ലേവ്യാപുസ്തകം 5:14-19
ലേവ്യാപുസ്തകം 5:14-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: ആരെങ്കിലും യഹോവയുടെ വിശുദ്ധവസ്തുക്കളെ സംബന്ധിച്ച് അബദ്ധവശാൽ അതിക്രമം ചെയ്തു പിഴച്ചു എങ്കിൽ അവൻ തന്റെ അകൃത്യത്തിനു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നീ മതിക്കുന്ന വിലയ്ക്കുള്ളതായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ അകൃത്യയാഗമായി യഹോവയ്ക്കു കൊണ്ടുവരേണം. വിശുദ്ധവസ്തുക്കളെ സംബന്ധിച്ചു താൻ പിഴച്ചതിനു പകരം മുതലും അതിനോട് അഞ്ചിലൊന്നു കൂട്ടിയും അവൻ പുരോഹിതനു കൊടുക്കേണം; പുരോഹിതൻ അകൃത്യയാഗത്തിനുള്ള ആട്ടുകൊറ്റനെക്കൊണ്ട് അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം. എന്നാൽ അത് അവനോടു ക്ഷമിക്കും. ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും ആരെങ്കിലും പിഴച്ചിട്ട് അവൻ അറിയാതിരുന്നാലും കുറ്റക്കാരനാകുന്നു; അവൻ തന്റെ കുറ്റം വഹിക്കേണം. അവൻ അകൃത്യയാഗത്തിനായി നിന്റെ മതിപ്പുപോലെ ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം; അവൻ അബദ്ധവശാൽ പിഴച്ചതും അറിയാതിരുന്നതുമായ പിഴയ്ക്കായി പുരോഹിതൻ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് അവനോടു ക്ഷമിക്കും. ഇത് അകൃത്യയാഗം; അവൻ യഹോവയോട് അകൃത്യം ചെയ്തുവല്ലോ.
ലേവ്യാപുസ്തകം 5:14-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: സർവേശ്വരന് അർപ്പിക്കേണ്ട വിശുദ്ധവസ്തുക്കളിൽ ഏതെങ്കിലും ഒന്നിനെ സംബന്ധിച്ച് ആരെങ്കിലും മനഃപൂർവമല്ലാതെ അവിശ്വസ്തത കാട്ടിയാൽ ദേവാലയത്തിലെ നിരക്കനുസരിച്ചു മതിപ്പുവിലയുള്ളതും കുറ്റമറ്റതുമായ ഒരു ആൺചെമ്മരിയാടിനെ പ്രായശ്ചിത്തവഴിപാടായി അർപ്പിക്കണം. കൂടാതെ താൻ അർപ്പിക്കേണ്ടിയിരുന്ന വിശുദ്ധവസ്തുവിന്റെ വില അതിന്റെ അഞ്ചിലൊന്നും ചേർത്തു പുരോഹിതനെ ഏല്പിക്കണം. പുരോഹിതൻ ആൺചെമ്മരിയാടിനെ പാപപരിഹാര യാഗമായി അർപ്പിച്ചു പ്രായശ്ചിത്തം ചെയ്യുമ്പോൾ അയാളുടെ കുറ്റം ക്ഷമിക്കപ്പെടും. സർവേശ്വരൻ വിലക്കിയിട്ടുള്ളവയിൽ ഏതെങ്കിലുമൊന്നു പ്രവർത്തിച്ചു പാപം ചെയ്യുന്നവൻ, അറിയാതെ ചെയ്തുപോയതാണെങ്കിലും കുറ്റക്കാരനാണ്. അവൻ അതിനു പ്രായശ്ചിത്തം ചെയ്യണം. പ്രായശ്ചിത്തയാഗത്തിനായി അവൻ ഊനമറ്റ ഒരു ആൺചെമ്മരിയാട്ടിൻകുട്ടിയെ പുരോഹിതന്റെ അടുത്തുകൊണ്ടുവരണം. പ്രായശ്ചിത്തയാഗത്തിനു വേണ്ട വിലമതിക്കുന്നതായിരിക്കണം അത്. പുരോഹിതൻ പ്രായശ്ചിത്തം ചെയ്യുമ്പോൾ അയാളുടെ കുറ്റം ക്ഷമിക്കപ്പെടും. സർവേശ്വരനെതിരായി ചെയ്ത കുറ്റത്തിന് അർപ്പിക്കേണ്ട പാപപരിഹാരയാഗം ഇതാണ്.
ലേവ്യാപുസ്തകം 5:14-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: “ഒരുവൻ യഹോവയുടെ വിശുദ്ധവസ്തുക്കളെ സംബന്ധിച്ച് അബദ്ധവശാൽ അതിക്രമം പ്രവർത്തിച്ചു പാപംചെയ്തു എങ്കിൽ അവൻ തന്റെ അകൃത്യത്തിനു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നീ നിശ്ചയിക്കുന്നത്ര വെള്ളി വിലയ്ക്ക് പകരം ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ അകൃത്യയാഗമായി യഹോവയ്ക്കു കൊണ്ടുവരേണം. വിശുദ്ധവസ്തുക്കളെ സംബന്ധിച്ചു താൻ ചെയ്ത തെറ്റിനു പകരം മുതലും അതിനോട് അഞ്ചിലൊന്നു കൂട്ടിയും അവൻ പുരോഹിതനു കൊടുക്കേണം; പുരോഹിതൻ അകൃത്യയാഗത്തിനുള്ള ആട്ടുകൊറ്റനെക്കൊണ്ട് അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് അവനോട് ക്ഷമിക്കും. “ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും ഒരുവൻ പാപംചെയ്തിട്ട് അവൻ അറിയാതിരുന്നാലും കുറ്റക്കാരനാകുന്നു; അവൻ തന്റെ കുറ്റം വഹിക്കേണം. അവൻ അകൃത്യയാഗത്തിനായി നിന്‍റെ വിലനിർണ്ണയം പോലെ ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം; അവൻ അബദ്ധവശാൽ തെറ്റുചെയ്തതും അറിയാതിരുന്നതുമായ തെറ്റിനായി പുരോഹിതൻ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് അവനോട് ക്ഷമിക്കും. ഇത് അകൃത്യയാഗം; അവൻ യഹോവയോട് അകൃത്യം ചെയ്തുവല്ലോ.”
ലേവ്യാപുസ്തകം 5:14-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ: ആരെങ്കിലും യഹോവയുടെ വിശുദ്ധവസ്തുക്കളെ സംബന്ധിച്ചു അബദ്ധവശാൽ അതിക്രമം ചെയ്തു പിഴെച്ചു എങ്കിൽ അവൻ തന്റെ അകൃത്യത്തിന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നീ മതിക്കുന്ന വിലെക്കുള്ളതായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ അകൃത്യയാഗമായി യഹോവെക്കു കൊണ്ടുവരേണം. വിശുദ്ധവസ്തുക്കളെ സംബന്ധിച്ചു താൻ പിഴെച്ചതിന്നു പകരം മുതലും അതിനോടു അഞ്ചിലൊന്നു കൂട്ടിയും അവൻ പുരോഹിതന്നു കൊടുക്കേണം; പുരോഹിതൻ അകൃത്യയാഗത്തിന്നുള്ള ആട്ടുകൊറ്റനെക്കൊണ്ടു അവന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു അവനോടു ക്ഷമിക്കും. ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ലകാര്യത്തിലും ആരെങ്കിലും പിഴെച്ചിട്ടു അവൻ അറിയാതിരുന്നാലും കുറ്റക്കാരനാകുന്നു; അവൻ തന്റെ കുറ്റം വഹിക്കേണം. അവൻ അകൃത്യയാഗത്തിന്നായി നിന്റെ മതിപ്പുപോലെ ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം; അവൻ അബദ്ധവശാൽ പിഴെച്ചതും അറിയാതിരുന്നതുമായ പിഴെക്കായി പുരോഹിതൻ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു അവനോടു ക്ഷമിക്കും. ഇതു അകൃത്യയാഗം; അവൻ യഹോവയോടു അകൃത്യം ചെയ്തുവല്ലോ.
ലേവ്യാപുസ്തകം 5:14-19 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ മോശയോട് അരുളിച്ചെയ്തു: “ഒരാൾ യഹോവയുടെ വിശുദ്ധകാര്യങ്ങളെ സംബന്ധിച്ച് മനഃപൂർവമല്ലാതെ പിഴവുപറ്റി പാപംചെയ്താൽ, ഊനമില്ലാത്തതും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നിർദിഷ്ട ശേക്കേൽ വെള്ളി വിലയുള്ളതുമായ ഒരു ആണാടിനെ ആട്ടിൻപറ്റത്തിൽനിന്ന് പ്രായശ്ചിത്തമായി യഹോവയ്ക്ക് അർപ്പിക്കണം. ഇത് അകൃത്യയാഗം. ഇതിനോടൊപ്പം വിശുദ്ധകാര്യങ്ങളെക്കുറിച്ചു തനിക്കു പിഴവുപറ്റിയതും അതിന്റെ അഞ്ചിലൊന്നും നഷ്ടപരിഹാരമായി ആ മനുഷ്യൻ പുരോഹിതനെ ഏൽപ്പിക്കണം. പുരോഹിതൻ അകൃത്യയാഗത്തിന്റെ ആണാടിനെ അർപ്പിച്ച് അവനുവേണ്ടി പ്രായശ്ചിത്തംചെയ്യും; എന്നാൽ അത് അവനോടു ക്ഷമിക്കും. “ആരെങ്കിലും പാപംചെയ്തു യഹോവയുടെ കൽപ്പനയിൽ ചെയ്യരുതെന്നു വിലക്കിയിട്ടുള്ള ഏതെങ്കിലും ലംഘിച്ചാൽ, ആ വ്യക്തിക്ക് അത് അറിഞ്ഞുകൂടെങ്കിലും അയാൾ കുറ്റക്കാരനാണ്; അതിന്റെ കുറ്റം അയാൾ വഹിക്കണം. ആ മനുഷ്യൻ ആട്ടിൻപറ്റത്തിൽനിന്ന് ഊനമില്ലാത്തതും ന്യായമായ വിലയുള്ളതുമായ ഒരു ആണാടിനെ അകൃത്യയാഗമായി പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം. ഈ വിധം പുരോഹിതൻ, അയാൾ അറിയാതെ ചെയ്ത തെറ്റിന്, അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അവനോടു ക്ഷമിക്കും. ഇത് അകൃത്യയാഗം; ആ മനുഷ്യൻ യഹോവയ്ക്കു വിരോധമായി തെറ്റുചെയ്ത കുറ്റക്കാരനായിരുന്നല്ലോ.”