LUKA 17

17
പാപത്തെപ്പറ്റി യേശുവിന്റെ പ്രസ്താവന
(മത്താ. 18:6-7, 21-22; മർക്കോ. 9:42)
1യേശു ശിഷ്യന്മാരോട് അരുൾചെയ്തു: പാപത്തിൽ വീഴുന്നതിനുള്ള പ്രലോഭനങ്ങൾ ഉണ്ടാകുമെന്നത് നിശ്ചയം; എന്നാൽ ആരു മുഖാന്തരം അതുണ്ടാകുന്നുവോ അവന്, ഹാ കഷ്ടം! 2ഈ എളിയവരിൽ ഒരുവനെ വഴിതെറ്റിക്കുന്നതിനുള്ള ശിക്ഷയെക്കാൾ ലഘുവായിരിക്കും അവന്റെ കഴുത്തിൽ ഒരു തിരികല്ലുകെട്ടി കടലിലെറിയുന്നത്. 3ഇതു നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
“നിങ്ങളുടെ ഒരു സഹോദരൻ തെറ്റുചെയ്താൽ അവനോടു ക്ഷമിക്കുക. 4അവൻ ദിവസം ഏഴു പ്രാവശ്യം നിന്നോട് അന്യായം പ്രവർത്തിക്കുകയും ആ ഏഴു പ്രാവശ്യവും തിരിച്ചുവന്ന്, ‘ഞാൻ അനുതപിക്കുന്നു’ എന്നു പറയുകയും ചെയ്താൽ അവനോടു ക്ഷമിക്കണം.”
വിശ്വാസത്തിന്റെ മഹാശക്തി
5“ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ” എന്ന് അപ്പോസ്തോലന്മാർ കർത്താവിനോടപേക്ഷിച്ചു.
6അതിന് അവിടുന്ന് ഇപ്രകാരം മറുപടി പറഞ്ഞു: “ഒരു കടുകുമണിയോളം വിശ്വാസം നിങ്ങൾക്കുണ്ടെങ്കിൽ ഈ കാട്ടത്തിയോടു വേരോടെ ഇളകി കടലിൽ പോയി ഉറച്ചു നില്‌ക്കുക എന്നു പറഞ്ഞാൽ അതു നിങ്ങളെ അനുസരിക്കും.
ദാസനും യജമാനനും
7“ഒരു ഭൃത്യൻ നിലമുഴുകയോ, ആടിനെ മേയ്‍ക്കുകയോ ചെയ്തശേഷം വീട്ടിൽ വരുമ്പോൾ അയാളോട് ‘പെട്ടെന്ന് വന്നു ഭക്ഷണം കഴിക്കുക’ എന്നു നിങ്ങളിൽ ആരെങ്കിലും പറയുമോ? 8നേരെമറിച്ച്, ‘എനിക്ക് അത്താഴം ഒരുക്കുക; എനിക്കു വിളമ്പിത്തന്നശേഷം ഞാൻ ഭക്ഷണം കഴിച്ചു കഴിയുന്നതുവരെ അരകെട്ടി കാത്തു നില്‌ക്കുക; പിന്നീടു നിനക്ക് ആഹാരം കഴിക്കാം’ എന്നല്ലേ പറയുക? 9കല്പന അനുസരിച്ചതിന് ആ ഭൃത്യനോടു നന്ദി പറയുമോ? 10അതുപോലെ നിങ്ങളോടു കല്പിക്കുന്നതെല്ലാം ചെയ്തു കഴിയുമ്പോൾ: ‘ഞങ്ങൾ കേവലം ഭൃത്യന്മാർ; ഞങ്ങളുടെ കടമ നിറവേറ്റുക മാത്രമാണു ഞങ്ങൾ ചെയ്തത്’ എന്നു പറയുക.”
പത്തു കുഷ്ഠരോഗികൾ
11യെരൂശലേമിലേക്കുള്ള യാത്രയ്‍ക്കിടയിൽ യേശു ഗലീലയുടെയും ശമര്യയുടെയും ഇടയ്‍ക്കുകൂടി കടന്നുപോകുകയായിരുന്നു. 12അവിടുന്ന് ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ പത്തു കുഷ്ഠരോഗികൾ അവിടുത്തെ കണ്ടുമുട്ടി; 13അവർ അകലെ നിന്നുകൊണ്ട് “യേശുനാഥാ, ഞങ്ങളോടു കരുണയുണ്ടാകണമേ” എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
14അവിടുന്ന് അവരെ കണ്ടപ്പോൾ “നിങ്ങൾ പോയി നിങ്ങളെത്തന്നെ പുരോഹിതന്മാരെ കാണിക്കുക” എന്നു പറഞ്ഞു.
15പോകുന്ന വഴിയിൽവച്ചുതന്നെ അവർ സുഖം പ്രാപിച്ചു. അവരിലൊരാൾ തന്റെ രോഗം വിട്ടുമാറി എന്നു കണ്ടപ്പോൾ അത്യുച്ചത്തിൽ 16ദൈവത്തെ സ്തുതിച്ചുകൊണ്ടു മടങ്ങിവന്നു യേശുവിന്റെ കാല്‌ക്കൽ സാഷ്ടാംഗം വീണു നമസ്കരിച്ചുകൊണ്ടു നന്ദിപറഞ്ഞു. ശമര്യക്കാരനായിരുന്നു അയാൾ. 17യേശു ചോദിച്ചു: “സുഖം പ്രാപിച്ചവർ പത്തു പേരായിരുന്നില്ലേ? 18ഒൻപതുപേർ എവിടെ? തിരിച്ചുവന്നു ദൈവത്തെ സ്തുതിക്കുവാൻ യെഹൂദനല്ലാത്ത ഈ മനുഷ്യനെ അല്ലാതെ മറ്റാരെയും കണ്ടില്ലല്ലോ” 19പിന്നീട് യേശു അയാളോട് “എഴുന്നേറ്റ് പൊയ്‍ക്കൊള്ളുക; നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു” എന്നു പറഞ്ഞു.
ദൈവരാജ്യത്തിന്റെ ആഗമനം
(മത്താ. 24:23-28-37-41)
20“ദൈവരാജ്യത്തിന്റെ ആഗമനം എപ്പോഴാണ്” എന്നു പരീശന്മാർ ചോദിച്ചപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “കാണാവുന്ന വിധത്തിലല്ല ദൈവരാജ്യം വരുന്നത്. 21ഇതാ, ഇവിടെയെന്നോ; അതാ, അവിടെയെന്നോ ആർക്കും അത് ചൂണ്ടിക്കാണിക്കാവുന്നതല്ല. ദൈവരാജ്യം നിങ്ങളിൽത്തന്നെയാണ്.”
22അനന്തരം അവിടുന്നു ശിഷ്യന്മാരോടു പറഞ്ഞു: “മനുഷ്യപുത്രന്റെ ആഗമനദിവസം കാണുവാൻ നിങ്ങൾ അഭിവാഞ്ഛിക്കുന്ന കാലം വരുന്നു. പക്ഷേ, നിങ്ങൾ കാണുകയില്ല. 23‘ഇതാ, ഇവിടെ’ എന്നോ ‘അതാ, അവിടെ’ എന്നോ ആളുകൾ പറയും. അതുകേട്ട് നിങ്ങൾ പോകരുത്; അവരെ അനുഗമിക്കുകയുമരുത്. 24മിന്നൽപ്പിണർ ഒരു വശത്തുനിന്നു മറുവശത്തേക്കു മിന്നി ആകാശമണ്ഡലത്തെ ഉജ്ജ്വലമാക്കുന്നതുപോലെയായിരിക്കും മനുഷ്യപുത്രൻ പ്രത്യക്ഷനാകുന്നത്. 25എന്നാൽ അതിനുമുമ്പ് അവൻ വളരെയധികം കഷ്ടതകൾ സഹിക്കുകയും ഈ തലമുറ അവനെ തള്ളിക്കളയുകയും ചെയ്യേണ്ടിയിരിക്കുന്നു. 26നോഹയുടെ കാലത്തെന്നപോലെ മനുഷ്യപുത്രന്റെ കാലത്തും സംഭവിക്കും; 27നോഹയുടെ കാലത്ത് മനുഷ്യർ തിന്നുകയും കുടിക്കുകയും വിവാഹബന്ധങ്ങളിലേർപ്പെടുകയും ചെയ്തുപോന്നിരുന്നു. നോഹ പേടകത്തിൽ പ്രവേശിച്ചതോടെ ജലപ്രളയം ഉണ്ടാകുകയും എല്ലാവരും നശിക്കുകയും ചെയ്തു. 28അതുപോലെതന്നെ ലോത്തിന്റെ കാലത്തും ജനങ്ങൾ തിന്നുകയും കുടിക്കുകയും വാങ്ങുകയും വില്‌ക്കുകയും നടുകയും പണിയുകയും ചെയ്തുപോന്നു. 29എന്നാൽ ലോത്ത് സോദോം വിട്ട ദിവസം ആകാശത്തുനിന്ന് അഗ്നിയും ഗന്ധകവും പെയ്ത് അവരെ ആകമാനം നശിപ്പിച്ചു. 30മനുഷ്യപുത്രൻ പ്രത്യക്ഷനാകുന്ന നാളിലും അപ്രകാരം സംഭവിക്കും.
31“അന്നു വീടിന്റെ മട്ടുപ്പാവിലിരിക്കുന്നവൻ അകത്തിരിക്കുന്ന സാധനങ്ങൾ എടുക്കാൻ നില്‌ക്കരുത്; അതുപോലെ വയലിൽ നില്‌ക്കുന്നവൻ വീട്ടിലക്കു തിരിച്ചുപോവുകയുമരുത്. 32ലോത്തിന്റെ ഭാര്യക്കു സംഭവിച്ചത് ഓർത്തുകൊള്ളുക. 33സ്വജീവനെ നേടുവാൻ നോക്കുന്നവന് അതു നഷ്ടപ്പെടും. എന്നാൽ തന്റെ ജീവൻ ത്യജിക്കുന്നവൻ അതു സുരക്ഷിതമായി സൂക്ഷിക്കുന്നു. 34ഞാൻ നിങ്ങളോടു പറയട്ടെ: അന്നു രാത്രിയിൽ രണ്ടുപേർ ഒരു കിടക്കയിലുണ്ടായിരുന്നാൽ ഒരുവനെ സ്വീകരിക്കും, മറ്റേയാളിനെ ഉപേക്ഷിക്കും. 35രണ്ടു സ്‍ത്രീകൾ ഒരുമിച്ച് ഒരു തിരികല്ലിൽ ധാന്യം പൊടിച്ചുകൊണ്ടിരിക്കും. ഒരുവളെ കൈക്കൊള്ളും മറ്റവളെ കൈവെടിയും. 36#17:36 ചില കൈയെഴുത്തു പ്രതികളിൽ ഈ വാക്യം കാണുന്നില്ല.രണ്ടുപേർ വയലിലായിരിക്കും, ഒരുവനെ സ്വീകരിക്കും, അപരനെ തിരസ്കരിക്കും.”
37“കർത്താവേ, എവിടെ?” എന്നു ശിഷ്യന്മാർ ചോദിച്ചു. “മൃതശരീരം എവിടെയുണ്ടോ അവിടെയാണല്ലോ കഴുകന്മാർ വന്നുകൂടുന്നത്” എന്നു യേശു മറുപടി പറഞ്ഞു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

LUKA 17: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക