ലൂക്കൊസ് 17:1-4

ലൂക്കൊസ് 17:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യേശു ശിഷ്യന്മാരോട് അരുൾചെയ്തു: പാപത്തിൽ വീഴുന്നതിനുള്ള പ്രലോഭനങ്ങൾ ഉണ്ടാകുമെന്നത് നിശ്ചയം; എന്നാൽ ആരു മുഖാന്തരം അതുണ്ടാകുന്നുവോ അവന്, ഹാ കഷ്ടം! ഈ എളിയവരിൽ ഒരുവനെ വഴിതെറ്റിക്കുന്നതിനുള്ള ശിക്ഷയെക്കാൾ ലഘുവായിരിക്കും അവന്റെ കഴുത്തിൽ ഒരു തിരികല്ലുകെട്ടി കടലിലെറിയുന്നത്. ഇതു നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. “നിങ്ങളുടെ ഒരു സഹോദരൻ തെറ്റുചെയ്താൽ അവനോടു ക്ഷമിക്കുക. അവൻ ദിവസം ഏഴു പ്രാവശ്യം നിന്നോട് അന്യായം പ്രവർത്തിക്കുകയും ആ ഏഴു പ്രാവശ്യവും തിരിച്ചുവന്ന്, ‘ഞാൻ അനുതപിക്കുന്നു’ എന്നു പറയുകയും ചെയ്താൽ അവനോടു ക്ഷമിക്കണം.”

ലൂക്കൊസ് 17:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യേശു തന്‍റെ ശിഷ്യന്മാരോട് പറഞ്ഞത്: പാപത്തിന്‍റെ പ്രലോഭനങ്ങൾ നിശ്ചയമായും വരും; എന്നാൽ അവ വരുത്തുന്നവർക്കു അയ്യോ കഷ്ടം. അവൻ ഈ ചെറിയവരിൽ ഒരാളെ പ്രലോഭിപ്പിക്കുന്നതിനേക്കാൾ നല്ലത് ഒരു വലിയ കല്ല് അവന്‍റെ കഴുത്തിൽ കെട്ടി അവനെ കടലിൽ എറിഞ്ഞുകളയുന്നത് ആകുന്നു. അതുകൊണ്ട് നിങ്ങൾ സൂക്ഷിച്ചുകൊള്ളുവിൻ; നിന്‍റെ സഹോദരൻ പാപം ചെയ്താൽ അവനെ ശാസിക്ക; അവൻ മാനസാന്തരപ്പെട്ടാൽ അവനോട് ക്ഷമിയ്ക്ക. ഒരു ദിവസത്തിൽ ഏഴു പ്രാവശ്യം നിന്നോട് പാപംചെയ്യുകയും ഏഴുപ്രാവശ്യവും നിന്‍റെ അടുക്കൽ വന്നു: ഞാൻ മാനസാന്തരപ്പെടുന്നു എന്നു പറകയും ചെയ്താൽ അവനോട് ക്ഷമിയ്ക്ക.

ലൂക്കൊസ് 17:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞതു: ഇടർച്ചകൾ വരാതിരിക്കുന്നതു അസാദ്ധ്യം; എങ്കിലും അവ വരുത്തുന്നവന്നു അയ്യോ കഷ്ടം. അവൻ ഈ ചെറിയവരിൽ ഒരുത്തന്നു ഇടർച്ച വരുത്തുന്നതിനെക്കാൾ ഒരു തിരിക്കല്ലു അവന്റെ കഴുത്തിൽ കെട്ടി അവനെ കടലിൽ എറിഞ്ഞുകളയുന്നതു അവന്നു നന്നു. സൂക്ഷിച്ചുകൊൾവിൻ; സഹോദരൻ പിഴച്ചാൽ അവനെ ശാസിക്ക; അവൻ മാനസാന്തരപ്പെട്ടാൽ അവനോടു ക്ഷമിക്ക. ദിവസത്തിൽ ഏഴുവട്ടം നിന്നോടു പിഴെക്കയും ഏഴുവട്ടവും നിന്റെ അടുക്കൽ വന്നു: ഞാൻ മാനസാന്തരപ്പെടുന്നു എന്നു പറകയും ചെയ്താൽ അവനോടു ക്ഷമിക്ക.

ലൂക്കൊസ് 17:1-4 സമകാലിക മലയാളവിവർത്തനം (MCV)

യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത്, “മനുഷ്യരെ പാപത്തിലേക്കു നയിക്കുന്ന സാഹചര്യങ്ങൾ വരാതിരിക്കുകയില്ല. എന്നാൽ, അതിനു കാരണമാകുന്നവർക്ക് മഹാകഷ്ടം! എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരാൾ പാപത്തിൽ വീഴുന്നതിന് കാരണമാകുന്നയാൾക്ക്, അതിനെക്കാൾ നല്ലത് കഴുത്തിൽ ഒരു തിരികല്ലുകെട്ടി അയാളെ കടലിൽ എറിയുന്നതാണ്. ആകയാൽ സൂക്ഷിക്കുക. “നിന്റെ സഹോദരങ്ങൾ പാപംചെയ്താൽ അവരെ ശാസിക്കുക; അനുതപിക്കുന്നെങ്കിൽ അവരോടു ക്ഷമിക്കുക. അവർ നിന്നോട് ഒരു ദിവസത്തിൽ ഏഴുതവണ പാപംചെയ്യുകയും ഏഴു തവണയും മടങ്ങിവന്ന് ‘ഞാൻ അനുതപിക്കുന്നു’ എന്നു നിന്നോടു പറയുകയും ചെയ്താൽ അപ്പോഴെല്ലാം അവരോട് ക്ഷമിക്കുക.”