ലേവ്യ 5:14-19

ലേവ്യ 5:14-19 MCV

യഹോവ മോശയോട് അരുളിച്ചെയ്തു: “ഒരാൾ യഹോവയുടെ വിശുദ്ധകാര്യങ്ങളെ സംബന്ധിച്ച് മനഃപൂർവമല്ലാതെ പിഴവുപറ്റി പാപംചെയ്താൽ, ഊനമില്ലാത്തതും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നിർദിഷ്ട ശേക്കേൽ വെള്ളി വിലയുള്ളതുമായ ഒരു ആണാടിനെ ആട്ടിൻപറ്റത്തിൽനിന്ന് പ്രായശ്ചിത്തമായി യഹോവയ്ക്ക് അർപ്പിക്കണം. ഇത് അകൃത്യയാഗം. ഇതിനോടൊപ്പം വിശുദ്ധകാര്യങ്ങളെക്കുറിച്ചു തനിക്കു പിഴവുപറ്റിയതും അതിന്റെ അഞ്ചിലൊന്നും നഷ്ടപരിഹാരമായി ആ മനുഷ്യൻ പുരോഹിതനെ ഏൽപ്പിക്കണം. പുരോഹിതൻ അകൃത്യയാഗത്തിന്റെ ആണാടിനെ അർപ്പിച്ച് അവനുവേണ്ടി പ്രായശ്ചിത്തംചെയ്യും; എന്നാൽ അത് അവനോടു ക്ഷമിക്കും. “ആരെങ്കിലും പാപംചെയ്തു യഹോവയുടെ കൽപ്പനയിൽ ചെയ്യരുതെന്നു വിലക്കിയിട്ടുള്ള ഏതെങ്കിലും ലംഘിച്ചാൽ, ആ വ്യക്തിക്ക് അത് അറിഞ്ഞുകൂടെങ്കിലും അയാൾ കുറ്റക്കാരനാണ്; അതിന്റെ കുറ്റം അയാൾ വഹിക്കണം. ആ മനുഷ്യൻ ആട്ടിൻപറ്റത്തിൽനിന്ന് ഊനമില്ലാത്തതും ന്യായമായ വിലയുള്ളതുമായ ഒരു ആണാടിനെ അകൃത്യയാഗമായി പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം. ഈ വിധം പുരോഹിതൻ, അയാൾ അറിയാതെ ചെയ്ത തെറ്റിന്, അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അവനോടു ക്ഷമിക്കും. ഇത് അകൃത്യയാഗം; ആ മനുഷ്യൻ യഹോവയ്ക്കു വിരോധമായി തെറ്റുചെയ്ത കുറ്റക്കാരനായിരുന്നല്ലോ.”