ലേവ്യാപുസ്തകം 26:1-20
ലേവ്യാപുസ്തകം 26:1-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വിഗ്രഹങ്ങളെ ഉണ്ടാക്കരുത്; ബിംബമോ സ്തംഭമോ നാട്ടരുത്; രൂപം കൊത്തിയ യാതൊരു കല്ലും നമസ്കരിപ്പാൻ നിങ്ങളുടെ ദേശത്തു നാട്ടുകയും അരുത്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. നിങ്ങൾ എന്റെ ശബ്ബത്തുകൾ ആചരിക്കയും എന്റെ വിശുദ്ധമന്ദിരം ബഹുമാനിക്കയും വേണം; ഞാൻ യഹോവ ആകുന്നു. എന്റെ ചട്ടം ആചരിച്ച് എന്റെ കല്പന പ്രമാണിച്ച് അനുസരിച്ചാൽ ഞാൻ തക്കസമയത്തു നിങ്ങൾക്കു മഴ തരും; ഭൂമി വിളവു തരും; ഭൂമിയിലുള്ള വൃക്ഷവും ഫലം തരും. നിങ്ങളുടെ മെതി മുന്തിരിപ്പഴം പറിക്കുന്നതുവരെ നില്ക്കും; മുന്തിരിപ്പഴം പറിക്കുന്നതു വിതകാലംവരെയും നില്ക്കും; നിങ്ങൾ തൃപ്തരായി അഹോവൃത്തി കഴിച്ചു ദേശത്തു നിർഭയം വസിക്കും. ഞാൻ ദേശത്തു സമാധാനം തരും; നിങ്ങൾ കിടക്കും; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല; ഞാൻ ദേശത്തുനിന്നു ദുഷ്ടമൃഗങ്ങളെ നീക്കിക്കളയും; വാൾ നിങ്ങളുടെ ദേശത്തുകൂടി കടക്കയുമില്ല. നിങ്ങളുടെ ശത്രുക്കളെ നിങ്ങൾ ഓടിക്കും; അവർ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും. നിങ്ങളിൽ അഞ്ചു പേർ നൂറു പേരെ ഓടിക്കും; നിങ്ങളിൽ നൂറു പേർ പതിനായിരം പേരെ ഓടിക്കും; നിങ്ങളുടെ ശത്രുക്കൾ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും. ഞാൻ നിങ്ങളെ കടാക്ഷിച്ചു സന്താനസമ്പന്നരാക്കി പെരുക്കുകയും നിങ്ങളോടുള്ള എന്റെ നിയമം സ്ഥിരമാക്കുകയും ചെയ്യും. നിങ്ങൾ പഴയ ധാന്യം ഭക്ഷിക്കയും പുതിയതിന്റെ നിമിത്തം പഴയതു പുറത്ത് ഇറക്കുകയും ചെയ്യും. ഞാൻ എന്റെ നിവാസം നിങ്ങളുടെ ഇടയിൽ ആക്കും; എന്റെ ഉള്ളം നിങ്ങളെ വെറുക്കയില്ല. ഞാൻ നിങ്ങളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരിക്കും; ഞാൻ നിങ്ങൾക്കു ദൈവവും നിങ്ങൾ എനിക്കു ജനവും ആയിരിക്കും. നിങ്ങൾ മിസ്രയീമ്യർക്ക് അടിമകളാകാതിരിപ്പാൻ അവരുടെ ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു; ഞാൻ നിങ്ങളുടെ നുകക്കൈകളെ ഒടിച്ചു നിങ്ങളെ നിവിർന്നു നടക്കുമാറാക്കിയിരിക്കുന്നു. എന്നാൽ നിങ്ങൾ എന്റെ വാക്ക് കേൾക്കാതെയും ഈ കല്പനകളൊക്കെയും പ്രമാണിക്കാതെയും എന്റെ ചട്ടങ്ങൾ ധിക്കരിച്ചു നിങ്ങളുടെ ഉള്ളം എന്റെ വിധികളെ വെറുത്തു നിങ്ങൾ എന്റെ കല്പനകളൊക്കെയും പ്രമാണിക്കാതെ എന്റെ നിയമം ലംഘിച്ചാൽ ഞാനും ഇങ്ങനെ നിങ്ങളോടു ചെയ്യും: കണ്ണിനെ മങ്ങിക്കുന്നതും ജീവനെ ക്ഷയിപ്പിക്കുന്നതുമായ ഭീതി, ക്ഷയരോഗം, ജ്വരം എന്നിവ ഞാൻ നിങ്ങളുടെമേൽ വരുത്തും; നിങ്ങളുടെ വിത്ത് നിങ്ങൾ വെറുതേ വിതയ്ക്കും; ശത്രുക്കൾ അതു ഭക്ഷിക്കും. ഞാൻ നിങ്ങളുടെനേരേ ദൃഷ്‍ടി വയ്ക്കും; നിങ്ങൾ ശത്രുക്കളോടു തോറ്റുപോകും; നിങ്ങളെ ദ്വേഷിക്കുന്നവർ നിങ്ങളെ ഭരിക്കും; ഓടിക്കുന്നവർ ഇല്ലാതെ നിങ്ങൾ ഓടും. ഇതെല്ലാം ആയിട്ടും നിങ്ങൾ എന്റെ വാക്ക് കേൾക്കാതിരുന്നാൽ നിങ്ങളുടെ പാപങ്ങൾ നിമിത്തം ഞാൻ നിങ്ങളെ ഏഴു മടങ്ങു ശിക്ഷിക്കും. ഞാൻ നിങ്ങളുടെ ബലത്തിന്റെ പ്രതാപം കെടുക്കും; നിങ്ങളുടെ ആകാശത്തെ ഇരുമ്പുപോലെയും ഭൂമിയെ ചെമ്പു പോലെയും ആക്കും. നിങ്ങളുടെ ശക്തി വെറുതേ ക്ഷയിച്ചുപോകും; നിങ്ങളുടെ ദേശം വിളവു തരാതെയും ദേശത്തിലെ വൃക്ഷം ഫലം കായിക്കാതെയും ഇരിക്കും.
ലേവ്യാപുസ്തകം 26:1-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആരാധനയ്‍ക്കായി വിഗ്രഹങ്ങളോ കൊത്തുരൂപമോ ഉണ്ടാക്കരുത്; സ്തംഭം നാട്ടരുത്; രൂപം കൊത്തിയ യാതൊരു കല്ലും നിങ്ങളുടെ ദേശത്തു സ്ഥാപിക്കുകയുമരുത്. ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു. എന്റെ ശബത്തുകൾ ആചരിക്കുക; വിശുദ്ധമന്ദിരത്തെ ബഹുമാനിക്കുക; ഞാൻ സർവേശ്വരനാകുന്നു. എന്റെ ചട്ടങ്ങൾ പാലിക്കുകയും കല്പനകൾ അനുസരിക്കുകയും ചെയ്താൽ യഥാകാലം ഞാൻ നിങ്ങൾക്കു മഴ തരികയും ഭൂമി വിളവു നല്‌കുകയും വൃക്ഷങ്ങൾ സമൃദ്ധമായ ഫലം തരികയും ചെയ്യും. നിങ്ങളുടെ ധാന്യ വിളവെടുപ്പ് മുന്തിരിപ്പഴം പറിക്കുന്നതുവരെയും, മുന്തിരി വിളവെടുപ്പ് അടുത്ത വിതക്കാലംവരെയും നീണ്ടുനില്‌ക്കും. നിങ്ങൾ തൃപ്തിയാകുവോളം ഭക്ഷിച്ച്, ദേശത്തു സുരക്ഷിതരായി പാർക്കും. നിങ്ങളുടെ ദേശത്തു ഞാൻ സമാധാനം സ്ഥാപിക്കും; നിങ്ങൾ നിർഭയരായി കിടന്നുറങ്ങും. ദുഷ്ടമൃഗങ്ങളെ ഞാൻ നാട്ടിൽനിന്നു തുരത്തും. നിങ്ങളുടെ ദേശത്തു യുദ്ധം ഉണ്ടാകുകയില്ല. നിങ്ങളുടെ ശത്രുക്കളെ ഞാൻ പിന്തുടർന്നോടിക്കും. അവർ നിങ്ങളുടെ മുമ്പിൽ വാളിനിരയായി വീഴും. നിങ്ങളിൽ അഞ്ചു പേർ നൂറു പേരെയും, നൂറു പേർ പതിനായിരം പേരെയും പിന്തുടർന്നോടിക്കും. നിങ്ങളുടെ ശത്രുക്കൾ നിങ്ങളുടെ മുമ്പിൽ വാളിനിരയായിത്തീരും. ഞാൻ നിങ്ങളെ കടാക്ഷിക്കും; നിങ്ങളെ സന്താനസമ്പന്നരാക്കും. നിങ്ങളോടുള്ള എന്റെ ഉടമ്പടി സ്ഥിരീകരിക്കും. നിങ്ങൾക്കു ഭക്ഷിക്കാൻ പഴയ ധാന്യശേഖരം ധാരാളമുണ്ടായിരിക്കും. പുതിയ വിളവു സംഭരിക്കാൻ പഴയതു നീക്കേണ്ടിവരും. ഞാൻ നിങ്ങളുടെ ഇടയിൽ വസിക്കും; ഞാൻ നിങ്ങളെ ഉപേക്ഷിക്കയില്ല. ഞാൻ എപ്പോഴും നിങ്ങളുടെ ഇടയിൽ വ്യാപരിക്കും. ഞാൻ നിങ്ങൾക്കു ദൈവവും നിങ്ങൾ എന്റെ ജനവുമായിരിക്കും. ഈജിപ്തിലുള്ള നിങ്ങളുടെ അടിമത്തം അവസാനിപ്പിച്ച് അവിടെനിന്നു നിങ്ങളെ കൊണ്ടുവന്ന ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു. ഞാൻ നിങ്ങളുടെ നുകം തകർത്ത് തല ഉയർത്തി നടക്കുമാറാക്കി. നിങ്ങൾ എന്റെ വാക്കു കേൾക്കാതെയും എന്റെ കല്പനകൾ പാലിക്കാതെയും ജീവിച്ചാൽ, എന്റെ ചട്ടങ്ങൾ നിരാകരിക്കുകയും എന്റെ കല്പനകൾ അനുസരിക്കാതെ എന്റെ ഉടമ്പടി ലംഘിക്കുകയും ചെയ്താൽ, ഞാൻ നിങ്ങളോട് ഇങ്ങനെ ചെയ്യും: ഞാൻ നിങ്ങളുടെമേൽ ഭീതി വരുത്തും. കാഴ്ച കെടുത്തുന്നതും ജീവനാശം വരുത്തുന്നതുമായ ക്ഷയവും ജ്വരവും ഞാൻ അയയ്‍ക്കും. നിങ്ങൾ വിതയ്‍ക്കുന്നതു വ്യർഥമാകും. നിങ്ങളുടെ ശത്രുക്കളായിരിക്കും അതു ഭക്ഷിക്കുക. ഞാൻ നിങ്ങൾക്കെതിരെ മുഖം തിരിക്കും; ശത്രുക്കളുടെ മുമ്പിൽ നിങ്ങൾ വീണുപോകും. നിങ്ങളുടെ ശത്രുക്കൾ നിങ്ങളുടെമേൽ വാഴും. ആരും പിന്തുടരാത്തപ്പോഴും നിങ്ങൾ വിരണ്ടോടും. എന്നിട്ടും നിങ്ങൾ എന്നെ അനുസരിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പാപങ്ങൾക്കുള്ള ശിക്ഷ ഏഴിരട്ടിയായി ഞാൻ വർധിപ്പിക്കും. ശക്തിയിലുള്ള നിങ്ങളുടെ അഹങ്കാരം ഞാൻ തകർക്കും. ഞാൻ നിങ്ങൾക്കു മഴ നല്‌കാതിരിക്കും. അങ്ങനെ നിങ്ങളുടെ ആകാശം ഇരുമ്പുപോലെയും, ഭൂമി പിത്തളപോലെയും കഠിനമാകും. നിങ്ങളുടെ പ്രയത്നം വ്യർഥമാകും. ഭൂമി നിങ്ങൾക്ക് വിളവു തരികയില്ല. വൃക്ഷങ്ങൾ ഫലം നല്‌കുകയുമില്ല.
ലേവ്യാപുസ്തകം 26:1-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“വിഗ്രഹങ്ങളെ ഉണ്ടാക്കരുത്; ബിംബമോ സ്തംഭമോ നാട്ടരുത്; രൂപം കൊത്തിയ യാതൊരു കല്ലും നമസ്കരിക്കുവാൻ നിങ്ങളുടെ ദേശത്തു നാട്ടുകയും അരുത്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. നിങ്ങൾ എന്റെ ശബ്ബത്തുകൾ ആചരിക്കുകയും എന്‍റെ വിശുദ്ധമന്ദിരം ബഹുമാനിക്കുകയും വേണം; ഞാൻ യഹോവ ആകുന്നു. “എന്റെ ചട്ടം ആചരിച്ച് എന്റെ കല്പന പ്രമാണിച്ച് അനുസരിച്ചാൽ ഞാൻ തക്കസമയത്ത് നിങ്ങൾക്ക് മഴ തരും; ഭൂമി വിളവു തരും; ഭൂമിയിലുള്ള വൃക്ഷവും ഫലം തരും. നിങ്ങളുടെ കറ്റമെതിക്കൽ മുന്തിരിപ്പഴം പറിക്കുന്നതുവരെ നില്ക്കും; മുന്തിരിപ്പഴം പറിക്കുന്നതു വിതയ്ക്കുന്നകാലംവരെയും നില്ക്കും; നിങ്ങൾ തൃപ്തരായി നിത്യവൃത്തികഴിച്ചു ദേശത്തു നിർഭയം വസിക്കും. “ഞാൻ ദേശത്തു സമാധാനം തരും; നിങ്ങൾ കിടക്കും; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല; ഞാൻ ദേശത്തുനിന്ന് ദുഷ്ടമൃഗങ്ങളെ നീക്കിക്കളയും; വാൾ നിങ്ങളുടെ ദേശത്തുകൂടി കടക്കുകയുമില്ല. നിങ്ങളുടെ ശത്രുക്കളെ നിങ്ങൾ ഓടിക്കും; അവർ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും. നിങ്ങളിൽ അഞ്ചുപേർ നൂറുപേരെ ഓടിക്കും; നിങ്ങളിൽ നൂറുപേർ പതിനായിരംപേരെ ഓടിക്കും; നിങ്ങളുടെ ശത്രുക്കൾ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും. “ഞാൻ നിങ്ങളെ കടാക്ഷിച്ചു സന്താനസമ്പന്നരാക്കി പെരുക്കുകയും നിങ്ങളോടുള്ള എന്റെ നിയമം സ്ഥിരമാക്കുകയും ചെയ്യും. നിങ്ങൾ പഴയ ധാന്യം ഭക്ഷിക്കുകയും പുതിയതിൻ്റെ നിമിത്തം പഴയത് പുറത്ത് ഇറക്കുകയും ചെയ്യും. ഞാൻ എന്റെ നിവാസം നിങ്ങളുടെ ഇടയിൽ ആക്കും; എന്റെ ഉള്ളം നിങ്ങളെ വെറുക്കുകയില്ല. ഞാൻ നിങ്ങളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരിക്കും; ഞാൻ നിങ്ങൾക്ക് ദൈവവും നിങ്ങൾ എനിക്ക് ജനവും ആയിരിക്കും. നിങ്ങൾ മിസ്രയീമ്യർക്ക് അടിമകളാകാതിരിക്കുവാൻ അവരുടെ ദേശത്തുനിന്ന് നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു; ഞാൻ നിങ്ങളുടെ നുകക്കൈകളെ ഒടിച്ചു നിങ്ങളെ നിവർന്നു നടക്കുമാറാക്കിയിരിക്കുന്നു. “എന്നാൽ നിങ്ങൾ എന്റെ വാക്ക് കേൾക്കാതെയും ഈ കല്പനകളൊക്കെയും പ്രമാണിക്കാതെയും എന്റെ ചട്ടങ്ങൾ ധിക്കരിച്ചു നിങ്ങളുടെ ഉള്ളം എന്റെ വിധികളെ വെറുത്തു നിങ്ങൾ എന്റെ കല്പനകളൊക്കെയും പ്രമാണിക്കാതെ എന്റെ നിയമം ലംഘിച്ചാൽ ഞാനും ഇങ്ങനെ നിങ്ങളോടു ചെയ്യും; കണ്ണിന് മങ്ങലുണ്ടാക്കുന്നതും ജീവനെ ക്ഷയിപ്പിക്കുന്നതുമായ ഭീതി, ക്ഷയരോഗം, ജ്വരം എന്നിവ ഞാൻ നിങ്ങളുടെമേൽ വരുത്തും; നിങ്ങളുടെ വിത്ത് നിങ്ങൾ വെറുതെ വിതയ്ക്കും; ശത്രുക്കൾ അത് ഭക്ഷിക്കും. ഞാൻ നിങ്ങളുടെനേരെ ദൃഷ്ടിവക്കും; നിങ്ങൾ ശത്രുക്കളോടു തോറ്റുപോകും; നിങ്ങളെ വെറുക്കുന്നവർ നിങ്ങളെ ഭരിക്കും; ഓടിക്കുന്നവർ ഇല്ലാതെ നിങ്ങൾ ഓടും. ഇതെല്ലാം ആയിട്ടും നിങ്ങൾ എന്റെ വാക്ക് കേൾക്കാതിരുന്നാൽ നിങ്ങളുടെ പാപങ്ങൾ നിമിത്തം ഞാൻ നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും. ഞാൻ നിങ്ങളുടെ ബലത്തിലുള്ള അഹങ്കാരം തകർക്കും; നിങ്ങളുടെ ആകാശത്തെ ഇരിമ്പുപോലെയും ഭൂമിയെ ചെമ്പുപോലെയും ആക്കും. നിങ്ങളുടെ ശക്തി വെറുതെ ക്ഷയിച്ചുപോകും; നിങ്ങളുടെ ദേശം വിളവു തരാതെയും ദേശത്തിലെ വൃക്ഷം ഫലം കായ്ക്കാതെയും ഇരിക്കും.
ലേവ്യാപുസ്തകം 26:1-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
വിഗ്രഹങ്ങളെ ഉണ്ടാക്കരുതു; ബിംബമോ സ്തംഭമോ നാട്ടരുതു; രൂപം കൊത്തിയ യാതൊരു കല്ലും നമസ്കരിപ്പാൻ നിങ്ങളുടെ ദേശത്തു നാട്ടുകയും അരുതു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. നിങ്ങൾ എന്റെ ശബ്ബത്തുകൾ ആചരിക്കയും എന്റെ വിശുദ്ധമന്ദിരം ബഹുമാനിക്കയും വേണം; ഞാൻ യഹോവ ആകുന്നു. എന്റെ ചട്ടം ആചരിച്ചു എന്റെ കല്പന പ്രമാണിച്ചു അനുസരിച്ചാൽ ഞാൻ തക്കസമയത്തു നിങ്ങൾക്കു മഴ തരും; ഭൂമി വിളവു തരും; ഭൂമിയിലുള്ള വൃക്ഷവും ഫലം തരും. നിങ്ങളുടെ മെതി മുന്തിരിപ്പഴം പറിക്കുന്നതുവരെ നില്ക്കും; മുന്തിരിപ്പഴം പറിക്കുന്നതു വിതകാലംവരെയും നില്ക്കും; നിങ്ങൾ തൃപ്തരായി അഹോവൃത്തികഴിച്ചു ദേശത്തു നിർഭയം വസിക്കും. ഞാൻ ദേശത്തു സമാധാനം തരും; നിങ്ങൾ കിടക്കും; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല; ഞാൻ ദേശത്തുനിന്നു ദുഷ്ടമൃഗങ്ങളെ നീക്കിക്കളയും; വാൾ നിങ്ങളുടെ ദേശത്തുകൂടി കടക്കയുമില്ല. നിങ്ങളുടെ ശത്രുക്കളെ നിങ്ങൾ ഓടിക്കും; അവർ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും. നിങ്ങളിൽ അഞ്ചുപേർ നൂറുപേരെ ഓടിക്കും; നിങ്ങളിൽ നൂറുപേർ പതിനായിരംപേരെ ഓടിക്കും; നിങ്ങളുടെ ശത്രുക്കൾ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും. ഞാൻ നിങ്ങളെ കടാക്ഷിച്ചു സന്താനസമ്പന്നരാക്കി പെരുക്കുകയും നിങ്ങളോടുള്ള എന്റെ നിയമം സ്ഥിരമാക്കുകയും ചെയ്യും. നിങ്ങൾ പഴയ ധാന്യം ഭക്ഷിക്കയും പുതിയതിന്റെ നിമിത്തം പഴയതു പുറത്തു ഇറക്കുകയും ചെയ്യും. ഞാൻ എന്റെ നിവാസം നിങ്ങളുടെ ഇടയിൽ ആക്കും; എന്റെ ഉള്ളം നിങ്ങളെ വെറുക്കയില്ല. ഞാൻ നിങ്ങളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരിക്കും; ഞാൻ നിങ്ങൾക്കു ദൈവവും നിങ്ങൾ എനിക്കു ജനവും ആയിരിക്കും. നിങ്ങൾ മിസ്രയീമ്യർക്കു അടിമകളാകാതിരിപ്പാൻ അവരുടെ ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു; ഞാൻ നിങ്ങളുടെ നുകക്കൈകളെ ഒടിച്ചു നിങ്ങളെ നിവിർന്നു നടക്കുമാറാക്കിയിരിക്കുന്നു. എന്നാൽ നിങ്ങൾ എന്റെ വാക്കു കേൾക്കാതെയും ഈ കല്പനകളൊക്കെയും പ്രമാണിക്കാതെയും എന്റെ ചട്ടങ്ങൾ ധിക്കരിച്ചു നിങ്ങളുടെ ഉള്ളം എന്റെ വിധികളെ വെറുത്തു നിങ്ങൾ എന്റെ കല്പനകളൊക്കെയും പ്രമാണിക്കാതെ എന്റെ നിയമം ലംഘിച്ചാൽ ഞാനും ഇങ്ങനെ നിങ്ങളോടു ചെയ്യും; കണ്ണിനെ മങ്ങിക്കുന്നതും ജീവനെ ക്ഷയിപ്പിക്കുന്നതുമായ ഭീതി, ക്ഷയരോഗം, ജ്വരം എന്നിവ ഞാൻ നിങ്ങളുടെ മേൽ വരുത്തും; നിങ്ങളുടെ വിത്തു നിങ്ങൾ വെറുതെ വിതെക്കും; ശത്രുക്കൾ അതു ഭക്ഷിക്കും. ഞാൻ നിങ്ങളുടെ നേരെ ദൃഷ്ടിവെക്കും; നിങ്ങൾ ശത്രുക്കളോടു തോറ്റുപോകും; നിങ്ങളെ ദ്വേഷിക്കുന്നവർ നിങ്ങളെ ഭരിക്കും; ഓടിക്കുന്നവർ ഇല്ലാതെ നിങ്ങൾ ഓടും. ഇതെല്ലാം ആയിട്ടും നിങ്ങൾ എന്റെ വാക്കു കേൾക്കാതിരുന്നാൽ നിങ്ങളുടെ പാപങ്ങൾനിമിത്തം ഞാൻ നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും. ഞാൻ നിങ്ങളുടെ ബലത്തിന്റെ പ്രതാപം കെടുക്കും; നിങ്ങളുടെ ആകാശത്തെ ഇരിമ്പുപോലെയും ഭൂമിയെ ചെമ്പുപോലെയും ആക്കും. നിങ്ങളുടെ ശക്തി വെറുതെ ക്ഷയിച്ചുപോകും; നിങ്ങളുടെ ദേശം വിളവു തരാതെയും ദേശത്തിലെ വൃക്ഷം ഫലം കായ്ക്കാതെയും ഇരിക്കും.
ലേവ്യാപുസ്തകം 26:1-20 സമകാലിക മലയാളവിവർത്തനം (MCV)
“ ‘നിങ്ങൾക്കായി വിഗ്രഹങ്ങൾ ഉണ്ടാക്കുകയോ ഒരു ബിംബമോ ആചാരസ്തൂപമോ സ്ഥാപിക്കുകയോ ചെയ്യരുത്. അതിന്റെ മുമ്പിൽ വണങ്ങാനായി നിങ്ങളുടെ ദേശത്തു കൊത്തിയ കല്ലു നാട്ടുകയും ചെയ്യരുത്. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. “ ‘എന്റെ ശബ്ബത്തുകൾ പ്രമാണിക്കുകയും എന്റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കുകയും വേണം. ഞാൻ യഹോവ ആകുന്നു. “ ‘എന്റെ ഉത്തരവുകൾ നിങ്ങൾ പാലിക്കയും എന്റെ കൽപ്പനകൾ സസൂക്ഷ്മം അനുസരിക്കയും ചെയ്യുമെങ്കിൽ, തക്കസമയത്തു ഞാൻ മഴ അയയ്ക്കും; ഭൂമി അതിന്റെ വിളവും വൃക്ഷം അവയുടെ ഫലവും തരും. നിങ്ങളുടെ കറ്റമെതിക്കുന്ന കാലം മുന്തിരിപ്പഴം ശേഖരിക്കുന്ന കാലംവരെയും മുന്തിരിപ്പഴം ശേഖരിക്കുന്നത് വിതയ്ക്കുന്ന കാലംവരെയും തുടരും. നിങ്ങൾക്കു വേണ്ടുംപോലെ ഭക്ഷിച്ചു സുരക്ഷിതരായി നിങ്ങളുടെ ദേശത്തുപാർക്കും. “ ‘ഞാൻ ദേശത്തു സമാധാനം തരും. നിങ്ങൾ കിടന്നുറങ്ങും; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല. ഞാൻ ദുഷ്ടമൃഗങ്ങളെ ദേശത്തുനിന്നു നീക്കിക്കളയും. വാൾ നിങ്ങളുടെ ദേശത്തുകൂടെ കടക്കുകയില്ല. നിങ്ങളുടെ ശത്രുക്കളെ നിങ്ങൾ തുരത്തും. അവർ നിങ്ങളുടെമുമ്പിൽ വാളിനാൽ വീഴും. നിങ്ങളിൽ അഞ്ചുപേർ നൂറുപേരെ ഓടിക്കും. നിങ്ങളിൽ നൂറുപേർ പതിനായിരംപേരെ ഓടിക്കും. നിങ്ങളുടെ ശത്രുക്കൾ നിങ്ങളുടെമുമ്പിൽ വാളിനാൽ വീഴും. “ ‘ഞാൻ നിങ്ങളെ കടാക്ഷിച്ച് സന്താനപുഷ്ടിയുള്ളവരാക്കി എണ്ണത്തിൽ പെരുകുമാറാക്കും; നിങ്ങളോടുള്ള എന്റെ ഉടമ്പടി ഞാൻ പാലിക്കും. നിങ്ങൾ പഴയ ധാന്യശേഖരത്തിൽനിന്നു ഭക്ഷിക്കുകയും പുതിയവയ്ക്കുവേണ്ടി പഴയത് മാറ്റിക്കളയുകയും ചെയ്യും. ഞാൻ എന്റെ നിവാസം നിങ്ങളുടെ ഇടയിലാക്കും. ഞാൻ നിങ്ങളെ വെറുക്കുകയില്ല. ഞാൻ നിങ്ങളുടെ ഇടയിൽ നടക്കുകയും നിങ്ങളുടെ ദൈവമായിരിക്കുകയും ചെയ്യും, നിങ്ങൾ എന്റെ ജനമായിരിക്കും. നിങ്ങൾ ഇനിയും ഈജിപ്റ്റുകാരുടെ അടിമകളാകാതിരിക്കാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് പുറത്തുകൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു ഞാൻ. നിങ്ങൾ തലയുയർത്തി നിവർന്നു നടക്കേണ്ടതിന് ഞാൻ നിങ്ങളുടെ അടിമത്തത്തിന്റെ നുകക്കൈകൾ ഒടിച്ചുകളഞ്ഞു. “ ‘എന്നാൽ നിങ്ങൾ എന്റെ വാക്കു കേൾക്കാതെയും ഈ കൽപ്പനകളെല്ലാം പ്രമാണിക്കാതെയും എന്റെ ഉത്തരവുകൾ തള്ളിക്കളയുകയും എന്റെ നിയമങ്ങൾ വെറുക്കുകയുംചെയ്ത് എന്റെ കൽപ്പനകളെല്ലാം പ്രമാണിക്കാതെ എന്റെ ഉടമ്പടി ലംഘിച്ചാൽ, ഇപ്രകാരം ഞാൻ നിങ്ങളോടു ചെയ്യും: നിങ്ങളുടെ കാഴ്ച നശിപ്പിക്കുകയും ആരോഗ്യം ഇല്ലാതാക്കുകയും ചെയ്യുന്ന, പെട്ടെന്നുള്ള ഉഗ്രഭയം, മഹാവ്യാധി, ജ്വരം എന്നിവ ഞാൻ നിങ്ങളുടെമേൽ വരുത്തും. നിങ്ങൾ വെറുതേ വിത്തു വിതയ്ക്കും, അതു നിങ്ങളുടെ ശത്രുക്കൾ തിന്നുകളയും. നിങ്ങളുടെ ശത്രുക്കൾ നിങ്ങളെ തോൽപ്പിക്കത്തക്കവിധം എന്റെ മുഖം നിങ്ങൾക്കു വിരോധമാക്കും; നിങ്ങളെ പകയ്ക്കുന്നവർ നിങ്ങളെ ഭരിക്കും; ആരും ഓടിക്കാതെതന്നെ നിങ്ങൾ ഓടിപ്പോകും. “ ‘ഇതിനെല്ലാം ശേഷവും നിങ്ങൾ എന്റെ വാക്കു കേൾക്കുന്നില്ലെങ്കിൽ, ഞാൻ നിങ്ങളുടെ പാപങ്ങൾനിമിത്തം നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും. നിങ്ങളുടെ ദുശ്ശാഠ്യമുള്ള ഗർവ് ഞാൻ തകർക്കും; നിങ്ങൾക്കുമീതേയുള്ള ആകാശത്തെ ഇരുമ്പുപോലെയും കീഴേയുള്ള ഭൂമിയെ വെള്ളോടുപോലെയും ആക്കും. നിങ്ങളുടെ ശക്തി ഞാൻ നിഷ്ഫലമാക്കും; കാരണം നിങ്ങളുടെ മണ്ണു വിളവു തരികയില്ല, ദേശത്തിലെ വൃക്ഷങ്ങൾ അവയുടെ ഫലം തരികയുമില്ല.