ലേവ്യാപുസ്തകം 24:1-9
ലേവ്യാപുസ്തകം 24:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: ദീപങ്ങൾ നിത്യം കത്തിക്കൊണ്ടിരിക്കേണ്ടതിന് യിസ്രായേൽമക്കൾ നിലവിളക്കിന് ഇടിച്ചെടുത്ത തെളിവുള്ള ഒലിവെണ്ണ നിന്റെ അടുക്കൽ കൊണ്ടുവരേണമെന്ന് അവരോടു കല്പിക്ക. സമാഗമനകൂടാരത്തിൽ സാക്ഷ്യത്തിന്റെ തിരശ്ശീലയ്ക്കു പുറത്തു വൈകുന്നേരംമുതൽ രാവിലെവരെ കത്തേണ്ടതിന് അഹരോൻ അത് യഹോവയുടെ സന്നിധിയിൽ നിത്യം ഒരുക്കിവയ്ക്കേണം; ഇത് തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആകുന്നു. അവൻ നിത്യവും യഹോവയുടെ സന്നിധിയിൽ തങ്കനിലവിളക്കിന്മേൽ ദീപങ്ങൾ ഒരുക്കിവയ്ക്കേണം. നീ നേരിയ മാവ് എടുത്ത് അതുകൊണ്ടു പന്ത്രണ്ടു ദോശ ചുടേണം; ഓരോ ദോശ രണ്ടിടങ്ങഴി മാവുകൊണ്ട് ആയിരിക്കേണം. അവയെ യഹോവയുടെ സന്നിധിയിൽ തങ്കമേശമേൽ രണ്ട് അടുക്കായിട്ട് ഓരോ അടുക്കിൽ ആറാറു വീതം വയ്ക്കേണം. ഓരോ അടുക്കിന്മേൽ നിർമ്മലമായ കുന്തുരുക്കം വയ്ക്കേണം; അത് അപ്പത്തിന്മേൽ നിവേദ്യമായി യഹോവയ്ക്കു ദഹനയാഗമായിരിക്കേണം. അവൻ അതു നിത്യനിയമമായിട്ടു യിസ്രായേൽമക്കളോടു വാങ്ങി ശബ്ബത്തുതോറും യഹോവയുടെ സന്നിധിയിൽ നിരന്തരമായി അടുക്കിവയ്ക്കേണം. അത് അഹരോനും പുത്രന്മാർക്കും ഉള്ളതായിരിക്കേണം; അവർ അത് ഒരു വിശുദ്ധസ്ഥലത്തു വച്ച് തിന്നേണം; അത് അവനു ശാശ്വതാവകാശമായി യഹോവയുടെ ദഹനയാഗങ്ങളിൽ അതിവിശുദ്ധം ആകുന്നു.
ലേവ്യാപുസ്തകം 24:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ദീപം നിരന്തരം കത്തിക്കൊണ്ടിരിക്കാൻ ഒലിവിൽനിന്ന് ഇടിച്ചെടുത്ത ശുദ്ധമായ ഒലിവെണ്ണ കൊണ്ടുവരാൻ ജനത്തോടു കല്പിക്കുക. തിരുസാന്നിധ്യകൂടാരത്തിൽ സാക്ഷ്യപെട്ടകം മറയ്‍ക്കുന്ന തിരശ്ശീലയ്‍ക്കു പുറത്തു സൂര്യാസ്തമയംമുതൽ പ്രഭാതംവരെ തുടർച്ചയായി അഹരോൻ അത് ഒരുക്കിവയ്‍ക്കണം. നിങ്ങളുടെ തലമുറകൾ എന്നും അനുഷ്ഠിക്കേണ്ട ചട്ടമാണിത്. സർവേശ്വരന്റെ സന്നിധിയിൽ പൊൻതണ്ടിന്മേൽ അഹരോൻ നിരന്തരം ദീപം തെളിക്കണം. നേരിയ മാവുകൊണ്ട് പന്ത്രണ്ട് അപ്പം ചുടണം. രണ്ടിടങ്ങഴി മാവുകൊണ്ടുള്ളതായിരിക്കണം ഓരോ അപ്പവും. ആറ് അപ്പം വീതമുള്ള രണ്ട് അടുക്കായി അവ തിരുസാന്നിധ്യകൂടാരത്തിലുള്ള പൊൻപീഠത്തിൽ വയ്‍ക്കണം. ഓരോ അടുക്കിന്മേലും ശുദ്ധമായ കുന്തുരുക്കം വിതറണം. സർവേശ്വരനു ദഹനയാഗമായി അപ്പം അർപ്പിക്കുന്നതിനെ ഇതു സൂചിപ്പിക്കുന്നു. ഓരോ ശബത്തിലും ഇസ്രായേൽജനത്തിൽനിന്ന് അപ്പം വാങ്ങി സർവേശ്വരന്റെ സന്നിധിയിൽ അഹരോൻ അടുക്കിവയ്‍ക്കണം. ഇതു ശാശ്വതനിയമമാകുന്നു. അപ്പം അഹരോനും പുത്രന്മാർക്കുമുള്ളതാണ്. സർവേശ്വരനു ദഹനയാഗമായി അർപ്പിച്ചതിന്റെ ഓഹരിയായതിനാൽ അത് അതിവിശുദ്ധമാകുന്നു; അവ വിശുദ്ധസ്ഥലത്തു വച്ചു തന്നെ ഭക്ഷിക്കണം; അത് അവർക്കുള്ള സ്ഥിരാവകാശമാണ്.
ലേവ്യാപുസ്തകം 24:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: “ദീപങ്ങൾ നിത്യം കത്തിക്കൊണ്ടിരിക്കേണ്ടതിന് യിസ്രായേൽ മക്കൾ നിലവിളക്കിന് ഇടിച്ചെടുത്ത തെളിവുള്ള ഒലിവെണ്ണ നിന്റെ അടുക്കൽ കൊണ്ടുവരണമെന്ന് അവരോടു കല്പിക്കുക. സമാഗമനകൂടാരത്തിൽ സാക്ഷ്യത്തിൻ്റെ തിരശ്ശീലയ്ക്കു പുറത്തു വൈകുന്നേരംമുതൽ രാവിലെവരെ കത്തേണ്ടതിന് അഹരോൻ അത് യഹോവയുടെ സന്നിധിയിൽ നിത്യം ഒരുക്കിവയ്ക്കേണം; ഇത് തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള നിയമം ആകുന്നു. അവൻ നിത്യവും യഹോവയുടെ സന്നിധിയിൽ തങ്കനിലവിളക്കിന്മേൽ ദീപങ്ങൾ ഒരുക്കിവയ്ക്കേണം. “നീ നേരിയ മാവ് എടുത്ത് അതുകൊണ്ട് പന്ത്രണ്ടു ദോശ ചുടേണം; ഓരോ ദോശ രണ്ടിടങ്ങഴി മാവുകൊണ്ട് ആയിരിക്കേണം. അവയെ യഹോവയുടെ സന്നിധിയിൽ തങ്കമേശമേൽ രണ്ടു അടുക്കായിട്ട് ഓരോ അടുക്കിൽ ആറുവീതം വയ്ക്കേണം. ഓരോ അടുക്കിന്മേൽ നിർമ്മലമായ കുന്തുരുക്കം വയ്ക്കേണം; അത് അപ്പത്തിന്മേൽ നിവേദ്യമായി യഹോവയ്ക്കു ദഹനയാഗമായിരിക്കണം. അവൻ അത് നിത്യനിയമമായിട്ടു യിസ്രായേൽ മക്കളോടു വാങ്ങി ശബ്ബത്തുതോറും യഹോവയുടെ സന്നിധിയിൽ നിരന്തരമായി അടുക്കിവയ്ക്കേണം. അത് അഹരോനും പുത്രന്മാർക്കും ഉള്ളതായിരിക്കേണം; അവർ അത് ഒരു വിശുദ്ധസ്ഥലത്തുവച്ച് ഭക്ഷിക്കേണം; അത് അവനു ശാശ്വതാവകാശമായി യഹോവയുടെ ദഹനയാഗങ്ങളിൽ അതിവിശുദ്ധം ആകുന്നു.”
ലേവ്യാപുസ്തകം 24:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ: ദീപങ്ങൾ നിത്യം കത്തിക്കൊണ്ടിരിക്കേണ്ടതിന്നു യിസ്രായേൽമക്കൾ നിലവിളക്കിന്നു ഇടിച്ചെടുത്ത തെളിവുള്ള ഒലിവെണ്ണ നിന്റെ അടുക്കൽ കൊണ്ടുവരേണമെന്നു അവരോടു കല്പിക്ക. സാമാഗമനകൂടാരത്തിൽ സാക്ഷ്യത്തിന്റെ തിരശ്ശീലെക്കു പുറത്തു വൈകുന്നേരംമുതൽ രാവിലെവരെ കത്തേണ്ടതിന്നു അഹരോൻ അതു യഹോവയുടെ സന്നിധിയിൽ നിത്യം ഒരുക്കിവെക്കേണം; ഇതു തലമുറതലമുറയായി നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആകുന്നു. അവൻ നിത്യവും യഹോവയുടെ സന്നിധിയിൽ തങ്കനിലവിളക്കിന്മേൽ ദീപങ്ങൾ ഒരുക്കിവെക്കേണം. നീ നേരിയ മാവു എടുത്തു അതുകൊണ്ടു പന്ത്രണ്ടു ദോശ ചുടേണം; ഓരോ ദോശ രണ്ടിടങ്ങഴി മാവുകൊണ്ടു ആയിരിക്കേണം. അവയെ യഹോവയുടെ സന്നിധിയിൽ തങ്കമേശമേൽ രണ്ടു അടുക്കായിട്ടു ഓരോ അടുക്കിൽ ആറാറുവീതം വെക്കേണം. ഓരോ അടുക്കിന്മേൽ നിർമ്മലമായ കുന്തുരുക്കം വെക്കേണം; അതു അപ്പത്തിന്മേൽ നിവേദ്യമായി യഹോവെക്കു ദഹനയാഗമായിരിക്കേണം. അവൻ അതു നിത്യനിയമമായിട്ടു യിസ്രായേൽമക്കളോടു വാങ്ങി ശബ്ബത്തുതോറും യഹോവയുടെ സന്നിധിയിൽ നിരന്തരമായി അടുക്കിവെക്കേണം. അതു അഹരോന്നും പുത്രന്മാർക്കും ഉള്ളതായിരിക്കേണം; അവർ അതു ഒരു വിശുദ്ധസ്ഥലത്തു വെച്ചു തിന്നേണം; അതു അവന്നു ശാശ്വതാവകാശമായി യഹോവയുടെ ദഹനയാഗങ്ങളിൽ അതിവിശുദ്ധം ആകുന്നു.
ലേവ്യാപുസ്തകം 24:1-9 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ മോശയോട് അരുളിച്ചെയ്തു: “വിളക്കുകൾ നിരന്തരം കത്തിക്കൊണ്ടിരിക്കേണ്ടതിന് ഇടിച്ചുപിഴിഞ്ഞെടുത്ത തെളിഞ്ഞ ഒലിവെണ്ണ വിളക്കിനുവേണ്ടി നിന്റെയടുക്കൽ കൊണ്ടുവരാൻ ഇസ്രായേൽമക്കളോടു കൽപ്പിക്കുക. സമാഗമകൂടാരത്തിൽ ഉടമ്പടിയുടെ പേടകത്തിന്റെ തിരശ്ശീലയ്ക്കു പുറത്തു സന്ധ്യമുതൽ പ്രഭാതംവരെ വിളക്കുകൾ കത്തേണ്ടതിന്, യഹോവയുടെ സന്നിധിയിൽ അഹരോൻ അവ നിരന്തരം ഒരുക്കിവെക്കണം. ഇതു വരുന്ന തലമുറകളിലേക്ക് എന്നേക്കുമുള്ള അനുഷ്ഠാനമാണ്. യഹോവയുടെമുമ്പാകെ തങ്കനിലവിളക്കിന്മേലുള്ള വിളക്കുകൾ നിരന്തരം ഒരുക്കിവെക്കണം. “നേർമയുള്ള മാവ് എടുത്ത് ഒരു അപ്പത്തിനു രണ്ട് ഓമെർവീതം ഉപയോഗിച്ചു പന്ത്രണ്ട് അപ്പം ചുടണം. യഹോവയുടെമുമ്പാകെയുള്ള തങ്കംകൊണ്ടുള്ള മേശമേൽ ഒരു വരിയിൽ ആറുവീതം രണ്ട് അടുക്കായി അവ വെക്കുക. ഓരോ അടുക്കിന്മേലും ശുദ്ധമായ കുന്തിരിക്കം വെക്കണം, സ്മാരകഭാഗമായി അപ്പത്തെ പ്രതിനിധീകരിക്കാനും യഹോവയ്ക്കു ദഹനയാഗമായിരിക്കാനുംവേണ്ടിയാണിത്. ഇസ്രായേല്യർക്കുവേണ്ടി ഒരു നിത്യ ഉടമ്പടിയായി ശബ്ബത്തുതോറും ഈ അപ്പം യഹോവയുടെമുമ്പാകെ ക്രമമായി അടുക്കിവെക്കണം. അത് അഹരോനും പുത്രന്മാർക്കുമുള്ളതാണ്; യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗങ്ങളിൽ അതിവിശുദ്ധമാണ് ഈ അപ്പം. അത് അവർക്കു ശാശ്വതാവകാശമായുള്ളതാകുകയാൽ അവർ അതു ശുദ്ധിയുള്ള ഒരു സ്ഥലത്തുവെച്ചു ഭക്ഷിക്കണം.”