ലേവ്യാപുസ്തകം 7:28-38
ലേവ്യാപുസ്തകം 7:28-38 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: യഹോവയ്ക്കു സമാധാനയാഗം അർപ്പിക്കുന്നവൻ തന്റെ സമാധാനയാഗത്തിൽനിന്ന് യഹോവയ്ക്കു വഴിപാടു കൊണ്ടുവരേണം. സ്വന്തം കൈയാൽ അവൻ അതു യഹോവയുടെ ദഹനയാഗമായി കൊണ്ടുവരേണം; യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യേണ്ടതിനു നെഞ്ചോടുകൂടെ മേദസ്സും കൊണ്ടുവരേണം. പുരോഹിതൻ മേദസ്സ് യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; എന്നാൽ നെഞ്ച് അഹരോനും പുത്രന്മാർക്കും ഇരിക്കേണം. നിങ്ങളുടെ സമാധാനയാഗങ്ങളിൽ വലത്തെ കൈക്കുറക് ഉദർച്ചാർപ്പണത്തിനായി നിങ്ങൾ പുരോഹിതന്റെ പക്കൽ കൊടുക്കേണം. അഹരോന്റെ പുത്രന്മാരിൽ സമാധാനയാഗങ്ങളുടെ രക്തവും മേദസ്സും അർപ്പിക്കുന്നവനുതന്നെ വലത്തെ കൈക്കുറക് ഓഹരിയായിരിക്കേണം. യിസ്രായേൽമക്കളുടെ സമാധാനയാഗങ്ങളിൽനിന്നു നീരാജനത്തിന്റെ നെഞ്ചും ഉദർച്ചയുടെ കൈക്കുറകും ഞാൻ എടുത്ത് പുരോഹിതനായ അഹരോനും പുത്രന്മാർക്കും യിസ്രായേൽമക്കളിൽനിന്നുള്ള ശാശ്വതാവകാശമായി കൊടുത്തിരിക്കുന്നു. ഇത് അഹരോനെയും പുത്രന്മാരെയും യഹോവയ്ക്കു പുരോഹിതശുശ്രൂഷ ചെയ്വാൻ പ്രതിഷ്ഠിച്ച നാൾമുതൽ യഹോവയുടെ ദഹനയാഗങ്ങളിൽനിന്ന് അഹരോനുള്ള ഓഹരിയും അവന്റെ പുത്രന്മാർക്കുള്ള ഓഹരിയും ആകുന്നു. യിസ്രായേൽമക്കൾ അത് അവർക്കു കൊടുക്കേണമെന്നു താൻ അവരെ അഭിഷേകം ചെയ്ത നാളിൽ യഹോവ കല്പിച്ചു; അത് അവർക്കു തലമുറതലമുറയായി ശാശ്വതാവകാശമാകുന്നു. ദഹനയാഗം, ഭോജനയാഗം, പാപയാഗം, അകൃത്യയാഗം, കരപൂരണയാഗം, സമാധാനയാഗം എന്നിവയെ സംബന്ധിച്ചുള്ള പ്രമാണം ഇതുതന്നെ. യഹോവയ്ക്കു തങ്ങളുടെ വഴിപാടുകൾ കഴിപ്പാൻ അവൻ യിസ്രായേൽമക്കളോടു സീനായി മരുഭൂമിയിൽ വച്ച് അരുളിച്ചെയ്ത നാളിൽ യഹോവ മോശെയോടു സീനായി പർവതത്തിൽവച്ച് ഇവ കല്പിച്ചു.
ലേവ്യാപുസ്തകം 7:28-38 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ മോശയോടരുളിച്ചെയ്തു: ഇസ്രായേൽജനത്തോടു പറയുക, സമാധാനയാഗത്തിനു കൊണ്ടുവരുന്ന വഴിപാടിൽ ഒരംശം സർവേശ്വരനുള്ള സവിശേഷ കാഴ്ചയായിരിക്കട്ടെ. അർപ്പിക്കുന്നവൻ അതു കൈകളിൽ വഹിച്ചു കൊണ്ടുവരണം. യാഗമൃഗത്തിന്റെ നെഞ്ചും അതിന്മേലുള്ള മേദസ്സും അങ്ങനെ കൊണ്ടുവരണം. നെഞ്ച് സർവേശ്വരന്റെ സന്നിധിയിൽ നീരാജനം ചെയ്യണം. മേദസ്സു യാഗപീഠത്തിൽവച്ചു പുരോഹിതൻ ദഹിപ്പിക്കണം. നെഞ്ച് അഹരോന്യപുരോഹിതന്മാർക്കുള്ളതായിരിക്കും. സമാധാനയാഗത്തിലെ മൃഗത്തിന്റെ വലതു തുട, രക്തവും മേദസ്സും അർപ്പിക്കുന്ന അഹരോന്യപുരോഹിതനു പ്രത്യേക അവകാശമായി നല്‌കണം. ഇസ്രായേൽജനത അർപ്പിക്കുന്ന സമാധാനയാഗത്തിൽ നീരാജനം ചെയ്യപ്പെട്ട നെഞ്ചും അർപ്പിക്കപ്പെട്ട തുടയും ഇസ്രായേൽജനങ്ങളിൽനിന്ന് എടുത്ത് അഹരോന്യപുരോഹിതന്മാർക്കു ശാശ്വതാവകാശമായി ഞാൻ നല്‌കിയിരിക്കുന്നു. അഹരോന്റെ പുത്രന്മാർ സർവേശ്വരനു പുരോഹിതശുശ്രൂഷ ചെയ്യാൻ അഭിഷിക്തരാകുന്ന ദിവസംമുതൽ സർവേശ്വരനുള്ള ഹോമയാഗത്തിൽനിന്ന് അവർക്കു ലഭിക്കേണ്ട ഓഹരിയാണിത്. അഭിഷേകദിവസംമുതൽ ഈ ഓഹരി പുരോഹിതന്മാർക്കു കൊടുക്കണമെന്ന് അവിടുന്ന് ഇസ്രായേൽജനത്തോടു കല്പിച്ചിട്ടുണ്ട്. ഇതു തലമുറകളായി പാലിക്കേണ്ട നിയമമാകുന്നു. ഹോമയാഗം, ധാന്യയാഗം, പാപപരിഹാരയാഗം, പ്രായശ്ചിത്തയാഗം, പൗരോഹിത്യാഭിഷേകത്തിനുള്ള യാഗം, സമാധാനയാഗം എന്നിവയുടെ നിയമം ഇതാണ്. ഇസ്രായേൽജനം തനിക്കു വഴിപാട് അർപ്പിക്കണമെന്നു മരുഭൂമിയിൽ സീനായ്മലയിൽവച്ച് സർവേശ്വരൻ കല്പന നല്‌കിയ ദിവസം അവിടുന്നു മോശയോട് ഇങ്ങനെ കല്പിച്ചു.
ലേവ്യാപുസ്തകം 7:28-38 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: “നീ യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘യഹോവയ്ക്കു സമാധാനയാഗം അർപ്പിക്കുന്നവൻ തന്റെ സമാധാനയാഗത്തിൽനിന്ന് യഹോവയ്ക്കു വഴിപാട് കൊണ്ടുവരേണം. സ്വന്തകൈയാൽ അവൻ അത് യഹോവയുടെ ദഹനയാഗമായി കൊണ്ടുവരേണം; നെഞ്ചോടുകൂടി മേദസ്സും അവൻ കൊണ്ടുവരേണം. നെഞ്ച് യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യേണം. പുരോഹിതൻ മേദസ്സു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; എന്നാൽ നെഞ്ച് അഹരോനും പുത്രന്മാർക്കും ഉള്ളതായിരിക്കേണം. നിങ്ങളുടെ സമാധാനയാഗങ്ങളിൽ വലത്തെ കൈക്കുറക് ഉദർച്ചാർപ്പണത്തിനായി നിങ്ങൾ പുരോഹിതന്റെ പക്കൽ കൊടുക്കേണം. അഹരോന്റെ പുത്രന്മാരിൽ സമാധാനയാഗങ്ങളുടെ രക്തവും മേദസ്സും അർപ്പിക്കുന്നവനു തന്നെ വലത്തെ കൈക്കുറക് ഓഹരിയായിരിക്കണം. യിസ്രായേൽ മക്കളുടെ സമാധാനയാഗങ്ങളിൽനിന്നു നീരാജനത്തിൻ്റെ നെഞ്ചും ഉദർച്ചയുടെ കൈക്കുറകും ഞാൻ എടുത്ത് പുരോഹിതനായ അഹരോനും പുത്രന്മാർക്കും യിസ്രായേൽമക്കളിൽനിന്നുള്ള ശാശ്വതാവകാശമായി കൊടുത്തിരിക്കുന്നു.” ഇത് അഹരോനെയും പുത്രന്മാരെയും മോശെ യഹോവയ്ക്കു പുരോഹിതശുശ്രൂഷ ചെയ്യുവാൻ പ്രതിഷ്ഠിച്ച നാൾമുതൽ യഹോവയുടെ ദഹനയാഗങ്ങളിൽനിന്ന് അഹരോനുള്ള ഓഹരിയും അവന്റെ പുത്രന്മാർക്കുള്ള ഓഹരിയും ആകുന്നു. യിസ്രായേൽ മക്കൾ നെഞ്ചും കൈക്കുറകും അവർക്ക് കൊടുക്കണമെന്നു താൻ അവരെ അഭിഷേകം ചെയ്തനാളിൽ യഹോവ കല്പിച്ചു; അത് അവർക്ക് തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു. ദഹനയാഗം, ഭോജനയാഗം, പാപയാഗം, അകൃത്യയാഗം, പൌരോഹിത്യാഭിഷേകത്തിനുള്ളയാഗം, സമാധാനയാഗം എന്നിവയെ സംബന്ധിച്ചുള്ള പ്രമാണം ഇതുതന്നെ. യഹോവയ്ക്കു തങ്ങളുടെ വഴിപാടുകൾ കഴിക്കുവാൻ അവിടുന്ന് യിസ്രായേൽ മക്കളോടു സീനായിമരുഭൂമിയിൽവച്ച് അരുളിച്ചെയ്ത നാളിൽ യഹോവ മോശെയോടു സീനായിപർവ്വതത്തിൽവച്ച് ഇവ കല്പിച്ചു.
ലേവ്യാപുസ്തകം 7:28-38 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: യഹോവെക്കു സമാധാനയാഗം അർപ്പിക്കുന്നവൻ തന്റെ സമാധാനയാഗത്തിൽനിന്നു യഹോവെക്കു വഴിപാടു കൊണ്ടുവരേണം. സ്വന്തകയ്യാൽ അവൻ അതു യഹോവയുടെ ദഹനയാഗമായി കൊണ്ടുവരേണം; യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യേണ്ടതിന്നു നെഞ്ചോടുകൂടെ മേദസ്സും കൊണ്ടുവരേണം. പുരോഹിതൻ മേദസ്സു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; എന്നാൽ നെഞ്ചു അഹരോനും പുത്രന്മാർക്കും ഇരിക്കേണം. നിങ്ങളുടെ സമാധാനയാഗങ്ങളിൽ വലത്തെ കൈക്കുറകു ഉദർച്ചാർപ്പണത്തിന്നായി നിങ്ങൾ പുരോഹിതന്റെ പക്കൽ കൊടുക്കേണം. അഹരോന്റെ പുത്രന്മാരിൽ സമാധാനയാഗങ്ങളുടെ രക്തവും മേദസ്സും അർപ്പിക്കുന്നവന്നു തന്നേ വലത്തെ കൈക്കുറകു ഓഹരിയായിരിക്കേണം. യിസ്രായേൽമക്കളുടെ സമാധാനയാഗങ്ങളിൽനിന്നു നീരാജനത്തിന്റെ നെഞ്ചും ഉദർച്ചയുടെ കൈക്കുറകും ഞാൻ എടുത്തു പുരോഹിതനായ അഹരോന്നും പുത്രന്മാർക്കും യിസ്രായേൽമക്കളിൽനിന്നുള്ള ശാശ്വതാവകാശമായി കൊടുത്തിരിക്കുന്നു. ഇതു അഹരോനെയും പുത്രന്മാരെയും യഹോവെക്കു പുരോഹിതശുശ്രൂഷ ചെയ്വാൻ പ്രതിഷ്ഠിച്ച നാൾമുതൽ യഹോവയുടെ ദഹനയാഗങ്ങളിൽനിന്നു അഹരോന്നുള്ള ഓഹരിയും അവന്റെ പുത്രന്മാർക്കുള്ള ഓഹരിയും ആകുന്നു. യിസ്രായേൽമക്കൾ അതു അവർക്കു കൊടുക്കേണമെന്നു താൻ അവരെ അഭിഷേകം ചെയ്തനാളിൽ യഹോവ കല്പിച്ചു; അതു അവർക്കു തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു. ദഹനയാഗം, ഭോജനയാഗം, പാപയാഗം, അകൃത്യയാഗം, കരപൂരണയാഗം, സമാധാനയാഗം എന്നിവയെ സംബന്ധിച്ചുള്ള പ്രമാണം ഇതു തന്നേ. യഹോവെക്കു തങ്ങളുടെ വഴിപാടുകൾ കഴിപ്പാൻ അവൻ യിസ്രായേൽമക്കളോടു സീനായിമരുഭൂമിയിൽവെച്ചു അരുളിച്ചെയ്ത നാളിൽ യഹോവ മോശെയോടു സീനായിപർവ്വതത്തിൽവെച്ചു ഇവ കല്പിച്ചു.
ലേവ്യാപുസ്തകം 7:28-38 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്യരോടു പറയുക: ‘യഹോവയ്ക്കു സമാധാനയാഗം കൊണ്ടുവരുന്നയാൾ അതിന്റെ ഭാഗം ആ മനുഷ്യന്റെ യാഗമായി യഹോവയ്ക്ക് അർപ്പിക്കണം. അയാൾ സ്വന്തം കൈയാൽ യഹോവയ്ക്കു ദഹനയാഗം കൊണ്ടുവരണം; അവൻ നെഞ്ചോടുകൂടെ മേദസ്സും കൊണ്ടുവന്ന് ഒരു വിശിഷ്ടയാഗമായി നെഞ്ച് യഹോവയുടെമുമ്പാകെ ഉയർത്തി അർപ്പിക്കുക. പുരോഹിതൻ മേദസ്സു യാഗപീഠത്തിൽ ദഹിപ്പിക്കണം, എന്നാൽ നെഞ്ച് അഹരോനും തന്റെ പുത്രന്മാർക്കുമുള്ളതാണ്. നിങ്ങളുടെ സമാധാനയാഗത്തിന്റെ വലതുതുട പുരോഹിതന് ഒരു സ്വമേധാദാനമായി കൊടുക്കണം. അഹരോന്റെ പുത്രന്മാരിൽ സമാധാനയാഗത്തിന്റെ രക്തവും മേദസ്സും അർപ്പിക്കുന്ന പുരോഹിതന് അവകാശപ്പെട്ടതാണ്, വലത്തെ തുട. ഇസ്രായേല്യരുടെ സമാധാനയാഗത്തിൽനിന്ന് ദൈവസന്നിധിയിൽ ഉയർത്തി അർപ്പിച്ച നെഞ്ചും വിശിഷ്ടയാഗാർപ്പണമായ വലതുതുടയും ഞാൻ എടുത്ത് അവയെ പുരോഹിതനായ അഹരോനും തന്റെ പുത്രന്മാർക്കും ഇസ്രായേല്യരിൽനിന്നുള്ള നിത്യാവകാശമായി കൊടുത്തിരിക്കുന്നു.’ ” അഹരോനെയും പുത്രന്മാരെയും യഹോവയ്ക്കു പുരോഹിതന്മാരായി സമർപ്പിച്ച നാളിൽ, യഹോവയ്ക്ക് അർപ്പിച്ച ദഹനയാഗങ്ങളിൽനിന്ന് അവർക്കുള്ള ഓഹരി ഇതാണ്. അവർ അഭിഷിക്തരായ ദിവസം, ഇസ്രായേല്യർ ഇത് അവർക്ക് അവരുടെ നിത്യാവകാശമായി എല്ലാ തലമുറകളിലും നൽകണമെന്ന് യഹോവ കൽപ്പിച്ചു. ഇവയാണ്, ദഹനയാഗം, ഭോജനയാഗം, പാപശുദ്ധീകരണയാഗം, അകൃത്യയാഗം, പ്രതിഷ്ഠായാഗം, സമാധാനയാഗം എന്നിവയുടെ ചട്ടങ്ങൾ. സീനായിമരുഭൂമിയിൽവെച്ച് യഹോവയ്ക്ക് അവരുടെ വഴിപാടുകൾ കൊണ്ടുവരാൻ കൽപ്പിച്ച നാളിൽ യഹോവ സീനായിമലയിൽവെച്ച് മോശയ്ക്ക് ഈ കൽപ്പനകൾ ഇസ്രായേല്യർക്കു നൽകി.