത്ത് പത്തു നാണയം നേടിയവനു കൊടുക്കുക.’ ‘പ്രഭോ, അയാൾക്കു പത്തു നാണയമുണ്ടല്ലോ’ എന്ന് അവർ പറഞ്ഞു. ‘ഞാൻ പറയുന്നു, ഉള്ളവന് പിന്നെയും നല്‌കപ്പെടും; ഇല്ലാത്തവനിൽനിന്ന് അവനുള്ളതുപോലും എടുത്തുകളയും.’ “എന്റെ ഭരണം ഇഷ്ടപ്പെടാത്ത എന്റെ ശത്രുക്കളെ കൊണ്ടുവന്ന് എന്റെ മുമ്പിൽ വച്ചുതന്നെ വധിക്കുക.” “ഇതു പറഞ്ഞുകഴിഞ്ഞു യേശു യെരൂശലേം ലക്ഷ്യമാക്കി, അവരോടൊപ്പം മുൻപേ നടന്നു. ഒലിവുമലയ്‍ക്കടുത്തുള്ള ബേഥാന്യക്കും ബേത്ഫാഗയ്‍ക്കും അടുത്തെത്തിയപ്പോൾ യേശു ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച് ഇപ്രകാരം പറഞ്ഞയച്ചു: ‘മുമ്പിൽ കാണുന്ന ആ ഗ്രാമത്തിലേക്കു ചെല്ലുക; അവിടെ പ്രവേശിക്കുമ്പോൾ ആരും ഇതുവരെ കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു നിങ്ങൾ കാണും. അതിനെ അഴിച്ചുകൊണ്ടുവരിക. ‘അതിനെ അഴിക്കുന്നതെന്തിന്?’ എന്ന് ആരെങ്കിലും ചോദിച്ചാൽ ‘ഗുരുവിന് ഇതിനെ ആവശ്യമുണ്ട്’ എന്നു പറയണം.” അവർ ചെന്നപ്പോൾ അവിടുന്നു പറഞ്ഞതുപോലെ കണ്ടു. അവർ കഴുതക്കുട്ടിയെ അഴിക്കുന്നത് അതിന്റെ ഉടമസ്ഥൻ കണ്ടപ്പോൾ “എന്തിനാണ് അതിനെ അഴിക്കുന്നത്?” എന്നു ചോദിച്ചു. “ഗുരുവിന് ഇതിനെ ആവശ്യമുണ്ട്” എന്ന് അവർ പറഞ്ഞു. അവർ അതിനെ യേശുവിന്റെ അടുത്തുകൊണ്ടുവന്നു. അവരുടെ മേലങ്കികൾ അതിന്റെ പുറത്തു വിരിച്ചശേഷം യേശുവിനെ അതിന്റെ പുറത്തു കയറ്റി ഇരുത്തി. അവിടുന്ന് മുമ്പോട്ടു നീങ്ങിയപ്പോൾ ജനങ്ങൾ തങ്ങളുടെ മേലങ്കികൾ വഴിയിൽ വിരിച്ചു. ഒലിവുമലയുടെ ഇറക്കത്തോടു സമീപിച്ചപ്പോൾ ശിഷ്യസമൂഹം ഒന്നടങ്കം തങ്ങൾ കണ്ട എല്ലാ അദ്ഭുതപ്രവൃത്തികൾ മൂലം ആഹ്ലാദഭരിതരായി അത്യുച്ചത്തിൽ ദൈവത്തെ വാഴ്ത്തിപ്പാടി: “ദൈവത്തിന്റെ നാമത്തിൽ വരുന്ന രാജാവു വാഴ്ത്തപ്പെട്ടവൻ! സ്വർഗത്തിൽ സമാധാനം! അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം!” ആൾക്കൂട്ടത്തിലുണ്ടായിരുന്ന ഏതാനും പരീശന്മാർ “ഗുരോ, അങ്ങയുടെ ശിഷ്യന്മാരോട് ശബ്ദിക്കരുതെന്നു കല്പിക്കുക” എന്ന് യേശുവിനോടു പറഞ്ഞു. “അവർ നിശ്ശബ്ദരായിരുന്നാൽ ഈ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്ന് യേശു പ്രതിവചിച്ചു. യേശു യെരൂശലേമിന്റെ സമീപം എത്തി. നഗരം കണ്ടപ്പോൾ അതിനെക്കുറിച്ചു വിലപിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: “ഇപ്പോഴെങ്കിലും സമാധാനത്തിന്റെ മാർഗം നീ അറിഞ്ഞിരുന്നു എങ്കിൽ! പക്ഷേ, അത് ഇപ്പോൾ നിന്റെ കണ്ണുകൾക്ക് മറഞ്ഞിരിക്കുന്നു. ദൈവം നിന്നെ രക്ഷിക്കുവാൻ വന്നുചേർന്ന അവസരം നീ തിരിച്ചറിയാഞ്ഞതുകൊണ്ട്, ശത്രുക്കൾ നിന്റെ ചുറ്റും മൺകോട്ട നിർമിച്ച്, നിന്നെ വളഞ്ഞ്, എല്ലാവശങ്ങളിൽനിന്നും നിന്നെ ഞെരുക്കുന്ന കാലം ഇതാ വരുന്നു. അവർ നിന്നെയും നിന്റെ മതിൽക്കെട്ടിനുള്ളിലുള്ള ജനങ്ങളെയും നിശ്ശേഷം നശിപ്പിക്കുകയും അങ്ങനെ നിന്നിൽ കല്ലിന്മേൽ കല്ലു ശേഷിക്കാതിരിക്കുകയും ചെയ്യും.”
ലൂക്കൊസ് 19:11-44 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പുരുഷാരം ഇതു കേട്ടുകൊണ്ടിരിക്കുമ്പോൾ യേശു യെരൂശലേമിന് അടുത്ത് എത്തി. ദൈവരാജ്യം ഉടനെ പ്രത്യക്ഷമാകും എന്നു അവർ ചിന്തിച്ചു. അതുകൊണ്ട് യേശു അവരോട് ഒരു ഉപമ പറഞ്ഞു: രാജാവായി മടങ്ങിവരേണം എന്നു വിചാരിച്ചു ഒരു പ്രഭു ദൂരദേശത്തേക്ക് യാത്രപോയി. അവൻ പത്തു ദാസന്മാരെ വിളിച്ചു അവർക്ക് പത്തുറാത്തൽ വെള്ളി കൊടുത്തു ഞാൻ വരുന്നതുവരെ അവയുമായി വ്യാപാരം ചെയ്യുക എന്നു അവരോട് പറഞ്ഞു. അവന്‍റെ പ്രജകൾക്ക് അവനോട് താല്പര്യമില്ലായിരുന്നു. അതുകൊണ്ട് അവന്‍റെ പിന്നാലെ പ്രതിനിധികളെ അയച്ചിട്ട് അവൻ ഞങ്ങൾക്കു രാജാവായിരിക്കുന്നതു ഞങ്ങൾക്കു സമ്മതമല്ല എന്നു അറിയിപ്പിച്ചു. അവൻ രാജാവായി തിരിച്ചുവന്നപ്പോൾ താൻ പണം കൊടുത്തിരുന്ന ദാസന്മാർ വ്യാപാരം ചെയ്തു എന്ത് നേടി എന്നു അറിയേണ്ടതിന് അവരെ വിളിക്കുവാൻ കല്പിച്ചു. ഒന്നാമത്തെ ആൾ അടുത്തുവന്നു; കർത്താവേ, നീ തന്ന റാത്തൽകൊണ്ടു പത്തുറാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു. അവൻ അവനോട്: വളരെ നല്ലത്. നീ ഒരു നല്ല ദാസൻ ആകുന്നു. ചെറിയ കാര്യങ്ങളിൽ നീ വിശ്വസ്തൻ ആയതുകൊണ്ട് പത്തു പട്ടണത്തിന് അധികാരമുള്ളവൻ ആയിരിക്ക എന്നു കല്പിച്ചു. രണ്ടാമത്തെ ആൾ വന്നു: കർത്താവേ, നീ തന്ന റാത്തൽകൊണ്ടു അഞ്ചു റാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു. നീയും അഞ്ചു പട്ടണത്തിന് അധികാരമുള്ളവൻ ആയിരിക്ക എന്നു അവൻ അവനോട് കല്പിച്ചു. മറ്റൊരാൾ വന്നു: കർത്താവേ, ഇതാ നിന്റെ റാത്തൽ; ഞാൻ അത് ഒരു തൂവാലയിൽ പൊതിഞ്ഞു വെച്ചിരുന്നു. നീ വെയ്ക്കാത്തത് എടുക്കുകയും വിതയ്ക്കാത്തത് കൊയ്യുകയും ചെയ്യുന്ന കഠിനമനുഷ്യൻ ആകുന്നതുകൊണ്ട് ഞാൻ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു. അവൻ അവനോട്: ദുഷ്ടനായ ദാസനേ, നിന്‍റെ വാക്കുകൾ കൊണ്ടുതന്നേ ഞാൻ നിന്നെ ന്യായംവിധിക്കും. ഞാൻ വെയ്ക്കാത്തത് എടുക്കുകയും വിതയ്ക്കാത്തത് കൊയ്യുകയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു നീ അറിഞ്ഞുവല്ലോ. ഞാൻ വന്നു എന്റെ ദ്രവ്യം പലിശയോടുകൂടെ വാങ്ങിക്കേണ്ടതിന് അത് നാണ്യപീഠത്തിൽ ഏല്പിക്കാഞ്ഞത് എന്ത്? പിന്നെ അവൻ അരികെ നില്ക്കുന്നവരോട്: ആ റാത്തൽ അവന്റെ പക്കൽ നിന്നു എടുത്തു പത്തു റാത്തലുള്ളവന് കൊടുക്കുവിൻ എന്നു പറഞ്ഞു. കർത്താവേ, അവനു പത്തു റാത്തൽ ഉണ്ടല്ലോ എന്നു അവർ പറഞ്ഞു. ഉള്ളവന് പിന്നെയും കൊടുക്കും, ഇല്ലാത്തവനോട് ഉള്ളതുംകൂടെ എടുത്തുകളയും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ ഞാൻ രാജാവ് ആകുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്‍റെ മുമ്പിൽവച്ചു കൊന്നുകളയുവിൻ എന്നു അവൻ കല്പിച്ചു. ഇതു പറഞ്ഞിട്ട് യേശു യെരൂശലേമിലേക്ക് അവർക്ക് മുമ്പായി യാത്രചെയ്തു. അവൻ ഒലിവുമലയരികെ ബേത്ത്ഫഗയ്ക്കും ബേഥാന്യയ്ക്കും സമീപെ എത്തിയപ്പോൾ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു: നിങ്ങൾക്ക് എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അവിടെ എത്തുമ്പോൾ ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കാണും; അതിനെ അഴിച്ച് കൊണ്ടുവരുവിൻ. അതിനെ അഴിക്കുന്നത് എന്തിന്? എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ: കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിൻ എന്നു പറഞ്ഞു. യേശു അയച്ച ആ രണ്ടു ശിഷ്യന്മാർ പോയി തങ്ങളോട് പറഞ്ഞതുപോലെ കണ്ടു. കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്‍റെ ഉടമസ്ഥൻ: ”കഴുതക്കുട്ടിയെ അഴിക്കുന്നത് എന്തിന്?” എന്നു ചോദിച്ചു. അതിന്: ”കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട്” എന്നു അവർ പറഞ്ഞു. അതിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു അവരുടെ വസ്ത്രം കഴുതക്കുട്ടിമേൽ ഇട്ടു യേശുവിനെ കയറ്റി. അവൻ പോകുമ്പോൾ അവർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു. യേശു ഒലിവുമലയുടെ ഇറക്കത്തിന് അടുത്തപ്പോൾ ശിഷ്യന്മാർ എല്ലാം തങ്ങൾ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ച് സന്തോഷിച്ച് അത്യുച്ചത്തിൽ ദൈവത്തെ പുകഴ്ത്തി: കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവ് അനുഗ്രഹിക്കപ്പെട്ടവൻ; സ്വർഗ്ഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്വവും എന്നു പറഞ്ഞു. പുരുഷാരത്തിൽ ചില പരീശന്മാർ അവനോട്: ”ഗുരോ, നിന്റെ ശിഷ്യന്മാരെ ശാസിക്കുക” എന്നു പറഞ്ഞു. അതിന് അവൻ: ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു. അവൻ യെരൂശലേം നഗരത്തിന് സമീപെ എത്തിയപ്പോൾ അതിനെ കണ്ടു അതിൽ താമസിക്കുന്ന ജനങ്ങളെ ഓർത്തു കരഞ്ഞു: ഈ ദിവസമെങ്കിലും നിനക്കു സമാധാനം ലഭിക്കുന്നതു എങ്ങനെ എന്നു നീ അറിഞ്ഞ് എങ്കിൽ കൊള്ളാമായിരുന്നു. എന്നാൽ അത് നിന്‍റെ കണ്ണിന് മറഞ്ഞിരിക്കുന്നു. നിന്റെ സന്ദർശനകാലം നിനക്കു അറിയില്ല. അതുകൊണ്ട് നിന്‍റെ ശത്രുക്കൾ നിനക്കു ചുറ്റും ഒരു തടസ്സം ഉണ്ടാക്കി നിന്നെ വളഞ്ഞു നാലു വശത്ത് നിന്നും ഞെരുക്കി, നിന്നെയും ഇവിടെ താമസിക്കുന്ന ജനങ്ങളെയും നിലത്തു തള്ളിയിട്ട്, അങ്ങനെ നിന്നിൽ കല്ലിന്മേൽ കല്ല് ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും.
ലൂക്കൊസ് 19:11-44 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവർ ഇതു കേട്ടുകൊണ്ടിരിക്കുമ്പോൾ അവൻ യെരൂശലേമിന്നു സമീപിച്ചിരിക്കയാലും ദൈവരാജ്യം ക്ഷണത്തിൽ വെളിപ്പെടും എന്നു അവർക്കു തോന്നുകയാലും അവൻ ഒരു ഉപമയുംകൂടെ പറഞ്ഞതു എന്തെന്നാൽ: കുലീനനായോരു മനുഷ്യൻ രാജത്വം പ്രാപിച്ചു മടങ്ങിവരേണം എന്നുവെച്ചു ദൂരദേശത്തേക്കു യാത്രപോയി. അവൻ പത്തു ദാസന്മാരെ വിളിച്ചു അവർക്കു പത്തു റാത്തൽ വെള്ളി കൊടുത്തു ഞാൻ വരുവോളം വ്യാപാരം ചെയ്തുകൊൾവിൻ എന്നു അവരോടു പറഞ്ഞു. അവന്റെ പൗരന്മാരോ അവനെ പകെച്ചു അവന്റെ പിന്നാലെ പ്രതിനിധികളെ അയച്ചു: അവൻ ഞങ്ങൾക്കു രാജാവായിരിക്കുന്നതു ഞങ്ങൾക്കു സമ്മതമല്ല എന്നു ബോധിപ്പിച്ചു. അവൻ രാജത്വം പ്രാപിച്ചു മടങ്ങി വന്നപ്പോൾ താൻ ദ്രവ്യം കൊടുത്തിരുന്ന ദാസന്മാർ വ്യാപാരം ചെയ്തു എന്തു നേടി എന്നു അറിയേണ്ടതിന്നു അവരെ വിളിപ്പാൻ കല്പിച്ചു. ഒന്നാമത്തവൻ അടുത്തു വന്നു; കർത്താവേ, നീ തന്ന റാത്തൽകൊണ്ടു പത്തുറാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നുപറഞ്ഞു. അവൻ അവനോടു: നന്നു നല്ല ദാസനേ, നീ അത്യല്പത്തിൽ വിശ്വസ്തൻ ആയതുകൊണ്ടു പത്തു പട്ടണത്തിന്നു അധികാരമുള്ളവൻ ആയിരിക്ക എന്നു കല്പിച്ചു. രണ്ടാമത്തവൻ വന്നു: കർത്താവേ, നീ തന്ന റാത്തൽകൊണ്ടു അഞ്ചു റാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു. നീയും അഞ്ചു പട്ടണത്തിന്നു മേൽവിചാരകൻ ആയിരിക്ക എന്നു അവൻ അവനോടു കല്പിച്ചു. മറ്റൊരുവൻ വന്നു: കർത്താവേ, ഇതാ നിന്റെ റാത്തൽ; ഞാൻ അതു ഒരു ഉറുമാലിൽ കെട്ടി വെച്ചിരുന്നു. നീ വെക്കാത്തതു എടുക്കുകയും വിതെക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യൻ ആകകൊണ്ടു ഞാൻ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു. അവൻ അവനോടു: ദുഷ്ടദാസനേ, നിന്റെ വായിൽ നിന്നു തന്നേ ഞാൻ നിന്നെ ന്യായം വിധിക്കും. ഞാൻ വെക്കാത്തതു എടുക്കയും വിതെക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു നീ അറിഞ്ഞുവല്ലോ. ഞാൻ വന്നു എന്റെ ദ്രവ്യം പലിശയോടുകൂടെ വാങ്ങിക്കൊള്ളേണ്ടതിന്നു അതു നാണ്യപീഠത്തിൽ ഏല്പിക്കാഞ്ഞതു എന്തു? പിന്നെ അവൻ അരികെ നില്ക്കുന്നവരോടു: ആ റാത്തൽ അവന്റെ പക്കൽ നിന്നു എടുത്തു പത്തു റാത്തലുള്ളവന്നു കൊടുപ്പിൻ എന്നു പറഞ്ഞു. കർത്താവേ, അവന്നു പത്തു റാത്തൽ ഉണ്ടല്ലോ എന്നു അവൻ പറഞ്ഞു. ഉള്ളവന്നു ഏവന്നു കൊടുക്കും ഇല്ലാത്തവനോടു ഉള്ളതുംകൂടെ എടുത്തു കളയും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ ഞാൻ തങ്ങൾക്കു രാജാവായിരിക്കുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്റെ മുമ്പിൽവെച്ചു കൊന്നുകളവിൻ എന്നു അവൻ കല്പിച്ചു. ഇതു പറഞ്ഞിട്ടു അവൻ മുമ്പായി നടന്നുകൊണ്ടു യെരൂശലേമിലേക്കു യാത്ര ചെയ്തു. അവൻ ഒലീവ് മലയരികെ ബേത്ത്ഫാഗെക്കും ബേഥാന്യെക്കും സമീപിച്ചപ്പോൾ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു: നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടക്കുമ്പോൾ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ. അതിനെ അഴിക്കുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ: കർത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ എന്നു പറഞ്ഞു. അയക്കപ്പെട്ടവർ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ടു. കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടയവർ: കഴുതക്കുട്ടിയെ അഴിക്കന്നതു എന്തു എന്നു ചോദിച്ചതിന്നു: കർത്താവിനു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു അവർ പറഞ്ഞു. അതിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം കഴുതക്കുട്ടിമേൽ ഇട്ടു യേശുവിനെ കയറ്റി. അവൻ പോകുമ്പോൾ അവർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു. അവൻ ഒലീവുമലയുടെ ഇറക്കത്തിന്നു അടുത്തപ്പോൾ ശിഷ്യന്മാരുടെ കൂട്ടം എല്ലാം തങ്ങൾ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ചു സന്തോഷിച്ചു അത്യുച്ചത്തിൽ ദൈവത്തെ പുകഴ്ത്തി: കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവു വാഴ്ത്തപ്പെട്ടവൻ; സ്വർഗ്ഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്വവും എന്നു പറഞ്ഞു. പുരുഷാരത്തിൽ ചില പരീശന്മാരോ അവനോടു: ഗുരോ, നിന്റെ ശിഷ്യന്മാരെ വിലക്കുക എന്നു പറഞ്ഞു. അതിന്നു അവൻ:ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു. അവൻ നഗരത്തിന്നു സമീപിച്ചപ്പോൾ അതിനെ കണ്ടു അതിനെക്കുറിച്ചു കരഞ്ഞു: ഈ നാളിൽ നിന്റെ സമാധാനത്തിന്നുള്ളതു നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്റെ കണ്ണിന്നു മറഞ്ഞിരിക്കുന്നു. നിന്റെ സന്ദർശനകാലം നീ അറിയാഞ്ഞതുകൊണ്ടു നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞു നാലുപുറത്തും ഞെരുക്കി നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ടു, നിങ്കൽ കല്ലിന്മേൽ കല്ലു ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും.
ലൂക്കൊസ് 19:11-44 സമകാലിക മലയാളവിവർത്തനം (MCV)
യേശു ജെറുശലേമിനെ സമീപിച്ചുകൊണ്ടിരുന്നു. ദൈവരാജ്യം ഉടനെ പ്രത്യക്ഷമാകുമെന്നു പ്രതീക്ഷിച്ച ജനം അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു. ആ ജനത്തോട് യേശു ഈ സാദൃശ്യകഥ പറഞ്ഞു. “അഭിജാതനായ ഒരു മനുഷ്യൻ രാജാഭിഷിക്തനായി തിരിച്ചുവരേണ്ടതിനു വിദൂരദേശത്തേക്കു യാത്രയാകുകയായിരുന്നു. അയാൾ തന്റെ സേവകരിൽ പത്തുപേരെ വിളിച്ച് അവരെ മിന്നാ ഏൽപ്പിച്ചിട്ട്, ‘ഞാൻ തിരികെ വരുംവരെ ഈ പണംകൊണ്ടു വ്യാപാരം ചെയ്യുക’ എന്നു പറഞ്ഞു. “എന്നാൽ, അയാളെ വെറുത്തിരുന്ന പ്രജകൾ, ‘ഈ മനുഷ്യൻ ഞങ്ങളെ ഭരിക്കുന്നതിൽ ഞങ്ങൾക്കു താത്പര്യമില്ല’ എന്നു പറഞ്ഞ് അയാളുടെ പിന്നാലെ ചക്രവർത്തിയുടെ അടുത്തേക്ക് പ്രതിനിധികളെ അയച്ചു. “എങ്കിലും രാജാവായിത്തന്നെ അദ്ദേഹം തിരിച്ചെത്തി. താൻ പണം ഏൽപ്പിച്ചിരുന്ന സേവകർ ആ പണംകൊണ്ട് എന്തു ലാഭമുണ്ടാക്കിയെന്ന് അറിയേണ്ടതിന് അദ്ദേഹം അവരെ വിളിപ്പിച്ചു. “ഒന്നാമത്തെയാൾ വന്നു, ‘പ്രഭോ, അങ്ങുതന്ന മിന്നാ പത്തുകൂടി നേടിത്തന്നിരിക്കുന്നു’ എന്നു പറഞ്ഞു. “അപ്പോൾ രാജാവ്, ‘വളരെ നല്ലത്, സമർഥനായ ദാസാ, നീ ഈ ചെറിയകാര്യത്തിൽ വിശ്വസ്തനായിരുന്നല്ലോ, നീ പത്തു പട്ടണങ്ങളുടെ അധികാരിയായിരിക്കുക’ എന്നു പറഞ്ഞു. “രണ്ടാമത്തെയാൾ വന്നു, ‘പ്രഭോ, അങ്ങുതന്ന മിന്നാ അഞ്ചുകൂടി നേടിത്തന്നിരിക്കുന്നു’ എന്നു പറഞ്ഞു. “അതിന് രാജാവ്, ‘നീ അഞ്ചുപട്ടണങ്ങളുടെ അധികാരിയായിരിക്കുക’ എന്നു മറുപടി പറഞ്ഞു. “എന്നാൽ ഇതിനുശേഷം മറ്റൊരാൾ വന്ന്, ‘പ്രഭോ, ഇതാ താങ്കളുടെ പണം! ഞാൻ അത് ഒരു തൂവാലയിൽ കെട്ടി സൂക്ഷിച്ചുവെച്ചു. കാരണം, വെക്കാത്തത് എടുക്കുകയും വിതയ്ക്കാത്തതു കൊയ്യുകയുംചെയ്യുന്ന കരുണയറ്റ മനുഷ്യനായ അങ്ങയെ ഞാൻ ഭയപ്പെട്ടു’ എന്നു പറഞ്ഞു. “രാജാവ് അയാളോട് മറുപടിയായി, ‘ദുഷ്ടദാസാ, ഞാൻ നിന്നെ വിധിക്കുന്നത് നിന്റെ വാക്കുകളാൽത്തന്നെ ആയിരിക്കും. ഞാൻ വെക്കാത്തത് എടുക്കുകയും വിതയ്ക്കാത്തതു കൊയ്യുകയുംചെയ്യുന്ന കരുണയറ്റ മനുഷ്യൻ എന്നു നീ അറിഞ്ഞിരുന്നല്ലോ? പിന്നെ, നീ എന്തുകൊണ്ട് എന്റെ പണം ബാങ്കിലെങ്കിലും നിക്ഷേപിക്കാതിരുന്നു? എന്നാൽ ഞാൻ മടങ്ങിവന്ന് അത് പലിശയോടുകൂടി വാങ്ങുമായിരുന്നല്ലോ!’ “പിന്നെ അദ്ദേഹം അരികെ നിൽക്കുന്നവരോട്, ‘ആ മിന്നാ അയാളുടെ പക്കൽനിന്ന് എടുത്ത് പത്ത് മിന്നായുള്ളവന് കൊടുക്കുക’ എന്നു പറഞ്ഞു. “ ‘പ്രഭോ, അവനു പത്തുണ്ടല്ലോ!’ അവർ പറഞ്ഞു. “ ‘ഉള്ളവർക്കെല്ലാം അധികം നൽകപ്പെടും; എന്നാൽ ഒന്നും ഇല്ലാത്തവരിൽനിന്ന് അവർക്കുള്ള അൽപ്പംകൂടെ എടുത്തുകളയപ്പെടും. തുടർന്ന് രാജാവ്, നാം രാജാവായിത്തീരാൻ ഇഷ്ടപ്പെടാതിരുന്ന നമ്മുടെ ശത്രുക്കളെ ഇവിടെ കൊണ്ടുവന്ന് നമ്മുടെമുമ്പിൽവെച്ചു വധിക്കുക’ എന്ന് ആജ്ഞാപിച്ചു.” ഈ കഥ പറഞ്ഞുതീർന്നതിനുശേഷം യേശു അവിടത്തെ അനുയായികളുടെ മുന്നിലായി നടന്ന് ജെറുശലേമിലേക്കു യാത്രതുടർന്നു. യേശു ഒലിവുമലയുടെ അരികെയുള്ള ബേത്ത്ഫാഗെ, ബെഥാന്യ എന്നീ ഗ്രാമങ്ങളുടെ സമീപമെത്തിയപ്പോൾ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരെ, ഇങ്ങനെ പറഞ്ഞയച്ചു: “നിങ്ങൾക്കു നേരേമുന്നിലുള്ള ഗ്രാമത്തിലേക്ക് ചെല്ലുക; അതിൽ പ്രവേശിക്കുമ്പോൾ, ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ അവിടെ കെട്ടിയിരിക്കുന്നതു നിങ്ങൾ കാണും. അതിനെ അഴിച്ചുകൊണ്ടുവരിക. അതിനെ അഴിക്കുന്നതെന്തിന് എന്ന് ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ, ‘കർത്താവിന് ഇതിനെ ആവശ്യമുണ്ട്’ എന്ന് അയാളോട് മറുപടി പറയുക.” അയയ്ക്കപ്പെട്ടവർ പോയി, തങ്ങളോടു പറഞ്ഞിരുന്നതുപോലെ കണ്ടു. അവർ കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടമസ്ഥർ, “നിങ്ങൾ ഈ കഴുതക്കുട്ടിയെ അഴിക്കുന്നത് എന്തിന്?” എന്നു ചോദിച്ചു. “കർത്താവിന് ഇതിനെ ആവശ്യമുണ്ട്,” അവർ മറുപടി പറഞ്ഞു. അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്ന് തങ്ങളുടെ പുറങ്കുപ്പായങ്ങൾ അതിന്റെമേൽ വിരിച്ച് യേശുവിനെ ഇരുത്തി. അദ്ദേഹം പോകുമ്പോൾ ജനങ്ങൾ തങ്ങളുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിച്ചു. ഒലിവുമലയുടെ ഇറക്കത്തിന് അടുത്ത് യേശു എത്തിയപ്പോൾ, തങ്ങൾ കണ്ട സകല അത്ഭുതപ്രവൃത്തികളെയുംകുറിച്ച് ആനന്ദിച്ച് ശിഷ്യന്മാരുടെ കൂട്ടം ഒന്നാകെ ദൈവത്തെ വാഴ്ത്തിക്കൊണ്ട്: “കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവ് വാഴ്ത്തപ്പെട്ടവൻ! “സ്വർഗത്തിൽ സമാധാനം; സ്വർഗോന്നതങ്ങളിൽ മഹത്ത്വം” എന്ന് അത്യുച്ചത്തിൽ ആർത്തു. ജനക്കൂട്ടത്തിൽ ഉണ്ടായിരുന്ന ചില പരീശന്മാർ യേശുവിനോട്, “ഗുരോ, അങ്ങയുടെ ശിഷ്യന്മാരെ ശാസിക്കുക!” എന്നു പറഞ്ഞു. “അവർ മിണ്ടാതിരുന്നാൽ ഈ കല്ലുകൾ ആർത്തുവിളിക്കും,” യേശു പ്രതിവചിച്ചു. യേശു ജെറുശലേമിനു സമീപം എത്തി, ആ നഗരം കണ്ടപ്പോൾ അതിനെക്കുറിച്ചു വിലപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “നിനക്കു സമാധാനമേകുന്ന കാര്യങ്ങൾ ഇപ്പോഴെങ്കിലും നീ അറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു! പക്ഷേ, ഇപ്പോൾ അവ നിനക്ക് അഗോചരങ്ങളായിരിക്കുന്നു. നിന്റെ ശത്രുക്കൾ നിനക്കുചുറ്റും കിടങ്ങു കുഴിച്ച് നിന്നെ വലയംചെയ്ത് എല്ലാവശത്തുനിന്നും നിന്നെ ഞെരുക്കുന്ന കാലം വരുന്നു. അവർ നിന്നെയും നിന്റെ മതിലുകൾക്കുള്ളിലുള്ള നിന്റെ മക്കളെയും നിലംപരിചാക്കും. അവർ ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിപ്പിക്കുകയില്ല. ദൈവം നിന്നെ സന്ദർശിച്ച കാലം നീ തിരിച്ചറിയാതിരുന്നതുകൊണ്ട് ഇതു നിനക്കു സംഭവിക്കും.”