ലൂക്കൊസ് 16:19-31

ലൂക്കൊസ് 16:19-31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ധനവാനായൊരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനംപ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു. ലാസർ എന്നു പേരുള്ളൊരു ദരിദ്രൻ വ്രണം നിറഞ്ഞവനായി അവന്റെ പടിപ്പുരയ്ക്കൽ കിടന്നു ധനവാന്റെ മേശയിൽനിന്നു വീഴുന്നതു തിന്നു വിശപ്പടക്കുവാൻ ആഗ്രഹിച്ചു; നായ്ക്കളും വന്ന് അവന്റെ വ്രണം നക്കും. ആ ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി. ധനവാനും മരിച്ച് അടക്കപ്പെട്ടു; പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്തുനിന്ന് അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസറിനെയും കണ്ടു: അബ്രാഹാംപിതാവേ, എന്നോടു കനിവുണ്ടാകേണമേ; ലാസർ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന് അവനെ അയയ്ക്കേണമേ; ഞാൻ ഈ ജ്വാലയിൽ കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചുപറഞ്ഞു. അബ്രാഹാം: മകനേ, നിന്റെ ആയുസ്സിൽ നീ നന്മയും ലാസർ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്ന് ഓർക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു; നീയോ വേദന അനുഭവിക്കുന്നു. അത്രയുമല്ല ഞങ്ങൾക്കും നിങ്ങൾക്കും നടുവേ വലിയൊരു പിളർപ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെനിന്നു നിങ്ങളുടെ അടുക്കൽ കടന്നുവരുവാൻ ഇച്ഛിക്കുന്നവർക്കു കഴിവില്ല; അവിടെനിന്നു ഞങ്ങളുടെ അടുക്കൽ കടന്നുവരുവാനും പാടില്ല എന്നു പറഞ്ഞു. അതിന് അവൻ: എന്നാൽ പിതാവേ, അവനെ എന്റെ അപ്പന്റെ വീട്ടിൽ അയയ്ക്കേണമെന്നു ഞാൻ അപേക്ഷിക്കുന്നു; എനിക്ക് അഞ്ചു സഹോദരന്മാർ ഉണ്ട്; അവരും ഈ യാതനാസ്ഥലത്തു വരാതിരിപ്പാൻ അവൻ അവരോടു സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു. അബ്രാഹാം അവനോട്: അവർക്കു മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്ക് അവർ കേൾക്കട്ടെ എന്നു പറഞ്ഞു. അതിന് അവൻ: അല്ലല്ല, അബ്രാഹാം പിതാവേ, മരിച്ചവരിൽനിന്ന് ഒരുത്തൻ എഴുന്നേറ്റ് അവരുടെ അടുക്കൽ ചെന്നു എങ്കിൽ അവർ മാനസാന്തരപ്പെടും എന്നു പറഞ്ഞു. അവൻ അവനോട്: അവർ മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേൾക്കാഞ്ഞാൽ മരിച്ചവരിൽനിന്ന് ഒരുത്തൻ എഴുന്നേറ്റു ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു.

ലൂക്കൊസ് 16:19-31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“ഒരിടത്ത് ധനാഢ്യനായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾ വിലയേറിയ പട്ടുവസ്ത്രം അണിയുകയും സുഖലോലുപനായി നിത്യേന വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുകയും ചെയ്തുവന്നു. ഈ ധനികന്റെ പടിവാതില്‌ക്കൽ വ്രണബാധിതനായി കിടന്നിരുന്ന ലാസർ എന്ന ദരിദ്രൻ, ആ ധനികന്റെ ഭക്ഷണമേശയിൽനിന്നു പുറത്തുകളയുന്ന ഉച്ഛിഷ്ടംകൊണ്ടെങ്കിലും വിശപ്പടക്കാമെന്ന് ആശിച്ചു. നായ്‍ക്കൾ വന്ന് അയാളുടെ വ്രണങ്ങൾ നക്കുമായിരുന്നു. “ദരിദ്രനായ ലാസർ മരിച്ചു. മാലാഖമാർ അയാളെ കൊണ്ടുപോയി അബ്രഹാമിന്റെ മാറോടു ചേർത്തിരുത്തി. ആ ധനികനും മരിച്ച് അടക്കപ്പെട്ടു. അയാൾ പ്രേതലോകത്തിൽ കിടന്നു യാതന അനുഭവിക്കുമ്പോൾ മുകളിലേക്കു നോക്കി. അങ്ങു ദൂരെ അബ്രഹാമിനോടു ചേർന്നിരിക്കുന്ന ലാസറിനെ കണ്ട്, അയാൾ വിളിച്ചുപറഞ്ഞു: ‘അബ്രഹാം പിതാവേ, എന്നോടു കരുണയുണ്ടാകണമേ. വിരൽത്തുമ്പുകൊണ്ടെങ്കിലും ഇറ്റുവെള്ളം പകർന്ന് എന്റെ നാവു തണുപ്പിക്കുന്നതിനു ലാസറിനെ ഇങ്ങോട്ടയച്ചാലും. ഞാൻ ഈ അഗ്നിജ്വാലയേറ്റ് അതിവേദന അനുഭവിക്കുകയാണല്ലോ. “അബ്രഹാം പ്രതിവചിച്ചു: ‘ജീവിതകാലത്ത് എല്ലാ സുഖഭോഗങ്ങളും നിനക്കു ലഭിച്ചു; അതേസമയം ലാസർ എല്ലാവിധ കഷ്ടതകളും അനുഭവിച്ചു എന്നും ഓർക്കുക. എന്നാൽ ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു; നീയാകട്ടെ വേദനപ്പെടുന്നു. ഇവിടെനിന്നു നിങ്ങളുടെ അടുക്കലേക്കു കടന്നുവരാനോ, അവിടെനിന്ന് ഇങ്ങോട്ടു കടക്കുവാനോ കഴിയാത്തവിധം ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ അഗാധമായ ഒരു പിളർപ്പുണ്ട്. അപ്പോൾ അയാൾ പറഞ്ഞു: ‘എന്നാൽ പിതാവേ, ഒരു കാര്യം ചെയ്യണമേ! എന്റെ ഭവനത്തിലേക്കു ലാസറിനെ അയച്ചാലും; എനിക്ക് അഞ്ചു സഹോദരന്മാരുണ്ട്; അവരെങ്കിലും ഈ കഠിനയാതനയുടെ സ്ഥലത്തു വരാതിരിക്കുവാൻ അയാൾ അവർക്കു മുന്നറിയിപ്പു നല്‌കട്ടെ.’ “എന്നാൽ അബ്രഹാം അതിനു മറുപടിയായി ‘അവർക്ക് മോശയുടെ നിയമസംഹിതയും പ്രവാചകന്മാരുടെ പ്രബോധനങ്ങളുമുണ്ട്; നിന്റെ സഹോദരന്മാർ അവരുടെ വാക്കുകൾ ശ്രദ്ധിക്കട്ടെ.’ അപ്പോൾ അയാൾ പറഞ്ഞു: ‘അങ്ങനെയല്ല പിതാവേ, മരിച്ച ഒരാൾ അവരുടെ അടുക്കൽ മടങ്ങിച്ചെന്നാൽ അവർ അനുതപിക്കാതിരിക്കുകയില്ല.’ അബ്രഹാം അതിനു ‘മോശയെയും പ്രവാചകന്മാരെയും ചെവിക്കൊള്ളാത്തവൻ, ഒരുവൻ ഉയിർത്തെഴുന്നേറ്റു ചെന്നാലും വിശ്വസിക്കുവാൻ പോകുന്നില്ല’ എന്നു മറുപടി പറഞ്ഞു.

ലൂക്കൊസ് 16:19-31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഒരിടത്ത് ധനവാനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനമ്പ്രതി ആഡംബരത്തോടെ ജീവിച്ചിരുന്നു. ലാസർ എന്നു പേരുള്ള ഒരു ദരിദ്രൻ ഉണ്ടായിരുന്നു. അവന്‍റെ ശരീരം മുഴുവൻ വ്രണങ്ങൾ നിറഞ്ഞിരുന്നു. അവൻ ധനവാന്‍റെ പടിപ്പുരയ്ക്കൽ ആയിരുന്നു കിടന്നിരുന്നത് ധനവാന്‍റെ മേശയിൽ നിന്നു വീഴുന്നത് തിന്നു വിശപ്പടക്കുവാൻ ആഗ്രഹിച്ചു; നായ്ക്കളും വന്നു അവന്‍റെ വ്രണം നക്കും. ആ ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രാഹാമിന്‍റെ മടിയിലേക്കു കൊണ്ടുപോയി. ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തിൽ കഷ്ടത അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്ത് നിന്നു അബ്രാഹാമിനെയും അവന്‍റെ മടിയിൽ ലാസറിനെയും കണ്ടു: അബ്രാഹാംപിതാവേ, എന്നോട് കനിവുണ്ടാകേണമേ; ലാസർ വിരലിൻ്റെ അറ്റം വെള്ളത്തിൽ മുക്കി എന്‍റെ നാവിനെ തണുപ്പിക്കേണ്ടതിന് അവനെ അയയ്ക്കേണമേ; ഞാൻ ഈ ജ്വാലയിൽ കിടന്ന് വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു. അബ്രാഹാം: മകനേ, നിന്‍റെ ആയുസ്സിൽ നീ നന്മയും ലാസർ തിന്മയും പ്രാപിച്ചു എന്നു ഓർക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു. അത്രയുമല്ല ഞങ്ങൾക്കും നിങ്ങൾക്കും നടുവെ വലിയൊരു പിളർപ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുക്കൽ കടന്നുവരുവാൻ ആഗ്രഹിക്കുന്നവർക്ക് സാധിക്കുകയില്ല; അവിടെനിന്ന് ഞങ്ങളുടെ അടുക്കൽ കടന്നു വരുവാനും സാധ്യമല്ല എന്നു പറഞ്ഞു. അതിന് അവൻ: എന്നാൽ പിതാവേ, അവനെ എന്‍റെ പിതാവിന്‍റെ വീട്ടിൽ അയയ്ക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു; എനിക്ക് അഞ്ചു സഹോദരന്മാർ ഉണ്ട്; അവരും ഈ യാതനാസ്ഥലത്തു വരാതിരിപ്പാൻ അവൻ അവരോട് സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു. അബ്രാഹാം അവനോട്: അവർക്ക് മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്ക് അവർ കേൾക്കട്ടെ എന്നു പറഞ്ഞു. അതിന് അവൻ: അങ്ങനെ അല്ല, അബ്രാഹാംപിതാവേ, മരിച്ചവരിൽനിന്ന് ഒരുവൻ എഴുന്നേറ്റ് അവരുടെ അടുക്കൽ ചെന്നു എങ്കിൽ അവർ മാനസാന്തരപ്പെടും എന്നു പറഞ്ഞു. അവൻ അവനോട്: അവർ മോശെയുടെയും പ്രവാചകന്മാരുടെയും വാക്ക് കേൾക്കാഞ്ഞാൽ മരിച്ചവരിൽ നിന്നു ഒരുവൻ എഴുന്നേറ്റ് ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു.

ലൂക്കൊസ് 16:19-31 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ധനവാനായോരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനമ്പ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു. ലാസർ എന്നു പേരുള്ളോരു ദരിദ്രൻ വ്രണം നിറഞ്ഞവനായി അവന്റെ പടിപ്പുരക്കൽ കിടന്നു ധനവാന്റെ മേശയിൽ നിന്നു വീഴുന്നതു തിന്നു വിശപ്പടക്കുവാൻ ആഗ്രഹിച്ചു; നായ്ക്കളും വന്നു അവന്റെ വ്രണം നക്കും. ആ ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി. ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്തു നിന്നു അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസരിനെയും കണ്ടു: അബ്രാഹാംപിതാവേ, എന്നോടു കനിവുണ്ടാകേണമേ; ലാസർ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന്നു അവനെ അയക്കേണമേ; ഞാൻ ഈ ജ്വാലയിൽ കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു. അബ്രാഹാം: മകനേ, നിന്റെ ആയുസ്സിൽ നീ നന്മയും ലാസർ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്നു ഓർക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു. അത്രയുമല്ല ഞങ്ങൾക്കും നിങ്ങൾക്കും നടുവെ വലിയോരു പിളർപ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുക്കൽ കടന്നുവരുവാൻ ഇച്ഛിക്കുന്നവർക്കു കഴിവില്ല; അവിടെനിന്നു ഞങ്ങളുടെ അടുക്കൽ കടന്നു വരുവാനും പാടില്ല എന്നു പറഞ്ഞു. അതിന്നു അവൻ: എന്നാൽ പിതാവേ, അവനെ എന്റെ അപ്പന്റെ വീട്ടിൽ അയക്കേണമെന്നു ഞാൻ അപേക്ഷിക്കുന്നു; എനിക്കു അഞ്ചു സഹോദരന്മാർ ഉണ്ടു; അവരും ഈ യാതനാസ്ഥലത്തു വരാതിരിപ്പാൻ അവൻ അവരോടു സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു. അബ്രാഹാം അവനോടു: അവർക്കു മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്കു അവർ കേൾക്കട്ടെ എന്നു പറഞ്ഞു. അതിന്നു അവൻ: അല്ലല്ല, അബ്രാഹാം പിതാവേ, മരിച്ചവരിൽനിന്നു ഒരുത്തൻ എഴുന്നേറ്റു അവരുടെ അടുക്കൽ ചെന്നു എങ്കിൽ അവർ മാനസാന്തരപ്പെടും എന്നു പറഞ്ഞു. അവൻ അവനോടു: അവർ മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേൾക്കാഞ്ഞാൽ മരിച്ചവരിൽ നിന്നു ഒരുത്തൻ എഴുന്നേറ്റു ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു.

ലൂക്കൊസ് 16:19-31 സമകാലിക മലയാളവിവർത്തനം (MCV)

“ധനികനായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾ എല്ലാ ദിവസവും ഊതവർണത്തിലും പട്ടിലും മറ്റുമുള്ള വസ്ത്രങ്ങൾ ധരിച്ച് സുഖഭോഗങ്ങളിലും ആഡംബരത്തിലും ജീവിച്ചുപോന്നു. ദേഹം ആസകലം വ്രണങ്ങൾ നിറഞ്ഞ ലാസർ എന്നു പേരുള്ള ഒരു ദരിദ്രനെ ആ ധനികന്റെ പടിപ്പുരയ്ക്കൽ കിടത്തുമായിരുന്നു. ധനികന്റെ മേശയിൽനിന്ന് വീഴുന്ന അവശിഷ്ടങ്ങൾകൊണ്ടു വിശപ്പടക്കാൻ അയാൾ വളരെ കൊതിച്ചിരുന്നു. നായ്ക്കൾ വന്ന് അയാളുടെ വ്രണങ്ങൾ നക്കുകയും ചെയ്യുമായിരുന്നു. “ആ ദരിദ്രൻ മരിച്ചപ്പോൾ ദൈവദൂതന്മാർ അയാളെ അബ്രാഹാമിന്റെ അടുത്തേക്കു കൊണ്ടുപോയി. ധനികനും മരിച്ചു; അടക്കപ്പെട്ടു. പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ അയാൾ മുകളിലേക്കുനോക്കി, അങ്ങുദൂരെ അബ്രാഹാമിനെയും അദ്ദേഹത്തിന്റെ അടുത്ത് ലാസറിനെയും കണ്ടു. അയാൾ ഉറക്കെ വിളിച്ചു: ‘അബ്രാഹാംപിതാവേ, എന്നോടു കരുണതോന്നണമേ. ഞാൻ ഈ അഗ്നികുണ്ഡത്തിൽ അതിവേദന അനുഭവിക്കുന്നു. ലാസറിന്റെ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന് അയാളെ ഒന്നയയ്ക്കണമേ.’ “എന്നാൽ അബ്രാഹാം പ്രതിവചിച്ചു: ‘കുഞ്ഞേ, നീ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചു, ലാസറിന്റെ ജീവിതമോ, ദുരിതപൂർണമായിരുന്നു എന്ന് ഓർക്കുക. എന്നാൽ, ഇപ്പോൾ ലാസർ ഇവിടെ ആശ്വാസമനുഭവിക്കുന്നു, നീയോ കഠിനവേദന അനുഭവിക്കുന്നു. തന്നെയുമല്ല, ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ വലിയൊരു പിളർപ്പു വെച്ചിരിക്കുന്നു; ഇവിടെനിന്നു നിങ്ങളുടെ അടുത്തേക്കു വരാൻ ആഗ്രഹിക്കുന്നവർക്ക് അതു സാധ്യമല്ല; അവിടെനിന്ന് ആർക്കും ഞങ്ങളുടെ അടുത്തേക്കു വരാനും സാധ്യമല്ല.’ “അപ്പോൾ ധനികനായിരുന്ന മനുഷ്യൻ: ‘പിതാവേ, അങ്ങനെയെങ്കിൽ, ലാസറിനെ എന്റെ അപ്പന്റെ വീട്ടിലേക്ക് അയയ്ക്കണമേ എന്നു ഞാൻ യാചിക്കുന്നു. എനിക്ക് അഞ്ചു സഹോദരന്മാരുണ്ട്, അവരും ഈ യാതനാസ്ഥലത്തു വരാതിരിക്കേണ്ടതിന് അയാൾ അവർക്കു മുന്നറിയിപ്പു നൽകട്ടെ.’ “ ‘മോശയുടെയും പ്രവാചകന്മാരുടെയും ലിഖിതങ്ങൾ അവരുടെ പക്കലുണ്ടല്ലോ; നിന്റെ സഹോദരന്മാർ അവ അനുസരിക്കട്ടെ,’ അബ്രാഹാം പറഞ്ഞു. “ ‘അങ്ങനെയല്ല, അബ്രാഹാംപിതാവേ, മരിച്ചവരിൽനിന്ന് ഒരാൾ അവരുടെ അടുക്കൽ ചെന്നാൽ അവർ അനുതപിക്കും,’ അയാൾ പറഞ്ഞു. “അബ്രാഹാം അയാളോടു പറഞ്ഞത്, ‘അവർ മോശയുടെയും പ്രവാചകന്മാരുടെയും വാക്ക് അനുസരിക്കുന്നില്ലെങ്കിൽ, മരിച്ചവരിൽനിന്ന് ഒരാൾ ഉയിർത്തെഴുന്നേറ്റുചെന്നാലും വിശ്വസിക്കില്ല.’ ”