ലൂക്കൊസ് 1:5-7
ലൂക്കൊസ് 1:5-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്ത് അബീയാക്കൂറിൽ സെഖര്യാവ് എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരിൽ ഒരുത്തി ആയിരുന്നു; അവൾക്ക് എലീശബെത്ത് എന്നു പേർ. ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുറ്റമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു. എലീശബെത്ത് മച്ചിയാകകൊണ്ട് അവർക്കു സന്തതി ഇല്ലാഞ്ഞു; ഇരുവരും വയസ്സുചെന്നവരും ആയിരുന്നു.
ലൂക്കൊസ് 1:5-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെഹൂദ്യയിലെ രാജാവായ ഹേരോദായുടെ ഭരണകാലത്തു സഖറിയാ എന്നൊരു പുരോഹിതനുണ്ടായിരുന്നു. അബിയാ എന്ന പുരോഹിതവിഭാഗത്തിൽപെട്ടവനായിരുന്നു സഖറിയാ. അദ്ദേഹത്തിന്റെ ഭാര്യ എലിസബെത്തും പുരോഹിതനായ അഹരോന്റെ വംശജയായിരുന്നു. അവരിരുവരും ദൈവമുമ്പാകെ നീതിനിഷ്ഠരായി, ദൈവത്തിന്റെ എല്ലാ കല്പനകളും അനുശാസനങ്ങളും അനുസരിച്ചു കുറ്റമറ്റവരായി ജീവിച്ചിരുന്നു. എങ്കിലും എലിസബെത്തു വന്ധ്യ ആയിരുന്നതിനാൽ അവർക്കു സന്താനസൗഭാഗ്യം ലഭിച്ചിരുന്നില്ല. അവരിരുവരും വയോവൃദ്ധരുമായിരുന്നു.
ലൂക്കൊസ് 1:5-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യെഹൂദ്യരാജാവായ ഹെരോദാവിൻ്റെ ഭരണകാലത്ത് അഹീയാവിന്റെ പൗരോഹിത്യ ഗണത്തിൽ ഉൾപ്പെട്ടിരുന്ന സെഖര്യാവ് എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരിൽ ഒരുവൾ ആയിരുന്നു; അവൾക്ക് എലിസബെത്ത് എന്നു പേർ. ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളും ന്യായങ്ങളും അനുസരിക്കുന്നവരും ആയിരുന്നു. എലിസബെത്ത് വന്ധ്യയായിരുന്നതു കൊണ്ടു അവർക്ക് മക്കൾ ഇല്ലായിരുന്നു; ഇരുവരും വൃദ്ധരും ആയിരുന്നു.
ലൂക്കൊസ് 1:5-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്തു അബീയാക്കൂറിൽ സെഖര്യാവു എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരിൽ ഒരുത്തി ആയിരുന്നു; അവൾക്കു എലീശബെത്ത് എന്നു പേർ. ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു. എലീശബെത്ത് മച്ചിയാകകൊണ്ടു അവർക്കു സന്തതി ഇല്ലാഞ്ഞു; ഇരുവരും വയസ്സു ചെന്നവരും ആയിരുന്നു.
ലൂക്കൊസ് 1:5-7 സമകാലിക മലയാളവിവർത്തനം (MCV)
യെഹൂദ്യയിൽ ഹെരോദാരാജാവിന്റെ ഭരണകാലത്ത്, അബീയാവിന്റെ പൗരോഹിത്യവിഭാഗത്തിൽ, സെഖര്യാവ് എന്നു പേരുള്ള ഒരു പുരോഹിതൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തും അഹരോന്യവംശജയായിരുന്നു. അവരിരുവരും ദൈവത്തിനുമുമ്പാകെ നീതിനിഷ്ഠരും കർത്താവിന്റെ ഉത്തരവുകളും അനുഷ്ഠാനങ്ങളും അനുവർത്തിക്കുന്നതിൽ കുറ്റമറ്റവരുമായിരുന്നു. എലിസബത്ത് വന്ധ്യയായിരുന്നതിനാൽ അവർക്ക് മക്കളുണ്ടായിരുന്നില്ല; അവരിരുവരും വയോധികരുമായിരുന്നു.