“ഒരിടത്ത് ധനാഢ്യനായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾ വിലയേറിയ പട്ടുവസ്ത്രം അണിയുകയും സുഖലോലുപനായി നിത്യേന വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുകയും ചെയ്തുവന്നു. ഈ ധനികന്റെ പടിവാതില്‌ക്കൽ വ്രണബാധിതനായി കിടന്നിരുന്ന ലാസർ എന്ന ദരിദ്രൻ, ആ ധനികന്റെ ഭക്ഷണമേശയിൽനിന്നു പുറത്തുകളയുന്ന ഉച്ഛിഷ്ടംകൊണ്ടെങ്കിലും വിശപ്പടക്കാമെന്ന് ആശിച്ചു. നായ്‍ക്കൾ വന്ന് അയാളുടെ വ്രണങ്ങൾ നക്കുമായിരുന്നു. “ദരിദ്രനായ ലാസർ മരിച്ചു. മാലാഖമാർ അയാളെ കൊണ്ടുപോയി അബ്രഹാമിന്റെ മാറോടു ചേർത്തിരുത്തി. ആ ധനികനും മരിച്ച് അടക്കപ്പെട്ടു. അയാൾ പ്രേതലോകത്തിൽ കിടന്നു യാതന അനുഭവിക്കുമ്പോൾ മുകളിലേക്കു നോക്കി. അങ്ങു ദൂരെ അബ്രഹാമിനോടു ചേർന്നിരിക്കുന്ന ലാസറിനെ കണ്ട്, അയാൾ വിളിച്ചുപറഞ്ഞു: ‘അബ്രഹാം പിതാവേ, എന്നോടു കരുണയുണ്ടാകണമേ. വിരൽത്തുമ്പുകൊണ്ടെങ്കിലും ഇറ്റുവെള്ളം പകർന്ന് എന്റെ നാവു തണുപ്പിക്കുന്നതിനു ലാസറിനെ ഇങ്ങോട്ടയച്ചാലും. ഞാൻ ഈ അഗ്നിജ്വാലയേറ്റ് അതിവേദന അനുഭവിക്കുകയാണല്ലോ. “അബ്രഹാം പ്രതിവചിച്ചു: ‘ജീവിതകാലത്ത് എല്ലാ സുഖഭോഗങ്ങളും നിനക്കു ലഭിച്ചു; അതേസമയം ലാസർ എല്ലാവിധ കഷ്ടതകളും അനുഭവിച്ചു എന്നും ഓർക്കുക. എന്നാൽ ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു; നീയാകട്ടെ വേദനപ്പെടുന്നു. ഇവിടെനിന്നു നിങ്ങളുടെ അടുക്കലേക്കു കടന്നുവരാനോ, അവിടെനിന്ന് ഇങ്ങോട്ടു കടക്കുവാനോ കഴിയാത്തവിധം ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ അഗാധമായ ഒരു പിളർപ്പുണ്ട്. അപ്പോൾ അയാൾ പറഞ്ഞു: ‘എന്നാൽ പിതാവേ, ഒരു കാര്യം ചെയ്യണമേ! എന്റെ ഭവനത്തിലേക്കു ലാസറിനെ അയച്ചാലും; എനിക്ക് അഞ്ചു സഹോദരന്മാരുണ്ട്; അവരെങ്കിലും ഈ കഠിനയാതനയുടെ സ്ഥലത്തു വരാതിരിക്കുവാൻ അയാൾ അവർക്കു മുന്നറിയിപ്പു നല്‌കട്ടെ.’ “എന്നാൽ അബ്രഹാം അതിനു മറുപടിയായി ‘അവർക്ക് മോശയുടെ നിയമസംഹിതയും പ്രവാചകന്മാരുടെ പ്രബോധനങ്ങളുമുണ്ട്; നിന്റെ സഹോദരന്മാർ അവരുടെ വാക്കുകൾ ശ്രദ്ധിക്കട്ടെ.’ അപ്പോൾ അയാൾ പറഞ്ഞു: ‘അങ്ങനെയല്ല പിതാവേ, മരിച്ച ഒരാൾ അവരുടെ അടുക്കൽ മടങ്ങിച്ചെന്നാൽ അവർ അനുതപിക്കാതിരിക്കുകയില്ല.’ അബ്രഹാം അതിനു ‘മോശയെയും പ്രവാചകന്മാരെയും ചെവിക്കൊള്ളാത്തവൻ, ഒരുവൻ ഉയിർത്തെഴുന്നേറ്റു ചെന്നാലും വിശ്വസിക്കുവാൻ പോകുന്നില്ല’ എന്നു മറുപടി പറഞ്ഞു.
LUKA 16 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: LUKA 16:19-31
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ