ലൂക്കൊസ് 17:1-26

ലൂക്കൊസ് 17:1-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞത്: ഇടർച്ചകൾ വരാതിരിക്കുന്നത് അസാധ്യം; എങ്കിലും അവ വരുത്തുന്നവന് അയ്യോ കഷ്ടം. അവൻ ഈ ചെറിയവരിൽ ഒരുത്തന് ഇടർച്ച വരുത്തുന്നതിനെക്കാൾ ഒരു തിരികല്ല് അവന്റെ കഴുത്തിൽ കെട്ടി അവനെ കടലിൽ എറിഞ്ഞുകളയുന്നത് അവന് നന്ന്. സൂക്ഷിച്ചുകൊൾവിൻ; സഹോദരൻ പിഴച്ചാൽ അവനെ ശാസിക്ക; അവൻ മാനസാന്തരപ്പെട്ടാൽ അവനോട് ക്ഷമിക്ക. ദിവസത്തിൽ ഏഴു വട്ടം നിന്നോടു പിഴയ്ക്കയും ഏഴു വട്ടവും നിന്റെ അടുക്കൽ വന്നു: ഞാൻ മാനസാന്തരപ്പെടുന്നു എന്നു പറകയും ചെയ്താൽ അവനോട് ക്ഷമിക്ക. അപ്പൊസ്തലന്മാർ കർത്താവിനോട്: ഞങ്ങൾക്കു വിശ്വാസം വർധിപ്പിച്ചുതരേണമേ എന്നു പറഞ്ഞു. അതിന് കർത്താവ് പറഞ്ഞത്: നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ കാട്ടത്തിയോട്: വേരോടെ പറിഞ്ഞു കടലിൽ നട്ടുപോക എന്നു പറഞ്ഞാൽ അതു നിങ്ങളെ അനുസരിക്കും. നിങ്ങളിൽ ആർക്കെങ്കിലും ഉഴുകയോ മേയ്ക്കയോ ചെയ്യുന്ന ഒരു ദാസൻ ഉണ്ടെന്നിരിക്കട്ടെ. അവൻ വയലിൽനിന്നു വരുമ്പോൾ: നീ ക്ഷണത്തിൽ വന്ന് ഊണിനിരിക്ക എന്ന് അവനോടു പറയുമോ? അല്ല: എനിക്ക് അത്താഴം ഒരുക്കുക; ഞാൻ തിന്നുകുടിച്ചു തീരുവോളം അര കെട്ടി എനിക്കു ശുശ്രൂഷ ചെയ്ക; പിന്നെ നീയും തിന്നുകുടിച്ചുകൊൾക എന്നു പറകയില്ലയോ? തന്നോടു കല്പിച്ചതു ദാസൻ ചെയ്തതുകൊണ്ട് അവന് നന്ദി പറയുമോ? അവ്വണ്ണം നിങ്ങളോടു കല്പിച്ചതൊക്കെയും ചെയ്തശേഷം: ഞങ്ങൾ പ്രയോജനം ഇല്ലാത്ത ദാസന്മാർ; ചെയ്യേണ്ടതേ ചെയ്തിട്ടുള്ളൂ എന്നു നിങ്ങളും പറവിൻ. അവൻ യെരൂശലേമിലേക്കു യാത്രചെയ്കയിൽ ശമര്യക്കും ഗലീലയ്ക്കും നടുവിൽക്കൂടി കടക്കുമ്പോൾ ഒരു ഗ്രാമത്തിൽ ചെല്ലുന്നേരം കുഷ്ഠരോഗികളായ പത്തു പുരുഷന്മാർ അവന് എതിർപെട്ട് അകലെ നിന്നുകൊണ്ട്: യേശൂ, നായകാ, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്ന് ഉറക്കെ പറഞ്ഞു. അവൻ അവരെ കണ്ടിട്ട്: നിങ്ങൾ പോയി പുരോഹിതന്മാർക്കു നിങ്ങളെത്തന്നെ കാണിപ്പിൻ എന്നു പറഞ്ഞു; പോകയിൽതന്നെ അവർ ശുദ്ധരായിത്തീർന്നു. അവരിൽ ഒരുത്തൻ തനിക്കു സൗഖ്യം വന്നതു കണ്ട് ഉച്ചത്തിൽ ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്ന് അവന്റെ കാല്ക്കൽ കവിണ്ണുവീണ് അവനു നന്ദി പറഞ്ഞു; അവനോ ശമര്യക്കാരൻ ആയിരുന്നു. പത്തു പേർ ശുദ്ധരായിത്തീർന്നില്ലയോ? ഒമ്പതു പേർ എവിടെ? ഈ അന്യജാതിക്കാരനല്ലാതെ ദൈവത്തിനു മഹത്ത്വം കൊടുപ്പാൻ മടങ്ങിവന്നവരായി ആരെയും കാണുന്നില്ലല്ലോ എന്നു യേശു പറഞ്ഞിട്ട് അവനോട്: എഴുന്നേറ്റു പൊയ്ക്കൊൾക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു. ദൈവരാജ്യം എപ്പോൾ വരുന്നു എന്നു പരീശന്മാർ ചോദിച്ചതിന്: ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നത്; ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഇടയിൽതന്നെ ഉണ്ടല്ലോ എന്ന് അവൻ ഉത്തരം പറഞ്ഞു. പിന്നെ അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞത്: നിങ്ങൾ മനുഷ്യപുത്രന്റെ ഒരു ദിവസം കാൺമാൻ ആഗ്രഹിക്കുന്ന കാലം വരും; കാണുകയില്ലതാനും. അന്നു നിങ്ങളോട്: ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയും; നിങ്ങൾ പോകരുത്, പിൻചെല്ലുകയുമരുത്. മിന്നൽ ആകാശത്തിൻകീഴെ ദിക്കോടുദിക്കെല്ലാം തിളങ്ങി മിന്നുന്നതുപോലെ മനുഷ്യപുത്രൻ തന്റെ ദിവസത്തിൽ ആകും. എന്നാൽ ആദ്യം അവൻ വളരെ കഷ്ടം അനുഭവിക്കയും ഈ തലമുറ അവനെ തള്ളിക്കളകയും വേണം. നോഹയുടെ കാലത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്റെ നാളിലും ഉണ്ടാകും.

ലൂക്കൊസ് 17:1-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യേശു ശിഷ്യന്മാരോട് അരുൾചെയ്തു: പാപത്തിൽ വീഴുന്നതിനുള്ള പ്രലോഭനങ്ങൾ ഉണ്ടാകുമെന്നത് നിശ്ചയം; എന്നാൽ ആരു മുഖാന്തരം അതുണ്ടാകുന്നുവോ അവന്, ഹാ കഷ്ടം! ഈ എളിയവരിൽ ഒരുവനെ വഴിതെറ്റിക്കുന്നതിനുള്ള ശിക്ഷയെക്കാൾ ലഘുവായിരിക്കും അവന്റെ കഴുത്തിൽ ഒരു തിരികല്ലുകെട്ടി കടലിലെറിയുന്നത്. ഇതു നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. “നിങ്ങളുടെ ഒരു സഹോദരൻ തെറ്റുചെയ്താൽ അവനോടു ക്ഷമിക്കുക. അവൻ ദിവസം ഏഴു പ്രാവശ്യം നിന്നോട് അന്യായം പ്രവർത്തിക്കുകയും ആ ഏഴു പ്രാവശ്യവും തിരിച്ചുവന്ന്, ‘ഞാൻ അനുതപിക്കുന്നു’ എന്നു പറയുകയും ചെയ്താൽ അവനോടു ക്ഷമിക്കണം.” “ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ” എന്ന് അപ്പോസ്തോലന്മാർ കർത്താവിനോടപേക്ഷിച്ചു. അതിന് അവിടുന്ന് ഇപ്രകാരം മറുപടി പറഞ്ഞു: “ഒരു കടുകുമണിയോളം വിശ്വാസം നിങ്ങൾക്കുണ്ടെങ്കിൽ ഈ കാട്ടത്തിയോടു വേരോടെ ഇളകി കടലിൽ പോയി ഉറച്ചു നില്‌ക്കുക എന്നു പറഞ്ഞാൽ അതു നിങ്ങളെ അനുസരിക്കും. “ഒരു ഭൃത്യൻ നിലമുഴുകയോ, ആടിനെ മേയ്‍ക്കുകയോ ചെയ്തശേഷം വീട്ടിൽ വരുമ്പോൾ അയാളോട് ‘പെട്ടെന്ന് വന്നു ഭക്ഷണം കഴിക്കുക’ എന്നു നിങ്ങളിൽ ആരെങ്കിലും പറയുമോ? നേരെമറിച്ച്, ‘എനിക്ക് അത്താഴം ഒരുക്കുക; എനിക്കു വിളമ്പിത്തന്നശേഷം ഞാൻ ഭക്ഷണം കഴിച്ചു കഴിയുന്നതുവരെ അരകെട്ടി കാത്തു നില്‌ക്കുക; പിന്നീടു നിനക്ക് ആഹാരം കഴിക്കാം’ എന്നല്ലേ പറയുക? കല്പന അനുസരിച്ചതിന് ആ ഭൃത്യനോടു നന്ദി പറയുമോ? അതുപോലെ നിങ്ങളോടു കല്പിക്കുന്നതെല്ലാം ചെയ്തു കഴിയുമ്പോൾ: ‘ഞങ്ങൾ കേവലം ഭൃത്യന്മാർ; ഞങ്ങളുടെ കടമ നിറവേറ്റുക മാത്രമാണു ഞങ്ങൾ ചെയ്തത്’ എന്നു പറയുക.” യെരൂശലേമിലേക്കുള്ള യാത്രയ്‍ക്കിടയിൽ യേശു ഗലീലയുടെയും ശമര്യയുടെയും ഇടയ്‍ക്കുകൂടി കടന്നുപോകുകയായിരുന്നു. അവിടുന്ന് ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ പത്തു കുഷ്ഠരോഗികൾ അവിടുത്തെ കണ്ടുമുട്ടി; അവർ അകലെ നിന്നുകൊണ്ട് “യേശുനാഥാ, ഞങ്ങളോടു കരുണയുണ്ടാകണമേ” എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. അവിടുന്ന് അവരെ കണ്ടപ്പോൾ “നിങ്ങൾ പോയി നിങ്ങളെത്തന്നെ പുരോഹിതന്മാരെ കാണിക്കുക” എന്നു പറഞ്ഞു. പോകുന്ന വഴിയിൽവച്ചുതന്നെ അവർ സുഖം പ്രാപിച്ചു. അവരിലൊരാൾ തന്റെ രോഗം വിട്ടുമാറി എന്നു കണ്ടപ്പോൾ അത്യുച്ചത്തിൽ ദൈവത്തെ സ്തുതിച്ചുകൊണ്ടു മടങ്ങിവന്നു യേശുവിന്റെ കാല്‌ക്കൽ സാഷ്ടാംഗം വീണു നമസ്കരിച്ചുകൊണ്ടു നന്ദിപറഞ്ഞു. ശമര്യക്കാരനായിരുന്നു അയാൾ. യേശു ചോദിച്ചു: “സുഖം പ്രാപിച്ചവർ പത്തു പേരായിരുന്നില്ലേ? ഒൻപതുപേർ എവിടെ? തിരിച്ചുവന്നു ദൈവത്തെ സ്തുതിക്കുവാൻ യെഹൂദനല്ലാത്ത ഈ മനുഷ്യനെ അല്ലാതെ മറ്റാരെയും കണ്ടില്ലല്ലോ” പിന്നീട് യേശു അയാളോട് “എഴുന്നേറ്റ് പൊയ്‍ക്കൊള്ളുക; നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു” എന്നു പറഞ്ഞു. “ദൈവരാജ്യത്തിന്റെ ആഗമനം എപ്പോഴാണ്” എന്നു പരീശന്മാർ ചോദിച്ചപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “കാണാവുന്ന വിധത്തിലല്ല ദൈവരാജ്യം വരുന്നത്. ഇതാ, ഇവിടെയെന്നോ; അതാ, അവിടെയെന്നോ ആർക്കും അത് ചൂണ്ടിക്കാണിക്കാവുന്നതല്ല. ദൈവരാജ്യം നിങ്ങളിൽത്തന്നെയാണ്.” അനന്തരം അവിടുന്നു ശിഷ്യന്മാരോടു പറഞ്ഞു: “മനുഷ്യപുത്രന്റെ ആഗമനദിവസം കാണുവാൻ നിങ്ങൾ അഭിവാഞ്ഛിക്കുന്ന കാലം വരുന്നു. പക്ഷേ, നിങ്ങൾ കാണുകയില്ല. ‘ഇതാ, ഇവിടെ’ എന്നോ ‘അതാ, അവിടെ’ എന്നോ ആളുകൾ പറയും. അതുകേട്ട് നിങ്ങൾ പോകരുത്; അവരെ അനുഗമിക്കുകയുമരുത്. മിന്നൽപ്പിണർ ഒരു വശത്തുനിന്നു മറുവശത്തേക്കു മിന്നി ആകാശമണ്ഡലത്തെ ഉജ്ജ്വലമാക്കുന്നതുപോലെയായിരിക്കും മനുഷ്യപുത്രൻ പ്രത്യക്ഷനാകുന്നത്. എന്നാൽ അതിനുമുമ്പ് അവൻ വളരെയധികം കഷ്ടതകൾ സഹിക്കുകയും ഈ തലമുറ അവനെ തള്ളിക്കളയുകയും ചെയ്യേണ്ടിയിരിക്കുന്നു. നോഹയുടെ കാലത്തെന്നപോലെ മനുഷ്യപുത്രന്റെ കാലത്തും സംഭവിക്കും

ലൂക്കൊസ് 17:1-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യേശു തന്‍റെ ശിഷ്യന്മാരോട് പറഞ്ഞത്: പാപത്തിന്‍റെ പ്രലോഭനങ്ങൾ നിശ്ചയമായും വരും; എന്നാൽ അവ വരുത്തുന്നവർക്കു അയ്യോ കഷ്ടം. അവൻ ഈ ചെറിയവരിൽ ഒരാളെ പ്രലോഭിപ്പിക്കുന്നതിനേക്കാൾ നല്ലത് ഒരു വലിയ കല്ല് അവന്‍റെ കഴുത്തിൽ കെട്ടി അവനെ കടലിൽ എറിഞ്ഞുകളയുന്നത് ആകുന്നു. അതുകൊണ്ട് നിങ്ങൾ സൂക്ഷിച്ചുകൊള്ളുവിൻ; നിന്‍റെ സഹോദരൻ പാപം ചെയ്താൽ അവനെ ശാസിക്ക; അവൻ മാനസാന്തരപ്പെട്ടാൽ അവനോട് ക്ഷമിയ്ക്ക. ഒരു ദിവസത്തിൽ ഏഴു പ്രാവശ്യം നിന്നോട് പാപംചെയ്യുകയും ഏഴുപ്രാവശ്യവും നിന്‍റെ അടുക്കൽ വന്നു: ഞാൻ മാനസാന്തരപ്പെടുന്നു എന്നു പറകയും ചെയ്താൽ അവനോട് ക്ഷമിയ്ക്ക. അപ്പൊസ്തലന്മാർ കർത്താവിനോട്: ”ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിച്ചുതരേണമേ” എന്നു പറഞ്ഞു. അതിന് കർത്താവ് പറഞ്ഞത്: നിങ്ങൾക്ക് ഒരു ചെറിയ കടുകുമണിയോളം വിശ്വാസം ഉണ്ടെങ്കിൽ ഈ കാട്ടത്തിയോട്: വേരോടെ പറിഞ്ഞു കടലിൽ പോയി വളരുക എന്നു പറഞ്ഞാൽ അത് നിങ്ങളെ അനുസരിക്കും. നിങ്ങളിൽ ആർക്കെങ്കിലും നിലം ഉഴുകയോ ആടിനെ മേയ്ക്കുകയോ ചെയ്യുന്ന ഒരു ദാസൻ ഉണ്ടെന്നിരിക്കട്ടെ. അവൻ വയലിൽനിന്നു ജോലി കഴിഞ്ഞു വരുമ്പോൾ: നീ പെട്ടെന്ന് തന്നെ വന്നു ഊണിനിരിക്ക എന്നു അവനോട് പറയുകയില്ല: ആദ്യം എനിക്ക് അത്താഴം ഒരുക്കുക; ഞാൻ തിന്നുകുടിച്ചു തീരുന്നത് വരെ അരകെട്ടി എനിക്ക് ശുശ്രൂഷചെയ്ക; പിന്നെ നീയും തിന്നു കുടിച്ചുകൊൾക എന്നു പറയുകയില്ലേ? തന്നോട് കല്പിച്ചത് ദാസൻ ചെയ്തതുകൊണ്ടു നീ അവനോട് ഒരിയ്ക്കലും നന്ദി പറയുകയില്ല. അതുപോലെ നിങ്ങളോടു കല്പിച്ചത് ഒക്കെയും ചെയ്തശേഷം: ഞങ്ങൾ പ്രയോജനം ഇല്ലാത്ത ദാസന്മാർ; ചെയ്യേണ്ടതേ ചെയ്തിട്ടുള്ളു എന്നു നിങ്ങളും പറവിൻ. ഒരിക്കൽ യേശു യെരൂശലേമിലേക്കുള്ള യാത്രയ്ക്കിടയിൽ ശമര്യക്കും ഗലീലയ്ക്കും നടുവിൽകൂടി കടന്നുപോകുകയായിരുന്നു. അവിടെ ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ പത്തു കുഷ്ഠരോഗികൾ അവനു എതിരെ വന്നു. അവർ ദൂരത്ത് നിന്നുകൊണ്ടു: ”യേശുവേ, നായകാ, ഞങ്ങളോടു കരുണയുണ്ടാകേണമേ” എന്നു ഉറക്കെ പറഞ്ഞു. യേശു അവരെ കണ്ടിട്ട്: നിങ്ങൾ പോയിപുരോഹിതന്മാർക്കു നിങ്ങളെ തന്നെ കാണിച്ചു കൊടുക്കുക എന്നു പറഞ്ഞു; അങ്ങനെ അവർ പോകുന്ന സമയത്തുതന്നെ അവർ ശുദ്ധരായ്തീർന്നു. അവരിൽ ഒരാൾ തനിക്കു സൌഖ്യംവന്നത് കണ്ടു ഉറക്കെ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് തിരിച്ചുവന്നു അവന്‍റെ കാൽക്കൽ കവിണ്ണുവീണു അവനു നന്ദി പറഞ്ഞു; അവൻ ഒരു ശമര്യക്കാരൻ ആയിരുന്നു അപ്പോൾ യേശു അവനോട് ഉത്തരം പറഞ്ഞത്: കുഷ്ഠരോഗത്തിൽ നിന്നു പത്തുപേർ ശുദ്ധരായ്തീർന്നു, എന്നാൽ ബാക്കി ഒമ്പതുപേർ എവിടെ? യെഹൂദനല്ലാത്ത ഈ മനുഷ്യൻ മാത്രമാണ് ദൈവത്തിന് മഹത്വം കൊടുക്കുവാൻ മടങ്ങിവന്നത്; എഴുന്നേറ്റ് പൊയ്ക്കൊൾക; നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. ഒരിക്കൽ പരീശന്മാർ ദൈവരാജ്യം എപ്പോൾ വരും എന്നു ചോദിച്ചതിന്: ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നത്; ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയില്ല; ദൈവരാജ്യം നിങ്ങളുടെ ഇടയിൽതന്നേ ഉണ്ടല്ലോ എന്നു അവൻ ഉത്തരം പറഞ്ഞു. പിന്നെ അവൻ തന്‍റെ ശിഷ്യന്മാരോട് പറഞ്ഞത്: നിങ്ങൾ മനുഷ്യപുത്രന്‍റെ ഒരു ദിവസം കാണ്മാൻ ആഗ്രഹിക്കുന്ന കാലം വരും; എന്നാൽ കാണുകയില്ലതാനും. അന്നു നിങ്ങളോടു: ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയും; നിങ്ങൾ പോകരുത്, പിൻ ചെല്ലുകയുമരുത്. മിന്നൽ ആകാശത്തിന്‍റെ കീഴെ ദിക്കോടുദിക്കെല്ലാം തിളങ്ങി മിന്നുന്നതുപോലെ മനുഷ്യപുത്രൻ തന്‍റെ ദിവസത്തിൽ ആകും. എന്നാൽ ആദ്യം അവൻ വളരെ കഷ്ടം അനുഭവിക്കയും ഈ തലമുറ അവനെ തള്ളിക്കളകയും വേണം. നോഹയുടെ സമയത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്‍റെ നാളിലും ഉണ്ടാകും.

ലൂക്കൊസ് 17:1-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞതു: ഇടർച്ചകൾ വരാതിരിക്കുന്നതു അസാദ്ധ്യം; എങ്കിലും അവ വരുത്തുന്നവന്നു അയ്യോ കഷ്ടം. അവൻ ഈ ചെറിയവരിൽ ഒരുത്തന്നു ഇടർച്ച വരുത്തുന്നതിനെക്കാൾ ഒരു തിരിക്കല്ലു അവന്റെ കഴുത്തിൽ കെട്ടി അവനെ കടലിൽ എറിഞ്ഞുകളയുന്നതു അവന്നു നന്നു. സൂക്ഷിച്ചുകൊൾവിൻ; സഹോദരൻ പിഴച്ചാൽ അവനെ ശാസിക്ക; അവൻ മാനസാന്തരപ്പെട്ടാൽ അവനോടു ക്ഷമിക്ക. ദിവസത്തിൽ ഏഴുവട്ടം നിന്നോടു പിഴെക്കയും ഏഴുവട്ടവും നിന്റെ അടുക്കൽ വന്നു: ഞാൻ മാനസാന്തരപ്പെടുന്നു എന്നു പറകയും ചെയ്താൽ അവനോടു ക്ഷമിക്ക. അപ്പൊസ്തലന്മാർ കർത്താവിനോടു: ഞങ്ങൾക്കു വിശ്വാസം വർദ്ധിപ്പിച്ചുതരേണമേ എന്നു പറഞ്ഞു. അതിന്നു കർത്താവു പറഞ്ഞതു: നിങ്ങൾക്കു കടകുമണിയോളം വിശ്വാസം ഉണ്ടെങ്കിൽ ഈ കാട്ടത്തിയോടു: വേരോടെ പറിഞ്ഞു കടലിൽ നട്ടുപോക എന്നു പറഞ്ഞാൽ അതു നിങ്ങളെ അനുസരിക്കും. നിങ്ങളിൽ ആർക്കെങ്കിലും ഉഴുകയോ മേയ്ക്കയോ ചെയ്യുന്ന ഒരു ദാസൻ ഉണ്ടെന്നിരിക്കട്ടെ. അവൻ വയലിൽനിന്നു വരുമ്പോൾ: നീ ക്ഷണത്തിൽ വന്നു ഊണിന്നു ഇരിക്ക എന്നു അവനോടു പറയുമോ? അല്ല: എനിക്കു അത്താഴം ഒരുക്കുക; ഞാൻ തിന്നുകുടിച്ചു തീരുവോളം അരകെട്ടി എനിക്കു ശുശ്രൂഷചെയ്ക; പിന്നെ നീയും തിന്നു കുടിച്ചുകൊൾക എന്നു പറകയില്ലയോ? തന്നോടു കല്പിച്ചതു ദാസൻ ചെയ്തതുകൊണ്ടു അവന്നു നന്ദിപറയുമോ? അവ്വണ്ണം നിങ്ങളോടു കല്പിച്ചതു ഒക്കെയും ചെയ്തശേഷം: ഞങ്ങൾ പ്രയോജനം ഇല്ലാത്ത ദാസന്മാർ; ചെയ്യേണ്ടതേ ചെയ്തിട്ടുള്ളു എന്നു നിങ്ങളും പറവിൻ. അവൻ യെരൂശലേമിലേക്കു യാത്രചെയ്കയിൽ ശമര്യക്കും ഗലീലെക്കും നടുവിൽകൂടി കടക്കുമ്പോൾ ഒരു ഗ്രാമത്തിൽ ചെല്ലുന്നേരം കുഷ്ഠരോഗികളായ പത്തു പുരുഷന്മാർ അവന്നു എതിർപെട്ടു അകലെ നിന്നുകൊണ്ടു: യേശൂ, നായക, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്നു ഉറക്കെ പറഞ്ഞു. അവൻ അവരെ കണ്ടിട്ടു:നിങ്ങൾ പോയി പുരോഹിതന്മാർക്കു നിങ്ങളെ തന്നേ കാണിപ്പിൻ എന്നു പറഞ്ഞു; പോകയിൽ തന്നേ അവർ ശുദ്ധരായ്തീർന്നു. അവരിൽ ഒരുത്തൻ തനിക്കു സൗഖ്യംവന്നതു കണ്ടു ഉച്ചത്തിൽ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്നു അവന്റെ കാൽക്കൽ കവിണ്ണു വീണു അവന്നു നന്ദി പറഞ്ഞു; അവനോ ശമര്യക്കാരൻ ആയിരുന്നു പത്തുപേർ ശുദ്ധരായ്തീർന്നില്ലയോ? ഒമ്പതുപേർ എവിടെ? ഈ അന്യജാതിക്കാരനല്ലാതെ ദൈവത്തിന്നു മഹത്വം കൊടുപ്പാൻ മടങ്ങിവന്നവരായി ആരെയും കാണുന്നില്ലല്ലോ എന്നു യേശു പറഞ്ഞിട്ടു അവനോടു: എഴുന്നേറ്റു പൊയ്ക്കൊൾക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു. ദൈവരാജ്യം എപ്പോൾ വരുന്നു എന്നു പരീശന്മാർ ചോദിച്ചതിന്നു: ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നതു; ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നേ ഉണ്ടല്ലോ എന്നു അവൻ ഉത്തരം പറഞ്ഞു. പിന്നെ അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞതു: നിങ്ങൾ മനുഷ്യപുത്രന്റെ ഒരു ദിവസം കാണ്മാൻ ആഗ്രഹിക്കുന്ന കാലം വരും; കാണുകയില്ലതാനും. അന്നു നിങ്ങളോടു: ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയും; നിങ്ങൾ പോകരുതു, പിൻ ചെല്ലുകയുമരുതു. മിന്നൽ ആകാശത്തിങ്കീഴെ ദിക്കോടുദിക്കെല്ലാം തിളങ്ങി മിന്നുന്നതുപോലെ മനുഷ്യപുത്രൻ തന്റെ ദിവസത്തിൽ ആകും. എന്നാൽ ആദ്യം അവൻ വളരെ കഷ്ടം അനുഭവിക്കയും ഈ തലമുറ അവനെ തള്ളിക്കളകയും വേണം. നോഹയുടെ കാലത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്റെ നാളിലും ഉണ്ടാകും.

ലൂക്കൊസ് 17:1-26 സമകാലിക മലയാളവിവർത്തനം (MCV)

യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത്, “മനുഷ്യരെ പാപത്തിലേക്കു നയിക്കുന്ന സാഹചര്യങ്ങൾ വരാതിരിക്കുകയില്ല. എന്നാൽ, അതിനു കാരണമാകുന്നവർക്ക് മഹാകഷ്ടം! എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരാൾ പാപത്തിൽ വീഴുന്നതിന് കാരണമാകുന്നയാൾക്ക്, അതിനെക്കാൾ നല്ലത് കഴുത്തിൽ ഒരു തിരികല്ലുകെട്ടി അയാളെ കടലിൽ എറിയുന്നതാണ്. ആകയാൽ സൂക്ഷിക്കുക. “നിന്റെ സഹോദരങ്ങൾ പാപംചെയ്താൽ അവരെ ശാസിക്കുക; അനുതപിക്കുന്നെങ്കിൽ അവരോടു ക്ഷമിക്കുക. അവർ നിന്നോട് ഒരു ദിവസത്തിൽ ഏഴുതവണ പാപംചെയ്യുകയും ഏഴു തവണയും മടങ്ങിവന്ന് ‘ഞാൻ അനുതപിക്കുന്നു’ എന്നു നിന്നോടു പറയുകയും ചെയ്താൽ അപ്പോഴെല്ലാം അവരോട് ക്ഷമിക്കുക.” അപ്പോൾ അപ്പൊസ്തലന്മാർ കർത്താവിനോട്, “ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചുതരണമേ” എന്നു പറഞ്ഞു. അപ്പോൾ അദ്ദേഹം അവരോടു പറഞ്ഞത്, “നിങ്ങൾക്ക് ഒരു കടുകുമണിയോളമെങ്കിലും വിശ്വാസം ഉണ്ടെങ്കിൽ ഈ കാട്ടത്തിയോട്, ‘വേരോടെ പിഴുത് കടലിൽ വേരുറപ്പിക്കുക’ എന്നു നിങ്ങൾ പറഞ്ഞാൽ; അത് നിങ്ങളെ അനുസരിക്കും. “നിങ്ങളിൽ ഒരാൾക്കു നിലം ഉഴുകയോ ആടിനെ മേയിക്കുകയോ ചെയ്യുന്ന ഒരു ദാസൻ ഉണ്ടെന്നിരിക്കട്ടെ. അയാൾ വയലിൽനിന്ന് വരുമ്പോൾ, ‘നീ വേഗംവന്ന് ഭക്ഷണത്തിന് ഇരിക്കുക’ എന്ന് അയാളോട് പറയുമോ? ‘എനിക്ക് അത്താഴം തയ്യാറാക്കുക, ഞാൻ ഭക്ഷിച്ചുപാനംചെയ്തു തീരുന്നതുവരെ പൂർണ ഒരുക്കത്തോടെ എന്നെ പരിചരിക്കുക; അതിനുശേഷം നീയും ഭക്ഷിച്ചു പാനംചെയ്തുകൊള്ളുക’ എന്നല്ലേ പറയുക? തന്നോടു കൽപ്പിച്ചത് ആ സേവകൻ അനുസരിച്ചതുകൊണ്ട് അയാൾ അവനോടു കൃതജ്ഞത പ്രകടിപ്പിക്കുമോ? അതുപോലെതന്നെ നിങ്ങളും നിങ്ങളോടു കൽപ്പിച്ചതെല്ലാം ചെയ്തതിനുശേഷം, ‘ഞങ്ങൾ അയോഗ്യരായ ദാസരാകുന്നു; ഞങ്ങൾ ഞങ്ങളുടെ കർത്തവ്യം നിറവേറ്റിയതേയുള്ളൂ’ എന്നു പറയുക.” യേശു ജെറുശലേമിലേക്കു യാത്രചെയ്യുമ്പോൾ ശമര്യ-ഗലീല പ്രവിശ്യകളുടെ അതിരുകളിലൂടെ സഞ്ചരിച്ചു. അദ്ദേഹം ഒരു ഗ്രാമത്തിലേക്കു പ്രവേശിച്ചപ്പോൾ, കുഷ്ഠം ബാധിച്ച പത്തുപേർ അദ്ദേഹത്തിന് അഭിമുഖമായി വന്നു. അവർ ദൂരത്തുനിന്നുകൊണ്ട്, “യേശുവേ, നാഥാ, ഞങ്ങളോടു കരുണയുണ്ടാകണമേ” എന്ന് അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു. അവരെ കണ്ടിട്ട് യേശു, “നിങ്ങൾ പോയി പുരോഹിതന്മാർക്കു നിങ്ങളെത്തന്നെ കാണിക്കുക” എന്ന് അവരോടു പറഞ്ഞു. അവർ പൊയ്ക്കൊണ്ടിരിക്കുമ്പോൾത്തന്നെ സൗഖ്യമുള്ളവരായിത്തീർന്നു. അവരിലൊരാൾ തനിക്കു സൗഖ്യം ലഭിച്ചിരിക്കുന്നെന്നു മനസ്സിലാക്കിയപ്പോൾ, ഉയർന്നസ്വരത്തിൽ ദൈവത്തെ പുകഴ്ത്തിക്കൊണ്ടു മടങ്ങിവന്നു. അയാൾ യേശുവിന്റെ തൃപ്പാദത്തിൽ സാഷ്ടാംഗം പ്രണമിച്ച് അദ്ദേഹത്തോടു നന്ദി പറഞ്ഞു; അയാൾ ശമര്യാക്കാരൻ ആയിരുന്നു. “പത്തുപേരും ശുദ്ധരായിത്തീർന്നില്ലേ? ഒൻപതുപേർ എവിടെ? ഈ വിദേശിയല്ലാതെ മറ്റാരും ദൈവത്തെ മഹത്ത്വപ്പെടുത്താൻ മടങ്ങിവന്നതായി കാണുന്നില്ലല്ലോ,” യേശു പറഞ്ഞു. തുടർന്ന് അദ്ദേഹം കുഷ്ഠരോഗിയായിരുന്ന അയാളോട്, “എഴുന്നേറ്റു പോകുക; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു” എന്നു പറഞ്ഞു. ദൈവരാജ്യം എപ്പോഴാണു വരുന്നതെന്ന് ഒരിക്കൽ പരീശന്മാർ ചോദിച്ചപ്പോൾ, “ദൈവരാജ്യം ദൃശ്യമായ ചിഹ്നങ്ങളോടുകൂടെയല്ല വരുന്നത്. ദൈവരാജ്യം ‘ഇതാ ഇവിടെ’ എന്നോ ‘അതാ, അവിടെ’ എന്നോ മനുഷ്യർക്ക് പറയാൻ കഴിയുകയുമില്ല; കാരണം, ദൈവരാജ്യം നിങ്ങളുടെ ഉള്ളിൽത്തന്നെയാകുന്നു,” എന്ന് യേശു ഉത്തരം പറഞ്ഞു. പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞത്: “മനുഷ്യപുത്രന്റെ ദിനങ്ങളിൽ ഒരുദിനമെങ്കിലും കാണാൻ നിങ്ങൾ കൊതിക്കുന്ന കാലം വരും; കാണുകയില്ലതാനും. മനുഷ്യർ നിങ്ങളോട്, ‘അതാ, അദ്ദേഹം അവിടെ,’ അല്ലെങ്കിൽ ‘ഇതാ, അദ്ദേഹം ഇവിടെ’ എന്നു പറയും. എന്നാൽ, നിങ്ങൾ അവരുടെ പിന്നാലെ പോകരുത്. ആകാശത്തിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ ക്ഷണത്തിൽ ജ്വലിച്ച് എല്ലായിടവും പ്രകാശിതമാക്കുന്ന മിന്നൽപ്പിണർപോലെയായിരിക്കും മനുഷ്യപുത്രൻ ആ ദിവസത്തിൽ. എന്നാൽ ഇതു സംഭവിക്കുന്നതിനുമുമ്പേ മനുഷ്യപുത്രൻ അനവധി കഷ്ടങ്ങൾ സഹിക്കുകയും ഈ തലമുറയാൽ തിരസ്കരിക്കപ്പെടുകയും ചെയ്യേണ്ടതാകുന്നു. “നോഹയുടെ കാലത്തു സംഭവിച്ചതുപോലെതന്നെ ആയിരിക്കും മനുഷ്യപുത്രന്റെ നാളുകളിലും സംഭവിക്കുക.