ലൂക്കൊസ് 17:11-37

ലൂക്കൊസ് 17:11-37 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ യെരൂശലേമിലേക്കു യാത്രചെയ്കയിൽ ശമര്യക്കും ഗലീലയ്ക്കും നടുവിൽക്കൂടി കടക്കുമ്പോൾ ഒരു ഗ്രാമത്തിൽ ചെല്ലുന്നേരം കുഷ്ഠരോഗികളായ പത്തു പുരുഷന്മാർ അവന് എതിർപെട്ട് അകലെ നിന്നുകൊണ്ട്: യേശൂ, നായകാ, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്ന് ഉറക്കെ പറഞ്ഞു. അവൻ അവരെ കണ്ടിട്ട്: നിങ്ങൾ പോയി പുരോഹിതന്മാർക്കു നിങ്ങളെത്തന്നെ കാണിപ്പിൻ എന്നു പറഞ്ഞു; പോകയിൽതന്നെ അവർ ശുദ്ധരായിത്തീർന്നു. അവരിൽ ഒരുത്തൻ തനിക്കു സൗഖ്യം വന്നതു കണ്ട് ഉച്ചത്തിൽ ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്ന് അവന്റെ കാല്ക്കൽ കവിണ്ണുവീണ് അവനു നന്ദി പറഞ്ഞു; അവനോ ശമര്യക്കാരൻ ആയിരുന്നു. പത്തു പേർ ശുദ്ധരായിത്തീർന്നില്ലയോ? ഒമ്പതു പേർ എവിടെ? ഈ അന്യജാതിക്കാരനല്ലാതെ ദൈവത്തിനു മഹത്ത്വം കൊടുപ്പാൻ മടങ്ങിവന്നവരായി ആരെയും കാണുന്നില്ലല്ലോ എന്നു യേശു പറഞ്ഞിട്ട് അവനോട്: എഴുന്നേറ്റു പൊയ്ക്കൊൾക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു. ദൈവരാജ്യം എപ്പോൾ വരുന്നു എന്നു പരീശന്മാർ ചോദിച്ചതിന്: ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നത്; ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഇടയിൽതന്നെ ഉണ്ടല്ലോ എന്ന് അവൻ ഉത്തരം പറഞ്ഞു. പിന്നെ അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞത്: നിങ്ങൾ മനുഷ്യപുത്രന്റെ ഒരു ദിവസം കാൺമാൻ ആഗ്രഹിക്കുന്ന കാലം വരും; കാണുകയില്ലതാനും. അന്നു നിങ്ങളോട്: ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയും; നിങ്ങൾ പോകരുത്, പിൻചെല്ലുകയുമരുത്. മിന്നൽ ആകാശത്തിൻകീഴെ ദിക്കോടുദിക്കെല്ലാം തിളങ്ങി മിന്നുന്നതുപോലെ മനുഷ്യപുത്രൻ തന്റെ ദിവസത്തിൽ ആകും. എന്നാൽ ആദ്യം അവൻ വളരെ കഷ്ടം അനുഭവിക്കയും ഈ തലമുറ അവനെ തള്ളിക്കളകയും വേണം. നോഹയുടെ കാലത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്റെ നാളിലും ഉണ്ടാകും. നോഹ പെട്ടകത്തിൽ കടന്ന നാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിനു കൊടുത്തും പോന്നു; ജലപ്രളയം വന്ന്, അവരെ എല്ലാവരെയും മുടിച്ചുകളഞ്ഞു. ലോത്തിന്റെ കാലത്തു സംഭവിച്ചതുപോലെയും തന്നെ; അവർ തിന്നും കുടിച്ചുംകൊണ്ടും വിറ്റും നട്ടും പണിതും പോന്നു. എന്നാൽ ലോത്ത് സൊദോം വിട്ട നാളിൽ ആകാശത്തുനിന്നു തീയും ഗന്ധകവും പെയ്ത് എല്ലാവരെയും മുടിച്ചുകളഞ്ഞു. മനുഷ്യപുത്രൻ വെളിപ്പെടുന്ന നാളിൽ അവ്വണ്ണം തന്നെ ആകും. അന്നു വീട്ടിന്മേൽ ഇരിക്കുന്നവൻ വീട്ടിനകത്തുള്ള സാധനം എടുപ്പാൻ ഇറങ്ങിപ്പോകരുത്; അവ്വണ്ണം വയലിൽ ഇരിക്കുന്നവനും പിന്നോക്കം തിരിയരുത്. ലോത്തിന്റെ ഭാര്യയെ ഓർത്തുകൊൾവിൻ. തന്റെ ജീവനെ നേടുവാൻ നോക്കുന്നവനെല്ലാം അതിനെ കളയും; അതിനെ കളയുന്നവനെല്ലാം അതിനെ രക്ഷിക്കും. ആ രാത്രിയിൽ രണ്ടു പേർ ഒരു കിടക്കമേൽ ആയിരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും. രണ്ടു പേർ ഒന്നിച്ചു പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും; മറ്റവളെ ഉപേക്ഷിക്കും [രണ്ടു പേർ വയലിൽ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും] എന്നു ഞാൻ നിങ്ങളോടു പറയുന്നു. അവർ അവനോട്: കർത്താവേ, എവിടെ എന്നു ചോദിച്ചതിന്: ശവം ഉള്ളേടത്തു കഴുക്കൾ കൂടും എന്ന് അവൻ പറഞ്ഞു.

ലൂക്കൊസ് 17:11-37 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യെരൂശലേമിലേക്കുള്ള യാത്രയ്‍ക്കിടയിൽ യേശു ഗലീലയുടെയും ശമര്യയുടെയും ഇടയ്‍ക്കുകൂടി കടന്നുപോകുകയായിരുന്നു. അവിടുന്ന് ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ പത്തു കുഷ്ഠരോഗികൾ അവിടുത്തെ കണ്ടുമുട്ടി; അവർ അകലെ നിന്നുകൊണ്ട് “യേശുനാഥാ, ഞങ്ങളോടു കരുണയുണ്ടാകണമേ” എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. അവിടുന്ന് അവരെ കണ്ടപ്പോൾ “നിങ്ങൾ പോയി നിങ്ങളെത്തന്നെ പുരോഹിതന്മാരെ കാണിക്കുക” എന്നു പറഞ്ഞു. പോകുന്ന വഴിയിൽവച്ചുതന്നെ അവർ സുഖം പ്രാപിച്ചു. അവരിലൊരാൾ തന്റെ രോഗം വിട്ടുമാറി എന്നു കണ്ടപ്പോൾ അത്യുച്ചത്തിൽ ദൈവത്തെ സ്തുതിച്ചുകൊണ്ടു മടങ്ങിവന്നു യേശുവിന്റെ കാല്‌ക്കൽ സാഷ്ടാംഗം വീണു നമസ്കരിച്ചുകൊണ്ടു നന്ദിപറഞ്ഞു. ശമര്യക്കാരനായിരുന്നു അയാൾ. യേശു ചോദിച്ചു: “സുഖം പ്രാപിച്ചവർ പത്തു പേരായിരുന്നില്ലേ? ഒൻപതുപേർ എവിടെ? തിരിച്ചുവന്നു ദൈവത്തെ സ്തുതിക്കുവാൻ യെഹൂദനല്ലാത്ത ഈ മനുഷ്യനെ അല്ലാതെ മറ്റാരെയും കണ്ടില്ലല്ലോ” പിന്നീട് യേശു അയാളോട് “എഴുന്നേറ്റ് പൊയ്‍ക്കൊള്ളുക; നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു” എന്നു പറഞ്ഞു. “ദൈവരാജ്യത്തിന്റെ ആഗമനം എപ്പോഴാണ്” എന്നു പരീശന്മാർ ചോദിച്ചപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “കാണാവുന്ന വിധത്തിലല്ല ദൈവരാജ്യം വരുന്നത്. ഇതാ, ഇവിടെയെന്നോ; അതാ, അവിടെയെന്നോ ആർക്കും അത് ചൂണ്ടിക്കാണിക്കാവുന്നതല്ല. ദൈവരാജ്യം നിങ്ങളിൽത്തന്നെയാണ്.” അനന്തരം അവിടുന്നു ശിഷ്യന്മാരോടു പറഞ്ഞു: “മനുഷ്യപുത്രന്റെ ആഗമനദിവസം കാണുവാൻ നിങ്ങൾ അഭിവാഞ്ഛിക്കുന്ന കാലം വരുന്നു. പക്ഷേ, നിങ്ങൾ കാണുകയില്ല. ‘ഇതാ, ഇവിടെ’ എന്നോ ‘അതാ, അവിടെ’ എന്നോ ആളുകൾ പറയും. അതുകേട്ട് നിങ്ങൾ പോകരുത്; അവരെ അനുഗമിക്കുകയുമരുത്. മിന്നൽപ്പിണർ ഒരു വശത്തുനിന്നു മറുവശത്തേക്കു മിന്നി ആകാശമണ്ഡലത്തെ ഉജ്ജ്വലമാക്കുന്നതുപോലെയായിരിക്കും മനുഷ്യപുത്രൻ പ്രത്യക്ഷനാകുന്നത്. എന്നാൽ അതിനുമുമ്പ് അവൻ വളരെയധികം കഷ്ടതകൾ സഹിക്കുകയും ഈ തലമുറ അവനെ തള്ളിക്കളയുകയും ചെയ്യേണ്ടിയിരിക്കുന്നു. നോഹയുടെ കാലത്തെന്നപോലെ മനുഷ്യപുത്രന്റെ കാലത്തും സംഭവിക്കും; നോഹയുടെ കാലത്ത് മനുഷ്യർ തിന്നുകയും കുടിക്കുകയും വിവാഹബന്ധങ്ങളിലേർപ്പെടുകയും ചെയ്തുപോന്നിരുന്നു. നോഹ പേടകത്തിൽ പ്രവേശിച്ചതോടെ ജലപ്രളയം ഉണ്ടാകുകയും എല്ലാവരും നശിക്കുകയും ചെയ്തു. അതുപോലെതന്നെ ലോത്തിന്റെ കാലത്തും ജനങ്ങൾ തിന്നുകയും കുടിക്കുകയും വാങ്ങുകയും വില്‌ക്കുകയും നടുകയും പണിയുകയും ചെയ്തുപോന്നു. എന്നാൽ ലോത്ത് സോദോം വിട്ട ദിവസം ആകാശത്തുനിന്ന് അഗ്നിയും ഗന്ധകവും പെയ്ത് അവരെ ആകമാനം നശിപ്പിച്ചു. മനുഷ്യപുത്രൻ പ്രത്യക്ഷനാകുന്ന നാളിലും അപ്രകാരം സംഭവിക്കും. “അന്നു വീടിന്റെ മട്ടുപ്പാവിലിരിക്കുന്നവൻ അകത്തിരിക്കുന്ന സാധനങ്ങൾ എടുക്കാൻ നില്‌ക്കരുത്; അതുപോലെ വയലിൽ നില്‌ക്കുന്നവൻ വീട്ടിലക്കു തിരിച്ചുപോവുകയുമരുത്. ലോത്തിന്റെ ഭാര്യക്കു സംഭവിച്ചത് ഓർത്തുകൊള്ളുക. സ്വജീവനെ നേടുവാൻ നോക്കുന്നവന് അതു നഷ്ടപ്പെടും. എന്നാൽ തന്റെ ജീവൻ ത്യജിക്കുന്നവൻ അതു സുരക്ഷിതമായി സൂക്ഷിക്കുന്നു. ഞാൻ നിങ്ങളോടു പറയട്ടെ: അന്നു രാത്രിയിൽ രണ്ടുപേർ ഒരു കിടക്കയിലുണ്ടായിരുന്നാൽ ഒരുവനെ സ്വീകരിക്കും, മറ്റേയാളിനെ ഉപേക്ഷിക്കും. രണ്ടു സ്‍ത്രീകൾ ഒരുമിച്ച് ഒരു തിരികല്ലിൽ ധാന്യം പൊടിച്ചുകൊണ്ടിരിക്കും. ഒരുവളെ കൈക്കൊള്ളും മറ്റവളെ കൈവെടിയും. രണ്ടുപേർ വയലിലായിരിക്കും, ഒരുവനെ സ്വീകരിക്കും, അപരനെ തിരസ്കരിക്കും.” “കർത്താവേ, എവിടെ?” എന്നു ശിഷ്യന്മാർ ചോദിച്ചു. “മൃതശരീരം എവിടെയുണ്ടോ അവിടെയാണല്ലോ കഴുകന്മാർ വന്നുകൂടുന്നത്” എന്നു യേശു മറുപടി പറഞ്ഞു.

ലൂക്കൊസ് 17:11-37 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഒരിക്കൽ യേശു യെരൂശലേമിലേക്കുള്ള യാത്രയ്ക്കിടയിൽ ശമര്യക്കും ഗലീലയ്ക്കും നടുവിൽകൂടി കടന്നുപോകുകയായിരുന്നു. അവിടെ ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ പത്തു കുഷ്ഠരോഗികൾ അവനു എതിരെ വന്നു. അവർ ദൂരത്ത് നിന്നുകൊണ്ടു: ”യേശുവേ, നായകാ, ഞങ്ങളോടു കരുണയുണ്ടാകേണമേ” എന്നു ഉറക്കെ പറഞ്ഞു. യേശു അവരെ കണ്ടിട്ട്: നിങ്ങൾ പോയിപുരോഹിതന്മാർക്കു നിങ്ങളെ തന്നെ കാണിച്ചു കൊടുക്കുക എന്നു പറഞ്ഞു; അങ്ങനെ അവർ പോകുന്ന സമയത്തുതന്നെ അവർ ശുദ്ധരായ്തീർന്നു. അവരിൽ ഒരാൾ തനിക്കു സൌഖ്യംവന്നത് കണ്ടു ഉറക്കെ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് തിരിച്ചുവന്നു അവന്‍റെ കാൽക്കൽ കവിണ്ണുവീണു അവനു നന്ദി പറഞ്ഞു; അവൻ ഒരു ശമര്യക്കാരൻ ആയിരുന്നു അപ്പോൾ യേശു അവനോട് ഉത്തരം പറഞ്ഞത്: കുഷ്ഠരോഗത്തിൽ നിന്നു പത്തുപേർ ശുദ്ധരായ്തീർന്നു, എന്നാൽ ബാക്കി ഒമ്പതുപേർ എവിടെ? യെഹൂദനല്ലാത്ത ഈ മനുഷ്യൻ മാത്രമാണ് ദൈവത്തിന് മഹത്വം കൊടുക്കുവാൻ മടങ്ങിവന്നത്; എഴുന്നേറ്റ് പൊയ്ക്കൊൾക; നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. ഒരിക്കൽ പരീശന്മാർ ദൈവരാജ്യം എപ്പോൾ വരും എന്നു ചോദിച്ചതിന്: ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നത്; ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയില്ല; ദൈവരാജ്യം നിങ്ങളുടെ ഇടയിൽതന്നേ ഉണ്ടല്ലോ എന്നു അവൻ ഉത്തരം പറഞ്ഞു. പിന്നെ അവൻ തന്‍റെ ശിഷ്യന്മാരോട് പറഞ്ഞത്: നിങ്ങൾ മനുഷ്യപുത്രന്‍റെ ഒരു ദിവസം കാണ്മാൻ ആഗ്രഹിക്കുന്ന കാലം വരും; എന്നാൽ കാണുകയില്ലതാനും. അന്നു നിങ്ങളോടു: ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയും; നിങ്ങൾ പോകരുത്, പിൻ ചെല്ലുകയുമരുത്. മിന്നൽ ആകാശത്തിന്‍റെ കീഴെ ദിക്കോടുദിക്കെല്ലാം തിളങ്ങി മിന്നുന്നതുപോലെ മനുഷ്യപുത്രൻ തന്‍റെ ദിവസത്തിൽ ആകും. എന്നാൽ ആദ്യം അവൻ വളരെ കഷ്ടം അനുഭവിക്കയും ഈ തലമുറ അവനെ തള്ളിക്കളകയും വേണം. നോഹയുടെ സമയത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്‍റെ നാളിലും ഉണ്ടാകും. നോഹ പെട്ടകത്തിൽ കടന്ന നാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന് കൊടുത്തും പോന്നു; ജലപ്രളയം വന്നു, അവരെ എല്ലാവരെയും നശിപ്പിച്ചുകളഞ്ഞു. ലോത്തിന്‍റെ കാലത്ത് സംഭവിച്ചതുപോലെയും തന്നെ; അവർ തിന്നും കുടിച്ചുംകൊണ്ടും വിറ്റും നട്ടും പണിതും പോന്നു. എന്നാൽ ലോത്ത് സൊദോം വിട്ട നാളിൽ ആകാശത്തുനിന്നു തീയും ഗന്ധകവും പെയ്ത് എല്ലാവരെയും നശിപ്പിച്ചുകളഞ്ഞു. മനുഷ്യപുത്രൻ വെളിപ്പെടുന്ന നാളിലും അതുപോലെ തന്നെ സംഭവിക്കും. അന്നു വീടിന് മുകളിൽ ഇരിക്കുന്നവൻ വീടിനകത്തുള്ള സാധനം എടുക്കുവാൻ ഇറങ്ങിപ്പോകരുത്; അതുപോലെ വയലിൽ ഇരിക്കുന്നവനും വീട്ടിലേക്ക് പോകരുത്. ലോത്തിന്‍റെ ഭാര്യയെ ഓർത്തുകൊൾവിൻ. തന്‍റെ ജീവനെ രക്ഷിക്കുവാൻ നോക്കുന്നവനെല്ലാം അതിനെ കളയും; എന്നാൽ എനിക്ക് വേണ്ടി തന്‍റെ ജീവനെ കളയുന്നവനെല്ലാം അതിനെ രക്ഷിക്കും. ആ രാത്രിയിൽ രണ്ടുപേർ ഒരു കിടക്കമേൽ ആയിരിക്കും; ഒരാളെ സ്വീകരിക്കും; മറ്റവനെ ഉപേക്ഷിക്കും. രണ്ടുപേർ ഒന്നിച്ച് ധാന്യം പൊടിച്ചു കൊണ്ടിരിക്കും; ഒരുവളെ കൈക്കൊള്ളും; മറ്റവളെ ഉപേക്ഷിക്കും രണ്ടുപേർ വയലിൽ ഇരിക്കും; ഒരുവനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. അവർ അവനോട്: ”കർത്താവേ, എവിടെയാണ് ഇതു സംഭവിക്കുന്നത്?” എന്നു ചോദിച്ചതിന്: മൃതശരീരം ഉള്ളിടത്ത് ആണല്ലൊ കഴുകന്മാർ കൂടുന്നത് എന്നു അവൻ പറഞ്ഞു.

ലൂക്കൊസ് 17:11-37 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ യെരൂശലേമിലേക്കു യാത്രചെയ്കയിൽ ശമര്യക്കും ഗലീലെക്കും നടുവിൽകൂടി കടക്കുമ്പോൾ ഒരു ഗ്രാമത്തിൽ ചെല്ലുന്നേരം കുഷ്ഠരോഗികളായ പത്തു പുരുഷന്മാർ അവന്നു എതിർപെട്ടു അകലെ നിന്നുകൊണ്ടു: യേശൂ, നായക, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്നു ഉറക്കെ പറഞ്ഞു. അവൻ അവരെ കണ്ടിട്ടു:നിങ്ങൾ പോയി പുരോഹിതന്മാർക്കു നിങ്ങളെ തന്നേ കാണിപ്പിൻ എന്നു പറഞ്ഞു; പോകയിൽ തന്നേ അവർ ശുദ്ധരായ്തീർന്നു. അവരിൽ ഒരുത്തൻ തനിക്കു സൗഖ്യംവന്നതു കണ്ടു ഉച്ചത്തിൽ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്നു അവന്റെ കാൽക്കൽ കവിണ്ണു വീണു അവന്നു നന്ദി പറഞ്ഞു; അവനോ ശമര്യക്കാരൻ ആയിരുന്നു പത്തുപേർ ശുദ്ധരായ്തീർന്നില്ലയോ? ഒമ്പതുപേർ എവിടെ? ഈ അന്യജാതിക്കാരനല്ലാതെ ദൈവത്തിന്നു മഹത്വം കൊടുപ്പാൻ മടങ്ങിവന്നവരായി ആരെയും കാണുന്നില്ലല്ലോ എന്നു യേശു പറഞ്ഞിട്ടു അവനോടു: എഴുന്നേറ്റു പൊയ്ക്കൊൾക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു. ദൈവരാജ്യം എപ്പോൾ വരുന്നു എന്നു പരീശന്മാർ ചോദിച്ചതിന്നു: ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നതു; ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നേ ഉണ്ടല്ലോ എന്നു അവൻ ഉത്തരം പറഞ്ഞു. പിന്നെ അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞതു: നിങ്ങൾ മനുഷ്യപുത്രന്റെ ഒരു ദിവസം കാണ്മാൻ ആഗ്രഹിക്കുന്ന കാലം വരും; കാണുകയില്ലതാനും. അന്നു നിങ്ങളോടു: ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയും; നിങ്ങൾ പോകരുതു, പിൻ ചെല്ലുകയുമരുതു. മിന്നൽ ആകാശത്തിങ്കീഴെ ദിക്കോടുദിക്കെല്ലാം തിളങ്ങി മിന്നുന്നതുപോലെ മനുഷ്യപുത്രൻ തന്റെ ദിവസത്തിൽ ആകും. എന്നാൽ ആദ്യം അവൻ വളരെ കഷ്ടം അനുഭവിക്കയും ഈ തലമുറ അവനെ തള്ളിക്കളകയും വേണം. നോഹയുടെ കാലത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്റെ നാളിലും ഉണ്ടാകും. നോഹ പെട്ടകത്തിൽ കടന്ന നാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു, അവരെ എല്ലാവരെയും മുടിച്ചുകളഞ്ഞു. ലോത്തിന്റെ കാലത്തു സംഭവിച്ചതുപോലെയും തന്നേ; അവർ തിന്നും കുടിച്ചുംകൊണ്ടും വിറ്റും നട്ടും പണിതും പോന്നു. എന്നാൽ ലോത്ത് സൊദോം വിട്ട നാളിൽ ആകാശത്തുനിന്നു തീയും ഗന്ധകവും പെയ്തു എല്ലാവരെയും മുടിച്ചുകളഞ്ഞു. മനുഷ്യപുത്രൻ വെളിപ്പെടുന്ന നാളിൽ അവ്വണ്ണം തന്നേ ആകും. അന്നു വീട്ടിന്മേൽ ഇരിക്കുന്നവൻ വീട്ടിന്നകത്തുള്ള സാധനം എടുപ്പാൻ ഇറങ്ങിപ്പോകരുതു; അവ്വണ്ണം വയലിൽ ഇരിക്കുന്നവനും പിന്നോക്കം തിരിയരുതു. ലോത്തിന്റെ ഭാര്യയെ ഓർത്തുകൊൾവിൻ. തന്റെ ജീവനെ നേടുവാൻ നോക്കുന്നവനെല്ലാം അതിനെ കളയും; അതിനെ കളയുന്നവനെല്ലാം അതിനെ രക്ഷിക്കും. ആ രാത്രിയിൽ രണ്ടുപേർ ഒരു കിടക്കമേൽ ആയിരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും. രണ്ടുപേർ ഒന്നിച്ചു പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും; മറ്റവളെ ഉപേക്ഷിക്കും [രണ്ടുപേർ വയലിൽ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും] എന്നു ഞാൻ നിങ്ങളോടു പറയുന്നു. അവർ അവനോടു: കർത്താവേ, എവിടെ എന്നു ചോദിച്ചതിന്നു:ശവം ഉള്ളേടത്തു കഴുക്കൾ കൂടും എന്നു അവൻ പറഞ്ഞു.

ലൂക്കൊസ് 17:11-37 സമകാലിക മലയാളവിവർത്തനം (MCV)

യേശു ജെറുശലേമിലേക്കു യാത്രചെയ്യുമ്പോൾ ശമര്യ-ഗലീല പ്രവിശ്യകളുടെ അതിരുകളിലൂടെ സഞ്ചരിച്ചു. അദ്ദേഹം ഒരു ഗ്രാമത്തിലേക്കു പ്രവേശിച്ചപ്പോൾ, കുഷ്ഠം ബാധിച്ച പത്തുപേർ അദ്ദേഹത്തിന് അഭിമുഖമായി വന്നു. അവർ ദൂരത്തുനിന്നുകൊണ്ട്, “യേശുവേ, നാഥാ, ഞങ്ങളോടു കരുണയുണ്ടാകണമേ” എന്ന് അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു. അവരെ കണ്ടിട്ട് യേശു, “നിങ്ങൾ പോയി പുരോഹിതന്മാർക്കു നിങ്ങളെത്തന്നെ കാണിക്കുക” എന്ന് അവരോടു പറഞ്ഞു. അവർ പൊയ്ക്കൊണ്ടിരിക്കുമ്പോൾത്തന്നെ സൗഖ്യമുള്ളവരായിത്തീർന്നു. അവരിലൊരാൾ തനിക്കു സൗഖ്യം ലഭിച്ചിരിക്കുന്നെന്നു മനസ്സിലാക്കിയപ്പോൾ, ഉയർന്നസ്വരത്തിൽ ദൈവത്തെ പുകഴ്ത്തിക്കൊണ്ടു മടങ്ങിവന്നു. അയാൾ യേശുവിന്റെ തൃപ്പാദത്തിൽ സാഷ്ടാംഗം പ്രണമിച്ച് അദ്ദേഹത്തോടു നന്ദി പറഞ്ഞു; അയാൾ ശമര്യാക്കാരൻ ആയിരുന്നു. “പത്തുപേരും ശുദ്ധരായിത്തീർന്നില്ലേ? ഒൻപതുപേർ എവിടെ? ഈ വിദേശിയല്ലാതെ മറ്റാരും ദൈവത്തെ മഹത്ത്വപ്പെടുത്താൻ മടങ്ങിവന്നതായി കാണുന്നില്ലല്ലോ,” യേശു പറഞ്ഞു. തുടർന്ന് അദ്ദേഹം കുഷ്ഠരോഗിയായിരുന്ന അയാളോട്, “എഴുന്നേറ്റു പോകുക; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു” എന്നു പറഞ്ഞു. ദൈവരാജ്യം എപ്പോഴാണു വരുന്നതെന്ന് ഒരിക്കൽ പരീശന്മാർ ചോദിച്ചപ്പോൾ, “ദൈവരാജ്യം ദൃശ്യമായ ചിഹ്നങ്ങളോടുകൂടെയല്ല വരുന്നത്. ദൈവരാജ്യം ‘ഇതാ ഇവിടെ’ എന്നോ ‘അതാ, അവിടെ’ എന്നോ മനുഷ്യർക്ക് പറയാൻ കഴിയുകയുമില്ല; കാരണം, ദൈവരാജ്യം നിങ്ങളുടെ ഉള്ളിൽത്തന്നെയാകുന്നു,” എന്ന് യേശു ഉത്തരം പറഞ്ഞു. പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞത്: “മനുഷ്യപുത്രന്റെ ദിനങ്ങളിൽ ഒരുദിനമെങ്കിലും കാണാൻ നിങ്ങൾ കൊതിക്കുന്ന കാലം വരും; കാണുകയില്ലതാനും. മനുഷ്യർ നിങ്ങളോട്, ‘അതാ, അദ്ദേഹം അവിടെ,’ അല്ലെങ്കിൽ ‘ഇതാ, അദ്ദേഹം ഇവിടെ’ എന്നു പറയും. എന്നാൽ, നിങ്ങൾ അവരുടെ പിന്നാലെ പോകരുത്. ആകാശത്തിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ ക്ഷണത്തിൽ ജ്വലിച്ച് എല്ലായിടവും പ്രകാശിതമാക്കുന്ന മിന്നൽപ്പിണർപോലെയായിരിക്കും മനുഷ്യപുത്രൻ ആ ദിവസത്തിൽ. എന്നാൽ ഇതു സംഭവിക്കുന്നതിനുമുമ്പേ മനുഷ്യപുത്രൻ അനവധി കഷ്ടങ്ങൾ സഹിക്കുകയും ഈ തലമുറയാൽ തിരസ്കരിക്കപ്പെടുകയും ചെയ്യേണ്ടതാകുന്നു. “നോഹയുടെ കാലത്തു സംഭവിച്ചതുപോലെതന്നെ ആയിരിക്കും മനുഷ്യപുത്രന്റെ നാളുകളിലും സംഭവിക്കുക. നോഹ പെട്ടകത്തിനുള്ളിൽ പ്രവേശിച്ച ദിവസംവരെ, ജനം ഭക്ഷിച്ചും പാനംചെയ്തും വിവാഹംകഴിച്ചും വിവാഹംകഴിപ്പിച്ചും സസുഖം ജീവിച്ചുവന്നു; എന്നാൽ, പ്രളയമുണ്ടായി എല്ലാവരെയും നശിപ്പിച്ചുകളഞ്ഞു. “ലോത്തിന്റെ കാലത്തും അങ്ങനെതന്നെ ആയിരുന്നു. ജനങ്ങൾ ഭക്ഷിച്ചും പാനംചെയ്തും ക്രയവിക്രയങ്ങൾചെയ്തും തോട്ടങ്ങളുണ്ടാക്കിയും നിർമാണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടും ജീവിച്ചു. എന്നാൽ, ലോത്ത് സൊദോം വിട്ടുപോയ ഉടനെ ആകാശത്തുനിന്നു തീയും ഗന്ധകവും വർഷിപ്പിച്ച് സൊദോം-ഗൊമോറാ നിവാസികളെയെല്ലാം നശിപ്പിക്കുകയും ചെയ്തു. “മനുഷ്യപുത്രൻ പ്രത്യക്ഷപ്പെടുന്ന ദിവസത്തിലും അങ്ങനെതന്നെ ആയിരിക്കും. ആ പകലിൽ മട്ടുപ്പാവിൽ ആയിരിക്കുന്നവർ അകത്തുള്ള വസ്തുവകകൾ എടുക്കാൻ ഇറങ്ങിപ്പോകരുത്. അതുപോലെ വയലിലായിരിക്കുന്നവരും ഒന്നും എടുക്കാനായി വീട്ടിലേക്കു തിരികെ പോകരുത്! ലോത്തിന്റെ ഭാര്യക്കു സംഭവിച്ചത് ഓർക്കുക. സ്വന്തം ജീവനെ രക്ഷിക്കാൻ പരിശ്രമിക്കുന്നവർക്ക് അതു നഷ്ടമാകും; സ്വജീവൻ നഷ്ടപ്പെടുത്തുന്നവർ അതു പരിരക്ഷിക്കും. ആ രാത്രിയിൽ രണ്ടുപേർ ഒരു കിടക്കയിൽ ആയിരിക്കും; ഒരാൾ എടുക്കപ്പെടും, മറ്റേയാൾ ഉപേക്ഷിക്കപ്പെടും. രണ്ട് സ്ത്രീകൾ ധാന്യം പൊടിച്ചുകൊണ്ടിരിക്കും; ഒരു സ്ത്രീ എടുക്കപ്പെടും മറ്റേ സ്ത്രീ ഉപേക്ഷിക്കപ്പെടും എന്നു ഞാൻ നിങ്ങളോടു പറയുന്നു. രണ്ടുപേർ വയലിലായിരിക്കും; ഒരാൾ എടുക്കപ്പെടും, മറ്റേയാൾ ഉപേക്ഷിക്കപ്പെടും.” “കർത്താവേ, എവിടെയാണ് സംഭവിക്കുന്നത്?” അവർ ചോദിച്ചു. അതിന് അദ്ദേഹം, “കഴുകന്മാർ കൂട്ടംകൂടുന്നത് ശവത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതുപോലെ, ഇക്കാര്യങ്ങൾ സംഭവിക്കുന്നത് മനുഷ്യപുത്രന്റെ വരവിന്റെ ലക്ഷണമായിരിക്കും” എന്ന് ഉത്തരം പറഞ്ഞു.