ലൂക്കൊസ് 1:68-75
ലൂക്കൊസ് 1:68-75 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
“യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്കയും ആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തതുപോലെ നമ്മുടെ ശത്രുക്കളുടെ വശത്തുനിന്നും നമ്മെ പകയ്ക്കുന്ന ഏവരുടെയും കൈയിൽനിന്നും നമ്മെ രക്ഷിപ്പാൻ തന്റെ ദാസനായ ദാവീദിന്റെ ഗൃഹത്തിൽ നമുക്കു രക്ഷയുടെ കൊമ്പ് ഉയർത്തുകയും ചെയ്തിരിക്കുന്നത്, നമ്മുടെ പിതാക്കന്മാരോടു കരുണ പ്രവർത്തിക്കേണ്ടതിനും നമ്മുടെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷിക്കപ്പെട്ട്, നാം ആയുഷ്കാലമൊക്കെയും ഭയംകൂടാതെ തിരുമുമ്പിൽ വിശുദ്ധിയിലും നീതിയിലും തന്നെ ആരാധിപ്പാൻ നമുക്കു കൃപ നല്കുമെന്ന് അവൻ നമ്മുടെ പിതാവായ അബ്രാഹാമിനോടു ചെയ്ത സത്യവും തന്റെ വിശുദ്ധനിയമവും ഓർത്തതുകൊണ്ടും ആകുന്നു.
ലൂക്കൊസ് 1:68-75 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ഇസ്രായേലിന്റെ ദൈവമായ കർത്താവു വാഴ്ത്തപ്പെട്ടവൻ: അവിടുന്നു തന്റെ ജനത്തെ സന്ദർശിക്കുകയും അവരെ സ്വതന്ത്രരാക്കുകയും ചെയ്തിരിക്കുന്നു. ആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാരിലൂടെ അവിടുന്ന് അരുൾചെയ്തപ്രകാരം നമ്മുടെ ശത്രുക്കളിൽനിന്നും നമ്മെ ദ്വേഷിക്കുന്ന എല്ലാവരുടെയും കൈകളിൽനിന്നും നമ്മെ രക്ഷിക്കുവാൻ തന്റെ ദാസനായ ദാവീദിന്റെ വംശത്തിൽ നിന്നു ശക്തനായ ഒരു രക്ഷകനെ അവിടുന്നു നമുക്കു നല്‌കിയിരിക്കുന്നു. നമ്മുടെ പൂർവപിതാക്കന്മാരോടു ചെയ്ത വാഗ്ദാനമനുസരിച്ച് അവിടുന്നു തന്റെ ദാസരായ ഇസ്രായേൽജനതയെ കാരുണ്യപൂർവം ഓർത്ത് അവരെ സഹായിച്ചിരിക്കുന്നു. അബ്രഹാമിനോടും തന്റെ സന്താന പരമ്പരകളോടും കരുണ കാണിക്കുകയും ചെയ്തിരിക്കുന്നു. നമ്മുടെ ആയുഷ്കാലം മുഴുവനും നീതിയോടും വിശുദ്ധിയോടുംകൂടി നിർഭയം തിരുമുമ്പിൽ ആരാധിക്കുന്നതിനു വേണ്ടി ശത്രുക്കളുടെ കരങ്ങളിൽനിന്നു നമ്മെ രക്ഷിക്കുവാൻ കൃപയരുളുമെന്ന് നമ്മുടെ പിതാവായ അബ്രഹാമിനോട് ദൈവം ചെയ്ത പ്രതിജ്ഞയെയും വിശുദ്ധഉടമ്പടിയെയും അനുസ്മരിച്ചു കൊണ്ട് അവിടുന്നു തന്റെ വാഗ്ദാനം നിറവേറ്റിയിരിക്കുന്നു.
ലൂക്കൊസ് 1:68-75 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“യിസ്രായേലിന്‍റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവിടുന്ന് തന്‍റെ ജനത്തെ സന്ദർശിച്ചു അവരെ സ്വതന്ത്രരാക്കും. ആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാരിലൂടെ അരുളിച്ചെയ്തതുപോലെ അവിടുന്ന് ശക്തനായ രക്ഷകനെ തന്‍റെ ദാസനായ ദാവീദിന്‍റെ സന്തതി പരമ്പരകളിൽ നിന്നു നമുക്ക് നൽകിയിരിക്കുന്നു. അവിടുന്ന് നമ്മെ നമ്മുടെ ശത്രുക്കളിൽ നിന്നും, നമ്മെ വെറുക്കുന്നവരുടെ കയ്യിൽനിന്നും, രക്ഷിക്കും എന്നു വാഗ്ദത്തം ചെയ്തിരിക്കുന്നു. അങ്ങനെ നമ്മുടെ പിതാക്കന്മാരോട് കരുണ കാണിക്കുകയും, അവരോട് ചെയ്ത വിശുദ്ധ ഉടമ്പടി നിറവേറ്റുകയും ചെയ്തു. നമ്മുടെ പൂർവ്വപിതാവായ അബ്രാഹാമിനോട് സത്യം ചെയ്തതാണു ഈ ഉടമ്പടി. നമ്മെ ശത്രുക്കളുടെ കയ്യിൽനിന്നും വിടുവിക്കുവാനും നമ്മുടെ ആയുഷ്ക്കാലം മുഴുവനും ഭയംകൂടാതെ തിരുമുമ്പിൽ വിശുദ്ധിയോടും നീതിയോടും കൂടെ അവനെ സേവിക്കുവാൻ നമുക്കു കൃപ നൽകും എന്നായിരുന്നു ആ ഉടമ്പടി.
ലൂക്കൊസ് 1:68-75 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
“യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്കയും ആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തതുപോലെ നമ്മുടെ ശത്രുക്കളുടെ വശത്തു നിന്നും നമ്മെ പകെക്കുന്ന ഏവരുടെയും കയ്യിൽ നിന്നും നമ്മെ രക്ഷിപ്പാൻ തന്റെ ദാസനായ ദാവീദിന്റെ ഗൃഹത്തിൽ നമുക്കു രക്ഷയുടെ കൊമ്പു ഉയർത്തുകയും ചെയ്തിരിക്കുന്നതു, നമ്മുടെ പിതാക്കന്മാരോടു കരുണ പ്രവർത്തിക്കേണ്ടതിന്നും നമ്മുടെ ശത്രുക്കളുടെ കയ്യിൽ നിന്നു രക്ഷിക്കപ്പെട്ടു നാം ആയുഷ്ക്കാലം ഒക്കെയും ഭയം കൂടാതെ തിരുമുമ്പിൽ വിശുദ്ധിയിലും നീതിയിലും തന്നെ ആരാധിപ്പാൻ നമുക്കു കൃപ നല്കുമെന്നു അവൻ നമ്മുടെ പിതാവായ അബ്രാഹാമിനോടു സത്യവും തന്റെ വിശുദ്ധ നിയമവും ഓർത്തതുകൊണ്ടും ആകുന്നു.
ലൂക്കൊസ് 1:68-75 സമകാലിക മലയാളവിവർത്തനം (MCV)
“ഇസ്രായേലിന്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെട്ടവൻ; അവിടന്ന് തന്റെ ജനത്തെ സന്ദർശിച്ച് വിമുക്തരാക്കിയിരിക്കുന്നു. ദൈവം പുരാതനകാലത്ത് അവിടത്തെ വിശുദ്ധപ്രവാചകന്മാരിലൂടെ അരുളിച്ചെയ്തിരുന്നതുപോലെതന്നെ, തന്റെ ദാസനായ ദാവീദുരാജാവിന്റെ വംശത്തിൽനിന്നുതന്നെ; സർവശക്തനായ ഒരു രക്ഷകനെ നമുക്കായി അയച്ചിരിക്കുന്നു. ഇത് നമ്മുടെ ശത്രുക്കളിൽനിന്നും നമ്മെ വെറുക്കുന്ന എല്ലാവരുടെയും കൈയിൽനിന്നും നമ്മെ രക്ഷിക്കേണ്ടതിനും നമ്മുടെ പൂർവികരോടു കരുണ കാണിക്കേണ്ടതിനും നമ്മുടെ പിതാവായ അബ്രാഹാമിനോടു ശപഥംചെയ്ത വിശുദ്ധ ഉടമ്പടി ഓർക്കേണ്ടതിനും ശത്രുക്കളുടെ കൈയിൽനിന്ന് നമ്മെ സ്വതന്ത്രരാക്കേണ്ടതിനും തിരുസന്നിധിയിൽ വിശുദ്ധിയോടും നീതിനിഷ്ഠയോടുംകൂടെ നമ്മുടെ ആയുസ്സുമുഴുവനും ഭയംകൂടാതെ നാം അവിടത്തെ സേവിക്കേണ്ടതിനുംകൂടിയാണ്!